Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

സിസ്റ്റർ ദീപയെ കണ്ടവരുണ്ടോ? യുകെ മലയാളികൾക്കിടയിൽ പല വേദിയിലും എത്തിയിട്ടുള്ള സിസ്റ്റർ ദീപ വേദനയുടെയും വിഷമത്തിന്റെയും ലോകത്തു ഒറ്റപ്പെട്ടതായി കുടുംബം; മാനസിക രോഗിയെന്ന് പറഞ്ഞു ഇറക്കി വിടുന്നതാണോ മര്യാദ? സ്വയം ഇറങ്ങി പോയതെന്നു മഠത്തിന്റെ വിശദീകരണം; മഠത്തിലെ പീഡനം മൂലം മാനസിക രോഗിയായതാണെന്ന് സി. ലൂസിയുടെ വെളിപ്പെടുത്തൽ

സിസ്റ്റർ ദീപയെ കണ്ടവരുണ്ടോ? യുകെ മലയാളികൾക്കിടയിൽ പല വേദിയിലും എത്തിയിട്ടുള്ള സിസ്റ്റർ ദീപ വേദനയുടെയും വിഷമത്തിന്റെയും ലോകത്തു ഒറ്റപ്പെട്ടതായി കുടുംബം; മാനസിക രോഗിയെന്ന് പറഞ്ഞു ഇറക്കി വിടുന്നതാണോ മര്യാദ? സ്വയം ഇറങ്ങി പോയതെന്നു മഠത്തിന്റെ വിശദീകരണം; മഠത്തിലെ പീഡനം മൂലം മാനസിക രോഗിയായതാണെന്ന് സി. ലൂസിയുടെ വെളിപ്പെടുത്തൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ ഏക പെൺതരി. രണ്ടു ആങ്ങളമാർ പൊന്നു പോലെ നോക്കിയ പെങ്ങൾ. പള്ളിയുമായി നല്ല അടുപ്പമുണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടിയെ കന്യാസ്ത്രീയാക്കാൻ മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിനോട് സഭാ അധികൃതർ ആവശ്യപ്പെട്ടപ്പോൾ വീട്ടിലെ ഏക പെൺകുഞ്ഞല്ലേ എന്ന് പലവട്ടം ചിന്തിച്ചതാണ്. ഒടുവിൽ മനസിനെ ധൈര്യപ്പെടുത്തി. ദൈവഹിതം ഇതായിരിക്കുമെന്നു ജോസഫും ഭാര്യയും സ്വയം വിശ്വസിച്ചു. അങ്ങനെ ഏങ്ങലടിച്ച ആങ്ങളമാർക്കിടയിൽ നിന്നും വീട്ടിലേക്കു തിരിഞ്ഞു നോക്കാതെ ആ കുഞ്ഞിപ്പെങ്ങൾ വീടിന്റെ പടിയിറങ്ങി.

ഒടുവിൽ ബിന്ദു ജോസഫ് എന്ന അവൾ സിസ്റ്റർ ദീപ ജോസഫായി. ഇക്കാര്യങ്ങൾ ഏതാനും ദിവസം മുൻപ് കല്ലറ കുടുംബത്തിൽ നിന്നും സിസ്റ്റർ ദീപയുടെ സഹോദരൻ ബിന്റോ എഴുതി ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ കത്തിലെ ആദ്യ ഭാഗമാണ്. കഴിഞ്ഞ 16 വർഷമായി ഇംഗ്ലണ്ടിൽ കഴിയുന്ന സിസ്റ്റർ ദീപയെ കണ്ടെത്താൻ സഹായിക്കുമോ എന്നതാണ് പല പേജുകൾ ഉള്ള കത്തിലെ ആവശ്യം. യുകെയിലെ മലയാളികൾ സംഘടിപ്പിക്കുന്ന ആത്മീയവും അല്ലാത്തതുമായ പല പരിപാടികളിലും സിസ്റ്റർ ദീപ സാന്നിധ്യം അറിയിച്ചിട്ടുള്ളതിനാൽ ഏതെങ്കിലും മലയാളിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും എന്നാണ് കുടുംബം കരുതുന്നത്.

എന്തുകൊണ്ട് സഭ സഹായിക്കുന്നില്ല?

ഈ ചോദ്യം ഉയരാൻ കാരണം കഴിഞ്ഞ നാലു മാസമായി മകളെക്കുറിച്ചുള്ള ആശങ്കയുമായി ജോസഫും കുടുംബവും തങ്ങളുടെ അവസാന അത്താണിയായ മാനന്തവാടി രൂപത കയറി ഇറങ്ങുകയാണ്. സാധാരണക്കാരായ തങ്ങൾ ഇംഗ്ലണ്ടിലെ മഠവുമായി ബന്ധപെട്ടിട്ട് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ആണ് രൂപതയുടെ സഹായം കുടുംബം തേടിയത്. എന്നാൽ രൂപതയാകട്ടെ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ല സിസ്റ്റർ ദീപ എന്ന ന്യായീകരണത്താൽ ആദ്യമൊക്കെ പലവിധ കാര്യങ്ങൾ പറഞ്ഞു ജോസഫിനെയും കുടുംബത്തെയും പിന്തിരിപ്പിക്കാൻ ആണ് ശ്രമിച്ചത്.

അതേസമയം മകളുടെ ആരോഗ്യകാര്യത്തിൽ ആശങ്കയിലായ കുടുംബം സഭയ്ക്കു വേണ്ടാതായെങ്കിലും പൊന്നുപോലെ നോക്കി വളർത്തിയ മകളെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയുമോ എന്നതാണ് മാതാപിതാക്കൾ ചോദിക്കുന്നത്. ഒടുവിൽ പരാതി പറഞ്ഞു മടുത്ത കുടുംബം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പരസ്യമായി പരാതിയുമായി പൊതുസമൂഹത്തെ സമീപിക്കും എന്ന് സഭയെ അറിയിക്കുക ആയിരുന്നു. ഇതോടെ ഗ്ലോസ്റ്ററിലെ മഠവുമായി ബന്ധപ്പെട്ട സഭ നവംബർ മാസം പത്തിനു മഠം മദർ സുപ്പീരിയർ ജനറൽ വയനാട്ടിൽ നേരിട്ടെത്തി കുടുംബത്തെ കാര്യങ്ങൾ ധരിപ്പിക്കും എന്നറിയിക്കുക ആയിരുന്നു.

ഇതോടെ ആശ്വാസം കണ്ടെത്തിയ കുടുംബം പറഞ്ഞ തീയതിയിൽ മദർ വന്നില്ലെന്ന് മാത്രമല്ല തുടർ അന്വേഷണത്തിൽ സഹകരിക്കില്ല എന്നും തിരിച്ചറിയുക ആയിരുന്നു. ഇതോടെ ഇന്നലെ മുതൽ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ സമരം ആരംഭിച്ചിരിക്കുകയാണ്. സിസ്റ്റർ ദീപയുമായി ഏറെ മാനസിക അടുപ്പം ഉള്ള സഹോദരൻ ബിന്റോ ഫേസ്‌ബുക്ക് വഴിയാണ് ഇപ്പോൾ സഹായം ആവശ്യപ്പെടുന്നത്. തന്റെ പെങ്ങളെ എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആധിയും സഹോദരന്റെ വാക്കുകളിൽ വ്യക്തമാണ്.

സഭയും മഠവും പറയുന്നത് സിസ്റ്റർ മനോരോഗിയാണെന്ന്

അതേസമയം മറ്റൊരു കന്യാസ്ത്രീ കൂടി ക്രൂശിക്കപ്പെടുന്നു എന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ രൂപതയും ഇംഗ്ലണ്ടിലെ മഠം അധികൃതരും പറയുന്ന ഭാഷ്യം വേറെയാണ്. സിസ്റ്റർ ദീപ ദീർഘകാലമായി മാനസിക രോഗിയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിന് മരുന്ന് കഴിക്കുക ആണെന്നുമാണ്. ഏഴു വർഷം മുൻപ് സ്വന്തം ഇഷ്ടത്താൽ സിസ്റ്റർ ദീപ മഠം വിട്ടിറങ്ങി ഒറ്റയ്ക്ക് കഴിയുക ആണെന്നാണ്. മഠം വിട്ടശേഷമുള്ള കാര്യങ്ങളിൽ ഇടപെടുക പ്രയാസം ഉണ്ടെന്നാണ് ഔദ്യോഗിക നിലപാട്.

അതേസമയം മാനസിക രോഗിയായ സിസ്റ്ററെ ഒരു ദിവസം വെറുതെ ഇറങ്ങി പോകാൻ അനുവദിക്കുക ആയിരുന്നോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് മഠം അധികൃതർ ഉത്തരം നൽകുന്നില്ല. ഇംഗ്ലണ്ടിൽ വീട്ടുജോലിക്ക് ചെന്നാൽ പോലും ഒരാൾക്ക് തൊഴിൽ ഉടമയുടെ അനുവാദം കൂടാതെ കരാർ കാലാവധിയിൽ ഇങ്ങനെ ഇറങ്ങി പോകാൻ കഴിയുമോ എന്നും കുടുംബം ആശങ്കയോടെ ചോദിക്കുന്നു. സിസ്റ്റർ ഇറങ്ങിപ്പോയെന്നു പറയുന്ന മഠം ഇക്കാര്യം അക്കാലത്തൊന്നും കുടുംബത്തെ അറിയിച്ചിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. അതേസമയം കുടുംബം സിസ്റ്ററെ കറവപ്പശു ആക്കുക ആണെന്നും പണം പിടുങ്ങുകയാണ് ലക്ഷ്യം എന്നും മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് സൂചിപ്പിക്കുന്നത്.

ദീപയെ മാനസിക രോഗിയാക്കിയത് സഭയെന്നു സിസ്റ്റർ ലൂസി

അതിനിടെ അടുത്തിടെ സഭയുമായി കലാപത്തിന് ഇറങ്ങി ഒറ്റപ്പെട്ടിരിക്കുന്ന സിസ്റ്റർ ലൂസി പുറത്തിറക്കിയ വിവാദ പുസ്തകത്തിലും സിസ്റ്റർ ദീപയെക്കുറിച്ചുള്ള പരാമർശമുണ്ട്. സിസ്റ്റർ ദീപയെ മാനസിക രോഗിയാക്കിയത് സഭ ആണെന്നാണ് സിസ്റ്റർ ലൂസിയുടെ ആരോപണം തികഞ്ഞ ദൈവഭക്തിയും ക്രിസ്ത്യൻ വിശ്വാസവുമായി മഠത്തിൽ എത്തിയ ദീപയെ കാത്തിരുന്നത് അത്തരം കാഴ്ചകൾ ആയിരുന്നില്ല. ഇക്കാര്യങ്ങൾ കുടുംബവും ശരി വയ്ക്കുന്നു. ആദ്യകാലങ്ങളിൽ ബാംഗ്ലൂരിലെ മഠത്തിൽ സന്തോഷവതിയായിരുന്ന മകൾ പിന്നീട് മൂകാവതിയായാണ് കാണപ്പെട്ടത്. എന്തു പറ്റിയെന്ന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

പിന്നീടു പറഞ്ഞത് ഡിപ്രെഷനു മരുന്ന് കഴിക്കുന്നുവെന്നാണ്. എന്താണ് ഡിപ്രെഷൻ എന്നുപോലും തനിക്കു അറിയില്ലായിരുന്നു എന്ന് പിതാവ് ജോസഫ് പറയുന്നു. എന്നാൽ ഇത്ര കടുത്ത മാനസിക രോഗി ആണെങ്കിൽ സിസ്റ്റർ ദീപ എങ്ങനെയാണു ഇംഗ്ലണ്ടിൽ പലയിടത്തും മോട്ടിവേഷണൽ ക്ലാസുകൾ എടുത്തതെന്ന ചോദ്യത്തിനും ഉത്തരമില്ല. അതേസമയം കൂടുതൽ ഗൗരവതരമായ ആരോപണമാണ് സഭക്കെതിരെ സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. ബാംഗ്ലൂരിലെ മഠത്തിൽ കഴിയുമ്പോൾ സിസ്റ്റർ ദീപ മുതിർന്ന കന്യാസ്ത്രീകളിൽ നിന്നും ലൈംഗിക പീഡനം നേരിട്ടിട്ടുണ്ട് എന്നാണ് സി ലൂസിയുടെ വെളിപ്പെടുത്തൽ.

മഠത്തിൽ ചുമതല ഉണ്ടായിരുന്ന 70 വയസുള്ള ഇംഗ്ലീഷ് വൈദികനും സി ദീപയെ പീഡിപ്പിച്ചത് വഴിയാണ് അവർ മാനസിക രോഗിയായത് എന്നും പുസ്തകത്തിൽ വിവരിക്കുന്നു. ഇക്കാര്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബം ബിഷപ്പ് ഹൗസിനു മുന്നിൽ സമരം ചെയ്യാൻ എത്തിയിരിക്കുന്നത്. എന്നാൽ ഇംഗ്ലണ്ട് പൗരത്വം നേടി അവിടെ കഴിയുന്ന സിസ്റ്റർ ദീപയുടെ കാര്യത്തിൽ തങ്ങൾ എന്തു ചെയ്യാനാണ് എന്ന് താമരശ്ശേരി രൂപതയും ചോദിക്കുന്നു.

സഭക്ക് വേണ്ടാതായെങ്കിൽ ഞങ്ങളെ ഏൽപിക്കട്ടെ

കഴിഞ്ഞ 23 വർഷമായി നിറയൗവന പ്രായം സഭ പറയുന്നിടത്തൊക്കെ ചെലവാക്കിയ സിസ്റ്റർ ദീപയെ മാനസിക രോഗി എന്ന് വിളിച്ച് എങ്ങനെ വഴിയിൽ ഇറക്കി വിടും എന്നാണ് കുടുംബം രോഷത്തോടെ ചോദിക്കുന്നത്. രോഗിയായപ്പോൾ വേണ്ടാതായെങ്കിൽ ഞങ്ങളെ ഏൽപ്പിക്കുകയല്ലേ ധാർമ്മികത? ഞങ്ങൾ പൊന്നുപോലെ നോക്കുമല്ലോ?

സഭയിൽ പോയെങ്കിലും അവളെ ഇപ്പോഴും പെങ്ങളായി തന്നെ കാണുവാൻ തങ്ങൾക്കു കഴിയുമെന്നും സഹോദരൻ ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. സിസ്റ്റർ ദീപയുടെ കാര്യത്തിൽ ഒരു ഘട്ടത്തിലും അനുഭാവപൂർണവും സഹതാപവും ഉള്ള നിലപാടല്ല സഭയും മഠവും സ്വീകരിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. മനോരോഗിയെന്ന് സഭ കുറ്റപ്പെടുത്തുമ്പോൾ തന്നെ എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടതെന്ന ചോദ്യത്തിലും കുടുംബം വിശദീകരണം ആവശ്യപ്പെടുന്നു.

ഒന്നിനു പുറകെ ഒന്നായി സഭയെ തേടി വിവാദങ്ങൾ എത്തുമ്പോൾ സിസ്റ്റർ ദീപയും അവരിൽ ഒരു ഇരയായി മാറപ്പെടുകയാണോ? സഭ എന്ന് കേൾക്കുമ്പോൾ വിശ്വാസി സമൂഹത്തിൽ പേടിയും ഭയവും വളർന്നു വരികയാണോ? പരാതികൾ അവഗണിക്കപ്പെടുമ്പോൾ പരസ്യമായി പരാതിക്കാർ ബിഷപ്പ് ഹൗസിനു മുന്നിൽ വരെ എത്തുമ്പോൾ തുടർച്ചയായ നീതി നിഷേധം എന്ന നിലയിലേക്കാണോ സിസ്റ്റർ ദീപയുടെ കാര്യവും നീങ്ങുന്നത്.

പരസ്യ പ്രതിഷേധം ഉണ്ടായതോടെ മാധ്യമ ശ്രദ്ധ ലഭിച്ചെങ്കിലും സിസ്റ്റർ ദീപയെ എങ്ങനെ നാട്ടിൽ എത്തിക്കും എന്ന കാര്യത്തിൽ സഭയ്ക്കും കൃത്യമായ ധാരണ ഇല്ലെന്നതാണ് വസ്തുത. സ്വയം ഇറങ്ങി പോയതാണെങ്കിൽ പോലും ഇനി സിസ്റ്റർ ദീപയെ എന്തു പറഞ്ഞു സമീപിക്കും എന്നതാണ് സഭയും മഠവും നേരിടുന്ന പ്രധാന പ്രതിസന്ധി.

ഏതായാലും സിസ്റ്റർ ദീപ ഇപ്പോൾ സുരക്ഷിതം ആണെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. ഇവർ ഒറ്റയ്ക്ക് ഒരിടത്തു കഴിയുക ആണെന്നും ഏക ആശ്രയം ബ്രിട്ടീഷ് സർക്കാർ നൽകുന്ന തുച്ഛമായ ധനസഹായം ആണെന്നുമാണ് ലഭ്യമായ വിവരം. ഏതെങ്കിലും വിധത്തിൽ സിസ്റ്ററെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ സഹായിക്കാൻ ബ്രിട്ടനിലെ മലയാളി സമൂഹം തയാറാകുമോ എന്ന അപേക്ഷയും കുടുംബം മുന്നോട്ടു വയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP