Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്ക് ധരിച്ചില്ലെങ്കിൽ ആറുമാസം തടവും 5000 രൂപ പിഴയും; എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകൾ ഭേദ​ഗതി ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ; ക്വാറന്റൈൻ ചട്ടങ്ങളും കർശനമാക്കിയത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ

മാസ്ക് ധരിച്ചില്ലെങ്കിൽ ആറുമാസം തടവും 5000 രൂപ പിഴയും; എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകൾ ഭേദ​ഗതി ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ; ക്വാറന്റൈൻ ചട്ടങ്ങളും കർശനമാക്കിയത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ലോകമെമ്പാടും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാ​ഗമായിരിക്കുകയാണ് മാസ്ക്. വൈറസ് വ്യാപനം ചെറുക്കുന്നതിന് ലോകമെമ്പാടും പൊതുഇടങ്ങളിൽ മനുഷ്യർ മാസ്ക് ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ, വളരെയധികം പേരാണ് ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിൽ മാസ്കോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ പൊതുഇടങ്ങളിൽ എത്തുന്നത്. അത്തരക്കാരെ പാഠംപഠിപ്പിക്കാൻ തന്നെയാണ് ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ഉത്തരാഖണ്ഡിൽ ആറുമാസം തടവും 5000 രൂപ പിഴയും ലഭിച്ചേക്കും.

മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സർക്കാർ ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനും ഒഡീഷയ്ക്കും പിന്നാലെ എപ്പിഡമിക് ആക്ടിൽ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലും മാസ്‌ക് ധരിക്കാത്തവർക്ക് 5000 രൂപയാണ് പിഴ. മാസ്‌ക് ധരിച്ചില്ലെങ്കിൽ ഡൽഹിയിൽ 1000 രൂപയും യു.പിയിൽ 500 രൂപയും ഛത്തീസ്‌ഗഢിൽ നൂറ് രൂപയും പിഴ നൽകേണ്ടിവരും. കോവിഡ് കേസുകൾ 1700 കടക്കുകയും 21 പേർ മരിക്കുകയും ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് മാസ്‌ക് ധരിക്കാത്തവർക്ക് തടവും പിഴയും ലഭിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. ക്വാറന്റൈൻ ചട്ടങ്ങളും കടുപ്പിച്ചിട്ടുണ്ട്.

വൈറസ് വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെയും വായിലൂടെയുമാണ് എന്നതിനാലാണ് മാസ്ക് ധരിക്കുന്നത് കൂടുതൽ ഫലപ്രദമാകുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം മാസ്ക് ധരിക്കലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാമൂഹിക അകലത്തേക്കാൾ മാസ്കാണ് കൂടുതൽ മികച്ച മാർഗമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മാസ്ക് ധരിക്കുന്നതിലൂടെ ആയിരക്കണക്കിന് പേർക്ക് രോഗവ്യാപനത്തിൽ നിന്നും രക്ഷനേടാനാകും. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് പഠനത്തിലാണ് മാസ്കിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിലവിൽ സാമൂഹിക അകലവും ലോക്ക്ഡൗണുമാണ് മിക്ക രാജ്യങ്ങളിലും അനുവർത്തിക്കുന്നത്. കോവിഡ് രൂക്ഷമായ ഇറ്റലിയിൽ ഏപ്രിൽ 6 മുതലാണ് മാസ്ക് നിർബന്ധമാക്കിയത്. ന്യൂയോർക്കിൽ ഏപ്രിൽ 17 നും മാസ്ക് നിർബന്ധമാക്കി. ഇതിന് ശേഷം രോഗവ്യാപനം കുറഞ്ഞതായി പഠനം പറയുന്നു.

ന്യൂയോർക്കിൽ മാസ്ക് നിർബന്ധമാക്കിയതിന് ശേഷം രോഗവ്യാപനം ദിവസേന മൂന്ന് ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ. ഇതേസമയം, മാസ്ക് നിർബന്ധമാക്കിതിരുന്ന മറ്റ് പ്രദേശങ്ങളിൽ രോഗവ്യാപനം കൂടിയെന്നും പഠനം പറയുന്നു.സാമൂഹിക അകലം, ക്വാറന്റൈൻ, ഐസൊലേഷൻ, സാനിറ്റൈസിങ് എന്നീ മാർഗങ്ങളായിരുന്നു ഇറ്റലിയിലും ന്യൂയോർക്കിലും മാസ്ക് നിർബന്ധമാക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ വൈറസ് പകരുന്നത് തടയാൻ മാസ്ക് നിർബന്ധമാക്കിയതിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് പഠനം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP