Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിജി ആരാണെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് ഒമ്പതു വയസുകാരിയുടെ മറുപടി കേട്ട് ഞെട്ടിത്തരിച്ച് മജീഷ്യൻ മുതുകാട്..! ബ്രിട്ടീഷ് സംഗീത വിദഗ്ധനൊപ്പം വന്ദേമാതരം പാടി താരമായി മാറിയ ആറു വയസുകാരിയും; പ്രവാസികൾക്കിടയിൽ ആശങ്കയും ആശയും സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ

ഗാന്ധിജി ആരാണെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് ഒമ്പതു വയസുകാരിയുടെ മറുപടി കേട്ട് ഞെട്ടിത്തരിച്ച് മജീഷ്യൻ മുതുകാട്..! ബ്രിട്ടീഷ് സംഗീത വിദഗ്ധനൊപ്പം വന്ദേമാതരം പാടി താരമായി മാറിയ ആറു വയസുകാരിയും; പ്രവാസികൾക്കിടയിൽ ആശങ്കയും ആശയും സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: 2016 ജൂൺ 3 വെള്ളിയാഴ്‌ച്ച. ലണ്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ കിങ്‌സ് ഹാളിൽ തിങ്ങി നിറഞ്ഞ 1500 ഓളം കാണികൾ. വേദിയിൽ പ്രശസ്ത മാന്ത്രികൻ മുതുകാടിന്റെ വേൾഡ് ഓഫ് ഇലൂഷ്യൻ പ്രകടനം. വേദിയിൽ നിന്നും മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരും കുട്ടികളും. ഇതിൽ കുട്ടികളെ സ്റ്റേജിൽ വിളിച്ചു വരുത്തി മുതുകാട് തകർപ്പൻ പ്രകടനം നടത്തുന്നതിനിടെ നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു. ഇന്ത്യയെ കുറിച്ച് പലതും പറഞ്ഞു പോകുന്ന കൂട്ടത്തിൽ ഗാന്ധിജിയെ പറ്റി മുതുകാടിനു പരാമർശിക്കേണ്ടി വന്നു. കുട്ടി നിശ്ചയമായും ഉത്തരം പറയും എന്ന ധാരണയിൽ ഗാന്ധിയെ കുറിച്ച് മുതുകാട് ചോദിച്ചപ്പോൾ തനിക്കു ഗാന്ധിജി ആരെന്നു അറിയില്ലെന്നായി കുട്ടിയുടെ ഉത്തരം.

ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരം കേട്ട് മുതുകാട് ശരിക്കും ഞെട്ടി. മലയാളിയായ കുട്ടിയുടെ മറുപടി കേട്ട് മുതുകാട് ഞെട്ടിയത് മുഖഭാവത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഒൻപതു വയസ്സുള്ള കുട്ടി ഗാന്ധിജിയെ അറിയാതെയാണ് ബ്രിട്ടനിൽ വളരുന്നതെന്നത് സദസ്സിനും ചെറിയ അമ്പരപ്പ് സൃഷ്ടിച്ചു. എന്നാൽ പൊടുന്നനെ സമനില വീണ്ടെടുത്ത മുതുകാട്, വിദേശത്തു ജീവിക്കുമ്പോഴും, പണം സമ്പാദിക്കുമ്പോഴും ഒക്കെ ജന്മ നാടിനെ മറക്കാൻ പാടില്ലെന്നും സ്വന്തം സംസ്‌ക്കാരവും അസ്തിത്വവും അറിയായതെയാണ് ഒരു തലമുറ മലയാളിയുടെ ബാക്കി പാത്രമായി വിദേശത്തു വളർന്നു വരുന്നതെങ്കിൽ അതിനു നിശ്ചയമായും മാതാപിതാക്കൾ തന്നെയാണ് കുറ്റക്കാർ എന്ന് വിധത്തിൽ കാര്യങ്ങൾ വിലയിരിത്തേണ്ടിയും വന്നു.

ഗാന്ധിജിയെ അറിയാതെ ഒരു തലമുറയുണ്ടെന്നത് ഏറെ ആശങ്കയുണ്ടെങ്കിലും ആശയും പ്രത്യാശയും നൽകുന്ന മറ്റൊരു സംഭവവുമുണ്ടായി. മാസങ്ങൾക്ക് ശേഷം 2016 ഓഗസ്റ്റ് 2ന് ലണ്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ അതേ വേദിയിൽ ആറുവയസുകാരിയായ മലയാളി യുവതി എല്ലാവരുടെയും അഭിമാനമായി മാറി. അന്ന് ഗാന്ധിയെ അറിയാത്ത കുട്ടികൾ മലയാളികൾക്കിടയിൽ ഉണ്ടെന്ന തിരിച്ചറിവിൽ തല കുനിച്ച ബ്രിട്ടനിലെ മലയാളി സമൂഹം ആത്മാഭിമാനത്തോടെ തല ഉയർത്താൻ ഒരു ആറു വയസുകാരി മലയാളി പെൺകുട്ടി കാരണമായി.

യുകെയിലെ സകല കുട്ടികളെയും പോലെ മലയാളം നിത്യവും കേൾക്കാതെ വളരുന്ന ആറുവയസ്സുകാരി സൗപർണിക നായർ തന്റെ പ്രായത്തിനും പക്വതയ്ക്കും ചേരുന്ന വിധത്തിൽ, ഇന്ത്യ വീണ്ടും ഒരു സ്വതന്ത്ര പിറവി ആഘോഷിക്കാൻ വെറും രണ്ടാഴ്ച അകാലത്തിൽ നിൽക്കുമ്പോൾ, സുന്ദരമായി വന്ദേമാതരം ഗാനാലാപനം നടത്തിയാണ് മുഴുവൻ കുഞ്ഞുങ്ങൾക്കും മാതൃകയായി മുന്നിലെത്തുന്നത്. അതിനേക്കാൾ രസം സൗപർണികയ്ക്കു പിന്തുണ നൽകാൻ ഗിറ്റാറിലും സാക്‌സഫോണിലും വാദ്യ സംഗീതം പൊഴിച്ച് ബ്രിട്ടീഷുകാരനും ആർട്ടിസ്റ്റ് കൂടിയായ ഡോ. ജോർഡൻ അൽഫോൻസോയാണ് കൂടെ ചേരുന്നത്. മനോഹരമായി ഈ ഗാനാലാപനം സംയോജനം ചെയ്തിരിക്കുന്നത് ബി ബി സി പരിപാടികൾ പോലും തയ്യാറാക്കുന്ന പ്രശസ്ത റെക്കോർഡിങ് സ്റ്റുഡിയോ മിറാഷിൽ ആണെന്നതും ശ്രദ്ധയമാണ്.

മിഡിൽസ്ബറോ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ബിനു നായരുടെ മകളാണ് സൗപർണിക. അച്ഛനും അമ്മ രഞ്ജിത ചന്ദ്രനും ചേർന്ന് മകളെ നിരന്തരം പാട്ടു പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് വാക്കുകൾ കൂട്ടി പറയാൻ പ്രായം ആകുമ്പോഴേക്കും സൗപർണികയെ റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിച്ചിരിക്കുന്നത്. വന്ദേമാദരം ആദ്യ മലയാളം ഗാനം ആണെങ്കിലും സ്‌കൂളിൽ അടക്കം പലവട്ടം സൗപർണിക ഇംഗ്ലീഷ് ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു.

അടുത്തിടെ സ്‌കൂൾ പരിപാടിയുടെ ഭാഗമായി 1993 ൽ പ്രശസ്ത പോപ്പ് ഗായകൻ ജിമ്മി ക്ലിഫ് ആലപിച്ച ഐ കാൻ സീ ക്ലിയർലി നൗ എന്ന ഗാനം ഒട്ടും പഴുതില്ലാതെയാണ് സൗപര്ഡണിക അവതരിപ്പിച്ചത്. മൂന്നു മിനിറ്റ് ദൈർഘ്യം ഉള്ള ഗാനം കാണാതെ പഠിച്ചു പാടിയ സൗപർണിക വന്ദേമാതരവും കാണാപ്പാഠം പഠിച്ചാണ് അവതരിപ്പിക്കുന്നത്. ഇതോടെ ബ്രിട്ടീഷുകാരോടു മത്സരിച്ചു സ്‌കൂൾ ടാലന്റ് മത്സരത്തിൽ വിജയി ആകാനും സൗപർണികയ്ക്കു കഴിഞ്ഞു. സ്റ്റോക്റ്റൻ ഓൺ ടീസിലെ സെന്റ് പാട്രിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക.

കുട്ടികളിൽ ഇന്ത്യയോടുള്ള സ്‌നേഹം വളർത്താൻ ഇത്തരം അവസരങ്ങൾ ഉപയോഗിക്കാൻ കൂടി നാം ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കാനും ബിനു മറക്കുന്നില്ല. അന്യ രാജ്യത്തു ജീവിക്കുമ്പോഴും പിറന്ന നാടിന്റെ സ്‌നേഹവും നന്മയും കാത്തു സൂക്ഷിക്കാനും കുട്ടികളിലേക്കും പകരാനും നാം ബാധ്യസ്തർ ആണെന്നും ബിനു പറയുമ്പോൾ രണ്ടു മാസം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റിൽ മുഴങ്ങിയ മുതുകാടിന്റെ വാക്കുകളുടെ തനിയാവർത്തനമായി മാറുകയാണ്.

കഴിഞ്ഞ ദിവസം യു ടൂബിൽ ചേർത്ത വന്ദേമാതരം ഇതിനകം 1000 പേരിലേക്ക് എത്തിയെങ്കിലും ഇതേ ഗാനം ഫേസ്‌ബുക്കിലെ ചില സംഗീത ഗ്രൂപ്പുകൾ വഴി ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയിരിക്കുന്നത്. ഐ ആം പ്രൗഡ് റ്റു ബി ആൻ ഇന്ത്യൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ് ഷെയർ ചെയ്ത സൗപർണികയുടെ ഗാനം ഇതിനകം തന്നെ 1 .10 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ ഗാനം പുറത്തു വരുന്നത്. മൂന്നോ നാലോ ദിവസം കൊണ്ട് ഇത്രയധികം കാണികളിലേക്കു ഏറെ കേട്ട് പതിഞ്ഞ ഒരു ഗാനം വീണ്ടും എത്തിക്കുക എന്ന അത്ഭുതം കൂടിയാണ് ഈ കൊച്ചു മിടുക്കി ഇപ്പോൾ സാധിച്ചിരിക്കുന്നത്. ഇതോടെ മറ്റു ചില പ്രധാന ഫേസ്‌ബുക്ക് ഗ്രൂപ്പുകളും ഈ ഗാനം ഏറ്റെടുത്തു ഷെയർ ചെയ്യുകയാണ്. ഇവയെല്ലാം കൂടി രണ്ടു ലക്ഷത്തിലധികം കാണികളിൽ എത്തിക്കഴിഞ്ഞു.

കൊല്ലം സ്വദേശിയായ ഡോ. ബിനു ഇംഗ്ലണ്ടിൽ എത്തിയിട്ട് അധികം കാലം ആയിട്ടില്ല. 'അമ്മ ഭാരതനാട്യത്തിൽ ആത്മ സമർപ്പണം ചെയ്യുമ്പോൾ അച്ഛന്റെ പ്രധാന രംഗം സംഗീതം തന്നെയാണ്. കർണാട്ടിക് സംഗീതത്തിൽ ഏറെ വർഷം പരിശീലനം നടത്തിയ ബിനു തന്നെയാണ് സൗപർണികയുടെ ആദ്യ ഗുരുവും. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ബിനു കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. അമ്മയാകട്ടെ നൃത്തത്തെ കലോപാസന ആയി കണ്ടു ജീവിക്കുന്നയാളും. മകളുടെ പാടാൻ ഉള്ള കഴിവ് തിരിച്ചറിഞ്ഞു കുട്ടിക്ക് കൂടുതൽ ഗൗരവമായ തലത്തിൽ സംഗീത ശിക്ഷണം നൽകാൻ ഉള്ള തയ്യാറെടുപ്പിലാണ് അച്ഛനും അമ്മയും.

ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ സൗപർണിക പാട്ടിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. കുഞ്ഞിന്റെ പാട്ടിനോടുള്ള ഇഷ്ടം ശ്രദ്ധിച്ചാണ് ചെറിയ തോതിൽ ശിക്ഷണം നൽകാൻ തയ്യാറായതെന്നും അച്ഛൻ ബിനു പറയുന്നു. 9 വയസിൽ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി 13 വയസിൽ അരങ്ങേറ്റ കച്ചേരി നടത്തിയ ബിനുവിന്റെ പാതയിലാണ് മകൾ തൽക്കാലം. പാട്ടു പഠനം ഗൗരവം ആയപ്പോൾ പിയാനോയിലും പാശ്ചാത്യ സംഗീതത്തിലും ചെറു പരീക്ഷണം നടത്തുകയാണ് ഈ ഒന്നാം ക്ലാസ്സുകാരി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP