Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോഷ്യൽ മീഡയിയിൽ കളംനിറഞ്ഞ് ബീഫ് നിരോധനം; ട്രോളുകളിൽ അഞ്ഞൂറാൻ മുതൽ ആടു തോമവരെ; ബീഫ് ഫെസ്റ്റിവലുകൾ നടത്താൻ മത്സരിച്ച് ഇടുതും വലതും; നെഹ്രു പാസാക്കിയ നിയമം സുപ്രീംകോടതി നിർദ്ദേശപ്രകാരം നടപ്പാക്കുന്നുവെന്നു വിശദീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് ബിജെപി; ബൽറാമിനു മറുപടിയുമായി സുരേന്ദ്രൻ; കേന്ദ്ര വിജ്ഞാപനത്തിൽ അങ്കത്തട്ടായി കേരളം

സോഷ്യൽ മീഡയിയിൽ കളംനിറഞ്ഞ് ബീഫ് നിരോധനം; ട്രോളുകളിൽ അഞ്ഞൂറാൻ മുതൽ ആടു തോമവരെ; ബീഫ് ഫെസ്റ്റിവലുകൾ നടത്താൻ മത്സരിച്ച് ഇടുതും വലതും; നെഹ്രു പാസാക്കിയ നിയമം സുപ്രീംകോടതി നിർദ്ദേശപ്രകാരം നടപ്പാക്കുന്നുവെന്നു വിശദീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് ബിജെപി; ബൽറാമിനു മറുപടിയുമായി സുരേന്ദ്രൻ; കേന്ദ്ര വിജ്ഞാപനത്തിൽ അങ്കത്തട്ടായി കേരളം

തൃശൂർ: കന്നുകാലികളെ അറവുശാലകൾക്കു വിൽക്കുന്നതു തടഞ്ഞു കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലി വി.ടി. ബൽറാം എംഎൽഎയോട് നേരിട്ട് ഏറ്റുമുട്ടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ വി.ടി ബൽറാമിന്റെ മാനസിക നിലയിൽ കുഴപ്പമുണ്ടെന്നും മനോരോഗാശുപത്രിയിൽ ചികിത്സിക്കണമെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഒരു പൊതു പ്രവർത്തകൻ ഉപയോഗിക്കുന്ന ഭാഷയല്ല അദ്ദേഹം ഉപയോഗിച്ചത്. വളരെ മ്ലേച്ചമായ രീതിയിലാണ് ഒരു എംഎ‍ൽഎ ആയിട്ടു കൂടി അദ്ദേഹം പ്രതികരിച്ചത്. ബൽറാമിനുള്ള മറുപടി വാക്കുകൾ കൊണ്ടല്ല നൽകേണ്ടതെന്നും അത് അറിയാത്തതു കൊണ്ടല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

വിജ്ഞാപനം ഫലത്തിൽ ബീഫ് നിരോധിക്കലാണെന്നു ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തുകയാണ്. സോഷ്യൽമീഡിയലിൽ ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും ശക്തമായി പ്രതികരിച്ചത് തൃത്താല എംഎൽഎ ആയ വി.ടി. ബൽറാം ആറിയിരുന്നു. 'ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്'-എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ഇത് അതിവേഗം വൈറാലായി. നിരവധി പേർ ബീഫ് നിരോധനത്തിലെ ബൽറാമിന്റെ പോസ്റ്റിൽ അനുകൂല പ്രതികരണങ്ങളും നടത്തി. ഇതോടെ പ്രധാനമന്ത്രിയെ മോദിയെ പ്രതിരോധിക്കാനും ആളുകളെത്തി. ഇതോടെ ബൽറാമിനെതിരെ കളിയാക്കലും തുടങ്ങി. ഇതിനേയും അതേ നാണയത്തിൽ ബൽറാം തിരിച്ചടിച്ചു. അങ്ങനെ സോഷ്യൽ മീഡിയയിൽ പോര് തുടരുന്നതിനിടെയാണ് സുരേന്ദ്രൻ നേരിട്ട് ഏറ്റുമുട്ടലിന് എത്തിയിരിക്കുന്നത്.

ബൽറാമിനു മാത്രമല്ല, കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ പ്രതിഷേധം ഉന്നയിച്ച എല്ലാവർക്കും സുരേന്ദ്രൻ മറുപടി നല്കുന്നു. പിണറായി വിജയനും എ.കെ. ആന്റണിക്കുമെല്ലാം അദ്ദേഹം മറുപടി നല്കുന്നുണ്ട്. ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് സുരേന്ദ്രൻ പറയുന്നു. പിണറായി വിജയൻ ഭരണഘടന വായിക്കണം. നിയമം കൺകറന്റ് ലിസ്റ്റിലുള്ളതായതിനാൽ കേന്ദ്രസർക്കാറിന് തീരുമാനമെടുക്കാൻ അവകാശമുണ്ട്.

പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് വലിച്ചുകീറണമെന്ന് പറഞ്ഞ എ.കെ. ആന്റണി രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 1960ൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ നിർദ്ദേശങ്ങൾ വന്നത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. അതിൽ 21 സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് ഈ നിയമം നടപ്പാക്കിയത്. അന്ന് ഈ എ.കെ. ആന്റണി എവിടെയായിരുന്നു? ഏത് മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു അന്ന് ആന്റണി? കാപട്യക്കാരിലെ കാപട്യക്കാരനാണ് ആന്റണി. രാഷ്ട്രീയ നെറികേടു കാണിക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടതുപക്ഷവുമായി മൽസരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ വിജ്ഞാപനമെന്നും സുരേന്ദ്രൻ വിശദീകരിക്കു. നിയമങ്ങൾ നടപ്പാക്കുന്നില്ലെന്ന് കാട്ടി ഒരു സംഘടന സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് സ്ത്യവാങ് മൂലം നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് അത് സംസ്ഥാന ഗവൺമെന്റുകൾ നടപ്പിലാക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സുപ്രിം കോടതി പരാമർശത്തെ തുടർന്നാണ് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്തത്.

അതു മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും നാലുമാസം മുമ്പ് നിയമത്തിന്റെ ഡ്രാഫ്റ്റ് അയച്ചിരുന്നു എന്നാൽ കേരള സർക്കാർ മനപ്പൂർവം ഇത് അവഗണിക്കുകയായിരുന്നു. നിയമത്തിന്റെ വിയോജിപ്പോ മറ്റു നിർദ്ദേശങ്ങളോ സർക്കാർ മുന്നോട്ടുവച്ചില്ല. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും മറുപടി നൽകിയില്ല. ഇത് സംബന്ധിച്ച് നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച ശേഷം കൃഷിമന്ത്രി വി എസ് സുനിൽ കുമാർ നിയമത്തിനെതിരെ രംഗത്തുവരുന്നത് ശരിയല്ല. നിയമം സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരവും വെബ്സൈറ്റ് വഴി ഒരുക്കിയിരുന്നു. ഇതൊക്കെ അറിയാമായിരുന്നിട്ടും ബീഫിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ സംസ്ഥാന ബിജെപി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ ബിജെപിയോട് അല്പമെങ്കിലും താത്പര്യമുള്ളവരെക്കൂടെ അകറ്റാനേ വിജ്ഞാപനം ഉപകരിക്കൂ എന്ന് നിരീക്ഷിക്കപ്പെടുന്നു. കശാപ്പ് നിരോധനത്തിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ബിജെപിയെയും സംഘപരിവാറിനെയും പരിഹസിക്കുന്ന ട്രോളുകളും സജീവമായി. ഇതിനിടെ കശാപ്പിനായി കന്നുകാലി നിരോധനം ഏർപ്പെടുത്തിയത് നെഹ്രു സർക്കാരാണെന്നു വിശദീകരിക്കുന്ന വീഡിയോയും ബിജെപിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്. 1960ൽ നെഹ്രു സർക്കാർ പാസാക്കിയ നിയമം നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനമെന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്.

കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനു രാജ്യവ്യാപക നിരോധനമാണ് മോദി സർക്കാർ ഇറക്കിയത്. കാർഷിക ആവശ്യങ്ങൾക്കായല്ലാതെ കാലിചന്ത കളിൽ കന്നുകാലി വിൽപന നടത്തരുതെന്നു വ്യക്തമാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കി. ഇതിനു പുറമേ, മതാചാര പ്രകാരം മൃഗങ്ങളെ ബലി നൽകുന്നതിനും നിരോധനമുണ്ട്. പോത്ത്, എരുമ, പശു,കാള,ഒട്ടകം എന്നിവ യ്ക്കാണു വിലക്ക്. 2017 ജനുവരി 16ന് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ അന്തിമ വിജ്ഞാപനമാണ് മെയ് 23 ന് അസാധാരാണ ഗസറ്റായി ഇറക്കിയിരിക്കുന്നത്. ഇതാണ് വിമർശനവിധേയമാക്കാൻ കടുത്ത വാക്കുകൾ ബൽറാം ഉപയോഗിച്ചത്. ഈ സാഹചര്യത്തിലാണ് മോദി അനുകൂലികളും ബൽറാമിനെതിരെ രംഗത്ത് വരുന്നത്.

പ്രതിഷേധമായി സംസ്ഥാനത്തൊട്ടാകെ ബീഫ് ഫെസ്റ്റിവലുകൾ

ഇതിനിടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ബീഫ് ഫെസ്റ്റിവലുകൾ നടത്തിയും പ്രതിഷേധം അരങ്ങേറി. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ബീഫ് ഫെസ്റ്റ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് യുണിവേഴ്‌സിറ്റി കോളജിനു മുന്നിൽ എസ്എഫ്‌ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.

കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ ചിന്നക്കട ടൗണിൽ ബീഫ് പാചകം ചെയ്തായിരുന്നു പ്രതിഷേധം. കറിയുടെ ഒരു ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തപാൽവഴി അയച്ചുകൊടുക്കുമെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. പ്രകടനമായെത്തിയ കെഎസ്‌യു പ്രവർത്തകർ എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ബീഫ് കഴിച്ചു പ്രതിഷേധിച്ചു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും കുസാറ്റ്, കാലടി സർവകലാശാലകളിലും തൃശൂരിൽ കോർപ്പറേഷനു മുന്നിലും എസ്എഫ്‌ഐ ബീഫ് വിതരണം ചെയ്തു.

മലപ്പുറം ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റ് പ്രതിഷേധിച്ചു. മോദി സർക്കാരിന്റെ കാലി കച്ചവട നിയന്ത്രണത്തിലും പോത്തിറച്ചി ഉപയോഗം നിയമം വഴി നിയന്ത്രിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റു പ്രതിഷേധിച്ചത്. നിരവധി ആളുകളാണു പോത്തിറച്ചി വാങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP