Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോസ് കെ മാണിയുടെ ഭാര്യ പാലായിൽ സ്ഥാനാർത്ഥിയാവുമെന്ന് കരുതി കരുനീക്കങ്ങളുമായി എൽഡിഎഫ്; ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചന ശക്തം; വോട്ടും പണവും ഉറപ്പിക്കാൻ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പേ യുകെ സന്ദർശനവുമായി സിന്ധുമോൾ; മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ബ്രിട്ടീഷ് മലയാളികളുടെ പിന്തുണ ഉറപ്പിക്കാൻ സിന്ധു യുകെയിൽ പങ്കെടുക്കുന്നത് അനേകം പൊതു പരിപാടികളിൽ

ജോസ് കെ മാണിയുടെ ഭാര്യ പാലായിൽ സ്ഥാനാർത്ഥിയാവുമെന്ന് കരുതി കരുനീക്കങ്ങളുമായി എൽഡിഎഫ്; ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചന ശക്തം; വോട്ടും പണവും ഉറപ്പിക്കാൻ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പേ യുകെ സന്ദർശനവുമായി സിന്ധുമോൾ; മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ബ്രിട്ടീഷ് മലയാളികളുടെ പിന്തുണ ഉറപ്പിക്കാൻ സിന്ധു യുകെയിൽ പങ്കെടുക്കുന്നത് അനേകം പൊതു പരിപാടികളിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോക് സഭ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യം കേരളത്തിൽ തിരഞ്ഞെടുപ്പുകളുടെ ഒരു സെമി ഫൈനലിന് അവസരം ഒരുക്കുകയാണ്. രണ്ടു വർഷം കഴിഞ്ഞ് എത്തുന്ന ഫൈനലിൽ പോരാടാനുള്ള കരുത്തു നേടാൻ മുന്നണികൾക്കുള്ള ഏറ്റവും മികച്ച അവസരം. നാലിടത്തും എംഎൽഎമാർ എംപിമാർ ആയപ്പോൾ രണ്ടിടത്ത് എംഎൽഎമാരുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നത്. ഇതിൽ പാലാ സീറ്റിലെ മത്സരം ഏറെ സവിശേഷമാകുകയാണ്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധിയെ നിശ്ചയിക്കുക എന്നതിൽ ഉപരി കേരളത്തിലെ പ്രധാന പ്രാദേശിക പാർട്ടിയായ കേരള കോൺഗ്രസിന്റെ വിധി കൂടി നിർണയിക്കാൻ പ്രാപ്തമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

അക്കാരണത്താൽ മാത്രം ഇരു മുന്നണികൾക്കും പ്രധാനം. ആര് തോറ്റാലും അത് ആത്മഹത്യപരം. മാണി സാർ എന്ന പാലായുടെ വന്മരം വീണപ്പോൾ അവിടെയിനി തഴച്ചു വളരേണ്ടത് തങ്ങളാണെന്ന ബോധ്യത്തോടെയാണ് സിപിഎം എത്തുക. അതിനായി കക്ഷിയുടെ സീറ്റ് വാങ്ങിച്ചെടുക്കുക എന്ന തന്ത്രമാണ് സിപിഎം നോക്കുന്നത്. എന്നാൽ മറുപക്ഷത്താകട്ടെ പാലാ മാണി സാറിനെ മാത്രമല്ല കേരള കോൺഗ്രസിനെയും കൂടിയാണ് സ്നേഹിക്കുന്നത് എന്ന് കേരളത്തെ ഓർമ്മിപ്പിക്കാനും വീണ്ടും പിളരാൻ കാത്തിരിക്കുന്ന പാർട്ടിയെ വിജയം വഴി താൽക്കാലികമായെങ്കിലും രക്ഷിക്കാനും വേണ്ടിയുള്ള മത്സരമായി കേരള കോൺഗ്രസിനും ഏറ്റെടുക്കേണ്ടി വരും.

ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥികൾ ആരെന്നതു പ്രധാനമാകുന്നത്. കെ എം മാണിയുടെ പിൻഗാമിയാകാൻ ആ കുടുംബത്തിൽ നിന്നും തന്നെ ഒരാൾ എത്തുമെന്ന പ്രചരണം ശക്തമാണ്. എന്നാൽ തന്റെ ഭാര്യ മത്സരിക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും നിഷാ ജോസ് കെ മാണി മത്സരിച്ചേക്കുമെന്ന പ്രചരണം ഒരു വിഭാഗം അഴിച്ചു വിട്ടിരുന്നു. ജോസ് കെ മാണിയെ താറടിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. പാലയാലും നിഷയുടെ പേരുയർത്തുന്നതിന് പിന്നിൽ ഇത് മാത്രമാണ് കാരണം. നിഷ മത്സരിക്കില്ലെന്ന് ജോസ് കെ മാണി എല്ലാ അർത്ഥത്തിലും വിശദീകരിച്ചു കഴിഞ്ഞു. എന്നാൽ സിപിഎം പ്രചരിപ്പിക്കുന്നതും നിഷയാണ് സ്ഥാനാർത്ഥിയെന്നാണ്.

ു വ്യക്തമായതോടെ എന്തു വില നൽകിയും ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കാൻ പറ്റുന്ന സ്ഥാനാർത്ഥി വേണമെന്ന ചിന്ത സിപിഎമ്മിൽ ഉണ്ടായിരിക്കുന്നത്. ലോക്സഭയിൽ ഏറ്റ തിരിച്ചടി കൂടി മുന്നിൽ ഉള്ളപ്പോൾ സ്ഥാനാർത്ഥി അൽപം എങ്കിലും മോശം ആയാൽ പരുക്കിന്റെ ആഴം തീരെ ചെറുതായിരിക്കില്ല എന്ന തിരിച്ചറിവാണ് സിപിഎമ്മിനെ ഉഴവൂർ മുൻ പഞ്ചായത്ത് പ്രസിൻഡന്റിലേക്കു കണ്ണ് വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. മാണിയുടെ മരുമകൾ നിഷ എത്തിയാൽ മണ്ഡലം പിടിക്കാൻ ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കാൻ ഇറക്കണമെന്നാണ് സിപിഎം വാദം. ഇതിന് വേണ്ടി എൻ സി പിയിൽ നിന്ന് സീറ്റ് സിപിഎം ഏറ്റെടുക്കും.

സിന്ധുവിനോളം കെൽപ്പുള്ള മറ്റൊരാൾ നിലവിൽ ഇല്ലെന്ന ചർച്ചകൾ ആണ് സിപിഎമ്മിൽ സജീവമാകുന്നത്. കോട്ടയം ലോക്സഭാ സീറ്റിലും ഇതേവിധം ചർച്ച ഉണ്ടായെങ്കിലും വി എൻ വാസവൻ സ്ഥാനാർത്ഥി ആകുക ആയിരുന്നു. മാധ്യമങ്ങൾ വഴി സിന്ധു ആവശ്യത്തിലേറെ ശ്രദ്ധ നേടിയപ്പോൾ അവരുടെ വരവ് കുറുക്കു വഴിയിലൂടെയാണ് എന്നത് എതിരാളികൾ പ്രചരിപ്പിക്കും എന്നതാണ് വാസവന് ഒടുവിൽ നറുക്കു വീഴാൻ കാരണം. എന്നാൽ ഇത്തവണ അത്തരം ഒരു പിഴവ് ഉണ്ടാകരുത് എന്ന് സിപിഎമ്മിന് നിർബന്ധമുണ്ട്. അതിനാൽ തന്നെ പാലാ സീറ്റിന്റെ പേരിൽ എൻസിപിയുമായി തർക്കം ഉണ്ടായതും സിപിഎം തന്ത്രപരമായി ഒതുക്കി തീർക്കുക ആയിരുന്നു.

ഈ സാധ്യതകൾക്ക് കൂടുതൽ കരുത്തു നൽകിയാണ് അടുത്ത ദിവസം തന്നെ സിന്ധുമോൾ യുകെയിൽ എത്തുന്നത്. പാലാ മണ്ഡലവുമായി എതെകിലും വിധത്തിൽ ബന്ധമുള്ള ആയിരത്തിലേറെ കുടുംബങ്ങൾ എങ്കിലും യുകെ മലയാളികൾക്കിടയിൽ ഉണ്ടെന്നാണ് സൂചനകൾ. ഇവരിൽ നല്ല പങ്കിനെയും നേരിട്ട് കണ്ടു മടങ്ങുവാനാണ് സിന്ധുവിന്റെ വരവ്. കുടുംബവും ഒത്തു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സന്ദർശനമാണ് സിന്ധുവിന്റെ ടൂർ ഡയറിയിൽ ഉള്ളത്. പാലായിൽ ഓരോ വോട്ടും നിർണ്ണായകമായ സാഹചര്യത്തിലാണ് ഇത്. പരമാവധി വോട്ട് നേടി പാല പിടിക്കാൻ യുകെയിലെ സന്ദർശനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

പ്രാദേശിക സംഗമങ്ങൾ, കുടുംബ കൂട്ടായ്മകൾ, സൗഹൃദ സന്ദർശനങ്ങൾ എന്നിവ വഴി പരമാവധി പേരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയാണ് സിന്ധു ലക്ഷ്യമിടുന്നത്. എന്നാൽ ഒരക്ഷരം പോലും രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയുമില്ല. ഇതോടെ ഒരു നിശബ്ദ തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ് സാധ്യമാകുന്നത്. സിന്ധുവിന്റെ യുകെ വരവ് ഉപതിരഞ്ഞെടുപ്പിലെ പശ്ചാത്തലത്തിൽ യുകെയിലെ കേരള കോൺഗ്രസും കാണാതിരിക്കുന്നില്ല. പാർട്ടി അനുഭാവികളും പ്രവർത്തകരും തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാൻ അവരും ഇതോടെ രംഗത്ത് എത്തുകയാണ്. ഇപ്പോൾ കേരള കോൺഗ്രസിലെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ ശ്രദ്ധ നേടുന്ന സ്റ്റീഫൻ ജോർജാണ് ഇതിനായി യുകെയിൽ എത്തുന്നത്.

സ്റ്റീഫനും ഏതാനും ദിവസങ്ങൾക്കകം യുകെയിൽ എത്തും. ചില പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സ്റ്റീഫൻ കേരള കോൺഗ്രസ്സ് പ്രവർത്തക കൂട്ടായ്മയിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിലൂടെ യുകെ സന്ദർശനം വഴി സിന്ധു നേടാൻ ആഗ്രഹിക്കുന്ന മേൽക്കൈ തടയാനാകും എന്നതാണ് യുകെയിലെ കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിശ്വാസം. സിന്ധുവിന്റെ പരിപാടികളിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെ മേൽ ഒരു കണ്ണ് വയ്ക്കുവാനും നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. സിന്ധുമോൾ ജേക്കബ് യുകെയിൽ ഉള്ള ദിവസങ്ങളിൽ തന്നെയാണ് സ്റ്റീഫൻ ജോർജിന്റെ വരവും എന്നതും ശ്രദ്ധ നേടുന്നു. സ്റ്റീഫൻ ജോർജ് കേരള കോൺഗ്രസ്സ് പ്രവർത്തകരെ കാണുന്ന കാര്യം ഉറപ്പായിട്ടുണ്ടെങ്കിലും സിന്ധുമോൾ യുകെയിൽ ഇടതു പക്ഷ പ്രവർത്തകരെ കാണുന്നത് സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

പാർട്ടിയിൽ ജൂനിയർ നിലവാരമുള്ള നേതാവ് ആയതിനാൽ അണികൾക്കിടയിൽ വേണ്ടത്ര ആവേശം സൃഷ്ടിക്കാൻ സാധിച്ചേക്കില്ല എന്നതും കൂടിയാകും പ്രവർത്തകർക്കിടയിൽ മടുപ്പിനു കാരണം. സർക്കാർ ചെലവിൽ വന്നുവെന്ന കാരണത്താൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും എത്തിയപ്പോൾ പാർട്ടി അനുഭാവികളെ പ്രത്യേകം കാണാൻ തയാറായിരുന്നില്ല. കേരള സർക്കാരിന് ആവശ്യത്തിലേറെ വിവാദങ്ങൾ കൂടെ ഉള്ളതിനാൽ ഇത്തരത്തിൽ മറ്റൊരു വിവാദം കൂടി ക്ഷണിച്ചു വരുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.

ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം ആണ് സിന്ധു. ഡോക്ടറുടെ ജാഡകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്‌നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഉഴവൂരിന്റെ മരുകളായി സിന്ധുവെത്തുന്നത്. രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയം ലോക്സഭയിലേക്ക് സിന്ധുമോളെ സിപിഎം പരിഗണിക്കുന്നത്. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഉഴവൂർ പഞ്ചായത്തിലെ നാലാം വാർഡായ അരീക്കരയിലെ മെമ്പർ കൂടിയായ സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി.

2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാഥയെ കടുത്തുരുത്തിയിൽ വരവേറ്റത് സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് തന്നെ സിന്ധുവിന് പാർട്ടിയിൽ ലഭിക്കുന്ന പ്രാധാന്യം ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP