Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃക്കാക്കരയിലെ തോൽവിയോടെ തൽക്കാലം മരവിപ്പിച്ചു; ശബരിമല വിഷയത്തിന് സമാനമായ തിരിച്ചടി കൂടി ഭയന്നതോടെ യു ടേണെടുത്ത് പിണറായി; കേന്ദ്രാനുമതി കിട്ടില്ലെന്ന സൂചനയും സർക്കാറിന്റെ കടക്കെണിയും വില്ലനായി; സാമൂഹികാഘാത പഠനം തുടരാൻ നിർദേശിച്ച മുഖ്യമന്ത്രിക്കും മനംമാറ്റം വന്നത് മുന്നിലുള്ളത് വൻ പ്രതിഷേധങ്ങളെന്ന തിരിച്ചറിവിൽ; സിൽവർലൈന് അകാല ചരമം അടയുമ്പോൾ

തൃക്കാക്കരയിലെ തോൽവിയോടെ തൽക്കാലം മരവിപ്പിച്ചു; ശബരിമല വിഷയത്തിന് സമാനമായ തിരിച്ചടി കൂടി ഭയന്നതോടെ യു ടേണെടുത്ത് പിണറായി; കേന്ദ്രാനുമതി കിട്ടില്ലെന്ന സൂചനയും സർക്കാറിന്റെ കടക്കെണിയും വില്ലനായി; സാമൂഹികാഘാത പഠനം തുടരാൻ നിർദേശിച്ച മുഖ്യമന്ത്രിക്കും മനംമാറ്റം വന്നത് മുന്നിലുള്ളത് വൻ പ്രതിഷേധങ്ങളെന്ന തിരിച്ചറിവിൽ; സിൽവർലൈന് അകാല ചരമം അടയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യ ഘട്ടത്തിൽ കാര്യമായ പഠനം നടത്താതെ ഇന്ദ്രനെയും ചന്ദ്രനെയും കൂസില്ലെന്നും പദ്ധതി നടപ്പിലാക്കുമെന്നുമുള്ള വെല്ലുവിളി, പിന്നാലെ യാഥാർഥ്യം തിരിച്ചറിയുമ്പോൾ യുടേൺ എടുത്തു മുങ്ങൽ. പിറണായി സർക്കാർ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ച പല കാര്യങ്ങളിലും പ്രകടനമായത് ഈ യുടേണാണ്. തീരുമാനങ്ങൾ നിരന്തരം തിരുത്തപ്പെടുമ്പോൾ നിലപാടില്ലാത്ത മുഖ്യമന്ത്രിയായി മാറുകയാണ് പിണറായി. തുടർഭരണം നേടിയെങ്കിലും സ്വന്തമെന്ന് പറയാൻ ഒരു പദ്ധതി പോലും പിണറായിയുടെ പേരിലില്ല. കടംവാങ്ങിയ പണം കൊണ്ട് ചെലവ് നടത്തുന്ന ഗൃഹനാഥനെ പോലെയായി പിണറായി.

സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിലും പിണറായി വിജയന്റെ യുടേൺ പൂർത്തിയാകുകയാണ്. കേരളത്തിൽ നടപ്പിലാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള്ള പദ്ധതിക്ക് വേണ്ടി ഏറ്റവും അധികം വാശിപിടിച്ചത്. ഇപ്പോൾ എങ്ങുമെത്താതെയാണ് പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം. സിൽവർ ലൈൻ സാമൂഹികാഘാതപഠനം തുടരാനുള്ള വിജ്ഞാപനം ഇറക്കാൻ 2 മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയിരുന്നു. ഇതിന്റെ കരട് തയാറാക്കി ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ എത്തിച്ച് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല എന്നതോടെ പിണറായിക്കും സിൽവർ ലൈനിനോട് താൽപ്പര്യം പോയെന്ന് വ്യക്തമാകുന്നതായി.

കേന്ദ്രം അനുമതി നൽകാൻ സാധ്യതയില്ലെന്ന സൂചന അനൗദ്യോഗികമായി ലഭിച്ചതോടെയാണ് അനുമതി കിട്ടിയാൽ മാത്രം പഠനം എന്നു തീരുമാനിച്ചത്. കേന്ദ്ര അനുമതിയില്ലാത്ത, 63,000 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിയെക്കുറിച്ച് ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങളും പ്രതിപക്ഷ കക്ഷികളും സിൽവർലൈൻ വിരുദ്ധ സമരക്കാരും ഉന്നയിച്ച സംശയങ്ങളും പദ്ധതി മരവിപ്പിക്കാൻ കാരണമായി.

ഭൂമിയേറ്റെടുക്കലിന് ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷൻ വാഗ്ദാനം ചെയ്ത വായ്പ എടുക്കേണ്ടെന്നു നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ഫണ്ട് ലഭ്യമാകുന്ന പദ്ധതികളിൽനിന്ന് സിൽവർലൈനിനെ കേന്ദ്രധനമന്ത്രാലയം ഒഴിവാക്കുകയും ചെയ്തു. ഭൂമിയേറ്റെടുക്കലിനു ഹഡ്‌കോ നൽകാമെന്നേറ്റ 3000 കോടി രൂപയുടെ അംഗീകാരപത്രത്തിന്റെ കാലാവധിയും അവസാനിച്ചു. ഇത് പുതുക്കാൻ അപേക്ഷിച്ചിട്ടില്ല.

നിർദിഷ്ട സിൽവർലൈനിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധം ഉയർന്നപ്പോഴും പിന്മാറ്റമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. സാമൂഹികാഘാത പഠനത്തിനു സർവേ നടത്താനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചപ്പോൾ പ്രതിഷേധക്കാരെ പലയിടത്തും ബലമായി നേരിടുകയും ചെയ്തു. ഒട്ടേറെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോൽവിയോടെ സർക്കാർ തീരുമാനം മാറ്റി. പിന്നീടങ്ങോട്ട് പദ്ധതിയെ കുറിച്ച് കാര്യമായൊന്നും പറഞ്ഞു കേട്ടില്ല.

11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണു ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ചിരുന്നത്. ഇവരെ തിരിച്ചുവിളിക്കാനും മറ്റ് അടിയന്തര പദ്ധതികളിലേക്കു മാറ്റിനിയമിക്കാനുമുള്ള നിർദ്ദേശം റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയാണു നൽകിയത്. ഇതേസമയം, പദ്ധതിയിൽനിന്നുള്ള പിന്മാറ്റം സർക്കാരും എൽഡിഎഫും കെ റെയിലും പരസ്യമായി സമ്മതിക്കുന്നില്ല. സാങ്കേതിക നടപടികൾ പൂർത്തിയാക്കി കേന്ദ്ര അനുമതി നേടിയെടുത്ത് വീണ്ടും പദ്ധതിയിലേക്കു നീങ്ങുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫ് നേതാക്കൾ പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്നത്.

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ മറ്റു പഠനങ്ങൾ നടക്കുന്നുണ്ടെന്ന് കെ റെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത അറിയാനുള്ള ഹൈഡ്രോളജിക്കൽ സ്റ്റഡി, പരിസ്ഥിതി ആഘാത പഠനം എന്നിവയാണു നടക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്നതു വരെ സാമൂഹികാഘാത പഠനം ഇല്ല എന്നു തീരുമാനിച്ചതു കൊണ്ടു പദ്ധതിയിൽ നിന്നു പിന്മാറുന്നു എന്ന് അർഥമില്ല. കേന്ദ്ര തീരുമാനം കാത്തിരിക്കുകയാണ് എംഡി പറഞ്ഞു.

സിൽവർലൈൻ പദ്ധതിക്ക് 3 വർഷം കൊണ്ട് പല ഇനത്തിൽ ചെലവു വന്നത് 31 കോടി രൂപയിലേറെ രൂപയാണ്.. 2019 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കാണ് കെ റെയിൽ വെളിപ്പെടുത്തിയത്. പദ്ധതിക്കായി ഇതു വരെ 6737 കല്ലുകളാണ് (മഞ്ഞക്കുറ്റി) 11 ജില്ലകളിൽ സ്ഥാപിച്ചത്. മഞ്ഞക്കുറ്റി വാങ്ങാൻ ചെലവായത് 1.48 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP