Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സ്വർണം എത്തിയത് ഡിപ്ലോമാറ്റിക് ബാ​ഗേജിൽ അല്ലെന്ന് യുഎഇ; കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥന് വ്യക്തിപരമായെത്തിയ കാർ​ഗോയെന്ന് വിലയിരുത്തൽ; ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലുള്ള അതൃപ്തി ഇന്ത്യയെ അറിയിച്ചെന്നും റിപ്പോർട്ടുകൾ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്തിൽ യുഎഇ നിലപാട് ഇങ്ങനെ

സ്വർണം എത്തിയത് ഡിപ്ലോമാറ്റിക് ബാ​ഗേജിൽ അല്ലെന്ന് യുഎഇ; കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥന് വ്യക്തിപരമായെത്തിയ കാർ​ഗോയെന്ന് വിലയിരുത്തൽ; ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലുള്ള അതൃപ്തി ഇന്ത്യയെ അറിയിച്ചെന്നും റിപ്പോർട്ടുകൾ; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്തിൽ യുഎഇ നിലപാട് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: തിരുവനന്തപുരം എയർപോർട്ടിൽ പിടിച്ച സ്വർണം ഡിപ്ലോമാറ്റിക് ബാ​ഗേജിൽ അല്ലെന്നും കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥന്റെ പേരിലെത്തിയ വ്യക്തിപരമായ പാഴ്സലെന്നും റിപ്പോർട്ട്. ഉദ്യോ​ഗസ്ഥന് വ്യക്തിപരമായെത്തിയെ കാർ​ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിൽ യു.എ.ഇ ഭരണകൂടത്തിന്റെ വിലയിരുത്തലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാർഗോയെ ഡിപ്ലോമാറ്റിക് ബാ​ഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോൺസുലേറ്റിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന നടപടിയായതിനാൽ കേസിൽ ഉൾപ്പെട്ട എല്ലാവരെയും ശിക്ഷിക്കണം എന്നാണ് യു.എ.ഇ. നിലപാട്.

തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിന്റെ വിലാസത്തിലേക്കാണ് കള്ളകടത്ത് സ്വർണം എത്തിയത്. എന്നാൽ ഇത് യു.എ.ഇയുടെ സർക്കാർ സംവിധാനം ഇടപെട്ട് അയച്ചതല്ല. ഔദ്യോഗികമായി അയച്ച കാർഗോ അല്ലാത്തതിനാൽ അതിനു ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഇല്ല എന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. ദുബായിൽനിന്ന്പ ആർക്ക് വേണമെങ്കിലും കോൺസുലേറ്റിന്റെ വിലാസത്തിലേക്ക് സ്വർണം അയക്കാമെന്നും ദുബായ് ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോയ്ക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകാറുള്ളത് ഒരു കിഴ്‌വഴക്കമാണ് അതൊരു കീഴ്‌വഴക്കമാണ്. അതിനപ്പുറത്തേക്കുള്ള പരിഗണന ആ ബാഗേജിന് നൽകേണ്ടതില്ല എന്നാണ് യു.എ.ഇയുടെ നിലപാട്.

പതിനഞ്ച് കോടി വിലമതിക്കുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ ഡ്പ്ലോമാറ്റിക് പാർസലിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത് കസ്റ്റംസ് കസ്റ്റ‍ഡിയിലാണ്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുൻ കോൺസുലേറ്റ് ജീവനക്കാരി സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള ബന്ധം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ ആരാണ് സ്വർണം അയച്ചതെന്നാണ് യു.എ.ഇ അധികൃതർ അന്വേഷിക്കുന്നത്. ഒരു വലിയ കുറ്റകൃത്യം എന്നതിലുപരി ഇന്ത്യയിൽ യു.എ.ഇയുടെ യശസിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ഉണ്ടായതെന്നും കോൺസുലേറ്റ് അധികൃതർ പറഞ്ഞു. അന്വേഷണത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ ഇരുവരും ഡിപ്ളോമിക് ചാനൽ വഴി സ്വർണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരിൽ ഇരുവരെയും കോൺസുലേറ്റിൽ നിന്ന് മാറ്റി. എന്നാൽ പിന്നീടും ഇവർ കള്ളക്കടത്ത് തുടർന്നു.

വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിങ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ഇവർ ആർക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളിൽ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തിൽ പരിമിതികൾ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎക്ക് വിട്ടത്. യുഎപിഎ ആക്ട് അനുസരിച്ചുള്ള വകുപ്പകൾ ഉൾപ്പെടുത്തിയാകും എൻഐഎ കേസ് അന്വേഷിക്കുക. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചു. കേസിൽ സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികളാണ്. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. ഫൈസൽ ഫരീദ് എന്ന മൂന്നാം പ്രതിക്കായാണ് സ്വർണം കടത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സന്ദീപാണ് നാലാംപ്രതി. സ്വർണക്കടത്തിൽ നിന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.

സ്വർണക്കള്ളക്കടത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കെന്നും ഒളിവിൽ പോയ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യേണ്ടത് കേസിൽ നിർണായകമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്വപ്‌ന, സരിത്ത്, സന്ദീപ് നായർ എന്നീ മൂവർ സംഘം രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികളാണ്. പ്രതികളിൽ സ്വപ്‌നയുടെ പെരുമാറ്റം ദുരൂഹമാണ്. പലവട്ടം കസ്റ്റംസ് വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും വന്നില്ല. ഫോൺ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.

സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. സന്ദീപിന്റെ ഭാര്യയുടെ മൊഴി പരിശോധിച്ചാൽ സ്വപ്ന സ്വർണകള്ളക്കടത്തിൽ പ്രതിയാണെന്ന് വ്യക്തമാവും. പ്രതി സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാർജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്. മറ്റു കള്ളക്കടത്ത് സംഘങ്ങൾക്ക് വേണ്ടിയാകാം ഇവർ പ്രവർത്തിച്ചത്. ഇതിന് മുൻപും സ്വപ്ന സുരേഷ് കള്ളക്കടത്തിന് കൂട്ടു നിന്നിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാൻ കഴിയില്ലെന്നും സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP