Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതതീവ്രവാദത്തിലൂടെ പൊതുസമൂഹത്തിൽ നുഴഞ്ഞുകയറുന്ന ഭീകരവാദികൾ അഭിമന്യുവിന്റെ ചിത കത്തിയമർന്നശേഷം അടുത്ത ചിതയ്ക്കായി കാത്തിരിക്കുന്നു; നാൽപ്പതോളം കേസുകളിൽ അവർക്ക് രക്ഷപെടാമെങ്കിൽ അഭിമന്യുവിനെ കൊന്നവരും രക്ഷപെടും; നല്ലവണ്ണം ഒരുങ്ങി കൊല നടത്തുന്ന എസ്ഡിപിഐയെ ശിക്ഷിക്കുമെന്ന പ്രതീക്ഷയില്ല; അഭിമന്യുവിന്റെ വീട്ടിലെത്തിയ സൈമൺ ബ്രിട്ടോ മനസു തുറന്നപ്പോൾ

മതതീവ്രവാദത്തിലൂടെ പൊതുസമൂഹത്തിൽ നുഴഞ്ഞുകയറുന്ന ഭീകരവാദികൾ അഭിമന്യുവിന്റെ ചിത കത്തിയമർന്നശേഷം അടുത്ത ചിതയ്ക്കായി കാത്തിരിക്കുന്നു; നാൽപ്പതോളം കേസുകളിൽ അവർക്ക് രക്ഷപെടാമെങ്കിൽ അഭിമന്യുവിനെ കൊന്നവരും രക്ഷപെടും; നല്ലവണ്ണം ഒരുങ്ങി കൊല നടത്തുന്ന എസ്ഡിപിഐയെ ശിക്ഷിക്കുമെന്ന പ്രതീക്ഷയില്ല; അഭിമന്യുവിന്റെ വീട്ടിലെത്തിയ സൈമൺ ബ്രിട്ടോ മനസു തുറന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മറയൂർ: നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട് സൈമൺ ബ്രിട്ടോ എന്ന സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിക്ക്. എങ്കിലും അഭിമന്യു എന്ന തന്റെ പ്രിയപ്പെട്ടവന് വേണ്ടി ആരോഗ്യ പ്രശ്‌നങ്ങൾ മറന്ന് ബ്രിട്ടോ വട്ടവടയിൽ എത്തി. മാതാപിതാക്കളെ നേരിൽകണ്ട് ആശ്വസിച്ച അദ്ദേഹം പക്ഷേ പൊലീസ് അന്വേഷണത്തിൽ അത്രയ്ക്ക് തൃപ്തനല്ല. മത തീവ്രവാദികളായ പോപ്പുലർ ഫ്രണ്ടുകാർ നടത്തിയ അരുംകൊലയിൽ പ്രതികൾ ശിക്ഷിക്കപ്പെടുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെക്കുന്നത്.

മതതീവ്രവാദത്തിലൂടെ പൊതുസമൂഹത്തിൽ നുഴഞ്ഞുകയറുന്ന ഭീകരവാദികൾ അഭിമന്യുവിന്റെ ചിത കത്തിയമർന്നശേഷം അടുത്ത ചിതയ്ക്കായി കാത്തിരിക്കുന്നതായി സൈമൺ ബ്രിട്ടോ മറയൂരിൽ പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം മുൻകൂട്ടി തിരക്കഥയെഴുതി തയ്യാറാക്കി നടപ്പാക്കിയതാണ്. എസ്.ഡി.പി.ഐ.യുടെപേരിൽ 40-ലധികം കേസ് ഇത്തരത്തിലുണ്ടായിട്ടും ഒന്നിൽപ്പോലും പ്രതികളെ ശിക്ഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ കേസിലും നല്ലരീതിയിൽ ഒരുങ്ങിയാണ് ഇവർ കുറ്റകൃത്യം ചെയ്തുവരുന്നത്. ഈ കേസിലും പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന ഒരു പ്രതീക്ഷയും ഇല്ല.

കോടതിക്കുമുൻപിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക. ഇതുവരെ ആരു കുത്തി, കുത്തിയ കത്തി എന്നിവ കണ്ടെത്തുന്നതിനു കഴിയാത്തത് കേസിനെ ബാധിക്കും. പ്രതികൾ പിടിക്കപ്പെട്ടാൽ അടുത്ത ബാച്ചിന് ഇവർ പരീശിലനം നല്കി പുറത്തിറക്കിയിരിക്കും. തെളിവുകൾ അവശേഷിപ്പിക്കാതെ ഇവർ പദ്ധതി നടപ്പാക്കും. ഇവർക്കു പണത്തിന്റെയും സമൂഹത്തിലെ പ്രമാണിമാരുടെയും ശക്തമായ പിൻബലമുണ്ട്-സൈമൺ ബ്രിട്ടോ പറഞ്ഞു.

തിങ്കളാഴ്ച മൂന്നരയോടെയാണ് സൈമൺ ബ്രിട്ടോ അഭിമന്യുവിന്റെ വീട്ടിലെത്തിയത്. ക്ഷീണംമൂലം അഭിമന്യുവിന്റെ ഒറ്റമുറിവീട്ടിലെ നിലത്തുകിടന്ന സൈമൺ ബ്രിട്ടോ, മാതാപിതാക്കളെ കട്ടിലിലിരുത്തിയാണ് സംസാരിച്ചതും ആശ്വസിപ്പിച്ചതും. അഭിമന്യു തന്റെ ജീവനായിരുന്നെന്നും കൊലപാതകികൾ കൊണ്ടുപോയത് തന്റെ പകുതി ജീവൻകൂടിയാണെന്നും സൈമൺ ബ്രിട്ടോ മാതാപിതാക്കളോടു പറഞ്ഞു. ഒരുമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു.

മറയൂരിലെത്തിയ ബ്രിട്ടോയുടെ വരവും പ്രതീക്ഷിച്ച് പാർട്ടി പ്രവർത്തകർ രാവിലെ മുതൽ തന്നെ അഭിമന്യുവിന്റെ വീട്ടിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് ബ്രിട്ടോ കൊട്ടാക്കൊമ്പൂരിലെത്തിയത്. കാത്തു നിന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ ബ്രിട്ടോയെ വീൽചെയറിൽ ഇരുത്തി അഭിമന്യുവിന്റെ ഒറ്റമുറി വീട്ടിലെത്തിച്ചു. വീടിനുള്ളിൽ കയറണമെന്ന് ബ്രിട്ടോ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് നിലത്ത് പായ് വിരിച്ച് വീടിനുള്ളിൽ എത്തിച്ചു. ബ്രിട്ടോയെ കണ്ടയുടൻ അഭിമന്യുവിന്റെ അമ്മ ഭൂപതി കൈകളിൽ പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ട് നിന്നവരുടെയെല്ലാം കണ്ണ് നനയിച്ച നിമിഷങ്ങളായിരുന്നു അത്.

അഭിമന്യുവുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നു സൈമൺ ബ്രിട്ടോ. ബ്രിട്ടോയുടെ വീട്ടിലെ പുസ്തകങ്ങളുടെ കൂട്ടുകാരനായിരുന്നു അഭിമന്യു. ഒഴിവുള്ള ദിവസങ്ങളിൽ അഭിമന്യുവിന്റെ താമസം ആ വീട്ടിലായിരുന്നു. അദ്ദേഹത്തെ പുസ്തകരചനക്ക് സഹായിച്ചിരുന്നതും അഭിമന്യുവായിരുന്നു.

അഭിമന്യു വീട്ടിൽ സൂക്ഷിച്ചിരുന്ന ബൊളീവിയൻ ഡയറി എന്ന പുസ്തകവും, വായിച്ചു തീർക്കാതെ പോയ റോബിൻ ശർമ്മയുടെ ''നിങ്ങൾ മരിക്കുമ്പോൾ ആര് കരയും'' എന്ന പുസ്തകവും നോട്ടുകളും ബ്രിട്ടോ നോക്കി കണ്ടു. ഒന്നര മണിക്കൂർ നേരം നിലത്ത് വിരിച്ച പായിൽകിടന്നുകൊണ്ട് അഭിമന്യുവിന്റെ കുടുംബത്തോട് അഭിമന്യു തന്നോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളും ഇടപെടലുകളും മകൾ നിലാവിനോടൊപ്പം കളിക്കുന്നതുമെല്ലാം വിവരിച്ചു. അഭിമന്യുവിന്റെ ഒപ്പം കുത്തേറ്റ അർജ്ജുൻകൃഷ്ണയുടെ വിവരങ്ങളും പങ്കുവച്ചു.

1983 ഒക്ടോബർ 13 വെള്ളിയാഴ്ചയാണ് മഹാരാജാസ് കോളേജിൽ വച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ കാണുന്നതിനായി ക്യാഷ്വാലിറ്റി വാർഡിലൂടെ നടന്നു പോകുമ്പോൾ ബ്രിട്ടോയെ കെഎസ്‌യു ഗുണ്ടകൾ കുത്തിവീഴ്‌ത്തിയത്. തലനാരിഴക്കാണ് അദ്ദേദഹത്തിന് ജീവൻ തിരിച്ചുകിട്ടിയത്. അതിനുശേഷം, നീണ്ട 35 വർഷക്കാലമായി വീൽചെയറിലാണ് ജീവിതം. എൽഎൽബി പരീക്ഷാ ഫലം വന്ന് വിജയം അറിഞ്ഞ ദിവസമാണ് ബ്രിട്ടോക്ക് കുത്തേറ്റത്.

അനുഭവങ്ങൾ പങ്കുവച്ച ശേഷം അഞ്ചരയോടെയാണ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. വീട്ടിൽ നിന്നും മടങ്ങിയ ബ്രിട്ടോയെ അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരങ്ങളായ കൗസല്യ, പരിജിത്ത് എന്നിവർ ചേർന്ന് യാത്രയയച്ചു. സൈമൺ ബ്രിട്ടോ വട്ടവടയിൽ തങ്ങിയ ശേഷം ചൊവ്വാഴ്‌ച്ച വൈകുന്നേരം എറണാകുളത്തേക്ക് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP