Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘാടകരോട് അവസരങ്ങൾ ചോദിച്ചുവാങ്ങി മകന് പാട്ടുപാടാൻ വേദിയൊരുക്കിയ അച്ഛൻ; പിതാവിന്റെ തോളിലേറി ക്ലബുകളുടെ ഗാനമേളകളിൽ പാട്ടുപാടി തുടക്കം; ബിഗ്ബ്രദർ സിനിമയിലെ പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ വൈറലായി ആഷിഖ്; ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ഗായകന്റെ കഥ

സംഘാടകരോട് അവസരങ്ങൾ ചോദിച്ചുവാങ്ങി മകന് പാട്ടുപാടാൻ വേദിയൊരുക്കിയ അച്ഛൻ; പിതാവിന്റെ തോളിലേറി ക്ലബുകളുടെ ഗാനമേളകളിൽ പാട്ടുപാടി തുടക്കം; ബിഗ്ബ്രദർ സിനിമയിലെ പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ വൈറലായി ആഷിഖ്; ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ഗായകന്റെ കഥ

ജാസിം മൊയ്ദീൻ

മലപ്പുറം; ബിഗ്ബ്രദർ എന്ന സിനിമയിലെ പറന്നുപോയൊരു കിളകളെ ഓർമ്മകൾ എന്നു തുടങ്ങുന്ന പാട്ടുപാടി സമൂഹമാധ്യമങ്ങളിൽ വൈറലായ വിദ്യാർത്ഥിയാണ് മുഹമ്മദ് ആഷിഖ്. ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത ആഷിഖ് മലപ്പുറം ജില്ലയിലെ കാളികാവ് അടക്കാക്കുണ്ട് സ്വദേശിയാണ്.

നിലവിൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ രണ്ടാം വർഷ ബിഎ മലയാളം വിദ്യാർത്ഥിയായ ആഷിഖ് ഇതിനോടകം നിരവധി റിയാലിറ്റിഷോകളിലും പങ്കെടുത്തു. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിലും ആഷിഖ് പങ്കെടുത്തിട്ടുണ്ട്. നിരവധി ആൽബങ്ങളിലും ആഷിഖ് ഇതിനോടകം പാടിക്കഴിഞ്ഞു. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് അടക്കമുള്ളവർ ആഷിഖിന്റെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

തന്റെ പരിമിതികളെ അവസരങ്ങളാക്കി മുന്നോട്ടുപോകുന്ന ആഷിഖിന്റെ വിശേഷങ്ങൾ അറിയാം. ചെറുപ്പം മുതലെ പാട്ടുകളോട് ഇഷ്ടമുള്ള ആഷിഖിന് പിതാവ് അസീസാണ് അവസരങ്ങൾ ഒരുക്കികൊടുത്തത്. നാട്ടിലെ ക്ലബുകളും മറ്റ് സംഘടനകളും നടത്തുന്ന പരിപാടികളിൽ അസീസ് മകനെയും കൊണ്ട് പോയി സംഘാടകരോട് തന്റെ മകന് ഒരു പാട്ടുപാടാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത കുട്ടിയെന്ന നിലയിൽ അക്കാലങ്ങളിൽ സംഘാടകർ അവസരം നൽകുകയും ചെയ്തു.

അങ്ങനെയാണ് ആഷിഖ് പാട്ടിന്റെ ലോകത്തേക്ക് എത്തുന്നത്. ഒന്നു മുതൽ ഏഴ് വരെ മലപ്പുറം മങ്കട വള്ളിക്കാപ്പറ്റയിലുള്ള കാഴ്ച പരിമിതിയുള്ളവർക്കുള്ള സ്പെഷ്യൽ സ്‌കൂളിലാണ് ആഷിഖ് പഠിച്ചത്. അതിന് ശേഷം സാധാരണ വിദ്യാർത്ഥികൾക്കൊപ്പം വീടിനോട് ചേർന്ന അടക്കാകുണ്ട് ക്രസന്റ് സ്‌കൂളിലും. ഈ രണ്ട് വിദ്യാലയങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ആഷിഖിന് ലഭിച്ചത്. അദ്ധ്യാപകരും സുഹൃത്തുക്കളുമെല്ലാം ആഷിഖിന്റെ പാട്ടുകളെ പ്രോത്സാഹിപ്പിച്ചു. പിന്നീട് ഫാറൂഖ് കോളേജിലെത്തിയപ്പോഴും ആഷിഖിന്റെ പാട്ടുകൾക്ക് പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഫാറൂഖ് കോളേജിൽ എല്ലാ വർഷവും നടക്കുന്ന സിംഗർ ഓഫ് ദി ക്യാമ്പസ് മത്സരത്തിൽ ആഷിഖായിരുന്ന കഴിഞ്ഞ തവണ വിജയി.

കഴിഞ്ഞ ഒക്ടോബർ 15ന് അന്താരാഷ്ട്ര വൈറ്റ്കെയ്ൻ ദിനത്തോടനുബന്ധിച്ച് വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്‌കൂളിലെ പ്രോഗ്രാമിന് വേണ്ടിയാണ് ആഷിഖ് ബിഗ്ബ്രദർ സിനിമയിലെ പറന്നുപോയൊരു കിൽകളെ ഓർമ്മകൾ എന്നു തുടങ്ങുന്ന പാട്ടുപാടിയത്. ഈ പാട്ടിലൂടെയാണ് ആഷിഖ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മുമ്പ് ഫോണിൽ ഓഡിയോ ആയി റെക്കോർഡ് ചെയ്തിരുന്ന പാട്ടിന് ലിപ്മൂവ്മെന്റ് നൽകുകയായിരുന്നു ചെയ്തത്. പിന്നീട് ആഷിഖ് തന്റെ സ്വന്തം യുടൂബ് ചാനലിലും ഫേസ്‌ബുക്കിലും ഇത് പങ്കുവെച്ചു. നിരവധിയാളുകൾ അത് ഷെയർ ചെയ്യുകയും ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തു.

ആ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആഷിഖിനെ തേടി നിരവധി അഭിനന്ദങ്ങളാണ് എത്തിയത്. നിരവധി മ്യൂസിക് ആൽബങ്ങളിൽ പാടാനുള്ള അവസരങ്ങളും ആഷിഖിനെ തേടിയെത്തിയിട്ടുണ്ട്. കണ്ണുകൾക്ക് കാഴ്ചയില്ലാത്തതിനാൽ തന്നെ നിരവധി തവണ കേട്ടിട്ടാണ് ആഷിഖ് പാട്ടുകൾ പഠിക്കുന്നത്. ചില പാട്ടുകൾ ഒന്നോ രണ്ടോ തവണ കേട്ടാൽ പഠിക്കാൻ കഴിയുമെങ്കിലും ചില പാട്ടുകൾ പഠിക്കാൻ ദിവസങ്ങളോളം എടുക്കുമെന്നും ആഷിഖ് പറയുന്നു. ചില പ്രത്യേക ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് ആഷിഖ് ഫോൺ ഉപയോഗിക്കുന്നത്.

നിലവിൽ മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയപറമ്പിൽ വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള എബിലിറ്റി ക്യാമ്പസിൽ കംബ്യൂട്ടർ കോഴ്സുകൾ പഠിക്കുകയാണ് ആഷിഖ്. അതോടൊപ്പം തന്നെ എബിലിറ്റി ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് ഓഡിയോ റെക്കോർഡിങ് ടെക്നോളജിയെ കുറിച്ച് പഠിപ്പിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP