Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ

പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്ന് ബുധനാഴ്‌ച്ച ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മന്ത്രിസഭായോഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. തന്റെ ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തിയതോടെ സുരക്ഷാ സംവിധാനങ്ങൾ ജാഗരൂഗരായി. അപ്പോഴാണ് സുരക്ഷാ സംവിധാനങ്ങളെയൊട്ടാകെ വിറപ്പിച്ച് ആ മുദ്രാവാക്യം ഉയർന്നു കേട്ടത്. കെ.എസ്.യു കെ.എസ്.യു സെക്രട്ടേറിയറ്റ് ഒരുനിമിഷം വിറച്ചു. അങ്ങനെ പിണറായിയും ഞെട്ടി. എന്തു ചെയ്യണമെന്ന് അറിയാതെ ഭരണസിരാകേന്ദ്രം ഞെട്ടിവിറച്ചു. യുഡിഎഫ് ഭരണകാലത്ത് എസ് എഫ് ഐക്കാരുടെ ഈ വിധ സമരങ്ങൾ പതിവാണ്. എന്നാൽ കെ എസ് യുവിന്റെ മുദ്രാവാക്യം എല്ലാ സുരക്ഷയേയും മറികടന്ന് പിണറായിയുടെ മുമ്പിലെത്തി. അങ്ങനെ കെ എസ് യുവിലെ താരോധയമാകുകയാണ് ശിൽപ.

മൂന്നിലേറെ കെ.എസ്.യു പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്റെ മതിൽചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യങ്ങളുമായി കുതിച്ചത്. ഇതിൽ പലരെയും പൊലീസ് അറ്സ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംസ്ഥാന സെക്രട്ടറി ശിൽപ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ എത്തുകയായിരുന്നു. ഒരു പെൺകുട്ടിയെ തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സകല സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെടു. മുഖ്യമന്ത്രിയുടെ ഓഫീസായ നോർത്ത് ബ്ലോക്കിന് മുമ്പിൽ ശിൽപ കെ എസ് യു മുദ്രാവാക്യം ഉയർത്തിയത് പൊലീസിനും തലവേദനയായി. മുദ്രാവാക്യം വിളി അവസാനിപ്പിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. ജീപ്പിലേക്ക് കയറ്റുമ്പോഴും ശിൽപ മുദ്രാവാക്യം വിളി തുടർന്നു. അങ്ങനെ സെക്രട്ടറിയേറ്റിന് പുറത്തെ സമരത്തെ ഭരണസിരാ കേന്ദ്രത്തിനുള്ളിലും ശിൽപയെന്ന അരിമ്പൂരിൽ നിന്നുള്ള കനൽ തിരി എത്തിച്ചു.

അഭിഭാഷകയാണ് ശിൽപ. തൃശൂരിലെ അരിമ്പൂർ ഗ്രാമ പഞ്ചായത്ത് അംഗം. ഇടത് കോട്ടയാണ് ഇവിടെ. ആകെയുള്ള പതിനെട്ട് വാർഡിൽ 14ലും ഇടത് കൗൺസിലർമാർ. ഇതിനിടെ പൊരുതുന്നത് ശിൽപയാണ്. ശിൽപയ്ക്ക് കൂട്ടായി സുധാ സുധാകരനും. അരിമ്പൂരെന്ന വനിതാ സംവരണ വാർഡിൽ നിന്നായിരുന്നു കെ എസ് യുവിലെ ചുറുചുറുക്കുമായി ശിൽപ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. അതും ഇരുപത്തിയൊന്നാം വയസ്സിൽ. ഇടത് കോട്ടയിൽ വാടിത്തളരുമെന്നാണ് ഏവരും വിലയിരുത്തിയത്. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി  ജയിച്ചു കയറി. അന്ന് തൃശൂരിൽ നിയമ വിദ്യാർത്ഥിയായിരുന്നു ശിൽപ്പ. പഞ്ചായത്തിലെ സാമുഹിക ഇടപെടലിനൊപ്പം പഠനം പൂർത്തിയാക്കി അഭിഭാഷക കുപ്പായവും ഇട്ടു. ഇതിന് ശേഷവും പഞ്ചായത്തിൽ മാത്രം ഒതുങ്ങിയില്ല ശിൽപ്പയുടെ പോരാട്ട വീര്യം. തൃശൂരിലെ വിദ്യാർത്ഥി സമരങ്ങളിൽ സജീവ സാന്നിധ്യമായി.

സംഘടനാ തെരഞ്ഞെടുപ്പിൽ കെ എസ് യുവിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ശിൽപയും മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹത്തോടെയുള്ള മത്സരത്തിൽ പക്ഷേ ശിൽപയ്ക്ക് ജയിക്കാനായില്ല. എന്നാൽ ശിൽപയുടെ സംഘടനാ മികവ് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കെ എസ് യുവിന്റെ സംഘടനാ സ്ഥാനം ശിൽപയ്ക്ക് കിട്ടി. കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയാണ് അരിമ്പൂരിലെ പോരാട്ട മികവിനെ തിരിച്ചറിഞ്ഞ് കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇത് വെറുതെയായില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് സെക്രട്ടറിയേറ്റിലെ ശിൽപയുടെ സമരവീര്യം. കെ എസ് യുവിൽ ഇത് പതിവില്ലാത്തതാണ്. ഇന്നലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന സമരത്തെ നയിച്ചതും ശിൽപ്പയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ അക്രമപരമ്പരകളെക്കുറിച്ചും നേതാക്കളുടെ പരീക്ഷ ക്രമക്കേടുകളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നിൽ മൂന്നാം ദിവസം പിന്നിടുന്ന വേളയിലാണ് ശിൽപ ഏവരേയും ഞെട്ടിച്ച് നോർത്ത് ബ്ലോക്കിന് മുമ്പിൽ തനിച്ചെത്തി പ്രതിഷേധിച്ചത്. അഭിജിത്തിന്റെ സമരം തുടങ്ങിയതു മുതൽ ശിൽപ തലസ്ഥാനത്തുണ്ട്. നിരാഹാര സമര പന്തലിലും സജീവം. ഇന്നലെ യൂണിവേഴ്‌സിറ്റി വിസിക്കെതിരെ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിക്കാനും ശിൽപയുണ്ടായിരുന്നു. കെ എസ് യുവിലെ പുതു തലമറുയ്ക്ക് സമരാവേശം വിതച്ചാണ് ശിൽപ ഇന്നലേയും ഞെട്ടിച്ചത്. യൂണിവേഴ്‌സിറ്റിയിൽ ആരും കയറാതിരിക്കാൻ പഴുതടച്ച സുരക്ഷ പൊലീസ് ഉയർത്തി. ഇതും ശിൽപയും കൂട്ടരും നിഷ്പ്രയാസം മറികടന്നിരുന്നു.

യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിൽ വിസിയെ ഉപരോധിച്ചതിനു പിന്നാലെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെഎസ്‌യു പ്രവർത്തകർ കേരള സർവകലാശാല കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. അരമണിക്കൂറിലധികം കെട്ടിടത്തിനു മുകളിൽ കഴിഞ്ഞവരെ ചെങ്കൽചൂളയിൽ നിന്ന് അഗ്‌നിശമനസേന എത്തി താഴെയിറക്കി. സെക്യൂരിറ്റി ജീവനക്കാർ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് ശിൽപയും കൂട്ടരും മുകളിൽ എത്തിയത്. കെട്ടിടത്തിനു മുകളിൽ ആത്മഹത്യാഭീഷണിയുമായി മുദ്രാവാക്യം വിളികൾ ഉയർന്നതോടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്. ഇത് തന്നെയാണ് ഇന്നും സംഭവിച്ചത്. കെ.എസ്.യു. മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴാണ് ശിൽപ പഞ്ചായത്ത് അംഗമാകുന്നത്. ഇതിന് ശേഷമാണ് സംസ്ഥാന നേതാവാകുന്നതും. അരിമ്പൂരിലെ ചങ്കരംകണ്ടത്താണ് ശിൽപയുടെ വീട്.

അരിമ്പൂരിലെ അറിയപ്പെടുന്ന കുടുംബമാണ് ശിൽപയുടേത്. ചങ്കരകണ്ടത്ത് ഐനാത്തെ പരമേശ്വരൻ ഓമനയുടേയും ഒരേയൊരു മകളാണ് ശിൽപ. കുടുംബത്തിൽ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസിനൊപ്പമായിരുന്നു. അങ്ങനെയാണ് കുട്ടിക്കാലത്തെ ശിൽപ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തുന്നത്. അയ്യന്തോൾ കോടതിയിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. ഇത് മാത്രമാണ് ശിൽപയുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. അച്ഛന് ഓട്ടോറിക്ഷയുണ്ടായിരുന്നുവെങ്കിലും അത് ഇടയ്ക്ക് വിറ്റു. പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണ് ശിൽപയുടെ കുടുംബത്തിന് ഉള്ളത്. വനിതാ സംവരണ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടി പഞ്ചായത്ത് അംഗമായതോടെ തൃശൂരിലെ ജില്ലാ നേതാക്കളും ശിൽപയുടെ മികവ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് കെ എസ് യുവിന്റെ സംസ്ഥാന നേതാവായത്.

പഠന മികവിൽ ഒന്നാമതായ എസ് എഫ് ഐയുടെ കണ്ണിലെ കരട്

അരിമ്പൂർ സ്‌കൂളിൽ പഠന മികവിലും ഒന്നാമതായിരുന്നു ശിൽപ. എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മിടുമിടുക്കി. കോളേജിലെത്തിയതോടെ ജില്ലയിലെ കെ എസ് യുവിന്റെ മുഖമായി മാറുകയായിരുന്നു ശിൽപ. ഇതോടെയാണ് 21 വയസ്സായപ്പോൾ തന്നെ പഞ്ചായത്തിൽ മത്സരിക്കാൻ അവസരമൊരുങ്ങിയത്. തൃപ്രയാർ എസ് എൻ കോളേജിൽ നിന്നും കെ എസ് യു പ്രവർത്തനം ആരംഭിച്ചു. പിന്നീട് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ ചേർന്നു. ലോ കോളേജിലെ യൂണിറ്റ് കമ്മറ്റി അംഗമായി. കെ എസ് യുവിന്റെ വിദ്യാർത്ഥിനി വിഭാഗമായ പ്രിയദർശനി ഫോറത്തിന്റെ ലോകോളേജ് യൂണിറ്റ് ചെയർപേഴ്‌സണായി പ്രവർത്തിച്ചു. കെ എസ് യു ജില്ലാതല പ്രവർത്തനങ്ങളിലും അതേ സമയം സജീവമായിരുന്നു ശിൽപ.

ഡി സോൺ കലോൽസവമുമായി ബന്ധപ്പെട്ട് തൃശ്ശൂർ കേരളവർമ്മ കോളേജിൽ വെച്ച് ശിൽപയെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയും സ്‌കൂട്ടർ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു .നിരവധി സമര പോരാട്ടങ്ങളിൽ ശിൽപ്പ പങ്കെടുത്ത് പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട് .പത്തിലധികം പൊലീസ് കേസുകൾ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോ കോളേജിൽ പഠിക്കവെ എസ് എഫ് പ്രവർത്തകരെ ആക്രമിച്ചു എന്ന് കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി. സ്വന്തം വീട്ടിൽ നിന്നു പോലും മാറി നിൽക്കേണ്ട സാഹചര്യമുണ്ടായി. ഗടഡ നിയോജക മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുകയും, അതിൽ കേരളത്തിലെ ആദ്യത്തെ വനിത നിയോജക മണ്ഡലം പ്രസിഡന്റായി, മണലൂർ നിയോജക മണ്ഡലത്തിൽ ശിൽപ യെ നിയമിക്കുകയും ചെയ്തു .

തുടർന്നുള്ള പ്രവർത്തനങ്ങളിൽ പോരാട്ടം നയിച്ച ശിൽപ ഇക്കഴിഞ്ഞ കെ എസ് യു സംഘടനാ ടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെടുകയും പിന്നീട് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി ശിൽപ യെ ദേശീയ നേതൃത്വവും കെ എസ് യു സംസ്ഥാന നേതൃത്വവും ചേർന്ന് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. കെ എസ് യു സംസ്ഥാന കമ്മറ്റിയുടെ പ്രിയദർശനി വിഭാഗത്തിന്റെ ചുമതലക്കാരി കൂടിയാണ് ശിൽപ. നിലവിൽ തൃശൂരിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറാണ് ശിൽപ.. 2018ൽ അഡ്വക്കേറ്റായി എൻ റോൾ ചെയ്ത് തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.

അരിമ്പൂർ സ്‌കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ ശിൽപ ,സെന്റ് അലോഷ്യസ് കോളേജിൽ പ്ലസ് ടു പഠനവും, തൃപ്രയാർ എസ് എൻ കോളേജിൽ ഡിഗ്രി പഠനം തുടരവെ , എൻട്രൻസ് എക്‌സാമിലൂടെ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയും ചെയ്തു .അരിമ്പൂർ ചങ്കരം കണ്ടത്ത് ഐനാത്ത് വീട്ടിൽ പരമശിവന്റെയും, ഓമനയുടെയും ഏകപുത്രിയാണ് ശിൽപ.

അരിമ്പൂരിലെ പ്രതിപക്ഷ മുഖം

അരിമ്പൂർ പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് മെമ്പർമാരേയുള്ളൂ. എങ്കിലും ശിൽപയുടെ പോരാട്ട വീര്യം സിപിഎമ്മിന് വലിയ തലവേദനയാണ്. പെരുമ്പുഴപ്പാടത്ത് പണി തുടങ്ങിയ അരിമ്പൂർ സമഗ്ര ശുദ്ധജലപദ്ധതി എറവ് കപ്പൽപ്പള്ളിക്ക് എതിർവശത്തുള്ള പഞ്ചായത്ത് കുളത്തിലേക്ക് മാറ്റാൻ അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിനെ എതിർത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പോരാട്ടം. വിഷയത്തിൽ സുധാ സദാനന്ദൻ എന്ന അംഗത്തോടൊപ്പം ശില്പ നടത്തിയ പോരാട്ടം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.

വിസ്തൃതിയുള്ള എറവിലെ നിർദിഷ്ട കുളത്തിനെ ജലസംഭരണിയാക്കി പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പഞ്ചായത്ത് ഭരണസമിതി തീരുമാനം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെരുമ്പുഴ തെക്കേഭാഗത്ത് റോഡിനോട് ചേർന്നുള്ള പഴയ കുളം നവീകരിച്ച് ജലസംഭരണിയാക്കി വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്ത് പൈപ്പുകൾ വഴി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതാണ് അട്ടിമറിക്കപ്പെട്ടത്. അപ്പോഴേക്കും മഴക്കാലമായി. അത് കഴിഞ്ഞപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പും വന്നു. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇപ്പോഴത്തെ എംഎൽഎ അനിൽ അക്കര മുൻകൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്.

മണലൂർ നിയോജകണ്ഡലം സമ്പൂർണ വൈദ്യുതീകരണ യോഗത്തിൽ അരിമ്പൂരിലെ ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലെ അജിതയെ വിളിച്ചില്ലെന്നത് രാഷ്ട്രീയ ചർച്ചയാക്കിയതും ശിൽപയാണ്. പഞ്ചായത്തിൽ പ്രളയം ബാധിച്ച ഒട്ടേറെ കുടുംബങ്ങൾക്ക് ഒന്നര മാസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായം നൽകിയില്ലെന്ന് ആരോപിച്ചു പ്രതിഷേധം സംഘടിപ്പിച്ചതും ശിൽപയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP