Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

15വർഷം മുമ്പ് ചർച്ചകൾ തുടങ്ങി; പത്തു വർഷം മുമ്പ് കരാറിൽ ഒപ്പു വച്ചു; ഒന്നരവർഷം മുമ്പ് ഉദ്ഘാടനം ചെയ്തു; ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭരണ നേട്ടമായി വിളിച്ചു കൂവി; എന്നിട്ടും നമ്മുടെ കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ ഇപ്പോൾ എത്രപേർ ജോലി ചെയ്യുന്നു? എത്രലക്ഷം രൂപയുടെ ഇടപാടുകൾ നടക്കുന്നു

15വർഷം മുമ്പ് ചർച്ചകൾ തുടങ്ങി; പത്തു വർഷം മുമ്പ് കരാറിൽ ഒപ്പു വച്ചു; ഒന്നരവർഷം മുമ്പ് ഉദ്ഘാടനം ചെയ്തു; ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭരണ നേട്ടമായി വിളിച്ചു കൂവി; എന്നിട്ടും നമ്മുടെ കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ ഇപ്പോൾ എത്രപേർ ജോലി ചെയ്യുന്നു? എത്രലക്ഷം രൂപയുടെ ഇടപാടുകൾ നടക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കേരളത്തിന്റെ വികസന സ്വപ്‌നത്തിന് കുതിപ്പ് നൽകാനാണ് പതിനഞ്ച് കൊല്ലം മുമ്പ് സ്മാർട് സിറ്റിയെന്ന ആശയം ഉയർന്നു വന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ പദ്ധതി. അസാധാരണ മെയ് വഴക്കത്തോടെ വിവാദങ്ങളെ അപ്രസക്തമാക്കി ടീകോമുമായി കരാർ ഒപ്പിട്ട് വി എസ് അച്യുതാനന്ദൻ പദ്ധതി മുമ്പോട്ട് കൊണ്ടു പോയി. ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങി. ഇവിടെ വിവിധ നിക്ഷേപകരുടേതായി 90 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനപ്പുറത്തേക്ക് ഒന്നും ഇപ്പോൾ ചൂണ്ടിക്കാട്ടാനില്ല. കരാർ ഒപ്പിട്ട് പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും സ്മാർട് സിറ്റിയുടെ കുതിപ്പിന് പ്രതീക്ഷിച്ച വേഗതയില്ല.

29 കമ്പനികളിലായി 2500 പേർക്കു തൊഴിൽ ലഭിക്കുന്നു. 2021 ആകുമ്പോഴേക്കും വാഗ്ദാനം ചെയ്ത 90,000 തൊഴിലവസരങ്ങളും 87 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും ഉണ്ടാവുമെന്ന് സ്മാർട്‌സിറ്റി അധികൃതർ ഉറപ്പു പറയുന്നു. അതുകൊണ്ട് തന്നെ സ്മാർട് സിറ്റി പ്രതീക്ഷിച്ച ലക്ഷ്യം നേടാനായില്ലെന്നാണ് വിലയിരുത്തൽ. കരാറിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും പൂർണമായിട്ടില്ല. സ്മാർട്‌സിറ്റി വളപ്പിൽ വൈദ്യുതി ബോർഡിന്റെ സ്ഥലങ്ങളുണ്ട്. ഇതുവരെ ഒഴിഞ്ഞു കൊടുത്തിട്ടില്ല. വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും നാലുവരിപ്പാത കരാറിലുണ്ടെങ്കിലും ആയിട്ടില്ല. റോഡ് സൗകര്യങ്ങൾ ഇപ്പോഴും പരിമിതം. വൻകിട ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരാൻ സ്മാർട്‌സിറ്റി അധികൃതർക്കും കഴിഞ്ഞിട്ടില്ല. ഇങ്ങനെ പരാതികൾ മാത്രമാണ് സ്മാർട് സിറ്റിയിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത്.

കെട്ടിട നിർമ്മാണം പോലും പൂർത്തിയാക്കാതെ നടത്തിയ ഉദ്ഘാടനത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയപ്പോൾ സംസ്ഥാന സർക്കാരിനെതിരെ സോഷ്യൽ മീഡിയ പരിഹാസ ശരങ്ങളുയർത്തി. ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമായി ഉയർത്തിക്കാട്ടിയ സ്മാർട് സിറ്റിയിൽ ഭൂരിഭാഗവും ഐടി ഇതര കമ്പനികളാണ്. ഇതിൽ ഡേ കെയർ സെന്ററും റസ്റ്റോറന്റുമൊക്കെയാണുള്ളതും. വമ്പൻ കമ്പനികൾ ഒന്നു പോലുമില്ല. സ്മാർട് സിറ്റി പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയെന്ന് ആരോപണം ഉയർന്നു. 90000 പേർക്ക് ഐടി തൊഴിലവസരമെന്ന സ്വപ്‌നം അസ്ഥാനത്താകുമെന്ന് ഭയക്കുന്നവരുമുണ്ട്. സ്മാർട്സിറ്റി പദ്ധതി അതിന്റെ തുടക്കത്തിലുണ്ടായ തടസ്സങ്ങൾ മറികടന്ന് നിശ്ചയിച്ച പ്രകാരം തന്നെ പൂർത്തീകരിക്കുമെന്ന് കൊച്ചി സ്മാർട്സിറ്റി വൈസ് ചെയർമാനും ദുബായ് സ്മാർട്സിറ്റി സിഇഒയുമായ ജാബർ ബിൻ ഹാഫിസ് പറഞ്ഞു.

സ്മാർട്സിറ്റി നിർമ്മാണം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ 2020 നപ്പുറം ഒരു കാരണവശാലും നീണ്ടുപോകില്ല. ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാർട്സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോവർഷവും പദ്ധതിയുടെ അവലോകന റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്്. കരാർ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കേണ്ടത്. ഇതിൽ 67 ലക്ഷം ചതുരശ്ര അടി ഐ.ടി കാര്യങ്ങൾക്കും 21 ലക്ഷം ചതുരശ്ര അടി ഐ.ടിഇതര കാര്യങ്ങൾക്കും വേണ്ടിയാകും ഉപയോഗിക്കുക. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്.

സ്മാർട്‌സിറ്റി പദ്ധതിയെക്കുറിച്ചു ചർച്ചകൾ തുടങ്ങുന്നത് 2005ലാണ്. ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ സ്മാർട്‌സിറ്റി സ്ഥാപിച്ച് ഇവിടേക്കു ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരികയും ഐടി രംഗത്ത് ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. ഐടിയുടെ ചുമതലയും വഹിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിച്ചെങ്കിലും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കരാർ ഒപ്പിടാൻ കഴിഞ്ഞില്ല. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളും അതിനു കാരണമായി. ഇൻഫോപാർക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ആയിരുന്നു പ്രധാന വിമർശനം. വി എസ്. അച്യുതാനന്ദൻ സർക്കാർ 2006ൽ അധികാരത്തിൽ വന്ന ശേഷം ചർച്ചകൾ തുടർന്നു.

നേരത്തേയുണ്ടാക്കിയ കരട് കരാറിലെ വ്യവസ്ഥകൾ പൊളിച്ചെഴുതി ഇൻഫോപാർക്ക് വിട്ടുകൊടുക്കാതെതന്നെ 2007 മെയ്‌ 13ന് സ്മാർട്‌സിറ്റി കരാർ ഒപ്പിട്ടു. 104 കോടി രൂപ 99 വർഷത്തേക്ക് ഒറ്റത്തവണ പാട്ടത്തുക. ഏക്കറിന് ഒരു രൂപവച്ച് വാർഷിക പാട്ടം. പക്ഷേ സ്മാർട്‌സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിക്ക് സ്ഥലം കൈമാറൽ സ്റ്റാംപ് ഡ്യൂട്ടി തർക്കത്തെത്തുടർന്നു നീണ്ടുപോയി. സ്റ്റാംപ് ഡ്യൂട്ടി ഇളവു വേണമെന്നും പറ്റില്ലെന്നുമായിരുന്നു തർക്കം. ഭൂമി രജിസ്റ്റർ ചെയ്തു കിട്ടാത്തതിനാൽ സെസിന് അപേക്ഷിക്കാനുമായില്ല. എം.എ. യൂസഫലിയുടെ ഇടപെടലിനെത്തുടർന്ന് തർക്കം തീർത്ത് സ്റ്റാംപ് ഡ്യൂട്ടി ഇളവു നൽകി 2011ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപു മാത്രമാണ് 246 ഏക്കർ സ്ഥലം രജിസ്റ്റർ ചെയ്തു കൈമാറിയത്. സാങ്കേതികമായി അന്നു മുതൽ 10 വർഷത്തിനകമാണു കരാറിൽ പറയുന്ന തൊഴിലവസരങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടത. അതായത് 2021ന് അകം.

സ്മാർട്‌സിറ്റി ആദ്യ ഘട്ടത്തിൽ നിക്ഷേപം നടത്തുന്ന ടീകോം ആറര ലക്ഷം ചതുരശ്രയടിയിൽ ആദ്യ കെട്ടിടം പണിത് ഉദ്ഘാടനം നടത്താൻ പിന്നെയും അഞ്ചു വർഷമെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്. സ്മാർട്‌സിറ്റി നിക്ഷേപം ടീകോമിന്റേതു മാത്രമല്ല, കോഡവലപ്പേഴ്‌സ് എന്ന സഹനിക്ഷേപകരുടേതു കൂടിയാണ്. നിലവിൽ അഞ്ചു വൻകിട നിക്ഷേപകർ കെട്ടിടം പണിയുന്നു. യൂസഫലിയുടെ വ്യവസായ ഗ്രൂപ്പിൽപ്പെട്ട സാൻഡ്‌സ് ഇൻഫ്ര, ബാംഗ്‌ളൂരിലെ മാറാട്ട് ഗ്രൂപ്പും പ്രസ്റ്റീജ് ഗ്രൂപ്പും, ദുബായിലെ ഹോളിഡേ ഗ്രൂപ്പ്, ജെംസ് സ്‌കൂൾ. അതിൽ സാൻഡ്‌സ് ഇൻഫ്രയുടെ ഐടി കെട്ടിടം 37 നിലകളിൽ ഇന്ത്യയിലെതന്നെ ഏറ്റവും ഉയരമുള്ള ഐടി പാർക്ക് ആയിരിക്കും. ജെംസ് സ്‌കൂൾ ഒഴികെ മറ്റു കെട്ടിടങ്ങളെല്ലാം ഐടിക്കാണ്. 75,000 തൊഴിലവസരങ്ങൾക്ക് ഇവിടെ സൗകര്യം ഒരുങ്ങും. ഇതാണ് പദ്ധതിയുടെ രണ്ടാംഘട്ടം. അതിനൊപ്പം സ്മാർട്‌സിറ്റി മൂന്നാം ഘട്ടം 2018ൽ തുടങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP