Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി; സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസദസ്സ് 22 ന്

ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി; സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസദസ്സ് 22 ന്

ജാസിം മൊയ്‌ദീൻ

പാലക്കാട്: സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ സ്ത്രീകളെ പിന്തുടർന്ന് ആക്രമിക്കുന്ന സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 22 ന് അട്ടപ്പാടിയിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കുന്നു. തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ ബിന്ദു തങ്കം കല്യാണി, രെഹ്ന ഫാത്തിമ, മഞ്ജു, ലിബി സി എസ് എന്നിവർക്ക് ഐക്യദാർഢ്യം അറിയിച്ചാണ് നവംബർ 22 ന് രാവിലെ 10 മണി മുതൽ അഗളി സ്‌കൂളിന് മുന്നിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കുന്നത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്ക് ശേഷം ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, മഞ്ജു, സുഹാസിനി, മേരി സ്വീറ്റി, കവിത എന്നീ 8 സ്ത്രീകളാണ് തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയത്. ഇവർക്കെതിരെ പിന്നീട് ശക്തമായ ആക്രമണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ അഴിച്ച് വിട്ടത്. വിവാദത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി അഗളി ഗവ. സ്‌കൂളിൽ ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി സ്‌കൂൾ പ്രവേശനകവാടത്തിലെത്തിയിരുന്നു.

പ്രവേശനകവാടത്തിൽ നാമജപങ്ങളുമായി നിന്ന ഇവർ പിന്നീട് പിരിഞ്ഞ് പോയെങ്കിലും രാത്രിയോടെ ബിന്ദു താമസിച്ചിരുന്ന വീടിന് നേരെ ആക്രമണവും വധ ഭീഷണിയും ഉണ്ടായി. ഹയർസെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപികയായ ബിന്ദു സ്ഥലംമാറ്റത്തെത്തുടർന്നാണ് അഗളിയിലെത്തിയത്. സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപിക സ്‌കൂളിലെത്തി ജോലിയിൽ പ്രവേശിക്കുകമാത്രമാണ് ഉണ്ടായതെന്നും അസ്വഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഇവർക്ക് സ്വതന്ത്രമായി തൊഴിലെടുക്കാൻ സംഘപരിവാർ ഗുണ്ടകൾ അനുവദിക്കുന്നില്ല എന്ന് ഐക്യദാർഢ്യസദസ്സുമായി രംഗത്ത് വന്നവർ പറയുന്നു. ഇതിനെ തുടർന്നാണ് പ്രതിരോധം ഫേസ്‌ബുക്കിൽ നിന്ന് തെരുവിലേക്ക് വ്യാപിപ്പിക്കാൻ ഇവർ തയ്യാറായത്.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ മല കയറാൻ ശ്രമിച്ചതിന് അദ്ധ്യാപികയായ ബിന്ദുതങ്കം കല്യാണി ഇപ്പോഴും നേരിടുന്നതുകൊടിയ ക്രൂരതകളാണ്. ഊമക്കത്തുകളും ഫോൺഭീഷണികൾക്കും പുറമെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യമായി അപമാനിക്കലും തുടരുകയാണ്. ഇന്നലെ രാത്രിയിൽ ബിന്ദുവിന്റെ താമസ്ഥലത്തെത്തി ഒരു വിഭാഗം അക്രമികൾ ഭീഷണി മുഴക്കി. ഇന്നലെ പകൽ അവർ ജോലിചെയ്യുന്ന അഗളി സ്‌കൂളിലേക്ക് ഈ അക്രമികൾ മാർച്ചും നടത്തിയിരുന്നു. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് താനനുഭവിക്കുന്ന കൊടിയ ക്രൂരതകളെ കുറിച്ച് ബിന്ദു മറുനാടനോട് വിവരിക്കുന്നു.

ഹയർ സെക്കന്ററി ജനറൽ ട്രാൻസ്ഫറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 27 തിങ്കളാഴ്ചയാണ് ഞാൻ അട്ടപ്പാടിയിലെ അഗളി ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ ജോലിക്ക് കയറുന്നത്. അന്ന് മുതൽ തന്നെ സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ശരണംവിളിയും കൂവിവിളിക്കലമെല്ലാം ഉണ്ടായിരുന്നു. സ്‌കൂൾ അധികാരികളെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പിടിഎയും സ്‌കൂളിലെ പ്രധാനഅദ്ധ്യാപികയുമെല്ലാം വിഷയത്തിൽ ശക്തമായി ഇടപെടുകയും പ്രത്യേക അസംബ്ലി വിളിച്ച് കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്‌കൂളിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ കുട്ടികളിൽ നിന്ന് വല്ല ശ്രമങ്ങളുമുണ്ടായാൽ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.

എബിവിപിയുടെ കുട്ടികൾ വിയോജിപ്പോടെയാണെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ക്ലാസിലിരുന്നു തുടങ്ങിയിരുന്നു. ആ പ്രശ്‌നങ്ങളും പരിഹരിച്ച് വരികയായിരുന്നു. പിന്നീട് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും സ്‌കൂളിലേക്ക് നാമജപഘോഷയാത്രയെന്ന പേരിൽ മാർച്ച് നടത്തുന്നുണ്ടെന്ന നോട്ടീസ് പുറത്ത് വരുന്നത്. ഇന്നലെ അവർ മാർച്ചും നടത്തി. പൊലീസിൽ നേരത്തെ പരാതിപ്പെട്ടപ്പോൾ പറഞ്ഞിരുന്നത് അഗളി ക്ഷേത്രത്തിനടുത്ത് നിന്നാണ് മാർച്ച് തുടങ്ങുന്നതെന്നും സ്‌കൂളിനടുത്തെത്തുന്നതിന് മുമ്പ് തടയുമെന്നുമായിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല സ്‌കൂളിന്റെ മുന്നിലെത്തി അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലാണ് പൊലീസ് ഇടപെട്ടത്. ഇതോടെ ഇത്രയും ദിവസം സ്‌കൂളിലുണ്ടായിരുന്ന നല്ല അന്തരീക്ഷം ഇല്ലാതായി. കുട്ടികളും മറ്റുസ്റ്റാഫുമെല്ലാം വളരെ വിഷമത്തിലായി

സ്‌കൂളിനകത്ത് തന്നെ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ഇന്നലെ നാമജപഘോഷയാത്രക്ക് ഇറങ്ങാൻ നിന്നിരുന്ന വിദ്യാർത്ഥികളോട് അതിന്റെ ഭവിഷ്യത്തുകൾ സ്‌കൂൾ അധികൃതർ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ വിദ്യാർത്ഥികളാരും അതിന് ഇറങ്ങിയിട്ടില്ല. ഈ വിദ്യാർത്ഥികളെ ഇന്നലെ നാമജപഘോഷയാത്രക്ക് കിട്ടാത്തതിന്റെ ദേഷ്യമാണ് ഇന്നലെ പാതിരാത്രിയിൽ അവർ താമസസ്ഥലത്തെത്തി തീർത്തത്. നിന്നെയൊക്കെ എങ്ങനെ കൈകാര്യ ചെയ്യണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് നാലോളം ആളുകൾ ഗേറ്റ് ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഞാനും കുഞ്ഞും സുഹൃത്തും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

അഗളിപൊലീസിനെ വിളിച്ചൈങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. അൽപ നേരം ബഹളമുണ്ടാക്കി അക്രമികൾ തിരിച്ച് പോവുകയും ചെയ്തു. എന്നാൽ താൻ പരാതി അറിയിച്ചിട്ടും ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഫോൺ വിളിക്കുക പോലും ചെയ്തിട്ടില്ല. അട്ടപ്പാടിയിൽ ജോലിക്ക് പ്രവേശിച്ചത് മുതൽ പലവിധത്തിൽ സംഘപരിവാർ തന്നെ അക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. നിരവധി ഊമക്കത്തുകളും ഫോൺകോളുകളും വന്നു. സമൂഹമാധ്യമങ്ങളിൽ തെറ്റായ പലപ്രചരണങ്ങളും അവർ നടത്തുന്നുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരത്തിലേക്ക് ഇവരുടെ പ്രവൃത്തികൾ ചെന്നെത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇവരുടെ നാമജപം കഴിഞ്ഞതിന് ശേഷം സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരാൻ ഓട്ടോക്ക് കൈകാണിച്ചിട്ട് ഒരു ഓട്ടോ പോലും നിർത്തിയില്ല. അത്തരത്തിൽ സാമൂഹിക ബഹിഷ്‌കരണത്തിനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെത്തിയതിന് ശേഷം പൊലീസ് വളരെ അലംഭാവത്തോട് കൂടിയാണ് ഈ വിഷയങ്ങളെ കാണുന്നത്. നാമജപഘോഷയാത്ര സംഘടിപ്പിക്കുന്നവരുടെ നോട്ടീസിൽ പേരും ഫോൺ നമ്പറുമടക്കമുണ്ടായിരുന്നു. ആ നോട്ടീസും ചേർത്ത് പരാതി നൽകിയിട്ട് പോലും പൊലീസ് ഇടപെട്ടിട്ടില്ല.

അക്രമികൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് പൊലീസിൽ നിന്നുണ്ടാകുന്നത്. ഞാൻ ശബരിമലയിൽ പോയിട്ടില്ല. പമ്പവരെ പോലും എത്തിയിട്ടില്ല. എന്നാൽ താൻകുഞ്ഞിനെയും കൊണ്ട് ശബരിമലയിൽ പോയിട്ടുണ്ടെന്നും തന്ത്രിക്ക് പൈസകൊടുത്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ ലക്ഷ്മി രാജീവിനെതിരെ ഇവരാരും ഒരുപ്രതിഷേധവും നടത്തുന്നില്ല. ഞാനടക്കമുള്ളർ അവിടെ പോകണമെന്ന് അതിയായ ആഗ്രഹത്തിന്റെ പുറത്ത് പുറപ്പെട്ടതാണ്. എന്നാൽ വലിയ ക്രമസമാധാനപ്രശ്‌നമാകും എന്ന് കണ്ട് ഞങ്ങൾ പിന്മാറിയിട്ടുണ്ട്. അല്ലാതെ പോയെ അടങ്ങൂ എന്ന് വാശിപിടിച്ചിട്ടൊന്നുമില്ല. അതിനെന്തിനാണ് സംഘപരിവാർ ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ബിന്ദുതങ്കംകല്യാണി മറുനാടനോട് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP