Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാട്ടാക്കടയിലേത് അവസാനത്തെ രക്തസാക്ഷിയാവട്ടെ; കാറിന്റെ ഡോർ തുറക്കുമ്പോൾ ദയവായി വലതു വശത്തേക്ക് നോക്കുക; ഈ വീഡിയോ കണ്ടെങ്കിലും കൊലപാതകിയാവാതിരിക്കാൻ നമുക്ക് കഴിയില്ലേ?

കാട്ടാക്കടയിലേത് അവസാനത്തെ രക്തസാക്ഷിയാവട്ടെ; കാറിന്റെ ഡോർ തുറക്കുമ്പോൾ ദയവായി വലതു വശത്തേക്ക് നോക്കുക; ഈ വീഡിയോ കണ്ടെങ്കിലും കൊലപാതകിയാവാതിരിക്കാൻ നമുക്ക് കഴിയില്ലേ?

മറുനാടൻ മലയാളി ബ്യൂറോ

ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഒരു കോളത്തിലൊതുങ്ങിയ ഒരു ചെറിയ വാർത്തയായിരുന്നു കാട്ടാക്കട അനീഷ് എന്ന 32വയസ്സുകാരന്റെ ജീവിത ദുരന്തം. എന്നാൽ അതൊരു റോഡപകടമായിരുന്നില്ല.

ആലസ്യത്തിൽ പിറന്ന ഒരു കൊലപാതമായിരുന്നു. യാതൊരു ഉത്തരവാദിത്വവുമില്ലാതെ കാറിന്റെ ഡോർ തുറന്നപ്പോൾ തട്ടിവീണ് പൊലിഞ്ഞുപോയത് ഒരു സാധാരണക്കാരനായ ബൈക്ക് യാത്രക്കാരന്റെ ജീവനാണ്.

ഇത്തരം എത്രയോ അപകടങ്ങൾ കേരളത്തിൽ ദൈനംദിനം നടക്കുന്നു. കാറിന്റെ ഡോർ തുറക്കുമ്പോൾ തട്ടിവീണ് മരിക്കുന്നവരുടെ കണക്ക് ആരും എടുത്തിട്ടില്ല. ഇങ്ങനെ നിരവധി ജീവനുകൾ പൊലിഞ്ഞ് കഴിഞ്ഞു. ഈ ദാരുണ സംഭവത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

ഇത് കേരളത്തിൽ നടന്നതാകണമെന്നുപോലുമില്ല. എന്നാൽ ഇത്തരം അപകടത്തിന്റെ ആഴം വ്യക്തമാക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ ചിത്രം ഓർമ്മിപ്പിക്കുന്നത് ഇങ്ങനെ പൊലിഞ്ഞുപോയ അനേകരുടെ ജീവന്റെ കഥകളാണ്. അതൊഴിവാക്കാൻ ശക്തമായ ഒരു ശ്രമം രൂപപ്പെടുത്താനേ പറ്റൂ. അതിനുള്ള ആഹ്വാനമായി അകാലത്തിൽ പൊലിഞ്ഞ ഈ ജീവനുകളുടെ അറിയാം. ഇവരാരും അശ്രദ്ധയോടെ വണ്ടിയോടിച്ച് മരിച്ചവരല്ല. ഇവർ അശ്രദ്ധയുടെ ബലിയാടുകളാണ്.

നിങ്ങളുടെ വാഹനത്തിന്റെ ഡോർ തുറക്കുന്നതിനുമുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ, ഒരു നിമിഷത്തെ അശ്രദ്ധമൂലം പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ.

ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ അനീഷ് നഷ്ടപ്പെടുമായിരുന്നില്ല

തിരക്കേറിയ റോഡുകളുടെ അരികിൽ നിങ്ങൾ വാഹനം പാർക്ക് ചെയ്ത് പെട്ടെന്ന് ഡോർ തുറന്ന് ഇറങ്ങാറില്ലേ ? മൊബൈൽഫോണിൽ സംസാരിച്ചു കൊണ്ടോ, റോഡിന്റെ എതിർസൈഡിൽ നിൽക്കുന്ന സുഹൃത്തിനെയോ, ബന്ധുക്കളെയോ കണ്ടിട്ടാകാം ആലോചിക്കാതെ പെട്ടെന്ന് ഡോർ തുറന്ന് ഇറങ്ങുന്നത്.

പക്ഷെ നിങ്ങളുടെ ആ ഒരു നിമിഷത്തെ അശ്രദ്ധ ഒന്നോ അതിലധികമോ മനുഷ്യരുടെ ജീവന് തന്നെ അപകടമായേക്കും. അങ്ങനെ ഒരു അശ്രദ്ധയുടെ ഫലമായി തിരുവനന്തപുരം കാട്ടക്കാടയിൽ നടന്ന അപകടത്തിലൂടെ നഷ്ടപ്പെട്ടത് ഒരു ചെറുപ്പക്കാരന്റെ ജീവിതവും ഒരു ചെറിയ കുടുംബത്തിന്റെ സ്വപ്‌നങ്ങളുമാണ്.

റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരനായ അനീഷ നിർമൽ ഡോറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഈ മാസം 19ന് തിരുവനന്തപുരം കാട്ടാക്കട നരുവാമൂട് ജംഗ്ഷനിൽ ഉച്ചയ്ക്കായിരുന്നു സംഭവം. ഒരാഴ്ചയോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

അപകടമുണ്ടാകുന്നത് ഏറെയും തിരിക്കേറിയ റോഡുകളിൽ

സംസ്ഥാനത്തെ തിരക്കേറിയ റോഡുകളിലാണ് ഇത്തരം അപകടങ്ങൾ സ്ഥിരം സംഭവങ്ങളാകുന്നത്. പലപ്പോഴും അപകടത്തിൽ യാത്രക്കാരൻ മരണപ്പെടുമ്പോൾ മാത്രമാണ് ഇക്കാര്യം മാദ്ധ്യമങ്ങളിൽ വരുന്നത്. എന്നാൽ വാഹനങ്ങളുടെ ഡോറുകളിൽ ഇടിച്ച് ഗുരുതരമായ പരിക്കേറ്റ് നട്ടെല്ല് തകർന്നും അബോധാവസ്ഥയിലുമായി ജീവിതം തള്ളി നീക്കുന്ന നിരവധി പേരുണ്ട്. ഇത്തരം അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുകയും മരിക്കുകയും ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണ്. അപകടങ്ങളിൽ പെടുന്ന ബൈക്ക് യാത്രക്കാർ ഹെൽമെറ്റ് കൂടി ധരിച്ചിട്ടില്ലെങ്കിൽ പറയുകയും വേണ്ട.

വാഹനങ്ങൾ നിർത്തി പെട്ടെന്ന് ഡോർ തുറന്ന് ഇറങ്ങുമ്പോൾ പിറകിൽ ബൈക്കുകളിൽ വരുന്ന യാത്രക്കാർ ഡോറിലിടിച്ച് റോഡിലേക്ക് വീഴുകയും മറ്റുവാഹനങ്ങൾ അവരെ ഇടിക്കുകയും ചെയ്യുന്നതാണ് ഇത്തരം അപകടങ്ങളുടെ സ്വഭാവം. ഇങ്ങനെയുള്ള അപകടങ്ങൾ സംസ്ഥാനത്തെ നാൾക്കു നാൾ വർദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകൾ കാണിക്കുന്നത്. തിരക്കേറിയ റോഡുകളുടെ അരികിൽ വാഹനങ്ങൾ പാർക് ചെയ്യുന്ന റോഡുകളിലാണ് ഇത്തരം അപകടങ്ങൾ സാധാരണയായി നടക്കുന്നത്.

ലെനിന്റെ ജീവനെടുത്തതും ഇതേ അശ്രദ്ധ

ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിനു സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ പിറകിൽ നിന്നും വന്ന ബൈക്ക് യാത്രക്കാരൻ ഡോറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്നും വരികയായിരുന്ന ഇന്നോവ കാറിൽ ഇടിക്കുകയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലെനിൻ എന്ന യുവാവ് മരിച്ചിരുന്നു. ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിനു മുന്നിലാണ് സംഭവം.

സ്‌കൂളിനു മുന്നിൽ പാർക്കു ചെയ്തിരുന്ന സാൻഡ്രോ കാറിലെ ഡ്രൈവർ കാറിന്റെ ഡോർ തുറന്നപ്പോൾ പുറകിൽ നിന്നും ബൈക്കിൽ വരികയായിരുന്ന ലെനിൻ ഡോറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ എതിർദിശയിൽ നിന്നും വരികയായിരുന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. ഇത്തരം അപകടങ്ങളുടെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അശ്രദ്ധയും അനധികൃത പാർക്കിങും അമിതവേഗതയുമാണ്. മുന്നിലുള്ള വാഹനങ്ങൽ പാർക്ക് ചെയ്ത് ഡ്രൈവർ പുറത്തിറങ്ങുന്നത് കണ്ടാലും അമിതവേഗം കാരണം പിന്നിലെത്തുന്ന വാഹനങ്ങൾക്ക് വാഹനം നിർത്താൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ട്.

മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധ മൂലം കഴിഞ്ഞ വർഷം മരിച്ചത് 22 പേർ

മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധ മൂലം കഴിഞ്ഞ വർഷം അപകടത്തിൽ പെട്ട് മരണമടഞ്ഞവർ 22 പേരാണ്. ഇതിൽ 8 പേർ വാഹനങ്ങളുടെ ഡോറിൽ ഇടിച്ച് മരണപ്പെട്ട ബൈക്ക് യാത്രക്കാരാണ്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP