Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎസ്എഫ് -കെഎസ് യു പ്രവർത്തകർ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്ന വിവാദം: പേരാമ്പ്ര സിൽവർ കോളേജിൽ ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; റിപ്പോർട്ട് നൽകാൻ അഞ്ചംഗ അന്വേഷണ കമ്മിറ്റി; മാനേജ്‌മെന്റ് ഉണർന്ന് പ്രവർത്തിച്ചത് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ; സോഷ്യൽ മീഡിയയിലും കത്തിക്കയറിയതോടെ കുപ്രചാരണമെന്ന് എംഎസ്എഫ്

എംഎസ്എഫ് -കെഎസ് യു പ്രവർത്തകർ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്ന വിവാദം: പേരാമ്പ്ര സിൽവർ കോളേജിൽ ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; റിപ്പോർട്ട് നൽകാൻ അഞ്ചംഗ അന്വേഷണ കമ്മിറ്റി; മാനേജ്‌മെന്റ് ഉണർന്ന് പ്രവർത്തിച്ചത് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ; സോഷ്യൽ മീഡിയയിലും കത്തിക്കയറിയതോടെ കുപ്രചാരണമെന്ന് എംഎസ്എഫ്

കെ വി നിരഞ്ജൻ

കോഴിക്കോട്: പേരാമ്പ്ര സിൽവർ ആർട്സ് ആൻഡ് സയൻസ് കോളെജിൽ യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിൽ ഉയർത്തിയ വിവാദ പതാകയുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ ആറ് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് സ്റ്റാഫ് മീറ്റിങ് വിളിച്ച് കോളജ് അധികൃതർ സ്ഥിതി ഗതികൾ ചർച്ച ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഞ്ചംഗ അന്വേഷണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആറ് വിദ്യാർത്ഥികളെ കോളെജിൽ സസ്പെന്റ് ചെയ്തതായി പ്രിൻസിപ്പലും മാനേജ്മെന്റും അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര സിൽവർ കോളജിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയതായി ആരോപണം ഉയർന്നത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പതാകയാണ് വിവാദമായത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതു പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും കോളജിലെത്തി അന്വേഷണം നടത്തി.

കോളജ് യൂണിയന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ജാഥയിൽ ഉയർത്തിയ എംഎസ്എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നായിരുന്നു കോളജ് ഗവേണിങ് ബോർഡ് ചെയർമാൻ എ കെ തറുവായി ഹാജി കഴിഞ്ഞ ദിവസം പറഞ്ഞത്. വ്യാഴാഴ്ചയായിരുന്നു കുട്ടികൾ ജാഥ നടത്തിയത്. കെ എസ് യു, എം എസ് എഫ് പ്രകടനത്തിനിടെ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കോളജിലേക്ക് മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു.

ഇതേ സമയം സംഭവത്തിൽ വിശദീകരണവുമായി എംഎസ്എഫ് നേതൃത്വം രംഗത്തെത്തി. പേരാമ്പ്ര സിൽവർ കോളജിൽ ക്യാമ്പസ് ഇലക്ഷൻ പ്രചരണത്തിൽ ഉപയോഗിച്ച എംഎസ്എഫ് പതാകയുമായി ബന്ധപ്പെട്ട് ആരോഗ്യകരമല്ലാത്ത ചർച്ചകൾക്ക് വഴിതെളിയിച്ച് അനാവശ്യ പ്രചരണം നടത്താൻ ചിലർ ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയിൽ ഉത്തരവാദിത്വപ്പെട്ട സംഘടനകൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചില പ്രത്യേക ഉദ്ദേശത്തോടുകൂടി നടക്കുന്ന ദുഷ്പ്രചരണങ്ങൾ സമൂഹം തള്ളിക്കളയും. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെയുള്ള നടപടികൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മിസ്ഹബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൃത്യമായ അളവും വലിപ്പവും മാനദണ്ഡമാക്കിയുള്ള പതാകയല്ല അവിടെ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വലിയ കൊടികൾ വീശിയും തോരണങ്ങൾ കെട്ടിയുമുള്ള പ്രചരണം നടക്കാറുണ്ട്. മറ്റു സംഘടനകളും ഇത്തരത്തിൽ വലിയ കൊടികളും മറ്റു തോരണങ്ങളും ഉപയോഗിക്കാറുണ്ട്. പതാകയുടെ ഘടനയിൽ മാറ്റം വരുത്തിയാണ് മിക്ക സംഘടനകളും പ്രചരണത്തിനുപയോഗിക്കാറുണ്ട്. അളവും കൃത്യതയുമൊക്കയാണ് ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാക്കുന്നതിനാൽ മറ്റൊരു രാഷ്ട്രത്തിന്റെ പതാകയോട് ഉപമിച്ചുള്ള ആരോപണം വില കുറഞ്ഞതാണ്. പ്രവർത്തകർ ഉപയോഗിച്ച പതാകയിൽ മുകളിൽ പച്ചയും താഴെ വെള്ളയുമുള്ള എംഎസ്എഫ് പതാകയുടെ പ്രതീകാത്മക കൊടിയാണ് വടിയിൽ കെട്ടി വീശിയത്. അത് ചിത്രങ്ങളിൽ വ്യക്തവുമാണ്. പിന്നീട് വടി പൊട്ടിയപ്പോൾ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. അനാവശ്യ വിവാദമുണ്ടാക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് ജനാതപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും മിസ്ഹബ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP