Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: കാസർകോട്ടെ പതിനാറ് കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആന്മേരി (16)യുടെ മരണത്തിൽ സഹോദരൻ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ഐസ്‌ക്രീമിൽ വിഷം കലർത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിച്ച വിവരം പുറം ലോകം അറിയുന്നത്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുടുംബത്തെ മുഴുവൻ വകവരുത്താനായിരുന്നു മൂത്ത സഹോദരൻ ആൽബിൻ ബെന്നി(22)യുടെ ശ്രമം.

പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂർ മിംസിലുമാണ് ചികിത്സയിൽ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആൽബിൻ. ഈ യുവാവിന് ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുണ്ട്.

ഇത് സഹോദരി ആന്മേരിക്ക് അറിയാമായിരുന്നു. കൂടാതെ ആന്മേരിയോടും ആൽബിൻ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്‌ക്രീമിൽ വിഷം കലർത്തിയെന്നാണ് സംശയിക്കുന്നത്. ആൽബിനെ ഇന്നലെ രാത്രി വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ ആൽബിൻ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.

വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നുവത്രെ യുവാവിന്റെ ലക്ഷ്യം. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആൽബിൻ പറഞ്ഞിരുന്നു. തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.ഒരാഴ്ച മുമ്പ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്മേരിയും പിതാവ് ബെന്നിയും ധാരാളം കഴിച്ചു. ആൽബിനും മാതാവ് ബെസിയും ഫ്രിഡ്ജിൽ വെച്ചശേഷം പിറ്റേദിവസമാണ് കഴിച്ചത്. അന്നുമുതൽ തന്നെ ആന്മേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. എന്നാൽ, അത് ഐസ്‌ക്രീം കഴിച്ചതു കൊണ്ടാണെന്ന് മനസ്സിലായില്ല. കട്ടൻചായയും ചെറുനാരാങ്ങാനീരുമായി രണ്ടുദിവസം നാടൻചികിത്സ നടത്തി. എന്നാൽ ആന്മേരിയുടെ ഛർദ്ദിയും വയറിളക്കവും കലശലായി തുടർന്നു. ഇതിനെ തുടർന്നാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും അസുഖം തുടങ്ങി.

ചികിത്സയ്ക്കിടയിൽ ആന്മേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് ആറിന് തന്നെ ബെന്നിയുടെ നില ഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും രോഗകാരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിയിലും അവിടെനിന്നും കോഴിക്കോട് മിംസിലേക്കും മാറ്റിയ ബെന്നിയുടെ കിഡ്നിയുടെ പ്രവർത്തനം നിലച്ചിട്ടുണ്ട്.

ഡോക്ടർമാർ ഏതാണ്ട് കയ്യൊഴിഞ്ഞ നിലയിലാണ്. ബോധം തിരിച്ചു കിട്ടിയിട്ടില്ല. ഇതേ തുടർന്നാണ് ബെന്നിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. മരണപ്പെട്ട ആന്മേരിയുടെ മറ്റൊരു സഹോദരൻ ബിബിൻ ബെന്നി താമരശ്ശേരി സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ പ്രോംസദനൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP