Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയുടെ ഉരുക്കുകോട്ട വ്യക്തിപ്രഭാവം കൊണ്ട് കീഴടക്കിയ ലേഡി ഡോക്ടർ; അതിസമ്പന്നർ തിങ്ങി പാർക്കുന്ന നാട്ടിൽ പാവങ്ങൾക്ക് കിടപ്പാടം കൊടുക്കാൻ മുൻകൈ എടുക്കുന്ന ചാലകശക്തി; യാക്കോബായ കുടുംബത്തിൽ നിന്നും ഉഴവൂരിലെ ക്‌നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയും ജോസഫും സീറ്റിന്റെ പേരിൽ തർക്കിച്ചു നിൽക്കുമ്പോൾ നവോത്ഥാനത്തിന്റെ മാതൃക കൂടി സ്ഥാപിച്ച് കോട്ടയം പിടിക്കാൻ സിപിഎം രംഗത്തിറക്കുന്ന ഡോ സിന്ധുമോൾ ജേക്കബിന്റെ കഥ

മാണിയുടെ ഉരുക്കുകോട്ട വ്യക്തിപ്രഭാവം കൊണ്ട് കീഴടക്കിയ ലേഡി ഡോക്ടർ; അതിസമ്പന്നർ തിങ്ങി പാർക്കുന്ന നാട്ടിൽ പാവങ്ങൾക്ക് കിടപ്പാടം കൊടുക്കാൻ മുൻകൈ എടുക്കുന്ന ചാലകശക്തി; യാക്കോബായ കുടുംബത്തിൽ നിന്നും ഉഴവൂരിലെ ക്‌നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയും ജോസഫും സീറ്റിന്റെ പേരിൽ തർക്കിച്ചു നിൽക്കുമ്പോൾ നവോത്ഥാനത്തിന്റെ മാതൃക കൂടി സ്ഥാപിച്ച് കോട്ടയം പിടിക്കാൻ സിപിഎം രംഗത്തിറക്കുന്ന ഡോ സിന്ധുമോൾ ജേക്കബിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിൽ യു.ഡി.എഫിന് കാതലായ വേരോട്ടമുള്ള പഞ്ചായത്താണ് ഉഴവൂർ. കേരള കോൺഗ്രസിനോട് നേർക്കുനേർ നേരിട്ട് കോൺഗ്രസ് ഇവിടെ അധികാരം പിടിച്ചിട്ടുണ്ട്. കേരള കോൺഗ്രസും ഇവിടെ ഒറ്റയ്ക്ക് അധികാരത്തിലേറിയിട്ടുണ്ട്. ഇടത് അധികാരത്തിൽ എത്തിയത് യു.ഡി.എഫിന് പ്രസിഡന്റാകാൻ വനിതകൾ ഇല്ലാതായപ്പോൾ മാത്രം. ഭരണകാലം തീരുംമുമ്പേ ഇടത് പാളയത്തിൽനിന്ന് ഒരു വനിതയെ സ്വന്തമാക്കി പ്രസിഡന്റ്പദം പിടിക്കാനും യു.ഡി.എഫിനായി. ഭാഗ്യം കൊണ്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായ സിന്ധുമോൾ ജേക്കബ് ഇന്ന് നാട്ടുകാരുടെ പ്രിയങ്കരിയാണ്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാഡകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി.

ഉഴവൂർ നഗരഹൃദയത്തോടുചേർന്ന് പൊന്നുംവിലയുള്ള 40 സെന്റുസ്ഥലം 16 ഭൂരഹിതർക്ക് വീടൊരുക്കാനായി തികച്ചും സൗജന്യമായി അരീക്കരയിലെ കപ്പടക്കുന്നേൽ കുടുംബം നൽകുമ്പോൾ ചർച്ചയായത് പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് നടത്തിയ ജനകീയ ഇടപെടലുകളാണ്. ഇത് മൂലം നിർധനരായ 16 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം യാഥാർഥ്യമായി. ഉഴവൂരിലെ ആദ്യകാല പഞ്ചായത്തംഗമായിരുന്ന കെ കെ മാത്യുവിന്റെ സ്മരണാർഥമാണ് മൂന്ന് മക്കൾ ചേർന്ന് 12 കുടുംബങ്ങൾക്ക് സ്ഥലം സൗജന്യമായി നൽകിയത്. ഉഴവൂർ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ കരുനെച്ചിയിലാണ് വഴിയും വെള്ളവുമെല്ലാം സമൃദ്ധമായുള്ള സ്ഥലം. ഭൂരഹിതർക്ക് സ്ഥലം നൽകുന്നതിന് മുന്നോടിയായി ഇവരുടെ പുരയിടത്തിലെ വലിയ കുളം പഞ്ചായത്തിന് കൈമാറിയിരുന്നു. തുടർന്ന് എല്ലാവീടുകൾക്കും വഴി സൗകര്യം ഉറപ്പാക്കി 40 സെന്റ് സ്ഥലവും. അങ്ങനെ ആരും പ്രതീക്ഷിക്കാത്തതൊക്കെ സ്വന്തം നാട്ടിൽ ചെയ്ത മിടുമിടുക്കിയാണ് സിന്ധുമോൾ ജേക്കബ്.

യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഉഴവൂരിന്റെ മരുകളായി സിന്ധുവെത്തുന്നത്. രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയം ലോക്‌സഭയിലേക്ക് സിന്ധുമോളെ സിപിഎം പരിഗണിക്കുന്നത്. ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഉഴവൂർ പഞ്ചായത്തിലെ നാലാം വാർഡായ അരീക്കരയിലെ മെമ്പർ കൂടിയായ സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി.

2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാഥയെ കടുത്തുരുത്തിയിൽ വരവേറ്റത് സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് തന്നെ സിന്ധുവിന് പാർട്ടിയിൽ ലഭിക്കുന്ന പ്രാധാന്യം ചർച്ചയായിരുന്നു. കോട്ടയം കേരളാ കോൺഗ്രസിന്റെ ഉറച്ച സീറ്റാണ്. എന്നാൽ കെഎം മാണിയും പിജെ ജോസഫും തമ്മിലെ പ്രശ്‌നങ്ങൾ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കി അട്ടിമറിക്ക് സിപിഎം തയ്യാറെടുക്കുന്നത്. കോട്ടയത്തെ പൊതു രംഗങ്ങളിൽ സിന്ധു സജീവ സാന്നിധ്യമാണ്. ഇതിന് പുറമേ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കാൻ കൂടി കോട്ടയത്തെ സ്ഥാനാർത്ഥിയിലൂടെ സിപിഎം ശ്രമിക്കുമെന്നാണ് സൂചന.

ജനകീയ പങ്കാളിത്തതോടെ അരീക്കരയിൽ നിരവധി പ്രവർത്തനങ്ങൾ സിന്ധു ചെയ്തു. അഞ്ച് വർഷം കൊണ്ട് 15 കിലോ മീറ്റർ പുതിയ റോഡ് തന്റെ വാർഡിൽ മാത്രമം ഉണ്ടാക്കി. സ്ഥലം വാങ്ങി വഴി തുറന്നാൽ കോടികൾ ചെലാകുന്നിടത്താണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയത്. പയസ്മൗണ്ട് പള്ളി, കുരിശു പള്ളി, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ടാക്കാനുള്ള കർമ്മ പദ്ധതിയും സിന്ധു നടപ്പാക്കിയിരുന്നു. പണം നൽകാതെ ഭൂവുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം ഏറ്റെടുക്കുന്ന സിന്ധുവിന്റെ വികസന മാത-ക കോട്ടയത്തുടനീളം ചർച്ചയായിരുന്നു. ടൂറിസം സാധ്യതകൾ മനസ്സിലാക്കി അരീക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയും ഉണ്ടാക്കി. രണ്ട് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് ഇത് അവസാനമുണ്ടാക്കിയത്.

കോട്ടയത്ത് മുമ്പ് പലതവണ ഇവിടെ നിന്നും ജയിച്ചു കയറിയിട്ടുള്ള സുരേഷ്‌കുറുപ്പിനൊപ്പമാണ് സിന്ധുവിന്റെ പേരും പറഞ്ഞു കേൾക്കുന്നത്. ഇത്തവണ സിപിഎം സുരേഷ് കുറുപ്പിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് സിന്ധു മോൾക്ക് തന്നെയാണ്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വോട്ടുകൾ ഉറപ്പിച്ച് കോട്ടയം പിടിക്കാനാണ് സിപിഎം നീക്കം. ഇതിന് വേണ്ടിയാണ് യാക്കോബായ സഭയിലും ക്‌നാനായ സഭയിലും വേരുകളുള്ള പഞ്ചായത്ത് അംഗത്തെ പരിഗണിക്കുന്നത്. ഉഴവൂരിൽ ചെമ്മനാടാണ് സിന്ധുമോൾ താമസിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP