Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

തൊഴിലുറപ്പിൽ കോടികൾ കൈയിട്ടു വാരിയവർക്കെല്ലാം പണികൊടുത്തത് ശരവേഗത്തിൽ; അഴിമതിക്കെതിരെ പോരാടുന്നവർക്കെതിരെ ഏതറ്റം വരേയും പോകുമെന്നതിന് തെളിവായി എബി ജോർജിനെതിരായ നടപടി; ഐഐടിയിലെ പിഎച്ച്ഡിക്കാരനെ പുറത്താക്കുന്നത് ഹൈക്കോടതിയെ കബളിപ്പിച്ച്; സോഷ്യൽ ഓഡിറ്റ് ഡയറക്ടർ എബി ജോർജിനെ വീണ്ടും പുറത്താക്കി പിണറായി; ഡൽഹി കലാപം അന്വേഷിക്കാൻ ഉത്തരവിട്ട ജഡ്ജി മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയതിനെ എതിർക്കുന്നവരും കാട്ടിക്കൂട്ടുന്നത് അതൊക്കെ തന്നെ

തൊഴിലുറപ്പിൽ കോടികൾ കൈയിട്ടു വാരിയവർക്കെല്ലാം പണികൊടുത്തത് ശരവേഗത്തിൽ; അഴിമതിക്കെതിരെ പോരാടുന്നവർക്കെതിരെ ഏതറ്റം വരേയും പോകുമെന്നതിന് തെളിവായി എബി ജോർജിനെതിരായ നടപടി; ഐഐടിയിലെ പിഎച്ച്ഡിക്കാരനെ പുറത്താക്കുന്നത് ഹൈക്കോടതിയെ കബളിപ്പിച്ച്; സോഷ്യൽ ഓഡിറ്റ് ഡയറക്ടർ എബി ജോർജിനെ വീണ്ടും പുറത്താക്കി പിണറായി; ഡൽഹി കലാപം അന്വേഷിക്കാൻ ഉത്തരവിട്ട ജഡ്ജി മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയതിനെ എതിർക്കുന്നവരും കാട്ടിക്കൂട്ടുന്നത് അതൊക്കെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹി കലാപം അന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി എസ്.മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയതിനെ ഇടതുപക്ഷം എതിർക്കും. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ നടപ്പാക്കുക മോദി മാതൃക തന്നെ. ഡയറക്ടർ തിരഞ്ഞെടുപ്പിൽ ഒന്നാം റാങ്കോടെ പാസ്സായി സോഷ്യൽ ഓഡിറ്റ് ഡയറക്ടറായി വന്ന ഡോ.എബി ജോർജിനെ സർക്കാർ തൽസ്ഥാനത്ത് നിന്നും തെറിപ്പിച്ചത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന ഭയം കൊണ്ടോ? ഏതായാലും അഴിമതിക്കെതിരെ പോരാടുന്നവരെ വേണ്ടെന്ന് പ്രഖ്യാപിക്കുകായണ് പിണറായി സർക്കാർ.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനിൽ (കില) അസോഷ്യേറ്റ് പ്രഫസർ ആയിരുന്ന എബി ജോർജിനെ ഡപ്യൂട്ടേഷനിലാണു 3 വർഷത്തേക്ക് സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടറായി നിയമിച്ചത്. സംസ്ഥാനത്താകെ നടക്കുന്ന അഴിമതി കണ്ടെത്തിത്തുടങ്ങിയതോടെ ഇടതു നേതാക്കൾ എബിക്കെതിരെ തിരിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് നടത്തി കാശു തട്ടിയവരോട് തിരിച്ച് പിടിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട സർക്കാർ പദ്ധതി വിഹിതത്തിലെ കാശ് അടിച്ചു മാറ്റി സുഖിച്ച നേതാക്കൾക്ക് വേണ്ടി എബി ജോർജിനെ തൽസ്ഥാനത്ത് നിന്നും നീക്കിയെന്നതാണ് വസ്തുത. ഡൽഹി ഐഐടിയിൽ നിന്നു പിഎച്ച്ഡി നേടിയ എബി തിരഞ്ഞെടുപ്പിൽ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയാണു സോഷ്യൽ ഓഡിറ്റ് ഡയറക്ടറായത്. ചുമതലയേറ്റതോടെ തൊഴിലുറപ്പ് പദ്ധതിയിൽ വർഷങ്ങളായി നടത്തി പോന്ന അഴിമതിയുടെ കണക്കുകൾ എല്ലാം പുറത്തുകൊണ്ടുവരാൻ എബി ജോർജ് അരയും തലയും മുറുക്കി കളത്തിലിറങ്ങി. ഇതോടെ കോടികളുടെ അഴിമതികളും കള്ളത്തരങ്ങളുമാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തായത്. ഇങ്ങനെ പോയാൽ കയ്യിട്ട് വാരൽ നടക്കില്ലെന്ന് മാത്രമല്ല അഴിമതിയുടെ കഥകൾ നാണം കെടുത്തും എന്നും പിണറായി സർക്കാരിന് ഉറപ്പായി. ഇതോടെ ഈ ഉദ്യോഗസ്ഥനെ മാറ്റുകയായിരുന്നു.

നിയമപ്രകാരം കാലാവധി പൂർത്തിയാക്കാതെ പുറത്താക്കാനാവില്ല. കിലയിൽ അദ്ദേഹത്തിന്റെ സേവനം അത്യന്താപേക്ഷിതമാണെന്ന കുറിപ്പോടെ ഫയൽ അവിടെ നിന്നു വരുത്തിച്ചു. ഇത് ഉപയോഗിച്ചാണു എബിയെ ആദ്യം മാറ്റിയത്. ഇതിനെതിരെ എബി ഹൈക്കോടതിയെ സമീപിച്ചു. സോഷ്യൽ ഓഡിറ്റ് ഗവേണിങ് ബോഡി പോലും അറിയാതെയാണു തീരുമാനമെന്നായിരുന്നു എബിയുടെ ഹർജിയിൽ പറഞ്ഞിരുന്നത്. സർക്കാർ തീരുമാനം സ്റ്റേ ചെയ്ത കോടതി വിഷയം ഗവേണിങ് ബോഡിയുടെ പരിഗണനയ്ക്കു വിടാൻ കഴിഞ്ഞ 18 ന് ഉത്തരവിട്ടു. സർക്കാരാകട്ടെ ജനുവരി 18 ന് ചേർന്ന ഗവേണിങ് ബോഡിയിൽ എബിയുടെ സേവനം അവസാനിപ്പിക്കുന്നതു ചർച്ച ചെയ്തുവെന്നു വരുത്തിത്തീർത്തു. തുടർന്നാണു വ്യാഴാഴ്ച രാത്രി 9 ന് എബിയെ നീക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേന്ദ്ര തൊഴിലുറപ്പു നിയമം അനുസരിച്ച് ഓഡിറ്റ് ഡയറക്ടറെ നീക്കാൻ തദ്ദേശഭരണ വകുപ്പിന് അധികാരമില്ല. മൂന്ന് വർഷം കാലാവധിയുള്ള ഡയറക്ടറെ പിരിച്ചുവിടണമെങ്കിൽ എൻആർഇജിപിയുടെ സോഷ്യൽ ഓഡിറ്റ് ഭരണസമിതി തീരുമാനിക്കണം. അതു സാധ്യമല്ലെന്നു കണ്ടപ്പോൾ സർക്കാർ വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നു ആദ്യം. ഇതിനായി കിലയുടെ ഡയറക്ടർ ഡോ.ജോയ് ഇളമണിനെയും സർക്കാർ അന്ന് കൂട്ടുപിടിച്ചു. ഇതോടെ എബിയുടെ സേവനം കിലയ്ക്ക് അത്യാവശ്യമാണെന്നു പറഞ്ഞ് നവംബർ 28 ന് ഡയറക്ടർ ഡോ.ജോയ് ഇളമൺ സർക്കാരിനു കത്തു നൽകുകയായിരുന്നു. ഈ കത്ത് ആയുധമാക്കിയെങ്കിലും എബി ഹൈക്കോടതിയെ സമീപിച്ചത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് പുതിയ ഇടപെടൽ. സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്സ് പഴ്സനെ നിയമിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുടെ കഥകൾ പുറത്തുകൊണ്ടു വരാനായിരുന്നു എബി ജോർജിന്റെ നീക്കം. ഇതിനായി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ എബി സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളും അഴിമതികളും അപ്പപ്പോൾ തന്നെ സുതാര്യമായി പൊതുസമൂഹത്തിന് മാതൃഭാഷയിൽ തന്നെ ലഭ്യമാകുന്ന വിധത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് എബി ജോർജ് രാഷ്ട്രീയക്കാരുടെ കണ്മിലെ കരടായി മാറിയത്.

തൊഴിലുറപ്പു പദ്ധതി നടപ്പായിട്ടു 10 വർഷം ആയെങ്കിലും സമഗ്ര ഓഡിറ്റ് ഇനിയും നടത്തിയിട്ടില്ല. ഇതിനായി സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്സ് പഴ്സനെ (ആർപി) നിയമിക്കാൻ എബി തീരുമാനിച്ചു. ആർപിക്കു 350 രൂപ ദിവസ ശമ്പളവും പ്ലസ് ടു യോഗ്യതയും നിശ്ചയിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ പഞ്ചായത്തിലും പദ്ധതി നടത്തിപ്പിലെ അഴിമതികൾ പുറത്തുവരുമെന്നു മനസ്സിലാക്കിയതോടെ സിപിഎമ്മുകാർ ഇതിനെ എതിർത്തു. സംസ്ഥാനത്ത് 15,900 ഗ്രാമസഭകളിൽ 3000 യോഗം ചേർന്നപ്പോൾ തന്നെ മിക്ക ബ്ലോക്കിലും ലക്ഷങ്ങളുടെ അഴിമതിയാണു പുറത്തുവന്നത്. പാറശാല കാരോട് പഞ്ചായത്തിലെ ഒരു പ്രദേശത്തു നടന്ന ജോലികളിൽ ആർപി കണ്ടെത്തിയ ക്രമക്കേടിന്റെ കണക്ക്. പണം കൈപ്പറ്റിയ രേഖയിലെ ജോലികൾ: വാഴക്കുഴി 710, തെങ്ങിൻകുഴി 466, മഴക്കുഴി 46, കംപോസ്റ്റ് കുഴി 5. ആർപി കണ്ടെത്തിയത്:വാഴക്കുഴി 341, തെങ്ങിൻകുഴി 466, മഴക്കുഴി46, കമ്പോസ്റ്റ് കുഴി 2. പദ്ധതി നടത്തിപ്പുകാർ തട്ടിയെടുത്തത്: 40,049 രൂപ. കുറഞ്ഞ സമയത്തിനുള്ളിൽ മൂവായിരത്തോളം വാർഡുകളിലാണ് സോഷ്യൽ ഓഡിറ്റ് നടത്തി ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയത്.

തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം സോഷ്യൽ ഓഡിറ്റ് നടത്തുക എന്നത് നിയമപരമായി സർക്കാരിന്റെ ബാധ്യതയാണ്. ഓരോ വാർഡിലും ആറുമാസം കൂടുമ്പോൾ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും അതിനുമേൽ ഗ്രാമസഭ കൂടി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്തു നടപടികൾ സ്വീകരിക്കണമെന്നുമാണ് നിയമത്തിൽ പറയുന്നത്. എന്നാൽ കേരളത്തിൽ രണ്ടുവർഷം മുമ്പാണ് സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്ക് സർക്കാർ രൂപം നൽകിയത്. വില്ലേജ് ,ബ്ലോക്ക്, ജില്ലാതലങ്ങളിൽ പരിശോധനകൾക്ക് രണ്ടായിരത്തി അഞ്ഞൂറോളം പേരെ നിയമിച്ച് മാസങ്ങൾക്ക് മുമ്പാണ് ഓഡിറ്റ് ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ മൂവായിരത്തോളം വാർഡുകളിലെ ഗുരുതരമായ ക്രമക്കേടുകളും, അഴിമതികളും കണ്ടെത്താൻ സാധിച്ചതും അത് സുതാര്യമായി പൊതു ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ മലയാളത്തിൽ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതും ,ഏതൊരു സാധാരണക്കാരനും അത് ഡൗൺലോഡ് ചെയ്തെടുത്ത് ഇടപെടാൻ സാധിക്കുന്ന രൂപത്തിലാക്കിയതുമാണ് ഭരണകർത്താക്കളെ ചൊടിപ്പിച്ചത്.

941 പഞ്ചായത്തിലായി 16000 വാർഡിലാണ് തൊഴിലുറപ്പ് പ്രവർത്തികൾ നടക്കുന്നത്. ഓരോ വാർഡിലും സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ചേർന്ന് പരിശോധനാ റിപ്പോർട്ട് അംഗീകരിക്കുകയും അതിന്മേൽ നടപടികൾക്ക് ശുപാർശ ചെയ്യുകയും വേണം. അഴിമതികളും ക്രമക്കേടുകളും കണ്ടെത്തിയാൽ അതിനുത്തരവാദികളായവരുടെ പേരിൽ ശിക്ഷാ നടപടികൾ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എബി ജോർജിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യത്തോടെ രണ്ടാം ജനകിയാസൂത്രണത്തിന് തുടക്കം കുറിച്ച സർക്കാർ, പൂർണമായും അധികാരം ജനങ്ങൾക്ക് നൽകുന്ന സോഷ്യൽ ഓഡിറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

പൊതുജനങ്ങൾ പദ്ധതി അവലോകനം ചെയ്യുകയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യൽ ഓഡിറ്റ്. ഗ്രാമസഭയാണ് ഇതിനുള്ള സംഘത്തെ തിരഞ്ഞെടുക്കുക. ഇവർ രേഖകളും ഫയലുകളും രജിസ്റ്ററുകളും പരിശോധിച്ച് പ്രവൃത്തിസ്ഥലങ്ങൾ സന്ദർശിച്ച് ഒത്തുനോക്കും. പ്രത്യേകം വിളിച്ചുചേർക്കുന്ന ഗ്രാമസഭയിൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും. ഇത് സന്നദ്ധസേവനമാണ്. സോഷ്യൽ ഓഡിറ്റിലൂടെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും കൃത്യതയും കൊണ്ടുവരാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP