Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

വനം വകുപ്പ് അധികൃതർ അപമാനിക്കുന്നു; ഒരു ഉദ്യോഗസ്ഥൻ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുന്നു; അതിനാൽ വനം വകുപ്പ് നൽകിയ ലൈസൻസ് തിരികെ നൽകി പാമ്പുപിടുത്തത്തിൽ നിന്നും പിൻ തിരിയുന്നു; വാർത്താസമ്മേളനം നടത്തി മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനുമായ മാർട്ടിൻ മെയ്‌ക്കമാലി

വനം വകുപ്പ് അധികൃതർ അപമാനിക്കുന്നു; ഒരു ഉദ്യോഗസ്ഥൻ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുന്നു; അതിനാൽ വനം വകുപ്പ് നൽകിയ ലൈസൻസ് തിരികെ നൽകി പാമ്പുപിടുത്തത്തിൽ നിന്നും പിൻ തിരിയുന്നു; വാർത്താസമ്മേളനം നടത്തി മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനുമായ മാർട്ടിൻ മെയ്‌ക്കമാലി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വനം വകുപ്പധികൃതർ തന്നെ അപമാനിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ തനിക്കു കിട്ടേണ്ട ജോലി അവസരം തട്ടികളയുകയാണെന്നും അതിനാൽ പാമ്പുപിടുത്തത്തിന് വനം വകുപ്പ് നൽകിയ ലൈസൻസ് തിരികെ നൽകി പാമ്പുപിടുത്തത്തിൽ നിന്നും പിൻ തിരിയുകയാണെന്നും മജീഷ്യനും പാമ്പുപിടുത്ത വിദഗ്ധനും

ഗവേഷകനുമായ കോതമംഗലം വടാട്ടുപാറ സ്വദേശി മാർട്ടിൻ മെയ്‌ക്കമാലി. നിലവിൽ തുണ്ടം റെയിഞ്ചിൽ എലിഫന്റ് സ്‌ക്വാഡിൽ അംഗമാണ് മാർട്ടിൻ.

രാവിലെ മുതൽ പാതിരാത്രി വരെ വിശ്രമമില്ലാതെ ജോലി ചെയ്തതാലും മേലുദ്യോഗസ്ഥർ തെല്ലും അനുകമ്പയില്ലാെയാണ് പെരുമാറുന്നതെന്നും പാമ്പു പിടുത്തത്തിൽ ലൈസൻസ് ഉണ്ടായിട്ടും തുണ്ടം റെയിഞ്ചിൽ പാമ്പുപിടുത്തത്തിന് തന്നെ വിളിയ്‌ക്കേണ്ടെന്ന് വനം വകുപ്പ് ജീവനക്കാരുെടെ ഗ്രൂപ്പിൽ അറിയിപ്പ് വന്നിട്ടുണ്ടെന്നും ഇത് തന്നെ വല്ലാെതെ വേദനിപ്പിച്ചു എന്നും മാർട്ടിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഉഗ്രവിഷവാഹികളായ പാമ്പുകളും തേളുകളുമായി എക്സിബിഷനുകളും ആരെയും അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായി രാജ്യത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികൾ പങ്കിട്ട മാർട്ടിൻ ഏതാനും വിവാഹത്തോടെ ഈ രംഗത്തുനിന്നും പതിയെ പിൻവാങ്ങുകയായിരുന്നു. 1996-97 -ൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പൂജപ്പുര മാജിക് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു മാർട്ടിൻ വീട്ടിൽ നിന്നും ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ജീവിതാഭിലാഷമായിരുന്ന മാജിക് പഠനത്തിനിറങ്ങിത്തിരിച്ചത്.

ഇടക്കാലത്ത് തമിഴ്‌നാട്ടിൽ എത്തിയപ്പോൾ പാമ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു എക്സിബിഷൻ കാണാനിടയായി.ഇതു കണ്ടപ്പോൾ പാമ്പിനെ കഴുത്തിലിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവും മനസ്സിലുദിച്ചു. എക്സിബിഷൻ നടത്തിയിരുന്ന തമിഴ്‌നാട്ടുകാരനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ പുച്ഛിച്ചുതള്ളി.കളിയാക്കി പറഞ്ഞയച്ചു.ഇത് നിന്റെ മാജിക് അല്ലന്നും വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടാണ് താൻ ഈ രംഗത്തെത്തിയതെന്നും മറ്റുമായിരുന്നു ഇയാളുടെ പ്രതികരകണം. നിങ്ങളുടെ മുമ്പിൽ പാമ്പിനെ കഴുത്തിലിട്ട് ഞാൻ വരുമെന്ന് ശപഥം ചെയ്തിട്ടാണ് അന്ന് അവിടെ നിന്നിറങ്ങിയത്.18 വയസ്സായിരുന്നു അന്ന് പ്രായം.

പിന്നീട് പാമ്പുപിടുത്തത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള വഴികൾ തേടി പലനാടുകളിൽ പോയി. അവസാനം കണ്ണൂർ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ബൈജുവിന്റെ അടുത്തെത്തി. ഇവിടെ നിന്നാണ് പാമ്പു പിടുത്തത്തിന്റെ ബാലപാഠങ്ങൾ വശത്താക്കിയത്.പിന്നീട് പതിയെ ഈ രംഗത്ത് സ്വയം കാലുറപ്പിക്കുകയായിരുന്നു. ഇടയ്ക്ക് അണലി കടിച്ചതിനെത്തുടർന്ന് മരണത്തിന്റെ പടിവാതിലോളമെത്തിയിരുന്നു.ഇത് ഞെട്ടിക്കുന്ന തിരിച്ചറിവാണ് സമ്മാനിച്ചത്. പിൽക്കാലത്ത് പാമ്പുകടിയേറ്റാൽ എന്താണ് ചെയ്യേണ്ടതെന്ന് ഗവേഷണണം നടത്താനും വിദഗ്ധരെക്കണ്ട് ഇക്കാര്യങ്ങൾ പഠിക്കുന്നതിനും കാരണമായത് ഈ സംഭവമാണ്.

ജീവകാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ സാഹസീക പ്രകടനങ്ങളാണ് മാർട്ടിന് മാധ്യമ ശ്രദ്ധ നേടിക്കൊടുത്തത്. 1999-ൽ കലൂർ സ്റ്റേഡിയത്തിൽ 50 വിഷപ്പാമ്പുകളും 100 തേളുകളുമായി 6 അടി താഴ്ചയിലും 6 അടി വീതിയിലും തീർത്തിരുന്ന കുഴിയിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ രണ്ട് ദിവസം കഴിഞ്ഞതും കൊല്ലത്ത് ആണിക്ക് മുകളിൽ ഷർട്ട് ധരിക്കാതെ കിടന്നതും കോഴിക്കോട് വച്ച് 10 മൂർഖൻ പാമ്പിന്റെ വിഷം കളക്ടർ ഉൾപ്പെടെയുള്ള കാണികളെ സാക്ഷിയാക്കി കഴിച്ചതും നാട്ടുകാരിക്ക് ചിക്തസയ്ക്ക് പണം സമാഹരിക്കാൻ കോതമംഗലത്ത് അഗ്‌നിശയനം നടത്തിയതുമെല്ലാം ജനശ്രദ്ധ നേടിയ പ്രകടനങ്ങളായിരുന്നു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 100 വിഷപ്പാമ്പും 50 തേളുകളുമായി 240 മണിക്കൂർ മണ്ണിനടിയിൽകഴിച്ചുകൂട്ടി അമേരിക്കക്കാരന്റെ റിക്കാർഡ് തകർക്കുന്നതിന് താൻ നടത്തിയ ശ്രമം 94 മണിക്കൂർ പിന്നിട്ടപ്പോൾ സ്വയം പാമ്പിന്റെ കടിയേറ്റുവാങ്ങി അവസാനിപ്പിക്കേണ്ടി വന്നതിന്റെ വിഷമം ഇപ്പോഴും മനസ്സിൽ നിന്നും വിട്ടുപോയിട്ടില്ലന്നും മാർട്ടിൻ കൂട്ടിച്ചേർത്തു. ഖത്തർ ,സൗദി എന്നിവിടങ്ങളിൽ ഈജിപ്റ്റ് ,സുഡാൻ എന്നിവിടങ്ങളിലെ മണലാരണ്യങ്ങളിലെ വിഷപാമ്പുകളുമായി നടത്തിയ എക്സിബിഷനുകളാണ് ഇതുവരെ നടത്തിയ പ്രകടനങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത്.മൂന്നര മീറ്റർ ദൂരത്തിൽവരെ വിഷം ചീറ്റാൻ കഴിവുള്ള പാമ്പുകളുമായിട്ടായിരുന്നു സഹവാസം.

കടിയേറ്റാൻ ജീവൻ രക്ഷപെടുന്നതിന് സാധ്യത വിരളമാണ് സാഹസീക പ്രകടനങ്ങൾ നടത്തുന്നത് അമാനുഷീക കഴിവുകൾ ഉള്ളതുകൊണ്ടല്ലന്നും സയൻസാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും പാളിപ്പോയാൽ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇതിനെല്ലാം ഇറങ്ങിത്തിരിച്ചതെന്നും മാർട്ടിൻകൂട്ടിച്ചേർത്തു. എത്രതവണ പാമ്പുകടിയേറ്റു എന്നതിനോ എത്ര പാമ്പുകളെ പിടിച്ചു എന്നതിനോ കൃത്യമായ കണക്കില്ല.120-ൽപ്പരം രാജവെമ്പാലകളെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പിടികൂടിയിട്ടുണ്ട്.ഇപ്പോൾ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്ന കാലമാണ് പരിസരം വ്യത്തിയായി സൂക്ഷിക്കുക മാത്രമാണ് പാമ്പുകളെ അകറ്റുന്നതിനുള്ള പ്രധാന മാർഗ്ഗം.മാർട്ടിൻ വാക്കുകൾ ചുരുക്കി.

ക്ലാസ്സുകൾക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുമായി എവിടെ വേണമെങ്കിലും എത്താൻ മാർട്ടിൻ ഒരുക്കമാണ്.പക്ഷേ കൈയിൽ നിന്നും പണം മുടക്കി ഇതിനായി ഇറങ്ങിത്തിരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മാർട്ടിന്റെ ജീവിതം. രണ്ട് കുട്ടികളുണ്ട്.വാടകവീട്ടിലാണ് താമസം. ഭവനനിർമ്മാണ പദ്ധിതിയിൽപ്പെടുത്തി വീട് അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫലം കണ്ടില്ല.തുണ്ടം ഫോറസ്റ്റ് റെയിഞ്ചിൽ താൽക്കാലിക വാച്ചറായി അടുത്തിടെ ജോലി ലഭിച്ചതാണ് ഈ രംഗത്തെ രണ്ട് പതിറ്റാണ്ടോളമെത്തുന്ന സേവനങ്ങൾക്ക് ആകെ ലഭിച്ചിട്ടുള്ള അംഗീകാരം.ഈ ജോലിയിൽ നിന്നുള്ള വരുമാനമാണ് ജീവിതച്ചെലവ് തള്ളി നീക്കുന്നതിനുള്ള ഇപ്പോഴത്തെ ഏക ആശ്രയം. ബോധവൽക്കരണ ക്ലാസ്സുകൾ നടത്താൻ താൽപ്പര്യമുള്ളവർക്ക് മാർട്ടിനെ വിളിക്കാം.മൊബൈൽ നമ്പർ -9961813630.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP