Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

കന്യാസ്ത്രീകൾ പുരോഹിതരുടെ അടിമകൾ; വൈദികരുടെ മാനസിക ഉല്ലാസത്തിന് ഭൂരിഭാഗവും വഴങ്ങും; സെമിനാരിയിലേക്ക് ആളെ കൂട്ടുന്നതിനായി വ്യത്യസ്ത രീതിയിലുള്ള അജണ്ടകൾ ഇവർക്കുണ്ട്; സന്ന്യസ്ത ജീവിതം തെരഞ്ഞെടുത്താൽ ലഭിക്കുന്ന സൗകര്യങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കും; നന്മ ചെയ്യാനുള്ള ആഴത്തിലുള്ള ഉൾവിളി ദൈവവിളിയായി തെറ്റിദ്ധരിപ്പിച്ച് ഇവർ വലവീശുന്നു; സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥയിൽ വെളിപ്പെടുന്നത് സഭയിലെ അണിയറക്കഥകൾ

കന്യാസ്ത്രീകൾ പുരോഹിതരുടെ അടിമകൾ; വൈദികരുടെ മാനസിക ഉല്ലാസത്തിന് ഭൂരിഭാഗവും വഴങ്ങും; സെമിനാരിയിലേക്ക് ആളെ കൂട്ടുന്നതിനായി വ്യത്യസ്ത രീതിയിലുള്ള അജണ്ടകൾ ഇവർക്കുണ്ട്; സന്ന്യസ്ത ജീവിതം തെരഞ്ഞെടുത്താൽ ലഭിക്കുന്ന സൗകര്യങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കും; നന്മ ചെയ്യാനുള്ള ആഴത്തിലുള്ള ഉൾവിളി ദൈവവിളിയായി തെറ്റിദ്ധരിപ്പിച്ച് ഇവർ വലവീശുന്നു; സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥയിൽ വെളിപ്പെടുന്നത് സഭയിലെ അണിയറക്കഥകൾ

എം മാധവദാസ്

തിരുവനന്തപുരം: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' ലൈംഗിക പീഡനങ്ങളുടെ അനുഭവങ്ങൾ മാത്രമല്ല തുറന്ന് എഴുതുന്നത്. എല്ലാവരും തുല്യരാണെന്ന് പറയുമ്പോഴും വിവിധ സന്ന്യസ്ത സഭകളിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വം തൊട്ട്, സേവനം ചെയ്യാനുള്ള മനസ്സിനെ ദൈവവിളിയാക്കി തെറ്റിദ്ധരിപ്പിച്ച് സെമിനാരിയിലേക്ക് ആളെകൂട്ടുന്നതുപോലും സിസ്റ്റർ സൂസി വിശദീകരിക്കുന്നുണ്ട്.

കന്യാസ്ത്രീകൾക്ക് സഭയിൽ യാതൊരു വ്യക്തിത്വവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീകൾ പുരോഹിതരുടെ അടിമകൾ ആണ്. തീരുമാനം എടുക്കേണ്ട ഒരു കാര്യത്തിൽ പോലും അവർക്ക് ശബ്ദമില്ല. ഈ അടിമ മനോഭാവം ഉള്ളതുകൊണ്ട് വെദികരുടെ മാനസികോല്ലാസത്തിനായി ഇവരിൽ ഭൂരിഭാഗവും വഴങ്ങും. ദേവാലായങ്ങളോടു ചേർന്നുള്ള മഠങ്ങളിലെ കന്യാസ്ത്രീകളുടെ ദൗത്യം, വൈദികർക്കുള്ള പാത വെട്ടിയൊരുക്കുകയും, ക്രമീകരിക്കുകയുമാണ്. പ്രായക്കൂടുതൽ മൂലം ലഭിക്കുന്ന ജീവിതപരിചയം പോലും ഇവിടെ പരിഗണിക്കപ്പെടാറില്ല. യുവാക്കളായ പുരോഹിതകർക്ക്, വാർധക്യത്തിലെത്തിയ സന്നാസിനിമാരോടുള്ള മനോഭാവം ഇതിന്റെ തെളിവാണ്. പള്ളിയിലെ വികാരിക്കാണ് മഠത്തിന്മ്മേലും പൂർണ്ണ നിയന്ത്രണം. മഠത്തിലെ തീന്മേശയിലെ മുഖ്യസ്ഥാനം വൈദികനാണ്. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടെ രുചി നിയന്ത്രിക്കുന്നത്. - ലൂസി ചൂണ്ടിക്കാട്ടുന്നു.

അതുപോലെ തന്നെ കുട്ടികളെ ചെറുപ്പത്തിലെ തന്നെ പിടികൂടി മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്യുന്ന രീതിയും സഭക്കുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മദർ തേരസെയെപ്പോയെ സേവനം ചെയ്യാനും, സമൂഹത്തിന് ഗുണം ചെയ്യാനുമുള്ള കുട്ടികളുടെ ആഗ്രഹത്തെ അവർ ദൈവവിളിയായി തെറ്റിദ്ധരിപ്പിക്കയാണ്. ഇത് ശരിക്കും ഒരു വലവീശൽ തന്നെയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കർത്താവിന്റെ നാമത്തിലെ 22ാം അധ്യായത്തിലെ പ്രസ്‌കതഭാഗങ്ങൾ ഇങ്ങനെയാണ്.

കന്യാസ്ത്രീകളുടെ സാമൂഹിക ജീവിതമെന്നത് പൂർണ്ണമായും നിയന്ത്രണ വിധേയമാണ്. നിരോധനങ്ങൾക്കകത്താണ് അവരുടെ ജീവിതം. കൊട്ടിയടച്ച മതിലുകൾക്കുള്ളിലും അവർ അസ്വതന്ത്രരാണ്. സമൂഹത്തിലെ സഹജീവികളുടെ ജീവിതാവസ്ഥകൾ മനസ്സിലാക്കുന്നതിനോ അതിൽ ഇടപെടുന്നതിനോ, അവർക്ക് അവസരങ്ങൾ തുലോം കുറവാണ്. ആത്മീയ പരിചരണം എന്ന വാക്യാർഥത്തിൽ ഒതുങ്ങിപ്പോകുന്നതാണ് യഥാർഥത്തിൽ കന്യാസ്ത്രീ ജീവിതം. സ്വതന്ത്രരെന്ന് അവകാശപ്പെടുമ്പോഴും സന്ന്യാസിനി സഭകൾ പുരുഷ വൈദികരുടെ ആധിപത്യത്തിന് കീഴിൽ തന്നെയാണ്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പലപ്പോഴും ഇവർക്ക് പങ്കൊന്നുമില്ല. സഭയുടെ ചെറുമാതൃകകളാണ്, ഗ്രാമാന്തരങ്ങളിൽ പോലുമുള്ള പള്ളികൾ. ദേവാലായങ്ങളോടു ചേർന്നുള്ള മഠങ്ങളിലെ കന്യാസ്ത്രീകളുടെ ദൗത്യം, വൈദികർക്കുള്ള പാത വെട്ടിയൊരുക്കുകയും, ക്രമീകരിക്കുകയുമാണ്. പ്രായക്കൂടുതൽ മൂലം ലഭിക്കുന്ന ജീവിതപരിചയം പോലും ഇവിടെ പരിഗണിക്കപ്പെടാറില്ല. യുവാക്കളായ പുരോഹിതകർക്ക്, വാർധക്യത്തിലെത്തിയ സന്നാസിനിമാരോടുള്ള മനോഭാവം ഇതിന്റെ തെളിവാണ്.

അരമനകളിലും അടുക്കളയിലും സെമിനാരിയിലെ കുശിനിപ്പുരയിലും, പുകയേറ്റ് കരുവാളിച്ച മുഖവുമായി കഴിയുന്ന, സന്ന്യസ്ത ജീവിതം പൊതു സമൂഹത്തിന് അത്ര പരിചിതമല്ല. ദീർഘകാലത്തെ പരിശീലനത്തിനൊടുവിൽ കന്യാസ്ത്രീയായി പ്രതിജ്ഞ ചെയ്ത, സുവിശേഷ പ്രവർത്തനങ്ങൾക്കായി മനുഷ്യർക്കിടയിൽ ലയിച്ചുചേരേണ്ട കർത്താവിന്റെ മണവാട്ടിമാർ, പുരോഹിതരുടെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുകയാണ്.

പള്ളിയിലെ വികാരിക്കാണ് മഠത്തിന്മ്മേലും പൂർണ്ണ നിയന്ത്രണം. മഠത്തിലെ തീന്മേശയിലെ മുഖ്യസ്ഥാനം വൈദികനാണ്. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടെ രുചി നിയന്ത്രിക്കുന്നത്. വൈദികർക്കുള്ള ഈ പ്രമുഖ്യം മനസ്സിലാക്കിയാണ്, കന്യാസ്ത്രീകൾ അധാർമ്മികമായ അടിമത്തം സ്വയം ഏറ്റുവാങ്ങുന്നത്. പൊതുവേ ചപല ഹൃദയരായ വൈദികരുടെ മാനസികോല്ലാസത്തിനായി കന്യാസ്ത്രീകളിൽ ഭൂരിഭാഗവും വഴങ്ങും. അധികാരികളോടൊപ്പം നിൽക്കാനുള്ള ചോദന അവരുടെ ദൈവ ബോധത്തിന്റെ സത്ത കെടുത്തിക്കളയുന്നത് അവർ അറിയുന്നില്ല.

ഭേദപ്പെട്ട സാമ്പത്തികനിലയും ജീവിതസാഹചര്യങ്ങളിൽനിന്നുമുള്ള കുടുംബങ്ങളിൽനിന്നുള്ള കന്യാസ്ത്രീകൾ, സന്ന്യസ്തതയിലേക്ക് ആകർഷിക്കപ്പെടുന്നത്, പ്രധാനമായും ദൈവത്തോടുള്ള അഭിനിവേശം കൊണ്ടാണ്. ഞാനും എന്റെ സഹോദരിയും ഇതിന് ഉത്തമ ഉദാഹരണം. പ്രണയ നൈരാശം, കുടുംബത്തിനകത്തെ സംഘർഷം എന്നിവമൂലവും സന്ന്യാസത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നവരും ഉണ്ട്. ഇവരിലധികംപേരെയും മഠത്തിലേക്ക് യാത്രയാക്കുന്നത് മനസ്സില്ലാ മനസ്സോടെയാണ്. സാമാന്യം തരക്കേടില്ലാത്ത, പാരമ്പര്യസ്വത്തിന് അർഹരായ അവർ അതെല്ലാം ഉപേക്ഷിച്ചുവേണം, സന്ന്യസ്ത ജീവിതത്തിലേക്ക് പ്രവേശിക്കാൻ. സ്വ ഗൃഹത്തിലെ സർവതും ഉപേക്ഷിച്ചു എന്ന് എഴുതി നൽകണം. എഫ് സി സി കോൺഗ്രിഗേഷൻ നിയമം അനുസരിച്ച്, പൂജ്യത്തിലാണ് അക്കൗണ്ട് ബാലൻസ് ഉണ്ടാകേണ്ടത്. അതും സർക്കാർ വേതനം പറ്റുന്നവർക്ക് മാത്രം. സ്വന്തമായി ബാങ്ക് അക്ക്ൗണ്ടില്ലാത്തവരാണ് മറ്റുള്ളവർ.

ക്രൈസ്തവ സുവിശേഷ പ്രചാരണത്തിനായി വ്യത്യസ്ത രീതിയിലുള്ള അജണ്ടകൾ സഭയ്ക്കുണ്ട്. ഇതിൽ പ്രധാനം പൗരസ്ത്യ സന്ന്യസ്ത തൊഴിലിലേക്കുള്ള വല വീശൽ തന്നെയാണ്. ഈ ദീർഘകാല പദ്ധതിയിൽ ആത്മീയതയും ലൗകിക ജീവിതസാഹചര്യങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. വിദ്യാലയങ്ങളിലോ വേദപാഠക്ലാസുകളിലോ പഠിക്കുന്ന കുട്ടികളെ, ദൈവിക പ്രവർത്തിയിലേക്ക് ആനയിക്കുകയാണ് പ്രഥമ കർത്തവ്യം. ഇതിന് സന്ന്യാസിനി സഭകളിൽ പ്രൊവിൻസ് കൗൺസിലാർമാരാണ് നേതൃത്വം നൽകുക. ആശയ പ്രചാരണത്തിനായി വൊക്കേഷൻ പ്രമോട്ടർ എന്ന തസ്തികയും ഉണ്ട്.

പ്രത്യേകമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ എത്തുന്ന കുട്ടികളുടെ ഫോൺ ്നമ്പർ സംഘടിപ്പിച്ച് വീടുകളുമായി സമ്പർക്കം പുലർത്തും. പത്താം ക്ലാസിലെത്തുന്നതോടെയാണ് ഈ ദൗത്യത്തിന്റെ അന്ത്യം. സന്ന്യസ്ത ജീവിതം തെരഞ്ഞെടുത്താൽ ലഭിക്കുന്ന, സൗകര്യങ്ങൾ കുഞ്ഞുങ്ങളുടെ മനസ്സിൽ അടിച്ചേൽപ്പിക്കും. ദാരിദ്രം മറികടക്കാനായി കുടുംബങ്ങൾ ഇത് ഒരു അവസരമായി സ്വീകരിക്കണമെന്ന സന്ദേശം നൽകും. പൊതു നിർദ്ദേശയമായി ഇത് അവതരിപ്പിക്കില്ല. വ്യക്തികളിലേക്കും വീടുകളിലേക്കും കയറിച്ചെന്നാണ് ഇത് പ്രയോഗിക്കുക. സാമ്പത്തികമായി ചെറിയ സഹായങ്ങൾ നൽകിയും, ചിലരെ ആകർഷിക്കും. ബാലഭവനുകളിലെ അന്തേവാസികളായ കുഞ്ഞുങ്ങളെയും, ദൈവ ദാസ്യത്തിന് വിനിയോഗിക്കാറുണ്ട്. മസ്തിഷ്‌ക്ക പ്രക്ഷാളനത്തിലൂടെ സുവിശേഷവേലക്ക് ആളുകളെ തയ്യാറാക്കുകയന്ന ലക്ഷ്യമാണ് പ്രവർത്തി പഥത്തിലുള്ളത്്- സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടുന്നു.

സഭാനിയന്ത്രണത്തിലുള്ള വിദ്യാലയത്തിൽ അധ്യയന വർഷാരംഭത്തിൽതന്നെ പുരോഹിതരും കന്യാസ്ത്രീകളും പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തും. ഇവർക്കുവേണ്ട സാഹചര്യങ്ങൾ ഒരുക്കുക എന്നത്, പ്രധാന അദ്ധ്യാപകരുടെ ചുമതലയാണ്. ഇത്തരം സ്ഥാപനങ്ങിലെ മേധാവിക്ക് വേണ്ട യോഗ്യത ഇതുകൂടിയാണ്. ഇടവേള നേരത്തെ ക്രൈസ്തവരായ കുട്ടികൾ ഇവർക്കുമുന്നിൽ എത്തണമെന്ന പരസ്യമായ അറിയിപ്പ്, സ്‌കൂളുകളിൽ നടത്താറുണ്ട്. കുട്ടികളെ പിടിക്കുക എന്നതാണ്് ഈ കർമ്മത്തിന്റെ മലയാള നാമം. സ്വാധീനിക്കുന്ന കുട്ടികളുടെ അംഗബലത്തിൽ സഭകൾ തമ്മിൽ മത്സരമുണ്ട്. വിജയത്തിനായി ഏതുമാർഗം സ്വീകരിക്കാനും ഇവർ തയ്യാറാണ്. നിരന്തരമായ മനപരിചരണത്തിന്റെ ഫലമായി ചിന്തിക്കാനുള്ള കുട്ടികളുടെ ശേഷി പൂർണ്ണമായും ഇല്ലാതാവും. ആത്മീയ ദൗത്യത്തിനുള്ള സംഗ്രഹം തെറ്റായി വ്യാഖ്യാനിച്ച് ദൈവവിളിയെന്ന പേരിൽ ഒതുക്കും. ഇത് കേരള ക്രൈസ്തവരുടെ ഇടയിലെ ഒരു പ്രയോഗമാണ്. യഥാർഥത്തിൽ അന്തരംഗത്തിൽനിന്നുയരുന്ന മനസ്സാക്ഷിയുടെ പ്രതിധ്വനിയാണിത്. നന്മചെയ്യാനുള്ള ആഴത്തിലുള്ള ഉൾവിളി. സങ്കുചിത കാഴ്ചപ്പാടിൽ ദൈവവിളി തെറ്റിദ്ധരിപ്പിച്ച് സെമിനാരിയിലേക്കും മഠങ്ങളിലേക്കും അനുയായികളെ എത്തിക്കുക എന്ന ദൗത്യമാണ് നിറവേറ്റപ്പെടുന്നത്. '- സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിതമായത് സംഭവിച്ചത്

സിസ്റ്റർ ലൂസിയുടെ ആത്മകഥയിലെ 32ാം അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'വൈദികരിൽനിന്നാണ് എനിക്ക് നാലുതവണയും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ബാംഗ്ലൂർ ധർമ്മരാമത്തിലെ വൈദിക പഠനകാലത്തെ സഹപാഠിയിൽ നിന്നായിരുന്ന ആദ്യ അനുഭവം. വർഷങ്ങൾക്കുശേഷം ഇയാൾ സഭയുമായി ബന്ധപ്പെട്ട ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടിയിലെത്തി. ഈ വൈദികൻ ഞാൻ താമസിക്കുന്ന ദ്വാരകാ മഠമാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. സമയം രാത്രിയാണ്. യാത്രാക്ഷീണത്താൽ അവശത തോന്നിയ വൈദികന് താമസിക്കാൻ അതിഥി മുറി തുറന്നുകൊടുത്തു. അദ്ദേഹത്തിന് കുളിക്കാനായി ചൂടുവെള്ളം തയ്യാറാക്കി. ഇതുമായി മുറിയിൽ എത്തിയപ്പോ അദ്ദേഹം കുളിമുറിയിൽ പ്രവേശിച്ചിട്ടുണ്ട്. ചൂടുവെള്ളം കുളിമുറിക്കകത്ത് വെക്കാനായി ഞാൻ അകത്തെക്ക് പ്രവേശിച്ചു.

എന്നാൽ പുറത്തേക്കുപോകാനുള്ള എന്റെ ശ്രമം അദ്ദേഹം തടഞ്ഞു. എന്റെ കൈകളിൽ സ്പർശിച്ച അദ്ദേഹം നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു. അപ്രതീക്ഷ നീക്കത്തിൽ ഞാൻ അൽപ്പസമയം നിശ്ചലയായി. എന്നെ അദ്ദേഹം ഗാഢമായി കെട്ടിപ്പുണർന്നു. അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി. എത്രസമയം അതുതുടർന്നുവെന്ന് എനിക്ക് ഓർമ്മയില്ല. എന്നിലേക്ക് ഇരച്ചുകയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി. സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി. വിയോജിപ്പ് പ്രകടപ്പിച്ചു. ഇതിനകം അദ്ദേഹവും സമചിത്തത വീണ്ടെടുത്തിരുന്നു. ഓകെ....ഓകെ... എന്നവാക്ക് അദ്ദേഹവും ഉരുവിട്ടു. വ്രണിതഹൃദയായാണ് ഞാൻ മുറിയിലെത്തിയത്. കുറ്റബോധമൊന്നും എന്നെയും തീണ്ടിയില്ല. അവിചാരിതമായ സമയത്ത് അപ്രതീക്ഷിതമായത് സംഭവിച്ചതോർത്ത് അൽപ്പം ചകിതയായെന്ന് മാത്രം. അധികം വൈകാതെ ഞാൻ താളം വീണ്ടെടുത്തു'- ആത്മകഥയിൽ സിസ്റ്റർ ലുസി വ്യക്തമാക്കുന്നു.

നിങ്ങൾക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകൾ

അധ്യായം 37ലാണ് ലുസി തനിക്കുണ്ടായ മറ്റ് ലൈംഗിക അതിക്രമങ്ങൾ വിശദീകരിക്കുന്നത്. അതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ബിൽവാഡയിലെ അന്യസ്ഥലവാസത്തിനുശേഷം അവധിക്കായി മഠത്തിൽ എത്തിയ ഞാൻ വാദ്യോപകരം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം നേടാൻ തീരുമാനിച്ചു. കീബോർഡ് ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ള പുരോഹിതനെയാണ് ഞാൻ ഗുരുവായി കണ്ടെത്തിയത്. ഞാനൊഴികെ എന്റെ ബാച്ചിലെ കന്യാസ്ത്രീകളുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. എന്റെ ആഗ്രഹമറിഞ്ഞ കന്യാസ്ത്രീകളാണ് എനിക്ക് അങ്ങോട്ടുള്ള വഴി കാണിച്ചു തന്നത്. ഈ വൈദികൻ അധിപനായ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരത്തോടെയാണ് ഞാൻ എത്തിയത്. ഹൃദ്യമായി അദ്ദേഹം എന്നെ സ്വാഗതം ചെയതു. എനിക്ക് താമസിക്കാനായി അനുവദിച്ച മുറി അദ്ദേഹം കാണിച്ചു തന്നു.

രാത്രിയുടെ മുഷിപ്പിൽനിന്ന് മുക്തി നേടാനായി ഞാൻ കുളിക്കാൻ തീരുമാനിച്ചു. അകത്തുനിന്ന് മുറി അടച്ച ഞാൻ വസ്ത്രങ്ങൾ അഴിച്ചു തുടങ്ങിയിരുന്നു. ഈ സമയം വാതിലിൽ മുട്ടുകേട്ടു. പാതി തുറന്ന വാതിലിലൂടെ അദ്ദേഹം അകത്തുകയറി. എന്റെ നീരസം മനസ്സിലാക്കിയ അദ്ദേഹം, കഴിക്കാനെന്താണ് വേണ്ടതെന്ന് ചോദിക്കാനാണെന്ന് മുടന്തൻ ന്യായം പറഞ്ഞു. ഐസ്‌ക്രീം വേണോ എന്ന ചോദ്യത്തിന് ആവാമെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം പുറത്തുപോയി. ആഹാരത്തിനുള്ള സമയമായി. ഭക്ഷണം പൂർത്തിയാക്കിയ എനിക്ക് അയാൾ ഐസ്‌ക്രീം തന്നു. മനപുർവ്വം അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. സംഭാഷണം വഴിവിട്ട രീതിയിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. അതു മനസ്സിലാക്കിയ എന്നിൽനിന്ന് പ്രോൽസാഹനപരമായ ഒന്നും ലഭിച്ചില്ല.

കീബോർഡ് പരിശീലനത്തിനിടെ അയാൾ എന്റെ ശരീരത്തിൽ നിരന്തരം സ്പർശിച്ചു. ശരീരത്തോടൊപ്പം എന്റെ കൈകളിലും ബലമായി അമർത്തി. കുതറിമാറാൻ ശ്രമിച്ച ഞാൻ എന്റെ അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചു. വാദ്യോപകരണത്തിൽ പ്രാവീണ്യം നേടാനുള്ള എന്റെ ശ്രമം പൂർണ്ണമായില്ലെങ്കിലും ഞാൻ അവിടം ഉപേക്ഷിച്ച് തിരികെ മഠത്തിലേക്ക് തിരിച്ചു. ഫോണിൽ പുരോഹിതന്റെ നമ്പർ മായ്ച്ച് കളയുകയാണ് ഞാൻ ആദ്യം ചെയ്തത്. അയൽ സംസ്ഥാനത്തുവച്ചാണ് മൂന്നാമത്തെ അനുഭവം. അവിടെയാരു ദേവാലയത്തിൽ, ആധ്യാത്മിക വിഷയത്തിൽ പരിശീലനം നൽകാൻ പോയ എനിക്ക് ഒരു രാത്രി തങ്ങേണ്ടി വന്നു. പള്ളിവികാരിയുടെ താമസസ്ഥലത്തിന് അടുത്തുള്ള ഒരു മുറിയാണ് എനിക്ക് വിശ്രമിക്കാൻ ഒരുക്കിയിരുന്നത്. അദ്ദേഹത്തോട് ശുഭരാത്രി നേർന്ന് മുറിക്കകത്ത് കയറി വാതിൽ അടക്കാനൊരുങ്ങി. പെട്ടെന്ന് തിരികെയെത്തിയ അദ്ദേഹം വാതിൽ തുറന്ന് അകത്തുകയറി. പെരുമാറ്റത്തിൽ അവമതിപ്പ് തോന്നിയ ഞാൻ പുറത്തുപോകാൻ നിർദ്ദേശിച്ചു. വിസമ്മതനായി നിന്ന ഞാൻ അദ്ദേഹത്തെ ബലം പ്രയോഗിച്ച് തള്ളിപ്പുറത്താക്കി. '- സിസ്റ്റർ ലൂസി എഴുതുന്നു.

' ദ്വാരകയിലും സമാനമായ ഒരു പ്രത്യക്ഷം എനിക്കുണ്ടായി. അവിടെ തീന്മേശയ്ക്കരികിലുള്ള ഒരു പുരോഹിതന്റെ ചേഷ്ടകൾ എന്നെ അസ്വസ്ഥയാക്കി. പ്രായത്തിൽ എന്നേക്കാൾ വളരെ ചെറുപ്പമായിരുന്നു, അയാൾ. ഭക്ഷണമേശയിൽ എതിർവശത്തിരുന്ന എന്റെ പാദങ്ങളിൽ അദ്ദേഹം കാലുകൊണ്ട് അമർത്തിച്ചവിട്ടുകയും, തടവുകയും ചെയ്തു. കാൽ പിൻവലിച്ച് ഞാൻ അയാളോട് ചില കാര്യങ്ങൾ പറഞ്ഞു. ഇത്തരം പ്രവൃത്തികൾക്ക് വിയേയരാവേണ്ടവർ അല്ല കന്യാസ്ത്രീകൾ. രാത്രിയിൽ ഇതൊന്നും പാടില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ ഇതൊന്നും അയാൾക്ക് മനസ്സിലായില്ല. എന്നെ തൊടാനും കാലുകൾകൊണ്ട് സ്പർശിക്കാനും വീണ്ടും ശ്രമിച്ചു. ഞാൻ എന്റെ ഉപദേശം ആവർത്തിച്ചു. നിങ്ങൾക്ക് ഇഷ്ടംപോലെ തൊടാനും പിടിക്കാനുമുള്ളതല്ല കന്യാസ്ത്രീകളെന്ന് ദൃഡമായി പറഞ്ഞു. കാമപരവശനായ ആ യുവപുരോഹിതനുമായി പിന്നീട് ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അയാളുമായുള്ള ഫോൺ ബന്ധവും വിഛേദിച്ചു'.

കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്നു

കന്യസ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി മാത്രമാണ് ചില പുരോഹിതർ കാണുന്നതെന്ന സിസ്റ്റർ ലൂസികളപ്പുരക്കലിന്റെ വെളിപ്പെടുത്തൽ നേരത്തെ വിവാദമായിരുന്നു. ആത്മകഥയുടെ എറ്റവും വിവാദമായ 37ാം അധ്യായത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാൻ എത്തിയവരിൽ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാൻ കെൽപ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകൾക്ക് എത്രയോ തവണ ഞാൻ കാഴ്ചക്കാരി ആയിട്ടുണ്ട്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളിൽ നല്ലൊരു പങ്കിനും ക്രൈസ്തവചിന്താ വിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികർക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങൾ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളിൽ നിരവധി പേർക്ക് ഇത്തരം ബന്ധങ്ങളുണ്ട്. സ്വകാര്യ നിമിഷങ്ങളിൽ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവർ സല്ലപിക്കും. കന്യാസ്ത്രീകളുടെമേൽ അദൃശ്യമായ ആണധികാരം പുരോഹിതർ പുലർത്തുന്നതിന്റെ തെളിവുകൾ ഏറെയുണ്ട്. ഇവർ പതിവായി ലൈംഗികബന്ധത്തിലേർപ്പെടുന്ന കഥകൾ ഞാൻ കേട്ടിട്ടുണ്ട്.

കലാശാല അദ്ധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും പരിശീലനം നൽകിയ പുരോഹിതൻ അദ്ധ്യാപകവൃത്തിയിൽനിന്നു വിരമിക്കുന്നതുവരെ ഇതു തുടർന്നു. എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മകൾ പാഠഭാഗത്തിലെ സംശയങ്ങൾ ദൂരീകരിക്കാൻ എന്നെ സമീപിച്ചു. ഈ വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു വൈദികനെ ഞാൻ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേർന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാൻ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവർ എന്നെ വിളിച്ചു നന്ദി അറിയിച്ചു.

അടുത്ത ദിവസം പുരോഹിതൻ പെൺകുട്ടിയെ ഫോണിൽ വിളിച്ചു. എടീ നിനക്കു സുഖമാണോ. അവൾ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നൽകി. മറുതലക്കൽ പുരോഹിതൻ കാമപരവശനായി സംഭാഷണം തുടർന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകൾക്കു മുന്നിൽ ആ പെൺകുട്ടി പകച്ചുപോയി. അമ്മേയെന്ന് അലറിക്കരഞ്ഞ് അവൾ ഫോൺ അമ്മയ്ക്കു കൈമാറി. ഈ സംഭവം കുടുംബത്തെ ആകെ ഉലച്ചു. അവരെന്നോട് പരാതിപ്പെട്ടു. ദിവസങ്ങൾ നീണ്ട അനുരഞ്ജനത്തിന് ഒടുവിലാണ് അവർ ശാന്തരായത്. അയാളെ നേരിൽ വിളിച്ചു കുടുംബത്തിന്റെ പ്രതിഷേധം അറിയിച്ചു. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്‌നം അവസാനിച്ചത്. ദേവാലയ പരിസരത്തെ സങ്കീർത്തിയിൽ വെച്ച് പുരോഹിതനാൽ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവർ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തിൽ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവർ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു.

ഒരിക്കൽ ഒരു ചെറുപ്പക്കാരൻ അവന്റെ ആന്റിയായ കന്യാസ്ത്രീയും പുരോഹിതനുമായുള്ള തുടർച്ചയായ ബന്ധത്തെക്കുറിച്ച് രോഷത്തോടെ എന്നോട് പ്രതികരിച്ചു. അവിവാഹിതനായ എന്നെ നേർവഴി നടക്കാൻ സ്ഥിരമായി ഉപദേശം തരുന്നയാളാണ് ഈ വൈദികനെന്ന് അയാൾ പറഞ്ഞു. മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക.

ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്കു പള്ളിമേടയിൽനിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ്ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽനിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിങ് വിദഗ്ദ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. ഒരു മുതിർന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ച് സഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റയ്ക്കുനിന്ന ഈ പെൺകുട്ടിയെ പുരോഹിതൻ പൊക്കിയെടുത്ത് മടിയിൽ കിടത്തി മണിക്കൂറുകളോളം ദർശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.

സെമിനാരിയിൽനിന്നും സ്വവർഗ്ഗരതിക്കു വിധേയനായി മാനസികമായി തകർന്ന സഹോദരന്റെ കഥയും അനുകമ്പാർഹമാണ്. ഒരു വർഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസികരോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദികവിദ്യാർത്ഥിയും സമാന പരാതി എന്റെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികൻ ഈ കുട്ടിയെ സ്വന്തം മുറിയിൽ സ്വവർഗ്ഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലിൽ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ഭയത്തിൽ ഈ ചെറുപ്പക്കാരൻ മറ്റൊരു ആശ്രമം തേടി പുറത്തുപോകുകയായിരുന്നു. കേരളത്തിലെ സീറോ മലബാർ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജക കേന്ദ്രങ്ങളാണ്.' - സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP