Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹിന്ദി ക്ലാസിൽ കയറാൻ മടിച്ച വിദ്യാർത്ഥികൾ മുങ്ങി ബാത്ത് റൂമിൽ കയറിയിരുന്നു; ക്ലാസിൽ കയറാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ അടുത്താണോ ഹിന്ദി പഠിക്കാൻ പോയതെന്ന് ടീച്ചർ ചോദിച്ചത് പൗരത്വ വിഷയത്തിന്റെ ഭാഷ്യം നൽകി പ്രചരിപ്പിച്ച് വിദ്യാർത്ഥികൾ; പിന്നാലെ അദ്ധ്യാപികയ്ക്ക് തെറിവിളിയും ഭീഷണിയും; ഒടുവിൽ കുട്ടികൾ കുമ്പസരിച്ചപ്പോൾ സത്യം വെളിച്ചത്തായി; ശിവപുരം സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾക്ക് ഒടുവിൽ തിരശ്ശീല വീണു

ഹിന്ദി ക്ലാസിൽ കയറാൻ മടിച്ച വിദ്യാർത്ഥികൾ മുങ്ങി ബാത്ത് റൂമിൽ കയറിയിരുന്നു; ക്ലാസിൽ കയറാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ അടുത്താണോ ഹിന്ദി പഠിക്കാൻ പോയതെന്ന് ടീച്ചർ ചോദിച്ചത് പൗരത്വ വിഷയത്തിന്റെ ഭാഷ്യം നൽകി പ്രചരിപ്പിച്ച് വിദ്യാർത്ഥികൾ; പിന്നാലെ അദ്ധ്യാപികയ്ക്ക് തെറിവിളിയും ഭീഷണിയും; ഒടുവിൽ കുട്ടികൾ കുമ്പസരിച്ചപ്പോൾ സത്യം വെളിച്ചത്തായി; ശിവപുരം സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾക്ക് ഒടുവിൽ തിരശ്ശീല വീണു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പൗരത്വ പ്രശ്‌നത്തിന്റെ രാഷ്ട്രീയച്ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ പൗരത്വപ്രശ്‌നം തലവേദനയായി കണ്ണൂർ ഉരുവച്ചാൽ ശിവപുരം ഹയർസെക്കണ്ടറി സ്‌കൂളിനും. രണ്ടു വിദ്യാർത്ഥികളെ വിളിച്ച് ഒരു ടീച്ചർ പൗരത്വപ്രശ്‌നവുമായി ബന്ധപ്പെട്ടു ഭീഷണി മുഴക്കിയെന്ന വിദ്യാർത്ഥികളുടെ ആരോപണമാണ് പൗരത്വ പ്രശ്‌നം സ്‌കൂളിനെ മുൾമുനയിൽ നിർത്തിയത്. ചില രാഷ്ട്രീയ നേതാക്കൾ ഫെയ്‌സ് ബുക്കിൽ പ്രശ്‌നം മതപരമായി അവതരിപ്പിക്കുക കൂടി ചെയ്തതോടെ സോഷ്യൽ മീഡിയയിലും വിവാദം പതഞ്ഞുയർന്നു. ടീച്ചർ വിദ്യാർത്ഥികളെ വിളിച്ച് ഭീഷണി മുഴക്കിയോ? സംഭവം ശരി തന്നെയാണോ എന്ന് ഉറപ്പു വരുത്താതെയാണ് കാളപെറ്റു എന്ന് കേട്ടതോടെ കയറെടുത്ത് സോഷ്യൽ മീഡിയയിൽ ആക്രോശവും വെല്ലുവിളികളുമായി ചിലർ നിറഞ്ഞു നിന്നത്.

പ്രശ്‌നം കത്തിയപ്പോൾ സ്‌കൂൾ അധികൃതർ പ്രശ്‌നമുണ്ടാക്കിയ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ക്ലാസിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറച്ചധികം പേരാണ് ഇന്നു സ്‌കൂളിലേക്ക് വന്നത്. ഒടുവിൽ കുട്ടികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ എത്തിയവർക്ക് മുന്നിൽ സ്‌കൂൾ അധികൃതർ ഇന്നു കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് പ്രശ്‌നം കെട്ടടങ്ങിയത്. ഹിന്ദി ക്ലാസിൽ മുങ്ങി ബാത്ത്‌റൂമിൽ നിന്നിരുന്ന കുട്ടികൾ പിടിക്കപ്പെട്ടപ്പോൾ സ്റ്റാഫ് റൂമിൽ വരുത്തി ചോദ്യം ചെയ്തപ്പോൾ ഒരു ടീച്ചർ പറഞ്ഞ കമന്റാണ് പിന്നീട് പൗരത്വ പ്രശ്‌നമായി പ്രചരിച്ചത്. ഇതര സംസ്ഥാനക്കാർ സ്‌കൂളിൽ കെട്ടിടം പണിക്ക് വന്ന ഇതര സംസ്ഥാന ജോലിക്കാരിൽ നിന്ന് ഹിന്ദി പഠിക്കാനാണോ ക്ലാസിൽ നിന്നും മുങ്ങിയത് എന്ന് ചോദിച്ചപ്പോൾ കുട്ടികൾ പൗരത്വ പ്രശ്‌നമായി അത് കൂട്ടിയിണക്കി. ഒപ്പം പ്രശ്‌നം സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22 എന്ന തീയതി ഇതിൽ കടന്നു വരുകയും ചെയ്തതോടെ വിവാദത്തിനു വർഗീയ നിറം പൂർണമായി. പക്ഷെ സ്‌കൂൾ അധികൃതരുടെ വിശദീകരണം കേട്ടപ്പോൾ കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുത്തവർ ഇളിഭ്യരായി മാറുകയും ചെയ്തു. അദ്ധ്യാപകർക്കും ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ കരുതി പ്രതികരിക്കാൻ ഇന്നു സ്‌കൂളിൽ ചേർന്ന യോഗം അദ്ധ്യാപകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ശിവപുരം സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയ സംഭവ പരമ്പര ഇങ്ങനെ:

ഹിന്ദി ക്ലാസിൽ പോകാതെ ചില കുട്ടികൾ മുങ്ങി. ഇവർ ബാത്ത്‌റൂമിൽ കയറിയിരുന്നു. രണ്ടു വിദ്യാർത്ഥികൾ ബാത്ത്‌റൂമിൽ നിൽക്കുന്നത് അദ്ധ്യാപകർ കണ്ടുപിടിച്ചു. അവരെ സ്റ്റാഫ് റൂമിലേക്ക് വരുത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന അദ്ധ്യാപിക ഏതാണ് വിഷയം എന്ന് തിരക്കി. ഹിന്ദി ക്ലാസിൽ നിന്നാണ് വിദ്യാർത്ഥികൾ മുങ്ങിയത്. അവിടെ പുതിയ കെട്ടിടം പണി നടക്കുന്നുണ്ട്. നിർമ്മാണത്തിനു ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഹിന്ദി ക്ലാസിൽ പോകാതെ തൊഴിലാളികളുടെ അടുത്ത് നിന്ന് ഹിന്ദി പഠിക്കുകയാണോ എന്നാണ് അദ്ധ്യാപിക ചോദിച്ചത്. കുട്ടികൾ ഇത് വിഷയമാക്കി. സമയം വൈകാതെ കുട്ടികൾ ഇതിനു പൗരത്വ പ്രശ്‌നത്തിന്റെ ഭാഷ്യവും നൽകി. അതുവരെ ഇല്ലാതിരുന്ന ജനുവരി 22 എന്ന തീയതി കടന്നുവരുകയും ചെയ്തു. വിവാദം പൗരത്വ പ്രശ്‌നമായ്തും ജനുവരി 22 കടന്നുവന്നതും ഒന്നും ആ അദ്ധ്യാപിക അറിഞ്ഞില്ല. സംഭവം സോഷ്യൽ മീഡിയയിൽ കത്തിയതോടെയാണ് ജനുവരി 22 എന്ന തീയതി കടന്നു വന്നതും, ഈ തീയതിയിലാണ് പൗരത്വഭേദഗതി നിയമം സുപ്രീംകോടതിക്ക് മുൻപാകെ വരുന്നതും എന്നും അദ്ധ്യാപിക അറിയുന്നത്. പക്ഷെ കുട്ടികളുടെ ഭാഷ്യം ദേശത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സോഷ്യൽ മീഡിയവഴി സഞ്ചാരം തുടങ്ങിയിരുന്നു. ഒപ്പം ഭീഷണികളുടെ ഒഴുക്കും. ഇതോടെ മതപരമായ പ്രശ്‌നമായതിനാൽ കാര്യംവിട്ടു പോകുമോ എന്ന ആശങ്കയായി സ്‌കൂൾ അധികൃതർക്കും.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവാദം സോഷ്യൽ മീഡിയയിൽ കത്തിയത്. പ്രതിഷേധാഗ്‌നി ആളിക്കത്തിക്കാൻ സ്‌കൂൾ ടീച്ചറുടെ ഫോട്ടോ സഹിതമാണ് കുട്ടികളുമായി സംസാരിച്ച ടീച്ചറുടെ വർഗീയത അറിയുക എന്ന് പറഞ്ഞു ഫെയ്‌സ് ബുക്കിൽ പോസ്റ്റുകൾ ചിലർ നിരത്തിയത്. ''നല്ലോണം ഹിന്ദി പഠിച്ചോ, ജനുവരി 22 ആം തീയതിക്ക് ശേഷം നിങ്ങൾ ഇവിടെ നിന്ന് പോകേണ്ടതല്ലേ' എന്ന് വർഗീയതയോടും പരിഹാസച്ചുവയോടും സംസാരിച്ചു എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിദ്യാർത്ഥികളുടെ ഹൃദയം നുറുങ്ങിപ്പോയെന്നും തങ്ങൾക്ക് ഇന്ത്യയിൽ നിന്നും പോകേണ്ടി വരുമെന്ന് നിഷ്‌ക്കളങ്കതതയോടെ കുട്ടികൾ ചോദിച്ചുവെന്നും പ്രചരിച്ചതോടെ വിവാദത്തിനു വർഗീയ മാനം കൈവരുകയും ചെയ്തു. ഇതോടെ കമന്റുകളുടെ ബഹളമായി. ആ ... മോളെയും അദ്ധ്യാപികയെ പിന്താങ്ങിയ ആ ... മോന്റെയും നമ്പർ ഒന്ന് പറയാമോ? ഭീഷണിപ്പെടുത്തിയവരുടെ കോൺടാക്റ്റ് നമ്പർ പറയാമോ? തുടങ്ങി കമന്റുകളുടെ പൊടിപൂരമായി. ഇതിന്നിടയിൽ സംഭവത്തിന്റെ സത്യാവസ്ഥ അറിയണം എന്ന ആവശ്യവുമായി ചിലർ ചോദ്യ ശരങ്ങളും കമന്റുകളായി മുഴക്കിയിരുന്നു. പക്ഷെ ഭീഷണികൾക്ക് തന്നെയാണ് മേൽക്കൈ വന്നത്. വിവാദം കത്തിയപ്പോൾ എങ്ങിനെ വിശദീകരണം നൽകണം എന്ന നിലയിലായി അദ്ധ്യാപകരും ഹെഡ്‌മാസ്റ്ററും.

കുട്ടികളോട് സംസാരിച്ച അദ്ധ്യാപകർക്കും ഭീഷണി വന്നു തുടങ്ങി. ഇതോടെ പ്രശ്‌നത്തിന്റെ നിജസ്ഥിതി പറഞ്ഞു അദ്ധ്യാപകരിൽ ചിലർ തന്നെ വിശദീകരണവുമായി ഫേസ്‌ബുക്ക് പേജിൽ വന്നു. പക്ഷെ പ്രശ്‌നം കൈവിട്ടു പോയിരുന്നു. പൗരത്വ പ്രശ്‌നത്തിൽ പ്രതിഷേധം കത്തുന്നതിന്നിടയിലാണ് സ്‌കൂൾ പ്രശ്‌നവും കടന്നുവന്നത് എന്നതിനാൽ പൗരത്വ പ്രശ്‌നത്തിൽ സജീവമായവർ സ്‌കൂൾ പ്രശ്‌നത്തിലും ഇടപെട്ടു. കുട്ടികളോട് സംസാരിച്ചപ്പോൾ തന്നെ സ്‌കൂൾ അധികൃതർക്ക് കാര്യങ്ങളും മനസിലായി. ഒടുവിൽ നാട്ടുകാർ സ്‌കൂളിലെത്തിയതോടെയാണ് യാഥാർത്ഥ്യം എല്ലാവര്ക്കും ബോധ്യമായത്.

സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം:

സ്‌കൂളിൽ ചില ചെറിയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെ ആഫ്റ്റർ എഫക്റ്റ് ആണിത്. പൗരത്വ പ്രശ്‌നം സ്‌കൂളിലെ ഒരു ടീച്ചറും ഉയർത്തിയിട്ടില്ല. കുട്ടികൾ ചില വ്യാഖ്യാനങ്ങൾ നൽകുകയായിരുന്നു. കുട്ടികൾക്ക് ചില പ്രശ്‌നങ്ങളുടെ പേരിൽ അദ്ധ്യാപകരോട് അമർഷമുണ്ട്. ഇവർ ഈ പ്രശ്‌നം മനസിലിട്ട് ഒരു കളി കളിച്ചതാണ്. സ്‌കൂളിലെ വിനോദ സഞ്ചാരയാത്രയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ വേറെയുമുണ്ട്. സ്‌കൂളിൽ കെട്ടിടം പണി നടക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരാണ് കെട്ടിടം പണിയുന്നത്. കുട്ടികളെ ബാത്ത് റൂമിൽ നിന്നാണ് പിടിച്ചത്. ക്ലാസിൽ കയറാതെ ഇവർ കറങ്ങി നടക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ കൊണ്ട് വന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കമന്റുകൾ വന്നത്. ഹിന്ദി ക്ലാസിൽ പോകാതെ തൊഴിലാളികളിൽ നിന്നും ഹിന്ദി പഠിക്കുകയാണോ എന്ന് പരിഹാസരൂപേണ ചോദിച്ചതാണ്. ഇത് കുട്ടികൾ ഒരു വിഷയമാക്കി.

പൗരത്വ പ്രശ്‌നവും ജനുവരി 22 ഉം കുട്ടികൾ ചേർത്തതാണ്. ഇതോന്നും അദ്ധ്യാപകർ അറിഞ്ഞില്ല. വിവാദമായപ്പോഴാണ് സംഭവങ്ങൾ ഞങ്ങളും അറിയുന്നത്. 22 ആം തീയതി നിങ്ങൾക്ക് പോകേണ്ടതല്ലേ എന്ന് ടീച്ചർ പറഞ്ഞു എന്നാണ് കുട്ടികൾ പറയുന്നത്. 22 നു എന്ത് സംഭവിക്കുന്നു എന്ന വിവരം പോലും ടീച്ചർക്കറിയില്ല. ഞങ്ങൾ പറഞ്ഞപ്പോഴാണ് ടീച്ചർ ഈ കാര്യം അറിയുന്നത്. ക്രിസ്മസ് സമയത്ത് കുട്ടികൾ സ്വന്തമായി ഒരു ടൂർ നടത്തിയിരുന്നു. ഇതിൽ ടീച്ചർമാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇത് കുട്ടികൾക്ക് അറിയാം. അതിന്റെ പ്രതിഷേധത്തിലാണ് തങ്ങളോട് വിവേചനം കാട്ടുന്നു, തങ്ങളെ പല പരിപാടികളിലും പങ്കെടുപ്പിക്കുന്നില്ല എന്നൊക്കെ കുട്ടികൾ വിളിച്ചു പറയുന്നത്. ഇത് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്താൻ പറഞ്ഞു. പക്ഷെ ഇന്നു പറഞ്ഞതിലും കൂടുതൽ പേർ വന്നു. ഞങ്ങൾ ഒരു മീറ്റിങ് വിളിച്ചു കൂട്ടി. പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഇനി ഇത്തരം പ്രശ്‌നങ്ങളിൽ സൂക്ഷിച്ച് ഇടപെടണമെന്നു  ഞങ്ങൾ ടീച്ചർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്-ഹെഡ്‌മാസ്റ്റർ ഗോപി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP