Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെയും സംഘപരിവാറിനെയും വിമർശിച്ച് കേട്ടാൽ അറയ്ക്കുന്ന തെറിയും ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയും! ഇതാണോ കാവിപ്പടയുടെ 'ഭാരതീയ സംസ്‌ക്കാരം'? മാധ്യമപ്രവർത്തക ഷാനി പ്രഭാകറിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം; കാവിപ്പട ഗ്രൂപ്പിൽ അശ്ലീല പോസ്റ്ററുകൾ

മോദിയെയും സംഘപരിവാറിനെയും വിമർശിച്ച് കേട്ടാൽ അറയ്ക്കുന്ന തെറിയും ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയും! ഇതാണോ കാവിപ്പടയുടെ 'ഭാരതീയ സംസ്‌ക്കാരം'? മാധ്യമപ്രവർത്തക ഷാനി പ്രഭാകറിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം; കാവിപ്പട ഗ്രൂപ്പിൽ അശ്ലീല പോസ്റ്ററുകൾ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഭാരതീയ സംസ്‌ക്കാരത്തെ കുറിച്ച് നാഴികയ്ക്ക് നാൽപ്പതുവട്ടം വാചാലരാകുന്നവരാണ് സംഘപരിവാർ അനുകൂലികൾ. ഭാരതാംബയെ ബഹുമാനിക്കാൻ വേണ്ടി എപ്പോഴും വാചാലരാകുന്നവർ. ഇതൊക്കെയാണ് ആദർശമെങ്കിലും സോഷ്യൽ മീഡിയയിൽ അവരുടെ ചെയ്ത്തികൾ കണ്ടാൽ കഷ്ടം തന്നെ എന്ന് പറയേണ്ടി വരും. അത്രയ്ക്ക് വൃത്തികെട്ട മാർഗ്ഗങ്ങളിലൂടെയാണ് തങ്ങളെ വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ പോകുന്നത്. അടുത്തിടെ ആ പ്രവണത മലയാളം സോഷ്യൽ മീഡിയയിൽ വർദ്ധിച്ചു വരികയാണ്. മനോരമ ചാനലിലെ വാർത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡ്യൂസറുമായ ഷാനിപ്രഭാകറാണ് സംഘപരിവാർ അനുകൂലികളുടെ കടുത്ത ആക്രമണത്തിന് ഇരയായിരിക്കുന്നത്.

സംഘപരിവാർ അനുയായികളുടെ അനുകൂല ഫേസ്‌ബുക്ക് ഗ്രൂപ്പായ കാവിപ്പടയിലാണ് ഷാനി പ്രഭാകരനെ അധിക്ഷേപിക്കുന്ന അശ്ലീല പോസ്റ്ററും അതിനു താഴെ അത്തരം നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടത്. ഷാനിയെ റേപ്പ് ചെയ്യണമെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുയായികളുടെ പ്രതികരണങ്ങൾ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദു സേന ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് മനോരമയിലെ പറയാതെ വയ്യ പരിപാടിയിൽ വിമർശനം ഉന്നയിച്ചതും മറ്റുമാണ് സംഘപരിവാറുകാർ ഷാനിക്ക് എതിരാകാൻ ഇടയാക്കിയത്.

കൂടാതെ കന്നുകാലിക്കശാപ്പു നിരോധനവുമായി ബന്ധപ്പെട്ട് നടന്ന മനോരമയിലെ ചർച്ചയിൽ ബിജെപി നേതാവ് കെ സുരേന്ദ്രനോട് ഷാനി പ്രഭാകരൻ ചോദിച്ച ചോദ്യങ്ങളും അതിനു സുരേന്ദ്രൻ നൽകിയ പരസ്പരബന്ധമില്ലാത്ത മറുപടികളും അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വിഷയത്തിലെ ബിജെപിയുടെയും സംഘപരിവാറിന്റേയും ഇരട്ടത്താപ്പുകൾ തുറന്നുകാട്ടുന്നതാണു ഈ ചർച്ചയെന്നു പലരും ആരോപിക്കുകയും ചെയ്തിരുന്നു.

യെച്ചൂരി വിഷയത്തിൽ ഷാനി ബിജെപി നേതാവ് വി വി രാജേഷിനോട് ഉത്തരം മുട്ടിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണൻ അഫ്‌സ്പ നിയമത്തെ വിമർശിച്ചത് സൈന്യത്തിനെതിരായ പരാമർശമാണെന്നും രാജ്യദ്രോഹമാണെന്നും വ്യാഖ്യാനിച്ച വി വി രാജേഷിനോട്, അങ്ങനെയെങ്കിൽ പ്രസ്തുത വിഷയത്തിലെ സുപ്രീം കോടതിയുടെ ഇതിനേക്കാൾ രൂക്ഷമായ പരമാർശങ്ങളും രാജ്യദ്രോഹമല്ലേ എന്നു ഷാനി ചോദിച്ചിരുന്നു. 'നിങ്ങൾക്ക് യൂണിഫോമിട്ട റേപ്പിസ്റ്റുകളുണ്ടോ?'' എന്നായിരുന്നു സുപ്രീം കോടതിയുടേ പരാമർശം.

ഇത്തരത്തിൽ ഈയടുത്തകാലത്ത് പലപ്പോഴും ബിജെപി നേതാക്കളെ കൃത്യമായ ചോദ്യങ്ങൾ കൊണ്ട് ഉത്തരം മുട്ടിക്കുന്ന നിലപാട് സ്വീകരിച്ച ഷാനിക്കെതിരേ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ആസൂത്രിതമായ സൈബർ ആക്രമണത്തിന്റെ ഭാഗമാൺ ഈ പോസ്റ്റർ അടക്കമുള്ളവയെന്ന് കരുതപ്പെടുന്നു.

തങ്ങളെ രാഷ്ട്രീയമായി വിമർശിക്കുന്ന സ്ത്രീകളെയും വനിതാ മാധ്യമപ്രവർത്തകരേയും മോശം ഭാഷയിൽ അധിക്ഷേപിക്കുന്നതും ബലാത്സംഗഭീഷണി മുഴക്കുന്നതും സംഘപരിവാർ ഗ്രൂപ്പുകൾ സ്ഥിരമായി പ്രയോഗിക്കുന്ന ഒരു പ്രതിരോധരീതിയാണു. ഏഷ്യാനെറ്റിലെ മുതിർന്ന മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറും ഇത്തരത്തിലുള്ള ആക്രമണത്തിനു വിധേയയായിരുന്നു. സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ പൊലീസ് ജാമ്യത്തിൽ വിട്ടപ്പോൾ ആർഎസ്എസ് നേതാക്കൾ ഇവരെ മാലയിട്ടു സ്വീകരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകരെ മാലയിട്ടു സ്വീകരിക്കുന്നു ചുംബനസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഹൈദരബാദ് സർവ്വകലാശാല വിദ്യാർത്ഥിനിയായ അരുന്ധതി അടക്കമുള്ള നിരവധി പെൺകുട്ടികൾക്ക് ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടിവന്നിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുന്നത് സത്യസന്ധമായി പ്രവർത്തിക്കുന്ന വനിതാ മാധ്യമപ്രവർത്തകരുടേയും പൊതുരംഗത്തും സോഷ്യൽ മീഡിയായിലും ഇടപെടുന്ന സ്ത്രീകളുടേയുമെല്ലാം മനോവീര്യം കെടുത്തുമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

അതേസമയം സൈബർ ആക്രമണങ്ങൾ കടുക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് ഷാനി പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം ഷാനിക്ക് പിന്തുണയുമായി മാധ്യമപ്രവർത്തകരും രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP