Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന ഈന്തപ്പഴം സംസ്ഥാനത്താകെ വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് എം.ശിവശങ്കർ തന്നെ; നികുതിയില്ലാതെ എത്തിച്ച ഈന്തപ്പഴം പുറത്തുകൊടുത്തത് ചട്ടവിരുദ്ധം; ഏറ്റവും കൂടുതൽ വിതരണം ചെയ്തത് തൃശൂർ ജില്ലയിൽ: 1257.25 കിലോ; കുറവ് ആലപ്പുഴയിലും: 234 കിലോ; സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തു; രേഖകൾ പുറത്ത്

നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന ഈന്തപ്പഴം സംസ്ഥാനത്താകെ വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് എം.ശിവശങ്കർ തന്നെ; നികുതിയില്ലാതെ എത്തിച്ച ഈന്തപ്പഴം പുറത്തുകൊടുത്തത് ചട്ടവിരുദ്ധം; ഏറ്റവും കൂടുതൽ വിതരണം ചെയ്തത് തൃശൂർ ജില്ലയിൽ: 1257.25 കിലോ; കുറവ് ആലപ്പുഴയിലും: 234 കിലോ; സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തു; രേഖകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന് ശേഷം പുറത്തുവിതരണം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നെ. യു.എ.ഇ. കോൺസുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തിൽ കസ്റ്റംസ് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ശിവശങ്കറിന്റെ വാക്കാലുള്ള നിർേേദ്ദാശപ്രകാരമാണ് നടപടിയെന്ന് സാമൂഹ്യനീതി വകുപ്പ് മറുപടി നൽകുകയും ചെയ്തു.

17,000 കിലോ ഈന്തപ്പഴം ഈന്തപ്പഴം സ്‌പെെഷ്യൽ സ്‌കൂളുകളിൽ വിതരണം ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഏതൊക്കെ സ്‌കൂളിൽ കൊടുത്തു, ഏതൊക്കെ സ്ഥലങ്ങളിലെ സ്‌കൂളുകളിലാണ് ഈന്തപ്പഴം വിതരണം നടത്തിയത്, എങ്ങനെയാണ് വിതരണം ചെയതത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ആരാഞ്ഞത്. നികുതിയിളവ് സർട്ടിഫിക്കറ്റുകളുടെ രേഖകളുടെ കൂട്ടത്തിൽ 17,000 കിലോ ഈന്തപ്പഴത്തിന്റെ വിവരങ്ങളുമുണ്ട്.

നികുതിയിളവിനായി സർട്ടിഫിക്കറ്റ് സമർപ്പിച്ച യു.എ.ഇ. കോൺസുലേറ്റ് ഈന്തപ്പഴം കൊണ്ടുവരുന്നത് കോൺസുലേറ്റ് ആവശ്യങ്ങൾക്കാണെന്നാണ് അറിയിച്ചത്. ഇപ്രകാരം നികുതിയിളവ് ലഭിച്ച വസ്തുക്കൾ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. പുറത്ത് വിതരണം ചെയ്യണമെങ്കിൽ നികുതി നൽകേണ്ടതുണ്ട്. 39,894 പേർക്ക് 250ഗ്രാം വീതം 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളിൽ വിതരണം ചെയ്തതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

തൃശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് 1257.25 കിലോ. കുറവ് ആലപ്പുഴയിൽ 234 കിലോ. സാമൂഹ്യനീതി വകുപ്പിനോട് ഐടി സെക്രട്ടറി ഈന്തപ്പഴ വിതരണത്തിനു നിർദ്ദേശിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരികയാണ്.സ്വപ്നയ്ക്കു പരിചയമുള്ള ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും ഈന്തപ്പഴം വിതരണം ചെയ്തതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരത്ത് 697 കിലോയും, കൊല്ലത്ത് 571 കിലോയും പത്തനംതിട്ടയിൽ 240 കിലോയും
ആലപ്പുഴയിൽ 234 കിലോയും കോട്ടയംത്ത് 818 കിലോയും ഇടുക്കിയിൽ 590.75 കിലോയും എറണാകുളത്ത് 1060.5 കിലോയും തൃശൂരിൽ 257.25 കിലോയും പാലക്കാട് 1012.75 കിലോയും മലപ്പുറത്ത് 1195 കിലോയും കോഴിക്കോട്756 കിലോയും വയനാട്586.25 കിലോയും കണ്ണൂർ510.75 കിലോയും കാസർകോട്444.25കിലേയും വിതരണം ചെയ്തതയാണ് രേഖകൾ സൂചിപ്പിക്കുന്നത്.

മൂന്ന് വർഷം കൊണ്ടാണ് 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.

നിർണായകമായത് ടി.വി.അനുപമയുടെ മൊഴി

യുഎഇ കോൺസുലേറ്റ് ഈന്തപ്പഴം ഇറക്കുമതി ചെയ്തതിന് പിന്നിൽ ശിവശങ്കരാണെന്ന് വ്യക്തമായത് ടി.വി.അനുപമ കസ്റ്റംസിന് മൊഴി നൽകിയതോടെയാണ്. ഈന്തപ്പഴം വിതരണം ചെയ്തപ്പോൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു അനുപമ. പരിപാടി സംഘടിപ്പിച്ചത് എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമെന്നാണ് ഇവരുടെ മൊഴി. യുഎഇ കോൺസുലേറ്റുമായി കത്തിടപാടുകൾ നടന്നിട്ടില്ല. സാമൂഹ്യനീതി വകുപ്പ് ഈന്തപ്പഴം വിതരണം ചെയ്തത് അനാഥാലയങ്ങളിലാണെന്നും അനുപമ വ്യക്തമാക്കി.

ഈന്തപ്പഴത്തിനും സ്വപ്‌ന കമ്മീഷൻ വാങ്ങി

യുഎഇ കോൺസുലേറ്റിന്റെ പേരിൽ 2017 ൽ നയതന്ത്ര ചാനൽ വഴി കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴത്തിനും സ്വപ്ന സുരേഷ് കമ്മിഷൻ വാങ്ങിയെന്നാണ് റിപ്പോർട്ട്. ഇത് മനസ്സിലാക്കിയാണ് കസ്റ്റംസ് കേസെടുത്തത്. എൻഐഎയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിലാണു സ്വപ്ന ഇതു സമ്മതിച്ചത്. ദുബായിൽ നിന്നും കേരളത്തിൽ നിന്നും കമ്മിഷൻ കിട്ടിയെന്നാണു വിവരം. ഇവിടെ കുട്ടികൾക്ക് ദുബായ് ഭരണാധികാരിയുടെ സമ്മാനം വന്നതിന് എന്തിനാണ് സ്വപ്ന സുരേഷിന് കമ്മീഷൻ നൽകിയത് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേരളത്തിലെ അനാഥാലയങ്ങളിലെയും സ്പെഷൽ സ്‌കൂളുകളിലെയും കുട്ടികൾക്കുള്ള ദുബായ് ഭരണാധികാരിയുടെ സമ്മാനം എന്ന നിലയിലാണു സർക്കാർ ഇത് ഏറ്റുവാങ്ങി വിതരണം ചെയ്തത്. മുഖ്യമന്ത്രിയും മറ്റും പങ്കെടുത്ത് ഉദ്ഘാടനവും നടന്നു. സ്വപ്നയായിരുന്നു ചടങ്ങിലെ പ്രധാനി. കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള ഈന്തപ്പഴം എന്നാണു കസ്റ്റംസിനെ അറിയിച്ചത്. അതെങ്ങനെ സമ്മാനമായി സർക്കാരിന് നൽകിയെന്നതും വിചിത്രമാണ്.

കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം സ്വപ്നയും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തും ചേർന്നാണ് ഏറ്റുവാങ്ങിയത്. ഇതു വിതരണം ചെയ്തതിന്റെ കണക്കും അനുബന്ധ ഉത്തരവുകളും ആവശ്യപ്പെട്ടു പൊതുഭരണ, സാമൂഹികനീതി വകുപ്പുകൾക്കു കസ്റ്റംസ് കത്തു നൽകിയിരുന്നു. എന്നാൽ കൃത്യമായ കണക്കോ ഉത്തരവുകളോ അവരുടെ മറുപടിയിൽ ഇല്ല. വാക്കാൽ നിർദ്ദേശം ലഭിച്ചതേയുള്ളൂവെന്നാണു സാമൂഹികനീതി വകുപ്പിന്റെ നിലപാട്. ഈന്തപ്പഴത്തിനൊപ്പം സ്വർണ്ണവും കള്ളപ്പണവും എത്തിയിട്ടുണ്ടെന്ന നിഗമനവും കസ്റ്റംസിനുണ്ട്.

കേരളത്തിലെ അനാഥകുട്ടികളുടെ പേരിൽ കൊണ്ടുവന്ന ഈന്തപ്പഴം ചില സർക്കാർ ഓഫീസുകളിലേക്കും, ഉന്നതരുടെ വീടുകളിലേക്കും, സൽക്കാരങ്ങളിലേക്കും ആണ് ഒഴുകിയത്. എൻഐഎയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിലാണു സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കൊണ്ട് വന്ന ഈന്തപ്പഴം പല പ്രമുഖരും പെട്ടിക്കണക്കിനാണ് കൊണ്ടുപോയത്.

വിദേശസഹായ നിയന്ത്രണ ചട്ടലംഘനം

ഈന്തപഴ വിതരണം വിദേശസഹായ നിയന്ത്രണ ചട്ടത്തിന്റെ (എഫ്സിആർഎ) ലംഘനമാണെന്നു കസ്റ്റംസ് കണ്ടെത്തിയതിനാൽ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ,സംഭവത്തിലും സിബിഐ കേസ് എടുക്കുമെന്ന് ഉറപ്പാവുകയാണ്. എഫ്സിആർഎ ലംഘനങ്ങളെല്ലാം സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് സ്പെഷ്യൽ സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന യു.എ.ഇ. കോൺസുലേറ്റിന്റെ പദ്ധതിയിൽ, വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങിൽ മാത്രമെന്ന സൂചനകളുമുണ്ട്.

2017-ൽ റംസാന്റെ ഭാഗമായാണ് നാൽപ്പതിനായിരത്തോളം പ്രത്യേക സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഈന്തപ്പഴം വിതരണംചെയ്യാൻ കോൺസുലേറ്റ് തീരുമാനിച്ചത്. എന്നാൽ, ഉദ്ഘാടനത്തിൽ 15 കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്തിരുന്നെങ്കിലും സ്‌കൂളുകളിൽ ഇത് എത്തിച്ചിരുന്നില്ലെന്ന് ബഡ്‌സ് സ്‌കൂളുകളുടെ ചുമതലയുള്ള കുടുംബശ്രീ അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നരവർഷംകൊണ്ട് കോൺസുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴം എത്തിയിരുന്നെന്ന കണക്ക് സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.

ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷും യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തിന്റെ ചേംബറിൽ െവച്ചുതന്നെ പരിപാടി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ 15 വിദ്യാർത്ഥികൾക്ക് ഈന്തപ്പഴം നൽകിയായിരുന്നു ഉദ്ഘാടനം. ഓരോ കുട്ടിക്കും 250 ഗ്രാം വീതം ഈന്തപ്പഴം വിതരണം ചെയ്യുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.

എന്നാൽ, ബഡ്സ് സ്‌കൂളുകളിൽ ഈന്തപ്പഴ വിതരണം നടന്നതായി അറിയില്ലെന്ന് കുടുംബശ്രീ അധികൃതർ പറയുന്നു. ചാരിറ്റി പോലുള്ള സഹായങ്ങൾ കുടുംബശ്രീ സ്വീകരിക്കില്ല. ബഡ്സ് സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല. തദ്ദേശസ്ഥാപന പ്രതിനിധി, രക്ഷകർത്താക്കളുടെ പ്രതിനിധി, അദ്ധ്യാപക പ്രതിനിധി എന്നിവർ ഉൾപ്പെട്ട മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യുന്ന സൊസൈറ്റിയാണ് ചാരിറ്റി പോലുള്ളവ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും കുടുംബശ്രീ അധികൃതർ അറിയിച്ചു.

2016 ഒക്ടോബറിൽ തിരുവനന്തപുരത്ത് യു.എ.ഇ. കോൺസുലേറ്റ് ആരംഭിച്ച ശേഷം കോൺസൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനായി 17,000 കിലോഗ്രാം ഈന്തപ്പഴം എത്തിയിട്ടുണ്ടെന്നാണ് സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP