Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202119Tuesday

എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകൾക്ക് തൃപ്തി പോരാ; അവസാന കാലത്ത് നോക്കിയ ഗണേശിനു പിള്ള സ്വത്ത് കൂടുതൽ കൊടുത്തതിൽ ഉഷാ മോഹൻദാസിന് വല്ലാത്ത കലിപ്പ്

എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകൾക്ക് തൃപ്തി പോരാ; അവസാന കാലത്ത് നോക്കിയ ഗണേശിനു പിള്ള സ്വത്ത് കൂടുതൽ കൊടുത്തതിൽ ഉഷാ മോഹൻദാസിന് വല്ലാത്ത കലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെബി ഗണേശ് കുമാർ പറയും പോലെ അല്ല കാര്യങ്ങൾ. വെറും രാഷ്ട്രീയമായിരുന്നില്ല രണ്ടാം ടേമിലേക്ക് മന്ത്രിപദം എത്തിച്ചത്. ഇതിന് പിന്നിൽ സഹോദരി തന്നെ. ഇക്കാര്യം തുറന്നു പറയാനും മടിയില്ല. ഗണേശ് കുമാറിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിന്റെ കൂടുതൽ വിവരങ്ങൾ സമയമാകുമ്പോൾ പുറത്തു വിടുമെന്നു ഗണേശിന്റെ സഹോദരി ഉഷ മോഹൻദാസ് പരസ്യമായി പറയുന്നു. 'ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയെ കണ്ടുവെന്നതു സത്യമാണ്. അതു കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ടു തന്നെയാണ്'- ഉഷ വ്യക്തമാക്കി. ഇതോടെ കുടുംബത്തിൽ തർക്കമില്ലെന്ന വാദം പൊളിഞ്ഞു.

മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രവുമായി ബന്ധപ്പെട്ടു ഗണേശിനെതിരെ പരാതിയുമായി സഹോദരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടതിനെത്തുടർന്നാണു ഗണേശ് കുമാറിന് ആദ്യ േടമിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്നു പ്രചാരണമുണ്ടായിരുന്നു. 'അച്ഛന്റെ വിൽപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ കഴിയുമോയെന്നു നോക്കട്ടെ. ബാക്കി അപ്പോൾ പുറത്തുവിടാം'- ഉഷ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന ഗണേശ് കുമാറിന്റെ പ്രതികരണത്തോടു 'തൽക്കാലം അങ്ങനെയിരിക്കട്ടെ' എന്നായിരുന്നു മറുപടി. 2011 ൽ ബാലകൃഷ്ണപിള്ള ജയിലിൽ ആയപ്പോൾ കൊട്ടാരക്കരയിൽ ഉഷയെ മത്സരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ബാലകൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചിരുന്നെന്നും ഗണേശ് എതിർത്തതോടെയാണു ഡോ.എൻ.എൻ. മുരളി സ്ഥാനാർത്ഥിയായതെന്നും പാർട്ടിയിൽ പ്രചാരണമുണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് പ്രശ്‌നങ്ങൾ. പിള്ളയുടെ മൂത്തമകളാണ് ഉഷ. ഗണേശ് ഇളയവനും.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവും പിള്ളയുടെ മകളാണ്. ഇവർ തൽക്കാലം പരസ്യമായി പരാതിയൊന്നും പറയുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ വിൽപത്രം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. 3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രം തയാറാക്കിയതിനു നേതൃത്വം നൽകിയ കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ അറിയിച്ചു.

എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്‌കുമാറിനും അവകാശപ്പെട്ടതാണ്. ഈ സ്‌കൂളും വീടും ഗണേശിന് നൽകിയതാണ് പ്രശ്‌നത്തിന് കാരണം.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബിഎഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. അതുകൊണ്ട് തന്നെ ഇതും ഫലത്തിൽ ഗണേശ് കുമാറിനുള്ളതാണ്. അതായത് കൂടുതലും ഗണേശിലേക്ക് ചെന്നു ചേർന്നു. ഇതിനെയാണ് ഉഷ എതിർക്കുന്നത്.

2017ൽ തയാറാക്കി 2 വർഷം രജിസ്റ്റ്രാർ ഓഫിസിൽ സൂക്ഷിച്ചിരുന്ന വിൽപത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള രണ്ടാമത്തേതു തയാറാക്കിയത്. ആദ്യത്തേതിൽ ഗണേശ്‌കുമാറിനു കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെന്നു പ്രഭാകരൻ നായർ പറയുന്നു. പിന്നീട് ഗണേശ് സ്ഥലത്തില്ലാത്ത ദിവസം പിള്ളയുടെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുകയായിരുന്നു. മറ്റു മക്കൾക്കും ഇതെക്കുറിച്ച് അറിവില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദനൻ പിള്ളയും താനുമായിരുന്നു സാക്ഷികളെന്നും പ്രഭാകരൻ നായർ പറഞ്ഞു.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്. പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകിയതാണ് പ്രകോപന കാരണം.

ഈ സാഹചര്യത്തിലാണ് രണ്ടാം വിൽപത്രത്തെ സംശയത്തോടെ ഉഷാ മോഹൻദാസ് കാണുന്നത്. കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്. വിൽപത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവർ ഗണേശിനെ മന്ത്രിയാക്കിയാൽ നിരവധി തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചു. സോളാർ വിഷയത്തിൽ ഗണേശിന്റെ നിയമവിരുദ്ധമായ പല ഇടപാടുകളും മാധ്യമങ്ങൾക്ക് നൽകുമെന്ന് ഇവർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഗണേശിനെ മാറ്റി നിർത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ കുടുംബ പ്രശ്‌നം പരിഹരിക്കാൻ രാഷ്ട്രീയ ഇടപെടലുകളും സജീവമാണ്.

തെളിവ് പുറത്തു വിടുമെന്നും ഉഷ പിണറായി വിജയനെ അറിയിച്ചതായാണ് സൂചന. ഇതോടെയാണ് ഗണേശിനെ തൽകാലം മന്ത്രിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പിണറായി എത്തുന്നത്. ബാലകൃഷ്ണ പിള്ളയുടെ അനന്തരവനായ ശരണ്യാ മനോജ് ഇപ്പോൾ ഗണേശിന്റെ പ്രധാന രാഷ്ട്രീയ ശത്രുവാണ്. സോളാർ കേസിൽ പിള്ളയ്ക്കൊപ്പം നിന്ന് പലതും ചെയ്തത് മനോജാണ്. അതുകൊണ്ട് തന്നെ പലതും മനോജിന് അറിയാം. ഈ സാഹചര്യത്തിലാണ് ഉഷയുടെ ഭീഷണികളെ പിണറായി ഗൗരവത്തോടെ കണ്ടത്. മന്ത്രിയാകാൻ കാത്തിരിക്കേണ്ടി വരുന്നതിൽ ഗണേശും നിരാശനാണ്. എത്രയും വേഗം കേസും വഴക്കുമാകാതെ കുടുംബ പ്രശ്നം ഒത്തുതീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു നേതാക്കളും.

മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.

എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ മാറ്റി നിർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP