Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സ്‌നേഹ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയവർ; ഷിക്കാഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ മെഡിക്കൽ ബിരുദം കരസ്ഥമാക്കി; സഹപാഠി റോൺ ലീബർമാനെ വിവാഹം ചെയ്തു; സ്‌നേഹയെ അവസാനമായി കണ്ടത് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നത്; സ്വവർഗാനുരാഗിയായി രഹസ്യജീവിതം നയിക്കുന്നെന്ന പൊലീസ് കണ്ടെത്തലും വിവാദമായി; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ രക്തസാക്ഷികളുടെ ലിസ്റ്റിൽ പെടുത്തിയത് നിയമപോരാട്ടത്തിന് ഒടുവിൽ; അമേരിക്കൻ മാധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്ന സ്നേഹ ആൻ ഫിലിപ്പിന്റെ കഥ

സ്‌നേഹ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയവർ; ഷിക്കാഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ മെഡിക്കൽ ബിരുദം കരസ്ഥമാക്കി; സഹപാഠി റോൺ ലീബർമാനെ വിവാഹം ചെയ്തു; സ്‌നേഹയെ അവസാനമായി കണ്ടത് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നത്; സ്വവർഗാനുരാഗിയായി രഹസ്യജീവിതം നയിക്കുന്നെന്ന പൊലീസ് കണ്ടെത്തലും വിവാദമായി; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ രക്തസാക്ഷികളുടെ ലിസ്റ്റിൽ പെടുത്തിയത് നിയമപോരാട്ടത്തിന് ഒടുവിൽ; അമേരിക്കൻ മാധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്ന സ്നേഹ ആൻ ഫിലിപ്പിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സെപ്റ്റംബർ 11, ലോകത്തെ നടുക്കി അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ട ദിനം. ലോകത്തിൽ ഭീകരതയുടെ വിത്തുപാകിയ ഈ ആക്രമണത്തിന്റെ കഴിഞ്ഞ ദിവസമാണ് 18 വർഷം പൂർത്തിയായത്. ഇതോടെ അമേരിക്കൻ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളും വന്നിരുന്നു. ഇതിൽ ശ്രദ്ധേയമായതായിരുന്നു മലയാളിയായ ഡോ. സ്‌നേഹം ആൻ ഫിലിപ്പിന്റെ തിരോധാന വാർത്തകളും. കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കടുംബത്തിലെ അംഗമായ സ്‌നേഹ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ കണ്ടെത്തൽ. മരിച്ചവരുടെ ലിസ്റ്റിൽ പെടുത്തിയെങ്കിലും പിന്നീട് ഈ പേര് നീക്കം ചെയ്തു. കാരണം സ്‌നേഹ കൊല്ലപ്പെട്ടതിന് തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് പൊലീസും സ്വകാര്യ ഡിക്റ്റക്ടീവ് ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും അതെങ്ങും എവിടെയും എത്തിയില്ല. സ്‌നേഹ ആൻ ഫിലിപ്പിന്റെ തിരോധാനം ഇപ്പോഴും ഒരു കടങ്കഥയായി അവശേഷിക്കുകയാണ്.

സ്‌നേഹ ആൻ ഫിലിപ്പ് 1969, ഒക്ടോബർ ഏഴിന് ജനിച്ച് - സെപ്റ്റംബർ 11, 2001നു മരണമടഞ്ഞതായാണ് കോടതിയും വിധിച്ചത്. അമേരിക്കൻ ഡോക്ടറായിരുന്ന സ്‌നേഹയെ അവസാനം കാണുന്നത് സെപ്റ്റംബർ പത്തിന് മാൻഹാട്ടനിൽ സ്വന്തം വീടിനടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിന്റെ നിരീക്ഷണ ക്യാമറയിലാണ്. വേൾഡ് ട്രേഡ് സെന്റെറിനു തൊട്ടടുത്തുള്ള താമസവും, ആതുരസേവനത്തിലെ പരിചയവും കാരണം അവൾ പരിക്കേറ്റവരെ ശ്രുശൂഷിക്കാൻ തീവ്രവാദി ആക്രമണം നടന്ന ട്രേഡ് സെന്റെർലേക്ക് പോയിരിക്കാം എന്നും പിന്നീട് അത് തകർന്നു വീഴുമ്പോൾ അതിൽ പെട്ടു മരിച്ചിരിക്കാം എന്നുമാണ് അവളുടെ കുടുംബം കരുതപ്പെടുന്നത്. സ്‌നേഹയ്ക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ കുടുംബത്തിന് ഇപ്പോഴും വ്യക്തതയില്ല. മകളുടെ ഓർമ്മകളിൽ കഴിയുകയാണ് ഇവർ ഇപ്പോഴും.

Stories you may Like

കേരളത്തിൽ നിന്നും കുടിയേറ്റം, അമേരിക്കൻ പ്രണയം, യഹൂദ വിവാഹം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച സ്‌നേഹ ആൻ ഫിലിപ്പ് പിന്നീട് കുടുംബത്തിനു ഒപ്പം അമേരിക്കയിലേക്ക് കുടിയേറുകയും അമേരിക്കൻ പൗരത്വം നേടുകയുമായിരുന്നു. അവിടെ നിന്നു ബിരുദം നേടുകയും പിന്നീട് ഷിക്കാഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ മെഡിക്കൽ ബിരുദം നേടുകയും ചെയ്തു സ്‌നേഹ. പഠനത്തിൽ മിടുക്കി എന്നതിന് ഉപരിയായി എല്ലാവരോടും സ്‌നേഹബന്ധം പുലർത്തുന്നവളായിരുന്നു അവർ. ഇവിടെ വച്ചാണ് സഹപാഠിയായ റോൺ ലീബർമാനെ സ്്‌നഹ പരിചയപ്പെടുന്നത്. ഇവർ തമ്മിൽ സ്‌നേഹത്തിൽ ആകുകയും രണ്ടു പേരും വിദ്യാഭ്യാസം കഴിഞ്ഞു രണ്ടു വ്യത്യസ്ഥ ആശുപത്രികളിൽ ജോലിക്ക് കയറുകയും ചെയ്തു.

സ്‌നേഹ ചിത്രരചനയിലും റോൺ സംഗീതത്തിലും കഴിവുകൾ ഉള്ള കലാസ്‌നേഹികൾ ആയിരുന്നു ഇതും ഇവരെ കൂടുതൽ അടുപ്പിക്കാനും പിന്നീട് ഒന്നിച്ചു ജീവിക്കാനും കാരണമായി. 2000 ത്തിൽ നടന്ന ഒരു ചെറിയ ചടങ്ങിൽ യഹൂദ- കേരളീയ ക്രൈസ്തവ വിവാഹ കൂദാശകൾ ചേർത്ത ഒരു ചടങ്ങിൽ വെച്ചു ഇവർ വിവാഹിതരായി. തുടർന്ന് ജീവിതം തുടങ്ങിയ സ്‌നേഹ ആൻ കേരളീയ ശൈലിയിൽ ഒരു മിന്നും കഴുത്തിൽ അണിഞ്ഞിരുന്നു.

ലോകം നടുങ്ങിയ ആ സെപ്റ്റംബർ 11ന് സ്‌നേഹ ആൻ അപ്രത്യക്ഷമായി

ലോകം മുഴുവൻ നടുങ്ങിയ സെപ്തബർ 11നാണ് സ്‌നേഹ ആൻ ഫിലിപ്പ് അപ്രത്യക്ഷയായത്. സ്നേഹയെ കാണാതായ ദിവസം അവരുട ഭർത്താവ് റോൺ ലിബർമാൻ ജോലികഴിഞ്ഞ് വീട്ടിലെത്തിയത് അർധരാത്രിയോടടുത്താണ്. അപ്പാർട്ട്മെന്റിൽ അപ്പോഴാരും ഉണ്ടായിരുന്നില്ല. കൂട്ടുകാർക്കൊപ്പം രാവേറെച്ചെല്ലുംവരെ ആഘോഷിക്കാറുണ്ടായിരുന്ന സ്നേഹയെ കാണാതാരുന്നതിൽ റോണിന് അതുകൊണ്ടുതന്നെ സംശയമൊന്നും തോന്നിയതുമില്ല. പിറ്റേന്ന് രാവിലെയായിരുന്നു അവർ തിരിച്ചുവന്നില്ല. റോൺ ജോലിക്കുപോവുകയും ചെയ്തു.ഏതാനും മണിക്കൂറുകൾക്കകം അമേരിക്കൻ എയർലൈൻസിന്റെ വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവർ ഇടിച്ചുതകർത്തു. അമേരിക്ക നടുങ്ങിവിറച്ചു.

അതോടെ, റോണിന് സ്നേഹ തിരിച്ചുവരാത്തതിൽ ആധിയായി. വേൾഡ് ട്രേഡ് സെന്ററിന് ഏതാനും ബ്ലോക്കുകൾമാത്രം അകലെയായിരുന്നു റോണിന്റെയും സ്നേഹയുടെയും ഒറ്റമുറി ട്രിബേക്ക അപ്പാർട്ട്മെന്റ്്. സ്നേഹയുടെ ഫോണിലേക്ക് തുടരെ റോൺ വിളിച്ചെങ്കിലും ഒരുമറുപടിയും കിട്ടിയില്ല. സ്നേഹയുടെ കുടുംബത്തിലുള്ളവർക്കും അവരെപ്പറ്റി വിവരമൊന്നുമില്ലാതായതോടെ ആശങ്ക വർധിച്ചു. തങ്ങളുടെ അപ്പാർട്ട്മെന്റിലേക്ക ഒരാംബുലൻസിൽക്കയറി റോൺ മടങ്ങിവന്നെങ്കിലും താറുമാരായ ട്രാഫിക്കിലൂടെ വീട്ടിലെത്താൻ ആറുമണിക്കൂറിലേറെയെടുത്തു.

രാത്രി ഒമ്പതുമണിക്ക് റോൺ എത്തുമ്പോൾ, കെട്ടിടം നിന്നയിടം തകർന്ന അവസ്ഥയിലായിരുന്നു. വൈദ്യുതിയുമില്ല. സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങാനാവാതെ റോൺ അന്നുരാതി വെളുപ്പിച്ചു. പിറ്റേന്നാണ് വീട്ടിലേക്ക് പോകാനായത്. വീട്ടിലെത്തുമ്പോൾ പൊടിനിറഞ്ഞ അവസ്ഥയിലായിരുന്നു അവിടമാകെ. സ്നേഹ വീട്ടിലുള്ളതിന്റെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. സെപ്റ്റംബർ പത്തിന് അമ്മയുമായി മെസഞ്ജറിലൂടെ നടത്തിയ സംഭാഷണത്തിൽ സ്നേഹ വേൾഡ് ട്രേഡ് സെന്ററിലുള്ള വിൻഡോസ് ഓഫ് ദ വേൾഡ് റെസ്റ്ററന്റിൽ പോകുമെന്നതിന്റെ സൂചനകളുണ്ടായിരുന്നു.

കേസന്വേഷണത്തിൽ വെളുപ്പിനെ നാലു മണിക്ക് വീട്ടിലെ ഫോണിൽ നിന്നു തന്നെ റോണിന്റെ മൊബൈലിലേക്ക് ആരോ വിളിച്ചിരുന്നു എന്നു കണ്ടെത്തിയെങ്കിലും റോൺ അതിനെക്കുറിച്ച് ഓർത്തിരുന്നില്ല. വോയിസ് മെയിൽ ചെക്ക് ചെയ്യാൻ ഉണർന്നോ എന്ന് ചെറിയ ഓർമയുണ്ട് ..പക്ഷെ ഉറപ്പില്ല. ആ പൊടികളിൽ വീട്ടിൽ ഉള്ള രണ്ടു പൂച്ചകളുടെ കാൽപ്പാടുകൾ അല്ലാതെ മനുഷ്യന്റെ കാൽപ്പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വച്ചാൽ ട്രേഡ് സെന്റെർ തകർന്നു വീണ ശേഷം സ്‌നേഹ അവിടെ വന്നിട്ടില്ലെന്നും വ്യക്തമായി.

സെപ്റ്റംബർ പത്തിന് വൈകിട്ട് ആറുമണിയോടെയാണ് സ്നേഹ സെഞ്ചുറി 21 ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെത്തിയത്. ഇവിടുത്തെ സെയ്ൽസ്മാൻ സ്നേഹയും സുഹൃത്തുംകൂടിയാണ് ഷൂ വാങ്ങാനെത്തിയതെന്ന് വ്യക്തമായി ഓർക്കുന്നു. എന്നാൽ, വീഡിയോ ദൃശ്യങ്ങളിൽ സ്നേഹ തനിച്ചാണ് എത്തിയിട്ടുള്ളത്. സ്നേഹയുടെ രഹസ്യ സുഹൃത്ത് പിന്നീടവരെ അന്വേഷിച്ചെത്തിയതുമില്ല. സ്നേഹയുടെ വീട്ടുകാരും റോണും ചേർന്ന് ഏർപ്പെടുത്തിയ പ്രൈവറ്റ് ഡിക്ടറ്റീവും അവരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, ഒരു തുമ്പും കിട്ടിയില്ല.

എങ്ങുമെത്താതെ പോയ അന്വേഷണങ്ങൾ

റോൺ ലീബർമാൻ അമേരിക്കൻ എക്സ്‌പ്രസ്സ് കാർഡ് കമ്പനിയിൽ വിളിച്ചതിൽ നിന്നാണ് അവസാനം സെഞ്ച്വറി 21 സ്റ്റോറിൽ സ്‌നേഹ നടത്തിയ പർച്ചേസ് വിവരം ലഭിക്കുന്നത്. അതിനു ശേഷം ആ സ്ഥലങ്ങളിൽ പതിച്ച പോസ്റ്റർ കണ്ടിട്ട് കടയിലെ ഒരു ജീവനക്കാരി അവളെ അറിയാമെന്നും മിക്കപ്പോഴും വരുന്ന ആളാണ് , സെപ്റ്റംബർ 10 വൈകുന്നേരം മറ്റൊരു ഇന്ത്യക്കാരി പോലുള്ള സ്ത്രീയുടെ കൂടെ കടയിൽ വന്നിരുന്നു എന്നും പറഞ്ഞു. അതനുസരിച്ച് വിഡിയോ പരിശോധിച്ചതിൽ നിന്നും റോൺ ഭാര്യയെ കോട്ടുകളുടെ സെക്ഷനിൽ വസ്ത്രങ്ങൾ നോക്കുന്നത് കണ്ടെത്തി..പക്ഷെ കൂടെ ആരും ഉണ്ടായിരുന്നില്ല.

ട്രേഡ് സെന്റെർ തകർന്നതിൽ പെട്ടു മരിച്ചതാവാം എന്ന് പറഞ്ഞു പൊലീസ് ആദ്യം അന്വേഷണത്തിൽ ഒട്ടും താൽപര്യം കാണിക്കാത്തതുകൊണ്ട് റോൺ പ്രൈവറ്റ് ഡിക്ടക്ടീവ് ആയി വർക്ക് ചെയ്യുന്ന വിരമിച്ച എഫ് ബി ഐ അന്വേഷണ ഉദ്യോഗസ്ഥൻ കെൻ ഗാലന്റ്‌സിനെ സമീപിച്ച് സമാന്തര അന്വേഷണവും നടത്തി. ഈ സ്വകാര്യ ഡിറ്റക്ടീവിന്റെ അന്വേഷണത്തിൽ രണ്ട് കാര്യങ്ങൾ കണ്ടെത്തിയിരുന്നു. അയാളുടെ അന്വേഷണത്തിൽ രണ്ടു കാര്യങ്ങൾ കണ്ടെത്തി,ഒന്ന് : സെപ്റ്റംബർ 11ന് വെളുപ്പിന് സ്‌നേഹ വീട്ടിലെത്തിയിരുന്നു എന്നും അപ്പോഴാണ് അവൾ വീട്ടിലെ ഫോണിൽ നിന്നും റോണിന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതെന്നുമായിരുന്നു.

രണ്ടാമതായി കണ്ടെത്തിയ കാര്യം താമസിക്കുന്ന ഫ്‌ളാറ്റിലെ ബിൽഡിങ് ലോബിയിലെ ക്യാമറയിൽ രാവിലെ 8.43 അതായതു നോർത്ത് ടവറിൽ ഫ്‌ളൈറ്റ് ഇടിച്ചു കയറുന്നതിനു മൂന്നു മിനിറ്റ് മുന്നേ സ്‌നേഹയെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ കടന്നു വന്നു ലിഫ്റ്റ് അടുത്ത് കുറച്ചു സമയം നിന്ന ശേഷം തിരിച്ചു പോകുന്നതായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. സൂര്യ പ്രകാശം ലോബിയിലേക്ക് വീഴുന്ന സമയം ആയതു കൊണ്ട് ചിത്രത്തിന് വ്യക്തത കുറവാണെങ്കിലും തലേന്ന് സൂപ്പർമാർക്കറ്റിൽ കണ്ട വസ്ത്രധാരണവും ഹെയർ സ്‌റ്റൈലും അവളുടെ ചേഷ്ടകളും ആയിരുന്നു. പക്ഷെ കയ്യിൽ ബാഗോ കൂടെ വേറെ ആരുമോ ഉണ്ടായിരുന്നില്ല. ഭർത്താവ് റോൺ അത് അവൾ ആണെന്ന് കൃത്യമായി തിരിച്ചറിയാനും സാധിച്ചില്ല. ഇതിനിടെ പൊലീസ് അത് സ്‌നേഹ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.

വിവാദമായി സ്‌നേഹ സ്വവർഗാനുരാഗിയെന്ന ന്യൂയോർക്ക് പൊലീസിന്റെ കണ്ടെത്തൽ

അതേസമയം കേസ് അന്വേഷണം ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ന്യൂയോർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌നേഹ സ്വവർഗ്ഗാനുരാഗി ആണെന്നും രണ്ടു മുഖങ്ങൾ ഉള്ള ജീവിതം നയിച്ച ആളാണെന്നും അവൾക്കു വൈവാഹിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും കണ്ടടെത്തി. ലഹരിക്ക് അടിമ ആയിരുന്നു എന്നും കാണാതാവുന്നതിനു കുറച്ചു മാസം മുൻപേ ഉണ്ടായ ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട നടപടികൾ വരാൻ ഇരിക്കുന്നതും കാരണം മറ്റെന്തോ ആയിരിക്കാം അവളുടെ കാര്യത്തിൽ നടന്നത് എന്നുമാണ് പൊലീസ് നിഗമനത്തിലെത്തി. എന്നാൽ, ഈ നിഗമനം കുടുംബം അപ്പാടെ തള്ളിക്കളഞ്ഞു.

ട്രേഡ് സെന്റെർ ആക്രമണം അവളുടെ ജീവിതത്തിലെ സ്വകാര്യ പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടി പുതിയ ഒരു വ്യക്തി ആയി ജീവിതം ആരംഭിക്കാൻ ഉള്ള അവസരം ആയി വിനിയോഗിച്ചു എന്ന വിധത്തിലുള്ള കണ്ടെത്തൽ പൊള്ളയാണെന്ന് തെളിഞ്ഞത് വിശദമായ പരിശോധനയിൽ ആയിരുന്നു. സ്‌നേഹയുടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്ക് പരിശോധിച്ചതിൽ നിന്നും അവൾക്കു അങ്ങിനെ ഒരു പ്ലാനോ അങ്ങിനെ ആരെങ്കിലുമായി ബന്ധമോ ഇല്ല എന്നും ..കൂടാതെ അവളുടെ കണ്ണട, പാസ്സ്‌പോർട്ട് ഡ്രൈവിങ് ലൈസെൻസ്, അമേരിക്കൻ എക്സ്‌പ്രസ്സ് ഒഴികെ ഉള്ള ബാങ്ക് കാർഡുകൾ ഒന്നും എടുത്തിട്ടില്ല എന്നും കണ്ടെത്തി. ഭർത്താവ് റോൺ ലീബർമാൻ അവളുടെ അമേരിക്കൻ എക്സ്‌പ്രസ്സ് കാർഡിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നില്ല. പക്ഷെ ആരും ആ കാർഡ് പിന്നെ ഒരിക്കലും ഉപയോഗിച്ചില്ല.

ജോലിയിൽ കാണിക്കുന്ന അലസതയും അവളുടെ മദ്യപാന ആസക്തിയും കാരണം അവളുടെ ആശുപത്രി അടുത്ത വർഷത്തേക്കുള്ള കോൺട്രാക്‌സ് പുതിക്കില്ലെന്നും കണ്ടെത്തലുണ്ടായി. മൂന്നു മാസം കൂടി കഴിഞ്ഞാല് അവിടെ ജോലി ഇല്ലാത്ത അവസ്ഥ വരുമെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയെന്നായിരുന്നു വിമർശനം. ഈ വിവരം അറിഞ്ഞ് സ്‌നേഹ കൂടെ ജോലി ചെയ്യുന്നവരുമായി ബാറിൽ പോവുകയായിരുന്നു. അവിടെ ഉണ്ടാക്കിയ പ്രശ്‌നം കാരണം പൊലീസ് കേസുമായി അന്നു ഒരു രാത്രി ജയിലിൽ കഴിയേണ്ടിയും വന്നുവെന്നുമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ, വീട്ടുകാരും ഭർത്താവും ഈ പൊലീസ് റിപ്പോർട്ടിനെ എതിർത്തു. അവർ പറയുന്നത് സ്‌നേഹ ആശുപത്രിയിലെ ലിംഗ/വർണ്ണവിവേചനത്തിന് എതിരെ പരാതിപ്പെട്ടതുകൊണ്ടാണ് ഡോ. സ്‌നേഹയുടെ കരാർ പുതുക്കി നൽക്കാതിരുന്നത്. അല്ലാതെ, മദ്യപാന ആസക്തി കൊണ്ടല്ലെന്നും കുടുംബം വ്യക്തമാക്കുകയായിരുന്നു.

വേൾഡ് ട്രേയ്ഡ് സെന്റർ ആക്രമണത്തിൽ സ്‌നേഹ കൊല്ലപ്പെട്ടോ? ഇപ്പോഴും തുടരുന്ന ദുരൂഹത

ന്യൂയോർക്ക് പൊലീസിന്റെ ഈ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം സ്‌നേഹ വേൾഡ് ട്രേയ്ഡ് സെന്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു വിധിക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. പൊലീസ് പറയുന്ന പോലെ അല്ല,അവളുടെ ജോലിയുടെ സ്വഭാവം വെച്ചു ഈ അപകടം നടന്നപ്പോൾ അവൾ അവിടേക്ക് സഹായിക്കാൻ ചെന്നിട്ടുണ്ടാവാം എന്നും അതിൽ അപകടത്തിൽപെട്ടതാണ് എന്നും ഭർത്താവു വാദിച്ചു. അടുത്ത ദിവസം ട്രേഡ് സെന്റെരൽ ഉള്ള റെസ്റ്ററാന്റിൽ ്‌പോയി അന്വേഷിക്കുന്ന കാര്യം താനുമായി ചാറ്റ് ചെയ്ത കാര്യം അമ്മ കോടതിയിൽ മൊഴി കൊടുക്കുകയും ചെയ്തു. പൊലീസ് റിപ്പോർട്ട് മറിച്ച് ആണെങ്കിലും അത് അന്വേഷിച്ച ഉദ്യോഗസ്ഥൻ അവൾ അവിടെ മരിച്ചിരിക്കാം എന്നാണ് വ്യക്തിപരമായി വിശ്വസിക്കുന്നത് എന്ന് വീട്ടുക്കാരോട് പറഞ്ഞിരുന്നു , പക്ഷെ കോടതി ഏർപ്പാടാക്കിയ ഉദ്യോഗസ്ഥന്റെ വാദം അനുസരിച്ച് അവൾ ആക്രമണം സമയത്ത് അവിടെ ഇല്ല എന്നും അത് അനുസരിച്ച് ആക്രമണം നടന്നതിനു ഒരു ദിവസം മുന്നേ അവൾ മരിച്ചതായി വിധിച്ചു

സ്‌നേഹയുടെ കുടുംബം മേൽകോടതിയിൽ അപ്പീൽ പോയി അവിടെ ഒരു അഞ്ചു അംഗ പാനൽ കീഴ്‌കോടതി വിധി അസാധുആക്കി , അവൾ ട്രേഡ് സെന്റർ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ ചെന്നു അത് തകർന്നു വീണതിൽ പെട്ടു മരിച്ചു എന്ന് വിധിച്ചു. അങ്ങിനെ മലയാളി ആയ സ്‌നേഹ ആൻ ഫിലിപ്പ് ട്രേഡ് സെന്റെർ ആക്രമണത്തിൽ കൊല്ലപെട്ട 2751ആം ഇരയായി 2008 , ജനുവരിയിൽ ഒദ്യോഗികമായി രേഖപെടുത്തപ്പെട്ടു. ഇതിൽ മരിച്ചവർക്ക് ഉള്ള ഫണ്ടുകൾ ഒക്കെ 2003ൽ തന്നെ വിതരണം ചെയ്തു കഴിഞ്ഞതിനാൽ ഇവർക്ക് നഷ്ടപരിഹാരം ലഭിച്ചതുമില്ല.

പൊലീസിന്റെ നിഗമനങ്ങൾ ഇതായിരുന്നു. സെപ്റ്റംബർ പത്തിനുണ്ടായ ഏതോ ദുരൂഹ സാഹചര്യങ്ങളിൽ അവർ പെട്ടുപോയിരിക്കാം. അല്ലെങ്കിൽ, സെപ്റ്റംബർ പതിനൊന്നിനുണ്ടായ ആക്രമണത്തിന്റെ മറവിൽ വീട്ടിൽനിന്ന് മുങ്ങിയ സ്നേഹ എവിടെയോ രഹസ്യ ജീവിതം നയിക്കുന്നുണ്ടാവാം. എന്നാൽ, തന്റെ പാസ്പോർട്ടോ ക്രെഡിറ്റ് കാർഡുകളോ ലൈസൻസോ ഒന്നും സ്നേഹ എടുത്തിട്ടില്ലെന്നത് പൊലീസിന്റെ ഈ കണ്ടെത്തൽ പൊള്ളയാണെന്ന് തെളിയിച്ചു. സെപ്റ്റംബർ പത്തിനുശേഷം അവർ പണം പിൻവലിച്ചതിനും തെളിവുകളില്ല. ഇപ്പോഴും, സ്നേഹ അമേരിക്കൻ പൊലീസിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി ശേഷിക്കുകയാണ്.

ഒരു ദശാബ്ദം കഴിഞ്ഞ് വീണ്ടും വിവാഹിതനായി പുതു ജീവിതം തുടങ്ങി ഡോ. റോൺ ലീബർമാൻ

സ്‌നേഹയെ ഖണ്ടെത്താൻ വേണ്ടി എല്ലാവിധ പോരാട്ടങ്ങളും നടത്തിയത് ഭർത്താവായ റോൺ ലീവർമാൻ ആയിരുന്നു. സ്നേഹയുടെ ഭർത്താവ് ഡോ. റോൺ ലീബർമാൻ ഒരു ദശാബ്ദത്തോളം കഴിഞ്ഞ് വിവാഹിതനായി. സ്നേഹയുടെ വീട്ടുകാരുടെ നിർബന്ധമായിരുന്നു പ്രധാന കാരണം. എൽസാൽവഡോർകാരിയാണ് ഭാര്യ. ഇവർക്ക് ഇപ്പോൾ കുട്ടികളുണ്ട്. സ്‌നേഹയുടെ കുടുംബവുമായി ഡോ. റോൺ ഇന്നും അടുത്ത ബന്ധം പുലർത്തുന്നു. ഫ്ളോറിഡയിലുള്ള മൂത്ത സഹോദരൻ അശ്വിൻ ഫിലിപ്പും, ഇളയ സഹോദരൻ കെവിൻ ഫിലിപ്പും പഴയ വേൾഡ് ട്രേഡ് സെന്റർ നിന്ന സ്ഥലത്തുയർന്ന സ്മാരകവും റിഫ്ളക്ടിങ് പൂൾസും സന്ദർശിച്ചിരുന്നു.

 

അവിടെ 2750-മത്തെ പേരായി ഡോ. സ്നേഹയുടെ ഓർമ്മ കൊത്തിവെച്ചിട്ടുണ്ട്. സ്നേഹയുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ഫണ്ട് ആലുവയ്ക്കടുത്തുള്ള ശാന്തിഗിരി ക്ലിനിക്കിൽ സഹായമെത്തിക്കുകയും ചെയത്ു. ദുരന്തത്തിനിരയായ എല്ലാവർക്കും നഷ്ടപരിഹാരം കിട്ടിയെങ്കിലും സ്നേഹയുടെ കുടുംബത്തിന് അതു നിഷേധിക്കപ്പെട്ടു. ഇനി കിട്ടാനുള്ള സാധ്യതയും വിരളമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP