Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഭജിച്ചതു കൊണ്ട് മാത്രമായില്ല ഭക്തിയിൽ മനസുണരണമെന്ന് പറഞ്ഞ ഗുരുദേവൻ; മനസറിഞ്ഞു പ്രാർത്ഥിച്ചില്ലെങ്കിൽ നിസ്‌കാരം കൊണ്ട് അർത്ഥമില്ലെന്ന് പഠിപ്പിച്ച നബിയും; ശിവഗിരിയിലും താരമായി യുസഫലി; സ്ഥിരം തീർത്ഥാടന പന്തലിന് രണ്ട് കോടി കൂടി നൽകി ലുലു ഗ്രൂപ്പ്; പരാതികൾ വരുന്നതനുസരിച്ച് നടപടിയെടുക്കുകയാണെങ്കിൽ പ്ലാൻ അംഗീകരിച്ചിട്ടില്ലാത്ത മഹാസമാധി മന്ദിരവും ഗുരു സ്ഥാപിച്ച ശാരദാമഠവും ഗുരു മഹാസമാധി പ്രാപിച്ച വൈദികമഠവും ഇടിക്കുമോ? തീർത്ഥാടനത്തിൽ മഠം ചർച്ചയാക്കിയത് മറ്റൊരു വേദനയും

ഭജിച്ചതു കൊണ്ട് മാത്രമായില്ല ഭക്തിയിൽ മനസുണരണമെന്ന് പറഞ്ഞ ഗുരുദേവൻ; മനസറിഞ്ഞു പ്രാർത്ഥിച്ചില്ലെങ്കിൽ നിസ്‌കാരം കൊണ്ട് അർത്ഥമില്ലെന്ന് പഠിപ്പിച്ച നബിയും; ശിവഗിരിയിലും താരമായി യുസഫലി; സ്ഥിരം തീർത്ഥാടന പന്തലിന് രണ്ട് കോടി കൂടി നൽകി ലുലു ഗ്രൂപ്പ്; പരാതികൾ വരുന്നതനുസരിച്ച് നടപടിയെടുക്കുകയാണെങ്കിൽ പ്ലാൻ അംഗീകരിച്ചിട്ടില്ലാത്ത മഹാസമാധി മന്ദിരവും ഗുരു സ്ഥാപിച്ച ശാരദാമഠവും ഗുരു മഹാസമാധി പ്രാപിച്ച വൈദികമഠവും ഇടിക്കുമോ? തീർത്ഥാടനത്തിൽ മഠം ചർച്ചയാക്കിയത് മറ്റൊരു വേദനയും

മറുനാടൻ മലയാളി ബ്യൂറോ

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തിലും താരമാകുന്നത് പ്രവാസി വ്യവസായിയായ യൂസഫലി തന്നെ. മതമൈത്രിയുടെ സന്ദേശവുമായി ശിവഗിരിയിലേക്കും ശതകോടീശ്വരൻ ഓടിയെത്തി. സ്ഥിരം തീർത്ഥാടനപ്പന്തലിന്റെ നിർമ്മാണത്തിനായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസഫലി ശിവഗിരി മഠത്തിന് രണ്ടുകോടി രൂപ കൈമാറി. തീർത്ഥാടന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്താണ് യൂസഫലി രണ്ടുകോടി രൂപയുടെ ചെക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്കു കൈമാറിയത്. കഴിഞ്ഞ തീർത്ഥാടനത്തിനു വാഗ്ദാനംചെയ്ത തുകയാണ് തീർത്ഥാടകരുടെ സാന്നിധ്യത്തിൽ കൈമാറിയത്. പന്തലിനായി അദ്ദേഹം അഞ്ചരക്കോടി രൂപ നേരത്തെ നൽകിയിരുന്നു.

ശ്രീനാരായണ ഗുരുദേവനും നബി തിരുമേനിയും ഒരേ കാര്യമാണ് പ്രാർത്ഥനയെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് യൂസഫലി പറഞ്ഞു. ഭജിച്ചതുകൊണ്ട് മാത്രമായില്ല, ഭക്തിയിൽ മനസുണരണമെന്നാണ് ഗുരുദേവൻ പറഞ്ഞത്. മനസറിഞ്ഞുകൊണ്ട് പ്രാർത്ഥിച്ചില്ലെങ്കിൽ നിസ്‌കാരംകൊണ്ട് അർത്ഥമില്ലെന്നാണ് നബി പറഞ്ഞത്. രണ്ടിന്റെയും അർത്ഥം ഒന്നാണ്. മറ്റ് സമുദായങ്ങളെയും ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിക്കുകയും അതിനുവേണ്ടി പ്രബോധനങ്ങൾ നടത്തുകയും ചെയ്ത ഋഷിവര്യനാണ് ഗുരുദേവനെന്നും യൂസഫലി പറഞ്ഞു. അങ്ങനെ ശിവഗിരിയേയും കൈയിലെടുത്താണ് പ്രവാസി വ്യവസായിയുടെ മടക്കം. ഈ സന്തോഷത്തിനിടെയിലും ശിവഗിരിക്ക് ഒരു ദുഃഖമുണ്ട്. സാങ്കേതികതയുടെ പേരുപറഞ്ഞ് ശിവഗിരിയുടെ വികസനപ്രവർത്തനങ്ങൾക്കു ഭരണകേന്ദ്രങ്ങൾ തടസ്സം നിൽക്കുന്നുവെന്ന ദുഃഖം. ഇത് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ തന്നെ തീർത്ഥാടന വേദിയിൽ ചർച്ചയാക്കി. ശിവഗിരിയെ വെല്ലുവിളിക്കരുതെന്ന് ഓർമിപ്പിച്ചാണ് തീർത്ഥാടനസമ്മേളനവേദിയിൽ അദ്ദേഹം രൂക്ഷ വിമർശനമഴിച്ചുവിട്ടത്.

ശിവഗിരി ഉൾപ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധികളായ അടൂർ പ്രകാശ് എംപി., വി.ജോയി എംഎ‍ൽഎ., നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് എന്നിവരെ സ്റ്റേജിൽ ഇരുത്തിയായിരുന്നു വിമർശനം. ശിവഗിരിയിൽ സ്ഥിരം തീർത്ഥാടനപ്പന്തൽ, യതിപൂജയുടെ ഭാഗമായി സ്ഥാപിച്ച അന്നക്ഷേത്രം, സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെയുള്ള ജാതിയില്ലാ വിളംബര മ്യൂസിയം എന്നിവയുടെ നിർമ്മാണത്തിന് പ്രാദേശിക ഭരണകൂടം തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി സ്വാമി പറഞ്ഞു. തടസ്സങ്ങൾ നീക്കിത്തരാനുള്ള സന്മനസ്സ് ജനപ്രതിനിധികൾക്കുണ്ടാകണം. ഇല്ലെങ്കിൽ സന്മനസ്സ് ഒന്നിച്ചുചേർക്കേണ്ട ഉത്തരവാദിത്വം ശ്രീനാരായണ സമൂഹത്തിനാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ശിവഗിരിയെ വെല്ലുവിളിക്കരുത്. തടസ്സങ്ങൾ മാറ്റിത്തരാനുള്ള കർത്തവ്യം നിർവഹിക്കുന്നവർ ചെയ്തില്ലെങ്കിൽ അത് നിർവഹിപ്പിക്കാനുള്ള കടമ നമുക്കുണ്ടെന്നും സ്വാമി പറഞ്ഞു.

പരാതികൾ വരുന്നതനുസരിച്ച് നടപടിയെടുക്കുകയാണെങ്കിൽ പ്ലാൻ അംഗീകരിച്ചിട്ടില്ലാത്ത മഹാസമാധി മന്ദിരവും ഗുരു സ്ഥാപിച്ച ശാരദാമഠവും ഗുരു മഹാസമാധി പ്രാപിച്ച വൈദികമഠവും ഇടിക്കാൻ ഉത്തരവിടുമോയെന്നും സ്വാമി ചോദിച്ചു. ശിവഗിരിക്കു കൊമ്പുണ്ടോയെന്ന് ഹൈക്കോടതിക്കു ചോദിക്കാൻ അവസരമുണ്ടാക്കിയത് ഇവിടുത്തെ പ്രാദേശിക ഭരണകൂടമാണ്. സാങ്കേതികതയുടെ പേരുപറഞ്ഞ് ശ്രീനാരായണ സമൂഹത്തെ വേദനിപ്പിക്കരുതെന്നും സ്വാമി ഓർമിപ്പിച്ചു. രാഷ്ട്രീയക്കാർ ഉൾപ്പെടെ സംഘടിതരായ എല്ലാ വിഭാഗക്കാരും ഇന്ന് ശക്തരാണെന്നും ഗുരുദേവ വിശ്വാസികളെ സംഘടിക്കുന്നതിൽനിന്ന് ചിലർ ബോധപൂർവം അകറ്റി നിർത്താൻ ശ്രമിക്കുകയാണെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. വിശ്വാസികൾ സംഭാവന നൽകിയിട്ടും ശിവഗിരി മഠത്തിലെ ഓഡിറ്റോറിയം ഉൾപ്പെടെ പല നിർമ്മാണങ്ങളും അധികാരസ്ഥാനങ്ങളിലുള്ളവർ തടസം നിൽക്കുന്നതിനാൽ പൂർത്തീകരിക്കാനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശിവഗിരിയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ അതിനു തടസ്സംനിൽക്കുന്നവർ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടൂർ പ്രകാശ് എംപി. പ്രതികരിച്ചു. നിലനിൽക്കുന്ന വിഷയങ്ങൾ നിയമപരമായി ക്രമപ്പെടുത്തി മഠത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ സാധിക്കുമെന്ന് വി.ജോയി എംഎ‍ൽഎ. പറഞ്ഞു. ശിവഗിരിയുടെ വികസനത്തിന് വർക്കല നഗരസഭ തടസ്സം നിന്നിട്ടില്ലെന്നും നിർമ്മാണങ്ങളുടെ തടസ്സങ്ങൾക്കുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് പറഞ്ഞു.

87ാ-മത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന തീർത്ഥാടന ഘോഷയാത്ര ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചൊവ്വാഴ്ച രാവിലെ ശിവഗിരി പ്രാന്തത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര മൈതാനം, റെയിൽവേ സ്റ്റേഷൻ ചുറ്റി മഹാസമാധിയിൽ എത്തിച്ചേർന്നു. അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് നൂറുകണക്കിനാളുകൾ അകമ്പടിയായി. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. തീർത്ഥാടന സമ്മേളനം ജസ്റ്റിസ് സി ടി രവികുമാർ ഉദ്ഘാടനം ചെയ്തു. മാധ്യമ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ആന്റണിക് ഡൊമിനിക് അധ്യക്ഷനായി. മാർക്കോസ് എബ്രഹാം, ഒ അബ്ദുൽ റഹ്മാൻ, ശങ്കർ ഹിമഗിരി, എസ് അനിൽ, പി ശ്രീകുമാർ, സജിത്ത് പരമേശ്വരൻ, സാജൻ സക്കറിയ, ഡോ. മഹേഷ് കിടങ്ങിൽ എന്നിവർ സംസാരിച്ചു.

സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ഷിബു കടയ്ക്കാവൂർ നന്ദിയും പറഞ്ഞു. കൃഷി, പരിസ്ഥിതി സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജു അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എം പി മുഖ്യാതിഥിയായി. പി ടി തോമസ് എംഎൽഎ, ഡോ. കെ രവി രാമൻ, ഡോ. സ്റ്റീഫൻ ദേവനേശൻ, ഡോ. എ എസ് അനിൽകുമാർ, ഡോ. എം എസ് ഹജിലാൽ, ഡോ. എ കെ ഷെരീഫ്, ഡോ. എസ് കെ സുരേഷ്, ഡോ. എം ജയരാജ് എന്നിവർ സംസാരിച്ചു. സ്വാമി ബോധി തീർത്ഥ സ്വാഗതവും സ്വാമി അമേയാനന്ദ നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന വ്യവസായ സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. കെ ആർ ജ്യോതിലാൽ, ടി കെ ദേവകുമാർ, സന്തോഷ് ജോർജ് കുളങ്ങര, ജിജു രാജു, ശരത് വി രാജ്, പി സുന്ദരം എന്നിവർ സംസാരിച്ചു. സ്വാമി ഗുരുപ്രസാദ് സ്വാഗതവും ദേശപാലൻ പ്രദീപ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP