Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാറ്റുസമരത്തിന് വേദിയായ വയലിൽ ഇനി സോളാർ വിപ്ലവം; പടിഞ്ഞാറെ കല്ലടയിലെ പാടത്ത് ഇനി വെയിൽ കൊയ്ത് ഊർജ്ജമുണ്ടാക്കും; ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പദ്ധതി ഇനി കേരളത്തിന് സ്വന്തം

ഞാറ്റുസമരത്തിന് വേദിയായ വയലിൽ ഇനി സോളാർ വിപ്ലവം; പടിഞ്ഞാറെ കല്ലടയിലെ പാടത്ത് ഇനി വെയിൽ കൊയ്ത് ഊർജ്ജമുണ്ടാക്കും; ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പദ്ധതി ഇനി കേരളത്തിന് സ്വന്തം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പ്രോജക്ടിന്റെ നിർമ്മാണ കരാർ ഒപ്പുവെച്ചു. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുമാസത്തിനകം നിർമ്മാണം തുടങ്ങുന്ന പദ്ധതിയിൽനിന്ന്‌ ഒരുവർഷത്തിനകം വൈദ്യുതി ലഭ്യമാകും. സംസ്ഥാനത്തിന് ലോകത്തിന് മുന്നിൽ തലയെടുപ്പോടെ ഉയർത്തിക്കാട്ടാനാകുന്ന അഭിമാന പദ്ധതിയാണ് പടിഞ്ഞാറെ കല്ലടയിൽ ഒരുങ്ങുന്നത്. ഒരുകാലത്ത് നൂറുമേനി വിളയുകയും നിരവധി കർഷക സമരങ്ങൾക്ക് സാക്ഷിയാകുകയും ചെയ്ത ഭൂമിയിൽ ഇനി സോളാർ വിപ്ലവം വരുന്നതിന്റെ ആവേശത്തിലാണ് നാട്.

2013ൽ പദ്ധതി തയാറാക്കിയെങ്കിലും അന്ന്‌ കേന്ദ്ര –സംസ്ഥാന സർക്കാരുകൾ സഹകരിച്ചില്ല. പിന്നീട്‌ എൽഡിഎഫ്‌ സർക്കാർ വന്നപ്പോഴാണ്‌ പദ്ധതി അംഗീകരിച്ചത്‌. സൗരോർജ പദ്ധതികളെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നയം പദ്ധതിക്ക്‌ തുണയായെന്ന്‌ പദ്ധതി പ്രദേശത്തെ വാർഡ് അം​ഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എൻ യശ്പാൽ പറഞ്ഞു.

മുണ്ടകപ്പാടത്തെ വെള്ളക്കെട്ടിനു മുകളിൽ ഫ്ലോട്ട്‌ സ്ഥാപിച്ച്‌ അതിനുമുകളിൽ സോളാർ പാനൽ ഘടിപ്പിച്ചാണ് വൈദ്യുതി ഉൽപ്പാദനം. കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നാഷണൽ ഹൈഡ്രോ ഇലക്ട്രിക്‌ പവർ കോർപറേഷൻ (എൻഎച്ച്പിസി)ആണ്‌ 300 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. 360 ഏക്കർ പാടത്തുനിന്ന്‌ 50 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ലക്ഷ്യമിടുന്നത്‌. സ്ഥലത്തിന്റെ 260 ഏക്കർ കർഷകരുടേതും 100 ഏക്കർ പഞ്ചായത്തിന്റേതുമാണ്. കർഷകർ അടങ്ങുന്ന വെസ്റ്റ്കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 25 വർഷത്തേക്ക് ഭൂമി എൻഎച്ച്പിസിക്ക് പാട്ടത്തിനു നൽകിയത്. കമ്പനിയിൽ കർഷകരുടെ പ്രതിനിധിയും കലക്ടറും പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടർമാരാണ്.

തൃക്കാക്കരയിലെ സ്റ്റെർലിങ് ആൻഡ്‌ വിൽസൺ എന്ന സ്വകാര്യ കമ്പനിക്കാണ്‌ നിർമ്മാണക്കരാർ ലഭിച്ചത്‌. ഉൽപ്പാദനവും വിപണനവും സംബന്ധിച്ച് കെഎസ്ഇബിയും എൻഎച്ച്പിസിയുമായി ധാരണയായിട്ടുണ്ട്‌. ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദനച്ചെലവ് ഏഴുരൂപയോളംവരും. ഇത്‌ കെഎസ്ഇബിക്ക് നൽകുന്നത് 3.75 രൂപയ്ക്കാകും. ബാക്കി തുക കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സബ്സിഡിയായി നൽകും.

വെസ്റ്റ് കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്സിനും പഞ്ചായത്തിനും ലാഭവിഹിതമായി ഓരോ യൂണിറ്റിനും 15 പൈസ വീതം ലഭിക്കും. സൗരോർജ വൈദ്യുതിയുടെ സംഭരണത്തിന് എൻഎച്ച്പിസി സബ് സ്റ്റേഷനും സ്ഥാപിക്കും. 110 കെവി ലൈനിലൂടെ സംഭരിക്കുന്ന വൈദ്യുതി വിതരണത്തിന് കെഎസ്ഇബി ഓഫീസും ഇവിടെയുണ്ടാകും. കൊല്ലം, പത്തനംതിട്ട ജില്ലകൾക്കാണിതിന്റെ പ്രയോജനം.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ള സോളാർ പവർ പ്രൊജക്ടാണ് സ്ഥാപിക്കുന്നത്. നിലവിൽ ജപ്പാനിൽ മാത്രമാണ് ഈ മാതൃകയിലുള്ള സോളാർ പവർ പദ്ധതിയുള്ളത്. ജപ്പാനിലേത് 13.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ്. എന്നാൽ, പടിഞ്ഞാറെ കല്ലടയിൽ സ്ഥാപിക്കുന്ന സോളാർ പവർ പ്രൊജക്ട് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏറ്റവും വലിയ പദ്ധതിയാണ് ഇതിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്. യാതൊരു വിധ പാരിസ്ഥിതികാഘാതം ഇല്ലാതെയും ജനവാസത്തെ ബാധിക്കാത്ത വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെയും ഭരണസമിതിയുടെയും നേതൃത്വത്തിലാണ് പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ ആരംഭിക്കുന്നത്. പ്രദേശത്തെ ഒരു ​ഗ്രന്ഥശാലയിലെ ചെറുപ്പക്കാർ തുടക്കമിട്ട ചർച്ച അവിടുത്തെ ഇടത് ജനപ്രതിനിധി പഞ്ചായത്തിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ, പദ്ധതിക്ക് അനുവാദം നേടാനോ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനോ ആ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. സോളാർ വിവാ​ദത്തിൽ സംസ്ഥാന സർക്കാർ മുങ്ങിയതോടെ സർക്കാരിനും കോൺ​ഗ്രസ് നേതൃത്വത്തിനും പദ്ധതിയോട് താത്പര്യമില്ലാതെയായി. തുടർന്ന് അധികാരത്തിൽ എത്തിയ ഇടത് പഞ്ചായത്ത് ഭരണസമിതി പദ്ധതിക്ക് പുനർജീവൻ നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്ത് ഭരണസമിതി നടത്തിയ ക്രിയാത്മക ഇടപെടലും സംസ്ഥാന സർക്കാരിന്റെ അനുഭാവ പൂർണമായ നിലപാടും പദ്ധതിയെ യാഥാർത്ഥ്യമാക്കാൻ സഹായിച്ചു.

സ്റ്റെർലിങ് ആൻഡ് വിൽസൻ കഴിഞ്ഞ ദിവസം കരാർ ഏറ്റെടുത്തതോടെയാണ് പ്രതീക്ഷകൾ തിരികെയെത്തിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് (എൻഎച്ച്പിസി) പദ്ധതിയുടെ ചുമതല. കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് ആവശ്യമായ വൈദ്യുതി പദ്ധതിയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP