Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രീ, അടികൊണ്ടും വെടി കൊണ്ടും കെട്ടിപ്പടുത്തൊരു പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളക്കാൻ നിങ്ങൾക്ക് എന്തെളുപ്പത്തിൽ കഴിഞ്ഞു സഖാവേ? അങ്ങ് കൊണ്ടുവന്ന നവോത്ഥാനം താങ്ങാനുള്ള കെൽപ്പ് കേരളത്തിനില്ല എന്നു തെളിയിക്കുന്നതാണ് ഈ തോൽവി; ആലപ്പുഴയിലെ ആ ഒരു തരി തീപ്പൊരി കൊണ്ട് ഒരു ദിനേശ് ബീഡിയെങ്കിലും കത്തിക്കാനായാൽ പുകയെടുത്ത് ആലോചിക്കൂ സഖാവേ...ഇനിയെന്ത് എന്ന്; തോറ്റമ്പിയ പിണറായിക്ക് ഉപദേശവുമായി സോഷ്യൽ മീഡിയ; സൈബറിടത്തിലെ താത്വികമായ അവലോകനം ഇങ്ങനെ

മുഖ്യമന്ത്രീ, അടികൊണ്ടും വെടി കൊണ്ടും കെട്ടിപ്പടുത്തൊരു പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളക്കാൻ നിങ്ങൾക്ക് എന്തെളുപ്പത്തിൽ കഴിഞ്ഞു സഖാവേ? അങ്ങ് കൊണ്ടുവന്ന നവോത്ഥാനം താങ്ങാനുള്ള കെൽപ്പ് കേരളത്തിനില്ല എന്നു തെളിയിക്കുന്നതാണ് ഈ തോൽവി; ആലപ്പുഴയിലെ ആ ഒരു തരി തീപ്പൊരി കൊണ്ട് ഒരു ദിനേശ് ബീഡിയെങ്കിലും കത്തിക്കാനായാൽ പുകയെടുത്ത് ആലോചിക്കൂ സഖാവേ...ഇനിയെന്ത് എന്ന്; തോറ്റമ്പിയ പിണറായിക്ക് ഉപദേശവുമായി സോഷ്യൽ മീഡിയ; സൈബറിടത്തിലെ താത്വികമായ അവലോകനം ഇങ്ങനെ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: ഇരുപതിൽ പത്തൊൻപത് സീറ്റിലും തോറ്റ്, അപമാനഭാരത്താൽ തലകുമ്പിട്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശവുമായി സോഷ്യൽമീഡിയ. തോൽവിയുടെ കാരണങ്ങൾ പാർട്ടി പരിശോധിക്കുന്നതേയുള്ളൂവെങ്കിലും താത്വികമായ അവലോകനം സൈബറിടത്തിൽ നടക്കുകയാണ്. ഇതിൽ ചിലതെല്ലാം ഏറെ ചിന്തിപ്പിക്കുന്നതാണ്. കോൺഗ്രസ്സിന്റെയോ യു ഡി എഫ് നേതാക്കളുടെയോ പ്രാഗൽഭ്യമോ മികവോ അല്ല ഈ മൃഗീയ വിജയത്തിനു കാരണമെന്നും അങ്ങൊരാളാണ് ആ വിജയശില്പിയെന്നും മുഖ്യമന്ത്രിയെ സോഷ്യൽമീഡിയ ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പലപ്പോഴായടിച്ച സെൽഫ് ഗോളുകളാണ് കോൺഗ്രസിന്റെ സ്വപ്നതുല്യമായ വിജയത്തിനു കാരണം.

വിജയിച്ച 19സീറ്റിൽ ഒന്നു രണ്ടെണ്ണം മുഖ്യമന്ത്രി അഡ്ജസ്റ്റ്‌മെന്റ് കളിച്ച് മനസ്സറിഞ്ഞ് യു.ഡി.എഫിന് കൊടുത്തതാണെന്നാണ് സൈബറിടത്തിലെ തിരഞ്ഞെടുപ്പ് അവലോകനം. തിരുവനന്തപുരത്ത് പാവം സി ദിവാകരനെ വെറും ഡമ്മിയാക്കി സ്വന്തം വോട്ടുകൾ യുഡിഎഫിനു പകർന്ന് നൽകാൻ അങ്ങ് കാണിച്ച മഹാമനസ്സ്‌കത അദ്വിതീയം തന്നെ..! വടകരയിലാകട്ടെ പി. ജയരാജനെ അങ്ങ് ബലി നൽകുകയായിരുന്നു.അത് അങ്ങയുടെ ആവശ്യവുമായിരുന്നു.(അതിനു പിറകിലെ കാരണങ്ങളെ കുറിച്ച് മനഃപൂർവ്വം മൗനം പാലിക്കുന്നു..!) ചാലക്കുടിയിൽ ഇന്നസെന്റിനെ പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിച്ചതിലൂടെ അങ്ങ് അവിടത്തെ ഇടതുപക്ഷ അനുഭാവികളെ അവഹേളിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ എന്നോട് വിരോധം തോന്നരുത്. ആയിരക്കണക്കിന് പക്കാ ഇടതുപക്ഷ വോട്ടുകൾ മാറ്റി ചെയ്യപ്പെട്ടു എന്നത് പരമമായ സത്യമാണ്.

മുഖ്യമന്ത്രീ....അങ്ങ് വിഷമിക്കരുത്.. മറ്റു സീറ്റുകൾ എങ്ങനെ നഷ്ടമായി എന്നതിനെ ചൊല്ലി കൊളോണയിലിസ്റ്റ് ചിന്താസരണിയും പ്രതിക്രിയാവാതകവും റാഡിക്കൽ മാറ്റവും പുകയ്‌ക്കേണ്ടതില്ല....അതിനു കാരണം അങ്ങ് തന്നെയാണ്.. അങ്ങയുടെ ആ ധാർഷ്ട്യവും ആ അഹങ്കാരവും ആ പുച്ഛവുമൊക്കെ ആസ്വദിക്കുന്നു എന്നഭിനയിക്കുന്ന ചുറ്റുമുള്ള ഉപജാപകസംഘത്തിൽ അങ്ങ് അഭിരമിച്ചു...കേരള ജനതയുടെ പരിച്ഛേദമാണ് അവരെന്ന് അങ്ങ് വിശ്വസിച്ചു... അങ്ങ് ആട്ടുമ്പോൾ തെറിക്കുന്ന തുപ്പൽ പുണ്യാഹമെന്ന് കരുതി സ്വീകരിക്കുന്ന...അങ്ങാജ്ഞാപിക്കുമ്പോൾ മേൽമുണ്ട് കക്ഷത്തിലിടുക്കി വാക്കൈ പൊത്തി എറാൻ മൂളി അങ്ങയുടെ കൊട്ടാരത്തിന്റെ വടക്കേപുറത്ത് കാത്ത് നിൽക്കുന്ന അടിയാന്മാരാണ് കേരളജനതയെന്ന് അങ്ങ് ധരിച്ചു.. അല്ലെങ്കിൽ അങ്ങയുടെ കൂടെയുള്ളവർ അങ്ങനെ ധരിപ്പിച്ചു..

അങ്ങയുടെ ആ അധികാരഗർവ്വും തൻപോരിമയും കെടുകാര്യസ്ഥതയുമൊക്കെ ഒന്നര പെഗ്ഗടിക്കുമ്പോളുണ്ടാകുന്ന ഒരു തരിപ്പ് പോലെയേ ഉണ്ടാകൂ എന്ന് അങ്ങ് മനസ്സിലാക്കിയില്ല. കേരളീയർ എന്നാൽ തനി ഈഗോയിസ്റ്റുകളാണ്. ആരും ആജ്ഞാപിക്കുന്നതും അനുസരിപ്പിക്കുന്നതും അവർക്കിഷ്ടമല്ല. അങ്ങ് ഒരിക്കൽ പോലും കേരള ജനതയുടെ മുഖ്യമന്ത്രിയായിരുന്നിട്ടില്ല. അങ്ങ് അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രിയാണ്. തനിക്കോ തന്റെ പ്രസ്ഥാനത്തിനോ ഉപകാരമുള്ളവരുടെ മാത്രം മുഖ്യമന്ത്രി.

അങ്ങ് കൊണ്ടുവന്ന നവോത്ഥാനം താങ്ങാനുള്ള കെൽപ്പ് കേരളത്തിനില്ല എന്നു കൂടി തെളിയിക്കുന്നതാണ് ഈ തോൽവി.നവോത്ഥാനം എന്നാൽ തുണിയുടുക്കാത്തവരെ കോട്ടും സൂട്ടും ഇടീക്കുക എന്നതല്ല...അവരെ അവരുടെ രീതിയിൽ ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നാണ്.നിരക്ഷരരെ അക്ഷരം പഠിപ്പിക്കുന്നതു പോലും നവോത്ഥാനം എന്ന് പറയാനാവില്ല.അപ്പോഴാണ് അങ്ങയുടെ ഈ എടുത്താൽ പൊങ്ങാത്ത നവോത്ഥാനം....!? ആർത്തവത്തിന് ആർപ്പോ വിളിച്ചതു കൊണ്ടോ ശബരിമലയിൽ യുവതികളെ കേറ്റാൻ ചൂട്ടു പിടിച്ചതു കൊണ്ടോ വനിതാ മതിൽ കെട്ടി ഉയർത്തിയതു കൊണ്ടോ നവോത്ഥാനം ഉണ്ടാകും എന്നത് തികച്ചും വിഡ്ഡിത്തരമാണ് സഖാവേ... ആ സമയത്ത് പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് ശുചിത്വമുള്ള ഒരു മറ കെട്ടാനോ...ഉപയോഗ ശൂന്യമായവ വേണ്ട മെയിന്റനൻസ് നടത്തി ഉപയുക്തമാക്കാനോ അങ്ങ് മറന്നു...! അങ്ങയ്ക്ക് വളരെ സിമ്പിളെന്നും ബാലിശമെന്നും തോന്നാവുന്ന ഇതൊക്കെയാണ് ഈ തോൽവിക്ക് കാരണം.

ജനഹൃദയങ്ങളിൽ അങ്ങില്ല സഖാവേ...അങ്ങ് മൂലം അങ്ങയുടെ പാർട്ടിയും ഇന്നില്ല അവരുടെ ഉള്ളിൽ.തലമുറകളായി ചങ്കിലെ ചോരയും മെയ്യിലെ വിയർപ്പും നൽകി ഉയർത്തിപിടിച്ചിരുന്ന അരിവാൾ ചുറ്റിക നക്ഷത്രം പോലും ഇനി അന്യം.. വർഷങ്ങൾ കൊണ്ട് അടി കൊണ്ടും വെടി കൊണ്ടും കെട്ടിപ്പടുത്തൊരു പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളക്കാൻ നിങ്ങൾക്ക് എന്തെളുപ്പത്തിൽ കഴിഞ്ഞു സഖാവേ...! പ്രത്യയ ശാസ്ത്രത്തിനു പുറം തിരിഞ്ഞ് നിന്നപ്പോളൊന്നും...ആരും പറഞ്ഞില്ലേ സഖാവേ...ഇതൊന്നും ഇങ്ങനെയല്ല വേണ്ടതെന്ന്...!അതോ അധികാര പ്രമത്തത മൂലം ബധിരമായ കർണ്ണങ്ങളിൽ അതൊന്നും പതിച്ചില്ല എന്നാണോ...!??? തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാൻ ഞാൻ പറയില്ല..കാരണം ഇനിയൊരു തിരിച്ചു വരവ് അസാധ്യമാക്കിയിരിക്കുന്നു ഇതിനകം തന്നെ... ആലപ്പുഴയിലെ ആ ഒരു തരി തീപ്പൊരി കൊണ്ട് ഒരു ദിനേശ് ബീഡിയെങ്കിലും കത്തിക്കാനായാൽ...ഇരുത്തി രണ്ട് പുകയെടുത്ത് ആലോചിക്കൂ സഖാവേ...ഇനിയെന്ത് എന്ന്...!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP