Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജയിലിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഐ.എ.എസുകാരുടെ പഞ്ചനക്ഷത്ര സത്കാരം വേണ്ടെന്ന് ശിവശങ്കർ; വിരമിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുക്കിയ വിടവാങ്ങൽ സത്കാരം ഉപേക്ഷിച്ച് ഐ.എ.എസ് അസോസിയേഷൻ; ശിവശങ്കറിന് കലിപ്പായത് ജയിലിൽ കിടന്നപ്പോൾ ഐ.എ.എസുകാരെല്ലാം ശത്രുവായി കണ്ടത്; ആകെ സഹായിച്ചത് ആഭ്യന്തര സെക്രട്ടറി വി.വേണു മാത്രം

ജയിലിൽ കിടന്നപ്പോൾ തിരിഞ്ഞുനോക്കാത്ത ഐ.എ.എസുകാരുടെ പഞ്ചനക്ഷത്ര സത്കാരം വേണ്ടെന്ന് ശിവശങ്കർ;  വിരമിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുക്കിയ വിടവാങ്ങൽ സത്കാരം ഉപേക്ഷിച്ച് ഐ.എ.എസ് അസോസിയേഷൻ; ശിവശങ്കറിന് കലിപ്പായത് ജയിലിൽ കിടന്നപ്പോൾ ഐ.എ.എസുകാരെല്ലാം ശത്രുവായി കണ്ടത്; ആകെ സഹായിച്ചത് ആഭ്യന്തര സെക്രട്ടറി വി.വേണു മാത്രം

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: നാളെ വിരമിക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐ.എ.എസ് അസോസിയേഷൻ വിരമിക്കുന്നവർക്ക് പതിവായി നൽകാറുള്ള വിടവാങ്ങൽ ചടങ്ങിൽ നിന്ന് പിന്മാറി. ഐ.എ.എസ് അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് വ്യക്തിപരമായ അസൗകര്യമുണ്ടെന്നും തനിക്കു വേണ്ടി യോഗം ചേരേണ്ടെന്നും ശിവശങ്കർ ഐ.എ.എസ് അസോസിയേഷൻ നേതാക്കളെ അറിയിച്ചു. ഇതേത്തുടർന്ന് യോഗം ഒഴിവാക്കി.

ഒരുമാസത്തോളമായി അവധിയിലാണ് ശിവശങ്കർ. അദ്ദേഹത്തിന്റെ വസതിയിലോ മറ്റോ എത്തി മംഗളം നേരാനാണ് ഐ.എ.എസ് അസോസിയേഷന്റെ പരിപാടി. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകാറുള്ള ഉപഹാരവും നൽകും. വിരമിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ആഘോഷപൂർവമായ വിടവാങ്ങൽ ചടങ്ങാണ് ഐ.എ.എസ് അസോസിയേഷൻ നൽകാറുള്ളത്. പഞ്ചനക്ഷത്ര പാർട്ടിയും കലാരൂപങ്ങളടക്കം അവതരിപ്പിച്ചും വിരമിക്കുന്നവരുടെ മനസു നിറച്ചാണ് യാത്രയാക്കുക. കേരളത്തിലെ ഐ.എ.എസുകാരെല്ലാം ഈ വേദികളിൽ ഒത്തുകൂടാറുണ്ടായിരുന്നു. എന്നാൽ ശിവശങ്കർ ഇതെല്ലാം നിഷേധിച്ചിരിക്കുകയാണ്.

1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ലൈഫ് കോഴക്കേസിലടക്കം ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്യാനിരിക്കുകയാണ്. തനിക്കെതിരേ കേസുകളുണ്ടായപ്പോൾ ഐ.എ.എസ് അസോസിയേഷനിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്നാണ് ശിവശങ്കറിന്റെ പരാതി. അഡി. ചീഫ്‌സെക്രട്ടറിയായ വി.വേണു മാത്രമാണ് ശിവശങ്കറിനെ പരസ്യമായി പിന്തുണച്ചത്.

ശിവശങ്കർ നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കേസുകൾ തള്ളിപ്പോകുമെന്നാണ് കരുതുന്നതെന്നും വി.വേണു ഫേസ്‌ബുക്കിൽ കുറിക്കുകയായിരുന്നു. ശിവശങ്കറിന് ജാമ്യം ലഭിച്ചതിൽ തനിക്കുള്ള സന്തോഷം വാക്കുകളിൽ വിശദീകരിക്കാനാവാത്തതാണ്. കഥകൾ കെട്ടിച്ചമച്ച്, ശിവശങ്കറിനെ വേട്ടയാടിയ ഭൂരിഭാഗം മാധ്യമങ്ങളുടെയും പെരുമാറ്റം മാപ്പുനൽകാനാവാത്ത നിലയിലായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശിവശങ്കറിനെ പിന്തുണച്ച് ആദ്യമായാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്. കേന്ദ്രം വിശദീകരണം തേടാനിടയുണ്ടായിട്ടും വേണു തന്നെ പിന്തുണച്ചെന്ന് പലരോടും ശിവശങ്കർ പറഞ്ഞിരുന്നു.

അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവൃത്തികൾക്കും നയങ്ങൾക്കുമെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിമർശനം നടത്താൻ പാടില്ല. മാധ്യമവാർത്തകളല്ലാതെ, കോടതിയിൽ കേന്ദ്രഏജൻസികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ വേണു കണ്ടിട്ടില്ലെന്നിരിക്കെയാണ്, ഈ അഭിപ്രായപ്രകടനമെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തെ അറിയിച്ചിരുന്നു. ജാമ്യം കിട്ടിയാൽ നിരപരാധിയാണെന്ന് പറയാനാവില്ലെന്നിരിക്കെയാണ്, കേസുകൾ തള്ളിപ്പോവുമെന്ന വേണുവിന്റെ അഭിപ്രായ പ്രകടനമെന്നും ഐ.ബി റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു കാലത്ത് കേരളത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പടിയിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതമായ അധികാരവും ജാഗ്രതയില്ലാത്ത ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്ക്. എൻജിനീയറിംഗിലും മാനേജ്‌മെന്റിലും ഉന്നതവിജയം. മലപ്പുറം കളക്ടറായി മിന്നിയ ശിവശങ്കറിനെ തേടി ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി പദവികളെത്തി. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുണ്ടാക്കി പവർകട്ട് ഒഴിവാക്കി. ശിവശങ്കർ സ്പോർട്‌സ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് നടത്തിയത്. മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ പ്രധാന ഫയലുകളും പരിശോധിക്കുകയും ശുപാർശ നൽകുകയും ചെയ്തിരുന്നത് ശിവശങ്കറാണ്. കെ ഫോൺ, കോക്കോണിസ് തുടങ്ങിയ ഐ ടി വകുപ്പിന്റെ പദ്ധതികളിൽ ശിവശങ്കറിന്റെ തീർപ്പ് അന്തിമമായി. ഐ ടി, പൊലീസ് വകുപ്പുകളുടെ പർച്ചേസുകളിലും ഇടപെട്ടു. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിങ് കോളജിൽ ബിടെക്ക്. അവിടെ കോളജ് യൂണിയൻ ചെയർമാൻ. ഗുജറാത്തിലെ 'ഇർമ'യിൽ നിന്ന് റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ. കുറെക്കാലം റിസർവ് ബാങ്കിൽ ഓഫീസർ. പിന്നീട് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കളക്ടർ. ആ പദവിയിൽ ഇരിക്കെ 1995ൽ കൺഫേഡ് ഐ. എ.എസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐ.എ.എസിൽ സ്ഥിരപ്പെടുത്തി.

യു.എ.ഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരിക്കെ സ്വപ്നാസുരേഷിനെ പരിചയപ്പെട്ടതാണ് ശിവശങ്കറിന്റെ ജീവിതം മാറ്റിമറിച്ചത്. കോൺസുലേറ്റുമായുള്ള ഔദ്യോഗിക ഇടപാടുകൾക്ക് സർക്കാർ ചുമതലപ്പെടുത്തിയ ശിവശങ്കർ പിന്നീട് സ്വപ്നയുടെ അടുപ്പക്കാരനായി മാറി. അവരുടെ കുടുംബപ്രശ്‌നങ്ങളിൽ പോലും ഇടപെടുകയും കള്ളപ്പണ ഇടപാടിലടക്കം കുടുങ്ങുകയും ചെയ്തു. പതിവായുള്ള ഔദ്യോഗിക ബന്ധം സ്വപ്നയും കുടുംബവുമായും സൗഹൃദത്തിനിടയാക്കി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാഴ്‌സൽ പിടികൂടിയ ശേഷമാണ് സ്വപ്നയും സുഹൃത്തുക്കളും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഓഫിസ് ദുരുപയോഗിച്ചുവെന്നും ആരോപണമുയർന്നത്. പിന്നീട് സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വർണക്കടത്ത് പ്‌റതികൾക്കായി സെക്‌റട്ടേറിയറ്റിനു സമീപം ഫ്‌ളാറ്റ് എടുക്കാൻ സഹായിച്ചതും സ്വപ്നയ്ക്കായി ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സ്വപ്നയ്ക്കു സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്താൻ ഇടപെട്ടതും ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കു കമ്മിഷൻ കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയമുനയിലാക്കി.

സ്വപ്നയുമൊത്ത് നടത്തിയ വിദേശയാത്രകളും കുരുക്കായി. ഇതിൽ ഏറെയും ദുബായ് യാത്‌റകളായിരുന്നു. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷനും സ്വർണക്കടത്തിൽനിന്നു ലഭിച്ച പണവും ഡോളറാക്കി സ്വപ്ന ദുബായിലേക്കു കടത്തിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിന് ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്. കോൺസുലേറ്റ് വിട്ട സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടലിനെ തുടർന്നാണെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഷാർജ ഭരണാധികാരിയിൽനിന്നു സ്വപ്നയ്ക്കു ടിപ്പായി ലഭിച്ച പണം അക്കൗണ്ട് ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം അനുസരിച്ചാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നാണു ശിവശങ്കർ പറഞ്ഞത്. ഇതിന് 12 മാസത്തോളം പിന്നിട്ട ശേഷമാണ് സ്വർണക്കടത്ത് കേസിൽ സ്വപ്ന ആരോപണവിധേയയായതെന്നും ശിവശങ്കർ പറഞ്ഞിരുന്നു. സ്വപ്നയല്ല, ശിവശങ്കറാണ് സ്വർണക്കടത്ത് നിയന്ത്രിച്ചതെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് ഇ.ഡി പറയുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ദുരൂഹത നിറഞ്ഞതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP