Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസ് പിതൃക്കയിൽ രാത്രി മതിൽ ചാടി കോൺവെന്റിന്റെ ഉള്ളിൽ കടക്കുന്നത് കണ്ടത് മൂന്നു തവണ; മദറിനെ അറിയിച്ചപ്പോൾ പൊലീസിനെ അറിയിക്കാതെ തന്നെ കുറ്റപ്പെടുത്തി; നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയപ്പോഴാണ് സിസ്റ്റർ അഭയ മരിച്ച വിവരം അറിയുന്നത്; സത്യം പറയുന്നത് പള്ളിക്കാർക്ക് ഇഷ്ടമാകില്ലെന്നു മനസിലായതിനാൽ ജോലി കളഞ്ഞ് കൂലിപ്പണിക്ക് പോയി; നൈറ്റ് വാച്ചർ ചെല്ലമ്മദാസിന്റെ രഹസ്യമൊഴി സ്ഥിരീകരിച്ച് മജിസ്ട്രേട്ട്; അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ

ജോസ് പിതൃക്കയിൽ രാത്രി മതിൽ ചാടി കോൺവെന്റിന്റെ ഉള്ളിൽ കടക്കുന്നത് കണ്ടത് മൂന്നു തവണ; മദറിനെ അറിയിച്ചപ്പോൾ പൊലീസിനെ അറിയിക്കാതെ തന്നെ കുറ്റപ്പെടുത്തി; നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയപ്പോഴാണ് സിസ്റ്റർ അഭയ മരിച്ച വിവരം അറിയുന്നത്; സത്യം പറയുന്നത് പള്ളിക്കാർക്ക് ഇഷ്ടമാകില്ലെന്നു മനസിലായതിനാൽ ജോലി കളഞ്ഞ് കൂലിപ്പണിക്ക് പോയി; നൈറ്റ് വാച്ചർ ചെല്ലമ്മദാസിന്റെ രഹസ്യമൊഴി സ്ഥിരീകരിച്ച് മജിസ്ട്രേട്ട്; അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ

എം മനോജ്കുമാർ

തിരുവനന്തപുരം: സിസ്റ്റർ അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ. കേസിനെ കൂടുതൽ സങ്കീർണ്ണതയിലേക്കാക്കുന്ന വാദമുഖങ്ങളും തെളിവുകളുമാണ് ഇന്നു സിബിഐ കോടതിയിൽ നടന്നത്. വിചാരണക്കോടതി വിചാരണകൂടാതെ തന്നെ കുറ്റവിമുക്തനാക്കിയ കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കയിലിനെതിരെ ശക്തമായ തെളിവുകൾ വീണ്ടും വരുന്നതാണ് ഇന്നു സിബിഐ കോടതിയിൽ കണ്ടത്. സിസ്റ്റർ അഭയയെ കോട്ടയം സെന്റ് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സമയത്ത് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രെറ്റ് ആയിരുന്ന ശരത് ചന്ദ്രന്റെ മൊഴിയാണ് കേസിലെ വഴിത്തിരിവായി മാറുന്നത്. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ സെന്റ് പയസ് ടെൻത് കോൺവെന്റിനു സമീപത്തുള്ള കിണറിൽ കാണപ്പെട്ടത്. അന്ന് മജിസ്ട്രേറ്റ് ആയിരുന്ന ശരത് ചന്ദ്രൻ ഇന്നു എറണാകുളത്ത് ജില്ലാ ജഡ്ജിയാണ്. കേസിൽ മൊഴി നൽകാനാണ് അദ്ദേഹം സിബിഐ കോടതിയിൽ ഹാജരായത്.

അന്ന് മജിസ്ട്രേട്ട് ആയിരുന്ന ശരത് ചന്ദ്രനാണ് അഭയാ കേസിലെ മൂന്നു സാക്ഷികളുടെ രഹസ്യമൊഴി എടുത്തത്. മാർത്തോമാ പള്ളിയിലെ രാത്രി കാവൽക്കാരനായിരുന്ന ചെല്ലമ്മദാസ് ഫാദർ ജോസ് പിതൃക്കയിൽ സെന്റ് പയസ് ടെൻത് കോൺവെന്റിന്റെ മതിൽ ചാടിക്കടന്നു അകത്ത് കടക്കുന്നത് കണ്ടു എന്ന് തനിക്ക് രഹസ്യമൊഴി നൽകി എന്നാണ് മജിസ്ട്രേട്ട് പറഞ്ഞത്. മൂന്നു തവണ രാത്രി ജോസ് പിതൃക്കയിൽ മതിൽ ചാടിക്കടന്നു അകത്ത് കയറി എന്ന് ചെല്ലമ്മദാസ് മൊഴി നൽകിയതായാണ് മജിസ്ട്രേട്ട് കോടതിയിൽ പറഞ്ഞത്. 2008 ഡിസംബർ മൂന്നിനാണ് ചെല്ലമ്മദാസ് ഈ മൊഴി നൽകുന്നത്. 2014 ഫെബ്രുവരി മാസം ചെല്ലമ്മദാസ് മരിക്കുകയും ചെയ്തിരുന്നു. ഇതോടെ ജോസ് പിതൃക്കയിലെനെതിരെയുള്ള ശക്തമായ തെളിവായി മജിസ്ട്രേട്ടിന്റെ മൊഴി മാറി. വിചാരണക്കോടതി വിചാരണകൂടാതെ വിട്ടയച്ച ഒരു പ്രതിയുടെ നേർക്കുള്ള ശക്തമായ തെളിവാണ് മജിസ്ട്രേട്ടിന്റെ മൊഴിയോടെ കേസിൽ വീണ്ടും പ്രത്യക്ഷമാകുന്നത്.

നിലവിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും മാത്രമേ പ്രതിപ്പട്ടികയിലുള്ളൂ. രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പിതൃക്കയിലിനെ വിചാരണ കൂടാതെയാണ് പ്രതിപ്പട്ടികയിൽ നിന്ന് വിചാരണ കോടതി ഒഴിവാക്കിയത്. ഈ വിധി ഹൈക്കോടതി ശരി വച്ചിരുന്നു. അതേസമയം അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുമുണ്ട്. തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ വിടുതൽ സുപ്രീംകോടതി തള്ളിയിരുന്നു.

ഇവർ വിചാരണ നേരിടുമ്പോൾ തന്നെയാണ് വിചാരണയിൽ നിന്നും ഒഴിവാക്കപ്പെട്ട രണ്ടാം പ്രതിയായിരുന്ന ജോസ് പിതൃക്കയിലിനെതിരെ ശക്തമായ തെളിവുകൾ മജിസ്ട്രേട്ടിന്റെ മൊഴിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേസിലെപ്രോസിക്യൂഷൻ സാക്ഷിയായാണ് ജില്ലാ ജഡ്ജി കോടതിയിലെത്തിയത്. സെന്റ് പയസ് ടെൻത് കോൺവെന്റിനു സമീപത്തുള്ള മാർത്തോമാ പള്ളിയിലെ രാത്രി കാവൽക്കാരൻ ചെല്ലമ്മദാസ്, അടയ്ക്കാ രാജു, സഞ്ജു മാത്യു എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത് അന്നത്തെ മജിസ്ട്രേറ്റ് ആയ ശരത് ചന്ദ്രൻ ആയിരുന്നു. ഈ മൊഴികൾ സിബിഐ കോടതിയിൽ ആവർത്തിക്കുകയാണ് ജില്ലാ ജഡ്ജി ചെയ്തത്.

2008 ഡിസംബർ മൂന്നാം തീയതിയാണ് ചെല്ലമ്മ ദാസ് മജിസ്ട്രേട്ടിന് മുൻപിൽ മൊഴി നൽകുന്നത്. ചെല്ലമ്മദാസ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. മജിസ്ട്രേട്ടിന് ഇവർ നൽകിയ രഹസ്യ മൊഴികൾ അതേ രീതിയിൽ വിശദമാക്കുകയാണ് മജിസ്ട്രെട്ട് ചെയ്തത്. രഹസ്യമൊഴി എടുത്ത മജിസ്ട്രേട്ടിനെ കേസിൽ സിബിഐ സാക്ഷിയാക്കിയിരുന്നു. ഇതുപ്രകാരമാണ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് കേസിലെ ആറാം സാക്ഷിയായിരുന്നു ചെല്ലമ്മദാസ്. അഭയ കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കയിൽ. സെന്റ് പയസ് ടെൻത് കോൺവെന്റിന്റെ മതിൽ ചാടി അകത്തു കടക്കുന്നത് കണ്ടു എന്നാണ് ചെല്ലമ്മദാസ് അന്നത്തെ മജിസ്ട്രേട്ടിന് മുൻപിൽ രഹസ്യമൊഴി നൽകിയത്. രാത്രി പതിനൊന്നു മണിയോടെ ജോസ് പിതൃക്കയിൽ മതിൽ ചാടി കോൺ വെന്റിന്റെ പുറകുവശത്തേക്ക് കടക്കുന്നത് കണ്ടു എന്നാണ് ചെല്ലമ്മദാസ് മൊഴി നല്കിയത്.

പിന്നീട് കുറെ നാൾ കഴിഞ്ഞും ഇതേ രീതിയിൽ മതിൽ ചാടിക്കടക്കുന്നത് കണ്ടു. ഇങ്ങിനെ മൂന്നു തവണ ജോസ് പിതൃക്കയിൽ മതിൽ ചാടിക്കടക്കുന്നത് കണ്ടു എന്നാണ് ചെല്ലമ്മദാസ് മൊഴി നല്കിയത്. ഈ വിവരം കോൺവെന്റ് മദറിനെക്കണ്ട് പറഞ്ഞിരുന്നു. മദർ പക്ഷെ താത്പര്യം കാണിച്ചതേയില്ല. പൊലീസിനെ അറിയിക്കുകയും ചെയ്തില്ല. അങ്ങിനെ ആരും കോൺവെന്റിലെക്ക് വരില്ലെന്നാണ് മദർ പറഞ്ഞത്. അതേസമയം മദർ തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. അതിനാൽ രണ്ടാമതും മൂന്നാമതും ഈ ദൃശ്യം കണ്ടെങ്കിലും താൻ മദറിനോട് പറഞ്ഞില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു നാട്ടിലേക്ക് പോയപ്പോഴാണ് സെന്റ് പയസ് ടെൻത് കോൺവെന്റിൽ കന്യാസ്ത്രീ മരിച്ച വിവരം പത്രത്തിൽ കൂടി അറിയുന്നത്. സത്യം പറഞ്ഞാൽ പള്ളിക്കാർക്ക് ഇഷ്ടമാകില്ലെന്നു മനസിലായതിനാൽ പിന്നെ ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയി. പിന്നീട് 2008-ൽ സിബിഐ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് 2008 ഡിസംബർ മൂന്നിന് മൊഴി നൽകുന്നത്.

ജോസ് അച്ചനാണ് മൂന്നു തവണയും മതിൽ ചാടിക്കടന്നു രാത്രി കോൺവെന്റിനു അകത്തേക്ക് കടന്നത്. ജോസ് അച്ചനെ അറസ്റ്റ് ചെയ്ത സമയത്ത് പത്രത്തിൽ പടം കണ്ടപ്പോഴാണ് ഇയാളാണ് അന്ന് മതിൽ ചാടിക്കടന്നത് എന്ന് മനസിലായത്. മൂന്നാം തവണ പോയപ്പോൾ സ്‌കൂട്ടർ കോൺവെന്റിനു പുറത്ത് വെച്ചിട്ടാണ് മതിൽ ചാടിക്കടന്നു പോയത്. റോഡിനു അക്കരെയിക്കരെയാണ് കോൺവെന്റും മാർത്തോമാ പള്ളിയും. മൂന്നാം സാക്ഷി സഞ്ജു.പി. മാത്യുവിന്റെ മൊഴിയാണ് പിന്നെ മജിസ്ട്രേട്ട് ആവർത്തിച്ചത്.

അന്ന് മജിസ്ട്രേട്ടിന് മുൻപിൽ നൽകിയ രഹസ്യമൊഴിക്ക് വിരുദ്ധമായ മൊഴിയാണ് പിന്നീട് ഇയാൾ സിബിഐ കോടതിയിൽ പറഞ്ഞത്. സഞ്ജു കോൺവെന്റിനു സമീപത്ത് താമസിക്കുന്നയാളാണ്. 2019 ഓഗസ്റ്റ് 27 നു വിചാരണ കോടതിയിലാണ് ഇയാൾ മൊഴി മാറ്റി നൽകിയത്. സിബിഐയുടെ സമ്മർദ്ദം കാരണമാണ് പ്രതികൾക്ക് എതിരായ മൊഴി നൽകിയത് എന്നാണ് സഞ്ജു പിന്നെ കോടതിയിൽ പറഞ്ഞത്. സിബിഐ വിലങ്ങു വച്ചാണ് കോടതിയിൽ ഹാജരാക്കിയത്. അപ്പോൾ അങ്ങിനെ ഒരു സംഭവമേയുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരുന്നു. രഹസ്യമൊഴി മാറ്റി പറഞ്ഞതിനു സഞ്ജുവിനെതിരെ കേസ് വന്നേക്കും.

സഞ്ജു അന്ന് നൽകിയ മൊഴിയാണ് മജിസ്ട്രേട്ട് ആവർത്തിച്ചത്. പതിനാലു വർഷം വരെ കഠിന തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ് മൊഴിമാറ്റൽ. മജിസ്ട്രേട്ട് മൊഴി കൃത്യമായി ആവർത്തിച്ചത് സഞ്ജു കുടുക്കിലാകാൻ പര്യാപ്തവുമാണ്. പ്രതികളുടെ ബൈക്ക് കോൺവെന്റിനു മുന്നിലുണ്ടായിരുന്നു. പിതൃക്കയിൽ അടക്കമുള്ള പ്രതികൾ കോൺവെന്റിൽ വരാറുണ്ടായിരുന്നു എന്നാണ് സഞ്ജു മുൻപ് രഹസ്യ മൊഴി നൽകിയത്. 2008 നവംബറിൽ ആണ് സഞ്ജു മാത്യു മൊഴി നൽകുന്നത്.

2009 ഓഗസ്റ്റിൽ വിചാരണകോടതിക്ക് മുൻപാകെ ഈ മൊഴി മാറ്റുകയും ചെയ്തു. രഹസ്യമൊഴി സഞ്ജു ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് മജിസ്ട്രേട്ടിന്റെമൊഴിയോടെ വ്യക്തമാവുകയും ചെയ്തു. മറ്റൊരു സാക്ഷിയായ അടയ്ക്കാ രാജുവും നൽകിയ മൊഴിയും മജിസ്ട്രേട്ട് ആവർത്തിച്ചു. 2008 ഡിസംബർ ഒന്നിനാണ് അടക്കാ രാജു മൊഴി നൽകിയത്. ചെല്ലമ്മദാസിന്റെ രഹസ്യമൊഴി അഭയാ കേസ് വിചാരണയിൽ ചലനമുണ്ടാക്കുന്നുവെന്ന് ഇന്നത്തെ വിചാരണയോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം സഞ്ജു മൊഴി മാറ്റിയെന്നും സിബിഐ കോടതിക്ക് വ്യക്തമാവുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP