Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാം നല്ല വൃത്തിയും വെടിപ്പുമായിരിക്കണം; ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും; വസ്ത്രധാരണമായാലും ബജറ്റ് അവതരണമായാലും കാര്യങ്ങൾക്ക് നല്ല തെളിച്ചം വേണം; ക്യാമറകൾ കണ്ടാൽ വാർത്താസമ്മേളനത്തിന് മുമ്പ് അൽപം റോസ് പൗഡർ കൂടി; നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ അഡീഷണാലിറ്റി എന്ന വാക്കിന്റെ സംഭാവന; മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങൾ ഇങ്ങനെ

എല്ലാം നല്ല വൃത്തിയും വെടിപ്പുമായിരിക്കണം; ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും; വസ്ത്രധാരണമായാലും ബജറ്റ് അവതരണമായാലും കാര്യങ്ങൾക്ക് നല്ല തെളിച്ചം വേണം; ക്യാമറകൾ കണ്ടാൽ വാർത്താസമ്മേളനത്തിന് മുമ്പ് അൽപം റോസ് പൗഡർ കൂടി; നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ അഡീഷണാലിറ്റി എന്ന വാക്കിന്റെ സംഭാവന; മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മന്ത്രിയായിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലെ പിആർ ചേംബറിലോ, എംഎൽഎയായിരിക്കുമ്പോൾ സാമാജികരുടെ മുറിയിലോ മാണി സാറിന്റെ വാർത്താസമ്മേളനത്തിന് പോയിട്ടുള്ള മാധ്യമപ്രവർത്തകർ ഓർത്തെടുക്കുന്ന ചില കൗതുകങ്ങളുണ്ട്. എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണെങ്കിൽ പൂമുഖത്തിന് അടുത്തുള്ള മുറിയിൽ മാണി സാർ ഇരിക്കുന്നത് കാണാം. ആദ്യമായി അദ്ദേഹത്തെ അങ്ങനെ കാണുന്നവർ ഒന്നമ്പരക്കും. വലിയ ജുബ്ബയ്ക്കുള്ളിലെ ആ ആകാരവലിപ്പം എവിടെ. വെള്ള ബനിയനും മുണ്ടുമുടുത്ത് താരതമ്യേന മെലിഞ്ഞ മനുഷ്യൻ. ചാനലുകളെല്ലാം വരാൻ കാക്കും. അവർക്ക് ബൈറ്റ് മിസ്സാകരുതല്ലോ. അല്ലെങ്കിൽ മിസ്സായവർക്കായി വീണ്ടും പറയേണ്ടി വരും. അതിൽ വിഷമമൊന്നുമില്ല. എന്നിരുന്നാലും മറ്റുതിരക്കുകൾ ഉണ്ടല്ലോ. എന്നാ പിന്നെ തുടങ്ങാം എന്ന ആമുഖത്തോടെ നടന്നുവരും. നിറഞ്ഞ ചിരിയോടെ. പരിചയമുള്ളവരോട് കുശലം പറഞ്ഞ്..എല്ലാവരും വന്നല്ലോ എന്ന് ഒന്നുകൂടി ഉറപ്പിച്ച് പറയാനുള്ളത് വെടിപ്പായി പറയും.

ക്യാമറകൾ കണ്ടാൽ അൽപം റോസ് പൗഡർ കൂടി ഇടാൻ മാണി സാർ മറക്കില്ലെന്നാണ് പത്രക്കാരുടെ സ്വകാര്യ സംഭാഷണങ്ങളിലെ തമാശ. അല്ലെങ്കിലും മാണിസാർ വൃത്തിയുടെ കാര്യത്തിൽ നിർബന്ധബുദ്ധിക്കാരനായിരുന്നു. ദിവസം അഞ്ചുനേരം കുളിക്കും വസ്ത്രം മാറും എന്നൊക്കയാണ് പിന്നാമ്പുറസംസാരം. അത്രയും ഇല്ലെങ്കിലും ദിവസം പലവട്ടം വസ്ത്രം മാറുമെന്ന കാര്യം മാണി സാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാം നല്ല വൃത്തിയും വെടിപ്പായും വേണമെന്ന് നിർബന്ധമായിരുന്നു അദ്ദേഹത്തിന്. ബജറ്റ് അവതരണവും ബഹുകേമം തന്നെ.

ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഒരുമിച്ച് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് ഫിനാൻസ് ബിൽ സമ്പ്രദായം കേരളത്തിലാദ്യമായി കൊണ്ടുവന്നത് മാണിയാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഭാര്യാപിതാവ് ഗിർധാരിലാൽ 20 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതുകഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് കെ.എം.മാണിയാണ്. നിയമസഭാ ലൈബ്രറിയിലെ റഫറൻസ് സംവിധാനം ഏറ്റവും കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ചതും മാണി തന്നെ. ഓരോ വിഷയവും ആഴത്തിൽ പഠിച്ചായിരുന്നു പ്രസംഗം.
കെ.എം. മാണി. നിയമസഭയിലെ പ്രവർത്തനത്തിനായി ഇംഗ്ലിഷ് ഡിക്ഷ്ണറിയിൽ 'അഡീഷണാലിറ്റി' എന്ന വാക്കുതന്നെ അദ്ദേഹം സംഭാവന ചെയ്‌തെന്ന് രാഷ്ട്രീയക്കാർക്കിടയിൽ പ്രചരിക്കുന്ന തമാശയുണ്ട്. നിയമസഭാംഗമായി 52 വർഷം പൂർത്തിയാക്കുമ്പോഴാണ് കെ.എം. മാണിയുടെ വിടവാങ്ങൽ. കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിയെ നിയമസഭയിലെ അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് 1962 മുതൽ വിസ്‌കോൻസിനിൽനിന്ന് അമേരിക്കൻ സെനറ്റിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഫ്രെഡ് റിസറിനോടാണ്.

തന്റെ ആരോഗ്യത്തിന്റെ രഹസ്യം ജനങ്ങളുമായുള്ള സഹവാസമാണെന്നായിരുന്നു മാണി സാർ പറയാറുള്ളത്. രാഷ്ട്രീയത്തിൽ വിരമിക്കലില്ലെന്നും, മരണം വരെ ജനസേവനമെന്നും പറഞ്ഞിരുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗങ്ങളാണ് പണ്ടുമുതലേ അലട്ടിയത്. ദീർഘകാലമായി ആസ്മ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭക്ഷണകാര്യങ്ങളിൽ കൃത്യമായ നിഷ്ഠയൊന്നും പുലർത്തിയിരുന്നില്ല. കിട്ടുന്നതെന്തും കഴിക്കും. അത് ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ.

എതിരാളികൾ എത്ര ചീത്ത പറഞ്ഞാലും അവരെ കുറിച്ച് മോശം പറയാതിരിക്കുക എന്ന മാന്യത മാണി സാർ എന്നും പുലർത്തി പോന്നു. പി.സി.ജോർജും മറ്റും എത്ര തെറി വിളിച്ചാലും പ്രതികരിച്ച് വഷളാക്കാതിരിക്കാനുള്ള ഔചിത്യബോധവും അദ്ദേഹം കാട്ടി.
ഒരു മണ്ഡലം രൂപീകരിച്ച ശേഷം ആ മണ്ഡലത്തിൽനിന്ന് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുക എന്ന റെക്കോർഡ് അടക്കം നിരവധി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉടമയാണ് കെ.എം. മാണി. അതിന് കാരണം തേടി ഏറെ അലയേണ്ട. മണ്ഡലത്തിലെ മിക്കവാറും വ്യക്തികളെയെല്ലാം പേരുപറഞ്ഞ് വിളിക്കാനും ആവശ്യക്കാരെ സഹായിക്കാനും എന്നും ശ്രദ്ധിച്ചിരുന്നു. മരണമായാലും, വിവാഹമായാലും, മറ്റുചടങ്ങുകളായാലും മണ്ഡലത്തിൽ ഉണ്ടെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ മാണി സാർ അവിടെ ഹാജരുണ്ടാകും. പാലാക്കാർക്ക് കുഞ്ഞുമാണി അത്രയേറെ പ്രിയങ്കരനായതും ആ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചതുകൊണ്ട് തന്നെ.

പത്രപ്രവർത്തകനായ സുജിത് നായർ എഴുതിയ അനുഭവ കുറിപ്പ് കൂടി വായിക്കാം:

രണ്ടുപതിറ്റാണ്ടോളം മുമ്പു തിരുവനന്തപുരത്തു 'മലയാളമനോരമയിൽ ട്രെയിനിയായിരിക്കുമ്പോളാണ് രാവിലെ ആ ഫോൺ. മറുതലയ്ക്കൽ കെ.എം മാണിയാണ്. തുടക്കക്കാരനായ ഞാനൊന്നു പരുങ്ങി.

വിളിച്ച കാര്യം കേട്ടപ്പോൾ അതുമാറി. തലേ ദിവസത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതു വായിച്ച്, അതിന്റെ സന്തോഷം പറയാൻ വിളിച്ചതാണ്.
കെ.എം മാണി അന്നേ കേരളരാഷ്ട്രീയത്തിലെ അതികായരിലൊരാളാണ്. തന്റെ വാർത്താസമ്മേളനം മലയാളമനോരമയിൽ പ്രസിദ്ധീകരിച്ചുവരാൻ പ്രത്യേകമായ ഒരു ഇടപെടലും അദ്ദേഹത്തിനു നടത്തേണ്ടതില്ല. അങ്ങനെയിരിക്കെ അതു റിപ്പോർട്ടു ചെയ്ത ട്രെയിനിയോടു വിളിച്ച് നന്ദി പറയേണ്ട ഒരു കാര്യവും അദ്ദേഹത്തിനില്ല.

അതു ചെയ്തുവെന്നതാണ് മാണിയെ കെ.എം മാണിയാക്കുന്നത്. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത അദ്ദേഹത്തിന്റെ ഈ രീതിയെക്കുറിച്ച് ഇതുപോലെ എത്രയോ കഥകൾ അടുത്തറിയാവുന്ന ഓരോരുത്തർക്കും പറയാനുണ്ടാകും.

തന്റേതായ രാഷ്ട്രീയവൃത്തം വലുതാക്കാനും ആ വൃത്തത്തിലുള്ളവരെ ചേർത്തുപിടിച്ചു മുന്നോട്ടുകൊണ്ടുപോകാനും അസാധാരണമായ കഴിവുണ്ടായിരുന്നു കെ.എം മാണിക്ക്.

കേരളകോൺഗ്രസ് അങ്ങനെയാണ് നിലനിന്നത്, വളർന്നത്. മാണിയുടെ വിയോഗത്തോടെ കേരളകോൺഗ്രസില്ലാതാകുമെന്നാണു വർഷങ്ങൾക്കു മുമ്പ് ഡി. ബാബുപോൾ കുറിച്ചുവച്ചിട്ടുള്ളത്.

അത് ആ ആ വേർപാട് പാർട്ടിക്കുണ്ടാക്കാവുന്ന ക്ഷീണം മുന്നിൽ കണ്ടുള്ള പ്രവചനമാകാം. എന്തായാലും ആ വിയോഗം കേരളകോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മുന്നിലുയർത്തുന്ന ചോദ്യങ്ങളാണ് ഇനി കേരളരാഷ്ട്രീയത്തിനു മുന്നിൽ.

അടുത്തിടപെട്ടിട്ടുള്ള ആ രാഷ്ട്രീയനേതാവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP