Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ

എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

അടൂർ: എന്റെ മോൻ എവിടെ? മാതാപിതാക്കളോട് ഉത്ര കൊലക്കേസ് പ്രതി സൂരജ് ചോദിച്ചത് ഇതായിരുന്നു. കുഞ്ഞ് വീട്ടിലില്ലെന്ന് നിറകണ്ണുകളോടെയാണ് മാതാവ് രേണുക പറഞ്ഞത്. ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നീട്. സൂരജ് മുഖം പൊത്തി കരയുന്നത് മാതാവും സഹോദരി സൂര്യയും ഒപ്പം ചേർന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ സൂരജിനെയും കൂട്ടുപ്രതി പാമ്പ് സുരേഷിനെയും പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് വികാര നിർഭര രംഗങ്ങൾ അരങ്ങേറിയത്.

കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകിന്റെ നേതൃത്വത്തിലാണ് ഇരുവരെയും വീട്ടിലെത്തിച്ച് തെളിവെടുത്തത്. മുൻവശത്തെ വാതിൽ വഴി അകത്ത് പ്രവേശിച്ച ശേഷം പടിക്കെട്ടിൽ ഉത്ര പാമ്പിനെ കണ്ട സ്ഥലം സൂരജ് പൊലീസിന് കാട്ടികൊടുത്തു. ആദ്യ കടിക്ക് ഉപയോഗിച്ച അണലിയെ സൂക്ഷിച്ച വിറകുപുരയിലും സൂരജിനെ എത്തിച്ചു. തുടർന്ന് പടിക്കെട്ട് കയറ്റി സ്വന്തം മുറിയിലേക്ക്. ഉത്രയെ കടിച്ച അണലി പാമ്പിനെ ചാക്കിലാക്കിയ ശേഷം ടെറസിന്റെ മുകളിലൂടെ താഴേക്ക് വലിച്ചെറിഞ്ഞതും അത് വീണുകിടന്ന ഭാഗവും സൂരജ് കാട്ടികൊടുത്തു. ഒന്നാം നിലയിലെ തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടുനിന്നു.

അടുക്കള വഴിയാണ് പാമ്പിനെ എറിഞ്ഞ സ്ഥലം കാട്ടികൊടുക്കുന്നതിനായി കൊണ്ടു പോയത്.തുടർന്ന് അതേ വഴി തന്നെ തിരിച്ച് ഹാളിൽ എത്തിച്ചു.ഈ സമയം അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിൽ എത്തി. ഇതോടെ സൂരജ് പൊട്ടികരഞ്ഞു. പൊലീസ് നടപടികൾ പൂർത്തിയാക്കി ജീപ്പിലേക്ക് കയറ്റി ഈ സമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സൂരജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊട്ടാരക്കരയിലേക്കുള്ള യാത്രാ മധ്യേ അടൂരിലുള്ള സൂരജ് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിന് അടുത്ത് എത്തിച്ച ശേഷം സമീപത്തെ കടമുറികളും മറ്റും പൊലീസ് നിരീക്ഷിച്ചിരുന്നു.

തെളിവെടുപ്പിനായി സൂരജിനെ കൊണ്ടുവരുന്നതിറഞ്ഞ് വീടിന്റെ പരിസരത്ത് നാട്ടുകാർ തടിച്ചുകൂടിയിരുന്നു.പ്രതികളെ എത്തിക്കുന്ന സമയമായപ്പോഴേക്കും വീട്ടിലേക്കുള്ള പ്രധാന പാതയിൽ നിന്നവരെ പൊലീസ് ഒഴിപ്പിച്ചു.തുടർന്ന് പതിനഞ്ച് മിനിറ്റിനകം പ്രതികളുമായി പൊലീസ് എത്തി. പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് പത്തരയോടെ ഉത്രയെ കടിപ്പിച്ച പാമ്പിനെ കൈമാറിയ ഏനാത്തും പൊലീസ് തെളിവെടുത്തു. സുരക്ഷ കണക്കിലെടുത്തുകൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന്റെ
സ്ട്രൈക്കിങ്ങ് ഫോഴ്സ് പ്രതികൾ സഞ്ചരിച്ച വാഹനത്തെ അനുഗമിച്ചിരുന്നു.

പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും പൊലീസിന് സംശയമുണ്ട്. അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊലീസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കിൽ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പൊലീസ് ജീപ്പിൽ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോൾ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തിൽ മാധ്യമങ്ങളോടും ബന്ധുക്കളോടും ആവർത്തിക്കുകയും ചെയ്തു.

സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയിൽവെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു. ഇതിനിടെ വീടിന് സമീപത്തെ പറമ്പിൽ ഉത്രയെ ആദ്യം പാമ്പ് കടിച്ച ദിവസം സൂരജ് എന്തൊക്കെയോ കത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയും പൊലീസ് പരിശോധന നടത്തി. എല്ലാം കാണിച്ചു കൊടുത്ത ശേഷമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊലീസിനെ കുറ്റപ്പെടുത്തിയതെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിലാണ് പരമാവധി ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുന്നത്.

വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പൊലീസ് അടൂരിലെ ബാങ്കിൽ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ വീണ്ടെടുക്കാനായി സൂരജ് ബാങ്കിൽ പോയിരുന്നതായാണ് വിവരം. ഇത് സ്ഥിരീകരിക്കാനാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. പാമ്പുപിടിത്തക്കാരൻ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവച്ചാണ് സുരേഷ് പാമ്പിനെ നൽകിയതെന്നായിരുന്നു സൂരജിന്റെ മൊഴി. കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. അതേസമയം, പ്രതിക്ക് ജാമ്യം ലഭിക്കാനായി കുടുംബം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.

ഹൈക്കോടതി അഭിഭാഷകരടക്കം ബുധനാഴ്ച സൂരജിന്റെ വീട്ടിലെത്തി കുടുംബവുമായി ചർച്ച നടത്തിയിരുന്നു. ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാലും അത് തള്ളിപോകുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ. അതിനാൽ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതി മുഖേന ജാമ്യം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം. ഈ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് പൊലീസിനെതിരെ സൂരജ് നിലപാട് എടുക്കുന്നതെന്നാണ് സൂചന.

ഉത്ര കൊലക്കേസിൽ നിർണായകമായി സൂരജിന്റെ വിശദമായ കുറ്റസമ്മതമൊഴി മാറുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടിൽ വച്ച് കഴിഞ്ഞ ജനുവരിയിൽ വഴക്കുണ്ടായി. ഇതേത്തുടർന്ന്, ഉത്രയുടെ വീട്ടിൽ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛൻ പറഞ്ഞു. ഇതാണ് കൊലപാതകനീക്കത്തിലേക്ക് പോകാൻ സൂരജിനെ പ്രേരിപ്പിച്ചത്.

2018- മാർച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്റെ വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കായ വിവരം അറിഞ്ഞ് അച്ഛൻ വിജയസേനനും സഹോദരപുത്രൻ ശ്യാമും സൂരജിന്റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാൽ വിവാഹമോചനം തന്നേയ്ക്കാൻ അച്ഛനടക്കം പറയുകയും ചെയ്തു.

വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവൻ, 5 ലക്ഷം രൂപ, കാർ, മൂന്നേകാൽ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കൾക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യിൽ നിന്ന് പോകും. ഇതോടെ അനുനയത്തിന്റെ പാതയിലായി സൂരജും കുടുംബവും. തുടർന്നാണ് ഉത്രയെ കൊല്ലാൻ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാൽ കുഞ്ഞിന്റെ പേരിലോ, സൂരജിന്റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP