Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചു സ്‌നേഹയ്ക്കായി കുമ്പളങ്ങി പിരിച്ചെടുത്തത് 75 ലക്ഷം; സ്‌നേഹ ചുംബനങ്ങളുമായി അവൾ മടങ്ങിയപ്പോൾ ബാക്കി വന്നത് 50 ലക്ഷവും; നാട്ടുകാരുടെ സ്‌നേഹവായ്പ് തട്ടിയെടുക്കാൻ സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ ശ്രമിക്കുന്നുവോ? അച്ഛൻ പോളിന് പറയാനുള്ളത്

കൊച്ചു സ്‌നേഹയ്ക്കായി കുമ്പളങ്ങി പിരിച്ചെടുത്തത് 75 ലക്ഷം; സ്‌നേഹ ചുംബനങ്ങളുമായി അവൾ മടങ്ങിയപ്പോൾ ബാക്കി വന്നത് 50 ലക്ഷവും; നാട്ടുകാരുടെ സ്‌നേഹവായ്പ് തട്ടിയെടുക്കാൻ സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ ശ്രമിക്കുന്നുവോ? അച്ഛൻ പോളിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുമ്പളങ്ങി സ്വദേശി സ്‌നേഹ പോൾ നാട്ടുകാരുടെ സ്‌നേഹാദരങ്ങൾ സ്വീകരിച്ചാണ് യാത്രയായത്. ഒരു വർഷം മുമ്പ് ഏവരുടേയും കണ്ണ് നയിച്ചായിരുന്നു സ്‌നേഹയുടെ വിയോഗമെത്തിയത്. സ്‌നേഹയ്ക്കായി നാട്ടുകാർ പിരിച്ചെടുത്ത 75 ലക്ഷം രൂപ ചികിത്സയ്ക്കായി വിനിയോഗിക്കും മുൻപേ വിധി ഈ പെൺകുട്ടിയെ തട്ടിയെടുത്തു. കുമ്പളങ്ങിക്കാരുടെ സ്‌നേഹമായിരുന്നു സ്‌നേഹാ പോളിന് വേണ്ടി സഹായ ധനമായി ഒഴുകിയത്തിയത്.

സ്‌നേഹയുടെ സ്‌കൂൾ കേന്ദ്രീകരിച്ചായിരുന്നു ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണം. എന്നാൽ ഈ കമ്മറ്റി സ്‌നേഹയുടെ കുടുംബത്തെ തള്ളിപ്പറയുകയാണ് ഇപ്പോൾ. കുമ്പളങ്ങിയിൽ രോഗ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകണമെന്ന സ്‌നേഹയുടെ അച്ഛൻ പോളിന്റെ ആവശ്യം സ്‌കൂൾ തള്ളിയെന്നാണ് ആക്ഷേപം. ഇതോടെ വിഷയം മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി. എന്നാൽ ട്രസ്റ്റിൽ നിന്ന് പിരിച്ച തുക തട്ടിയെടുക്കാനാണ് അച്ഛന്റെ ശ്രമമെന്ന് സ്‌കൂൾ പ്രിൻസിപ്പൾ സത്യവാങ്മൂലം നൽകി. ഇതോടെയാണ് പ്രശ്‌നം ചൂടു പിടിച്ചത്. അപമാനിക്കാനുള്ള ശ്രമത്തിനെതിരെ പോൾ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.

വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുന്പളങ്ങി സ്വദേശി സ്‌നേഹയുടെ മരണം നാടിന് തീരാദുഃഖമായി മാറിയിരുന്നു കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സ്‌നേഹ പോൾ. അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള പണം കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവയവദാന ശസ്ത്രക്രിയയ്ക്കു വേണ്ട പണത്തിനായി അദ്ധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ തുടങ്ങിയ യജ്ഞം പിന്നെ നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. 75 ലക്ഷം രൂപയാണ് കുമ്പളങ്ങിയെന്ന കൊച്ചുഗ്രാമം പിരിച്ചു നൽകിയത്. കൊച്ചിയിലെ സ്വകാര്യബസുകളും, ഓട്ടോറിക്ഷകളും ഓടിക്കിട്ടുന്ന തുക സ്‌നേഹയ്ക്കായി കൂട്ടിവച്ചു.

ബിഷപ് ജോസഫ് കരിയിൽ, കാവ്യ മാധവൻ, റിമ കല്ലിങ്കൽ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും സംഭാവനകൾ നൽകി. ഇങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. സ്‌നേഹയുടെ അമ്മയുടെ കരളാണ് നൽകിയത്. ശസ്ത്രകിയ വിജയകരമായിരുന്നു. എന്നാൽ വെന്റിലേറ്ററിൽ തുടർന്ന സ്‌നേഹയുടെ ആരോഗ്യനില പുലർച്ചയോടെ വഷളാകുകയും , രക്തം ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞു സ്‌നേഹ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു. പിരിച്ചെടുത്ത തുകയിൽ അമ്പത് ലക്ഷത്തോളവും ചെലവായിരുന്നില്ല. ഈ തുകയാണ് പുതിയ തർക്കങ്ങൾക്ക് വഴി വയ്ക്കുന്നത്. കുട്ടികൾക്ക് മാത്രമേ ചികിൽസാ സഹായം നൽകൂ എന്നാണ് സ്‌കൂളിന്റെ നിലപാട്. എന്നാൽ അർഹതപ്പെട്ടവർക്കെല്ലാം നൽകണമെന്ന് സ്‌നേഹയുടെ കുടുംബവും.

കുമ്പളങ്ങിയിലെ പാവപ്പെട്ട രോഗികൾക്ക് കൂടി മകളുടെ പേരിൽ പിരിച്ചെടുത്ത തുക നൽകണമെന്നാണ് സ്‌നേഹയുടെ അച്ഛൻ പോളിന്റെ ന്യായമായ ആവശ്യം. ഈ പോരാട്ടത്തിന് സമൂഹത്തിന്റെ പിന്തുണയാണ് പോൾ തേടുന്നത്. ഇവർ എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇവർ പറയുന്ന കമ്മിറ്റി മെമ്പർമാർക്കു പോലും അറിയില്ല എന്നതാണ് സത്യമെന്ന് കൂടി ഈ അച്ഛൻ കുറിക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂടുന്നത്.

പോളിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം.

22/11/2015ൽ എന്റമോൾ സ്‌നേഹ പോൾ ഞങ്ങൾക്ക് നഷ്ടമായിട്ട് ഒരു വർഷം തികയുന്നു.22/11/2014 എന്ന ദിവസം കഴിഞ്ഞ്

ഈ നിമിഷം വരെ എന്റെ മോളുടെ പേരിൽ 73 ലക്ഷം രൂപ പിരിച്ചെടുത്ത സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ അധികാരികളോ, തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ മോളുടെ പേരിലാണ് ഇത്രയും പൈസ ഇവരുടെ അക്കൗണ്ടിലേക്കു വന്നത് എന്ന് പോലും ഇവർ മറന്നു. സ്‌നേഹ പോൾ ചികിത്സക്കായി ഹോസ്പിറ്റലിൽ അഡ്‌മിറ്റാകുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 5 ലക്ഷം രൂപ കൈപ്പറ്റിയ ഈ വ്യക്തികൾ, സ്‌നേഹ പോൾ മരിച്ച് 7 മാസം ആയിട്ടും എന്റെ കുടുംബത്തിന് തരാതിരുന്നപ്പോൾ ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയതുകൊണ്ടു മാത്രം ഈ തുക എന്റെ കുടുംബത്തിന് ലഭിച്ചു. എന്റെ മോളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്‌നേഹാ പോൾ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ നം 116/iv/2015 സ്‌നേഹചാരിറ്റബിൾ ട്രസ്റ്റിലേക്ക് ബാക്കി തുക നൽകണം എന്ന് കാണിച്ച് ഞാൻ നൽകിയ അപേക്ഷയ്ക്ക് സ്‌കൂളിലെ ലെ പ്രധാന അദ്ധ്യാപിക എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷനു കൊടുത്ത റിപ്പോർട്ടാണ് ഞാൻ ഈ നോട്ടീസിന്റെ ഒപ്പം പോസ്റ്റു ചെയ്തിരിക്കുന്നത്.

ഒരു പ്രധാന പദവിയിൽ ഇരിക്കുന്ന ഒരു സ്ത്രീ കൂടിയായ പ്രധാന അദ്ധ്യാപിക ശ്രീമതി ടെസിടിച്ചറാണ് ഇത് എഴുതിയിരിക്കുന്നത്. എന്റെ മോളുടെ ചികിത്സ റോട്ടറി ക്ലബ്ബ് ഏറ്റെടുക്കാം എന്ന് എന്നോട് ആവശ്യപ്പെട്ടപ്പോൾ അത് സ്‌നേഹപൂർവ്വം നിരസിക്കുകയും ചെയ്ത എന്റെ കുടുംബത്തിനെയാണ് ഇവർ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. കൂടാതെ എന്റെ മോളുടെ മരണാനന്തര ചടങ്ങിന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡൊമിനിക് പ്രസന്റേഷൻ 75,000 രൂപ എന്നെ ഏൽപിച്ചപ്പോൾ അതും ഞാൻ സ്‌നേഹപൂർവ്വം വേണ്ട എന്ന് പറഞ്ഞു. അതും നാട്ടുകാരുടെ മുന്നിൽ വച്ച് ഇത്രയും ചെയ്ത എന്റെ കുടുംബത്തിനെതിരെയാണ് ഈ ടെസി ടീച്ചർ ഇങ്ങനെ എഴുതി കൊടുത്തിരിക്കുന്നത്. ഹോസ്പിറ്റലിൽ ചെലവായ 18 ലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക എന്റെ കുടുംബം കൈപ്പറ്റി എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

എന്റെ മോളുടെ രോഗാവസ്ഥ ഓരോ ദിവസം തോറും മോശമായി വരുന്നതു കണ്ട് അവളുടെ ക്ലാസ്സ് ടീച്ചർ അവളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. (കുട്ടിയുടെ മാതാപിതാക്കൾക്ക് പോലും മനസിലാകാത്ത അവസ്ഥ ഇവർക്ക് മനസിലായി ), കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആർഭാട ജീവിതം നയിക്കാനാണ് ഞാൻ ബാക്കിയുള്ള തുക ആവശ്യപ്പെട്ടത് എന്ന്. ഇങ്ങനെയെല്ലാം എഴുതിയപ്പോൾ 11 വയസ്സുവരെ നോക്കി വളർത്തിയ ഞങ്ങൾ ഒന്നും അല്ലാതെ ആയിപ്പോയി. ഇത് എഴുതിയത് ഒരു സ്ത്രീയും ഒരു അമ്മ കൂടെ ആണെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. ഇങ്ങനെ എഴുതിയ ഒരു സ്ത്രീയോട് ദൈവം പൊറുക്കട്ടെ. 73 ലക്ഷം രൂപയിൽ 18 ലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക കുമ്പളങ്ങി ഗവൺമെന്റ് ആശുപത്രിയുടെ വികസനത്തിനായി നൽകാൻ ഞാനും കുടുംബവും തയ്യാറാണ്. ജനങ്ങൾ നൽകിയ പണം ജനങ്ങൾക്കായി ഉപകരിക്കട്ടെ. ഒരു ഡയാലിസിസ് യൂണിറ്റ് കുമ്പളങ്ങി ആശുപത്രിയിൽ തുടങ്ങാൻ ഈ തുക ഉപകരിക്കുമെങ്കിൽ അത് കുമ്പളങ്ങിയിലെ പാവപ്പെട്ട രോഗികൾക്ക് വലിയ ഉപകാരം ആയിരിക്കും അല്ലാതെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ രോഗികളായ വിദ്യാർത്ഥികൾക്കു മാത്രമേ ഈ തുക കൊടുക്കൂ എന്ന് പറയുന്നതിൽ എന്താണ് ന്യായം.

ഈ പണം കുമ്പളങ്ങിയിലെ ഓരോ രോഗികൾക്കും അവകാശപ്പെട്ടതാണ്. രണ്ടു വൃക്കകളും തകരാറിലായ മധു എന്ന ബസ് തൊഴിലാളിക്ക് ഇവർ ആദ്യം സാമ്പത്തിക സഹായം നൽകിയില്ല. ഇതറിഞ്ഞ് ഞാൻ ജില്ലാ കളക്ടർക്കു പരാതി കൊടുത്തതു കൊണ്ടു മാത്രം ഒരു ലക്ഷം രൂപ മധുവിന് കൈമാറി. ബാക്കിയുള്ള തുകയുടെ പലിശ പോലും ആകുന്നില്ല ഈ ഒരു ലക്ഷം രൂപ. എന്റെ മോളെ സഹായിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ബസ് തൊഴിലാളികള ആണ്. എന്നിട്ട് മധു എന്ന ബസ് തൊഴിലാളിക്ക് 10 ലക്ഷം രൂപ കൂടി വേണം കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക്. എന്നാൽ ബാകി വന്ന 53 ലക്ഷം രൂപ ഇവരുടെ കയിൽ ഇരിക്കുമ്പോൾ അതുകൊടുക്കാതെ വീണ്ടും ജനങ്ങളുടെ കയിൽ നിന്നും പിരിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഈ വ്യക്തികൾ. ദയവായി നമ്മുടെ കണ്മുന്നിൽ നടക്കാൻ പോകുന്ന ഈ അനീതിക്ക് എതിരായി നമ്മൾ കുബളങ്ങി നിവാസികൾ പ്രതികരിക്കണം.

എന്റെ മോളെ സഹായിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ബസ് തൊഴിലാളികൾ ആണ് എന്ന കാര്യം ഇവർ മറന്നു. ബാക്കി തുക കുമ്പളങ്ങി ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നതല്ലേ തല്ലത്.ഇതിനായി നല്ലവരായ നമ്മുടെ കുമ്പളങ്ങി നിവാസികൾ മുന്നിട്ടിറങ്ങണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഞാൻ ഒരു വ്യക്തിയാണ് ഞാൻ ഈ ആവശ്യം പറഞ്ഞ് ഇവരെ സമീപിച്ചാൽ ഇവർക്ക് എന്നെ നിസ്സാരമായി ഒഴിവാക്കും. എന്നാൽ നമ്മുടെ കുമ്പളങ്ങി നിവാസികൾ ഒന്നിച്ചാൽ നമുക്ക് എല്ലാവർക്കും ഇത് ഒരു വലിയ സഹായമാകും. ഇതിനു വേണ്ടി ഞാൻ പലയിടത്തായി സഹായം ചോദിച്ചു. എന്നാൽ ഒരു രാഷ്ട്രീയം തൊഴിലാക്കിയ മറ്റുള്ളവരുടെ അദ്ധ്വാനഫലം കൂലിയാക്കിയ കുമ്പളങ്ങിയിലെ ഒരു വ്യക്തിയെ പേടിച്ച് എല്ലാവരും എന്നെ ഒഴിവാക്കി.ദയവായി താഴെ ഞാൻ കൊടുത്തിരിക്കുന്ന പോസ്റ്റ് വായിക്കണം എന്ന് അപേക്ഷിക്കുന്നു.

എന്ന്
സ്‌നേഹ പോളിന്റെ പിതാവ്.
ഇവർ എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇവർ പറയുന്ന കമ്മിറ്റി മെമ്പർമാർക്കു പോലും അറിയില്ല എന്നതാണ് സത്യം .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP