Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ.. കല്ലറക്കെട്ടിൽ തീരട്ടണു കാവ്യവും; ഇത് സോഷ്യൽ മീഡിയയിലെ അവസാന അണുകവിത; പിണറായി സർക്കാരിന്റെത് സോഷ്യൽ മീഡിയാ മാരണനിയമം; പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തുന്നുവെന്ന് സോഹൻ റോയി; സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് മുകളിലുള്ളത് ഡെമോക്ലാസിന്റെ വാളെന്ന് സോഹൻ റോയ് മറുനാടനോട്

കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ.. കല്ലറക്കെട്ടിൽ തീരട്ടണു കാവ്യവും; ഇത് സോഷ്യൽ മീഡിയയിലെ അവസാന അണുകവിത; പിണറായി സർക്കാരിന്റെത് സോഷ്യൽ മീഡിയാ മാരണനിയമം; പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തുന്നുവെന്ന് സോഹൻ റോയി; സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് മുകളിലുള്ളത് ഡെമോക്ലാസിന്റെ വാളെന്ന് സോഹൻ റോയ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് മരണക്കുരുക്കിട്ട് പിണറായി സർക്കാർ കൊണ്ടുവരുന്ന പൊലീസ് ആക്റ്റ് ഭേദഗതി കേരളത്തിൽ പ്രതിഷേധം ജ്വലിപ്പിക്കുന്നു. സാംസ്‌കാരിക നായകരും ഇടത് ബുദ്ധിജീവികളും മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ച് നിശബ്ദരാണെങ്കിലും സൈബർ ഇടങ്ങളിൽ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. സ്വതന്ത്ര ചിന്തകരാണ് സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമത്തോടുള്ള പ്രതിഷേധ സൂചകമായി സോഷ്യൽ മീഡിയയിലെ തന്റെ കവിതയെഴുത്ത് അവസാനിപ്പിക്കുകയാണ് സംവിധായകനും കവിയുമായ സോഹൻ റോയ്. പിണറായി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം സോഷ്യൽ മീഡിയക്കെതിരെയുള്ള കരിനിയമമാണ്. അതുകൊണ്ട് കവിതയെഴുത്ത് നിർത്തുകയും പേന മടക്കുകയും ചെയ്യുകയാണ്. ദുബായിൽ നിന്ന് മറുനാടന് അനുവദിച്ച ടെലിഫോൺ അഭിമുഖത്തിലാണ് പിണറായി സർക്കാരിനോടുള്ള പ്രതിഷേധം എന്ന നിലയിൽ പേന മടക്കുകയാണെന്ന് സോഹൻ റോയി പ്രതികരിച്ചത്. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ മാത്രമാണ് ഈ കരിനിയമത്തിന്നെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. മറ്റാരും പ്രതിഷേധവുമായി രംഗത്തില്ല. മറുനാടൻ എഡിറ്ററുടെ പ്രതിഷേധം മാതൃകയാണ്. ഈ മാതൃക തന്നെയാണ് ഞാൻ പിൻപറ്റുന്നത്-സോഹൻ റോയ് പറയുന്നു.

കവിതയെഴുത്ത് തടയാനുള്ള തീരുമാനം സ്വന്തം ഫെയ്‌സ് ബുക്ക് പേജിലും സോഹൻ റോയി പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു വർഷമായി സോഷ്യൽ മീഡിയയിൽ തുടരുന്ന കവിതയെഴുത്താണ് അവസാനിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വായനക്കാരുണ്ടായിരുന്ന അണുകവിതകൾ ആയിരുന്നു സോഹൻ റോയിയുടേത്. ആനുകാലിക സംഭവങ്ങളെ കേന്ദ്രീകരിച്ച് ഓരോ ദിവസം ഓരോ നാലുവരി കവിതകൾ പോസ്റ്റ് ചെയ്യുകയാണ് സോഹൻ റോയ് ചെയ്തത്. കവിത സംഗീതത്തിന്റെ അകമ്പടിയോടെ വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ശ്രദ്ധ പിടിച്ചു പറ്റിയ കവിതാ സംരംഭമായിരുന്നു ഇത്. സോഹൻ റോയിയുടേത്. സോഷ്യൽ മീഡിയയിൽ പുതുതരംഗമാകുകയും അത് പലപ്പോഴും വിവാദത്തിന്റെ തലങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. പിണറായി സർക്കാരിന്റെ സോഷ്യൽ മീഡിയാമാരണ നിയമത്തിൽ പ്രതിഷേധിച്ചാണ് സോഹൻ റോയ് ഈ സാഹിത്യസംരംഭം അവസാനിപ്പിക്കുന്നത്. നിയമക്കുരുതി എന്ന തലക്കെട്ടിൽ എഴുതിയ അവസാന കവിത സോഹൻ റോയ് ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കാവ്യം ഇങ്ങനെ:

നിയമക്കുരുതി

കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും ....

ഇതെന്റെ അവസാന അണുകാവ്യ പ്രതികരണം എന്നാണ് സോഹൻ റോയ് കുറിക്കുന്നത്. സോഷ്യൽ മീഡിയാ കരിനിയമത്തിനു എതിരെ സോഹൻ റോയ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:

സോഷ്യൽ മീഡിയയ്ക്ക് കൂച്ചു വിലങ്ങിട്ടു കൊണ്ട് വരുന്ന പൊലീസ് ആക്റ്റ് ഭേദഗതി വഴി കുറ്റാരോപിതനെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അന്വേഷണം നടത്താനും പൊലീസിന് അധികാരം കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഭേദഗതിയിൽ അപകടം പതിയിരിക്കുന്നു. കോടതി വരെ രണ്ടാമതേ വരുന്നുള്ളൂ. കാര്യങ്ങൾ തീരുമാനിക്കുക പൊലീസ് ആകും. പൊലീസ് രാജിലെക്ക് കാര്യങ്ങൾ നീങ്ങും. ആധുനിക സമൂഹത്തിനു യോജിച്ച നിയമം അല്ലിത്. സൈബർ ഇടങ്ങളിൽ അഭിപ്രായപ്രകടനങ്ങളും കവിതയുമായി മുന്നോട്ടു സ്വതന്ത്രമായി നീങ്ങിയാൽ നിയമപരിരക്ഷ കിട്ടാൻ സാധ്യതയില്ല. എന്റെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ.. രണ്ടായിരത്തോളം ജീവനക്കാർ കൂടിയുണ്ട്. പ്രതിഷേധമെന്ന നിലയിൽ കവിതയെഴുത്ത് നിർത്തുകയാണ്-സോഹൻ റോയി പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ പൊലീസ് ആക്റ്റിൽ സർക്കാർ ഏർപ്പെടുത്തുന്ന ഭേദഗതി ഇന്നല്ലെങ്കിൽ നാളെ എല്ലാ പൗരന്മാർക്കും കുരുക്കാകും.പിണറായി സർക്കാരിന്റെ നീക്കം അപകടകരമാണ്. പൊലീസിൽ പരാതി വന്നാൽ ടാർജറ്റ് ചെയ്യപ്പെടും. പൊലീസ് സംവിധാനം സർക്കാരിനു ഒപ്പമാണ്. സോഷ്യൽ മീഡിയ എഴുത്തിന്റെ പേരിൽ പൊലീസ് വിചാരിച്ചാൽ പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. പൊലീസിന് സ്വമേധയാ കേസ് എടുക്കാം. . ഈ രീതിയിലുള്ള ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരരുത്. നിലവിലെ നിയമങ്ങൾ സൈബർ ക്രൈം തടയാൻ പര്യാപ്തമാണ്. അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. പൊലീസിനെ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിയമമാണിത്. പിണറായി സർക്കാരിന്റെ തീരുമാനത്തോടുള്ള പ്രതിഷേധമെന്ന നിലയിൽ കവിതയെഴുത്ത് നിറുത്തുകയാണ്.

. ആയിരത്തിലധികം കവിതകൾ ഞാൻ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ നന്നായി സർക്കുലേറ്റ് ചെയ്യുന്ന കവിതകൾ ആയിരുന്നു ഇത്. കവിതയെഴുതുന്നത് ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ്. നമ്മൾ പലതിനെയും കുറിച്ച് പ്രതികരിക്കും. ഇത് നമുക്കെതിരെ ഉപയോഗപ്പെടാൻ സാധ്യതയുണ്ട്. ഈ പ്രതിസന്ധി മുൻപും അഭിമുഖീകരിച്ചതാണ്. ഒരവസരം കിട്ടിയാൽ സർക്കാർ ചാടിവീഴും. ആരും പ്രതികരിക്കുന്നില്ല. സ്വതന്ത്ര ചിന്താഗതിക്ക് പിണറായി സർക്കാർ കൂച്ചുവിലങ്ങു ഇടുമ്പോൾ പ്രതികരിക്കാൻ ആരും തയ്യാറാകുന്നില്ല. ഡെമോക്ലാസിന്റെ വാൾ പോലെ ഒരു വാൾ നമുക്ക് മുകളിൽ തൂങ്ങിനിൽക്കുകയാണ്. സാംസ്‌കാരിക-സാഹിത്യ നായകന്മാർ ആരും പ്രതികരണമായി മുന്നോട്ട് വരുന്നില്ല. നിയമമായി ഇത് പുറത്ത് വരുമ്പോൾ മാത്രമേ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയുകയുള്ളൂ-സോഹൻ റോയ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP