Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീഷണി കേസിന് തെളിവായി മുഖ്യമന്ത്രിക്ക് പ്രദീപ് കൊടുത്ത പരാതിയും ഫോൺ വിവരങ്ങളും മാത്രം മതി; അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയും വക്കീലിന്റെ വെളിപ്പെടുത്തലും സിജി സത്യം പറയുന്നതിന് തെളിവ്; എന്നിട്ടും അച്ഛൻ പറയുന്നത് മകളുടേത് ഭ്രാന്ത് മൂലമുള്ള പച്ചക്കള്ളമെന്ന്; ഹരിപ്പാട്ടെ പ്രസന്നചന്ദ്രൻ പിള്ള ഫേസ്‌ബുക്കിൽ എത്തുമ്പോൾ

ഭീഷണി കേസിന് തെളിവായി മുഖ്യമന്ത്രിക്ക് പ്രദീപ് കൊടുത്ത പരാതിയും ഫോൺ വിവരങ്ങളും മാത്രം മതി; അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജിയും വക്കീലിന്റെ വെളിപ്പെടുത്തലും സിജി സത്യം പറയുന്നതിന് തെളിവ്; എന്നിട്ടും അച്ഛൻ പറയുന്നത് മകളുടേത് ഭ്രാന്ത് മൂലമുള്ള പച്ചക്കള്ളമെന്ന്; ഹരിപ്പാട്ടെ പ്രസന്നചന്ദ്രൻ പിള്ള ഫേസ്‌ബുക്കിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മകളുടെ ചോരക്കുഞ്ഞിനെ കടത്തിയ അച്ഛന്റെ കഥയാണ് കേരളം ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതിനിടെ ആലപ്പുഴയിലെ മറ്റൊരുച്ഛൻ മകൾക്ക് ഭ്രാന്താണെന്ന് പറയുന്നു. പ്രസന്നചന്ദ്രൻ പിള്ളയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ആർക്കും അറിയില്ല. എസ് വി പ്രദീപിന്റെ മരണവുമായി 24 ന്യൂസിലെ ശ്രീകണ്ഠൻ നായർക്കെതിരെ സിജി ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛൻ മകളെ തള്ളി പറഞ്ഞ് രംഗത്തു വരുന്നത്. ഇതോടെ പ്രദീപിന്റെ മരണവുമായി ശ്രീകണ്ഠൻ നായർക്ക് ബന്ധമില്ലെന്ന ചർച്ചകളും സജീവമായി. അതിനിടെ ചില നിർണ്ണായക രേഖകൾ മറുനാടന് കിട്ടി.

പ്രദീപിനെ 2018ൽ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണിയിലെ അന്വേഷണത്തിൽ അത് 24 ന്യൂസുമായി ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞുവെന്നാണ് സിജി പറയുന്നത്. സിജിയുടെ അച്ഛൻ എന്തു പറഞ്ഞാലും സിജി ഈ പറയുന്നത് ശരിയാണ്. തിരുവനന്തപുരത്തെ കരമന പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച പരാതി ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് പ്രദീപ് രേഖാമൂലം ഈ ഭീഷണിയിൽ പരാതി നൽകി. ഇതിൽ അന്വേഷണവും നടന്നു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പായതത്രേ. ഇതിന് ഈ കേസിലെ പ്രതിയെത്തിയത് 24 ന്യൂസ് ചാനലിന്റെ വണ്ടിയിലാണെന്ന് പ്രദീപിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച അമ്മയുടെ അഭിഭാഷകൻ കൃഷ്ണരാജും പറയുന്നു. ഇതിനൊപ്പം പൊലീസ് സ്‌റ്റേഷനിൽ ശ്രീകണ്ഠൻ നായരുടെ മകനും എത്തിയെന്നും കൃഷ്ണരാജ് പറയുന്നു.

ഇത്തരത്തിൽ ഒരു കേസുണ്ടായിരുന്നുവെന്നും അതിൽ ശ്രീകണ്ഠൻ നായരുടെ മകൻ ബന്ധപ്പെട്ടുവെന്നും മാത്രമാണ് സിജിയും വെളിപ്പെടുത്തിയത്. പ്രദീപിനെ കൊന്നത് ആരൊന്നെന്നും സിജി പറഞ്ഞിട്ടില്ല. ഈ കേസിന്റെ സമയത്ത് തന്റെ ഭർത്താവിന്റെ ഇടപെടൽ ഉണ്ടായെന്നും കൂട്ടിച്ചേർത്തിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണെന്നും വിശദീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിട്ടപ്പോൾ തനിക്ക് മർദ്ദനം ഏറ്റെന്നും സിജി പറയുന്നു. ഏതായാലും കരമന സ്റ്റേഷനിൽ കേസുണ്ടായിരുന്നുവെന്നത് വ്യക്തം. ഫോൺ വിളിച്ച ആളിനേയും നമ്പരിലൂടെ വെളിപ്പെടും. അതിനുള്ള തെളിവാണ് മുഖ്യമന്ത്രിക്ക് പ്രദീപ് നൽകിയ പരാതിയും ഫോൺ കോൾ വിശദാംശങ്ങളും. ഈ തെളിവുകളാണ് മറുനാടൻ പുറത്തു വിടുന്നത്.

ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രദീപിന്റെ അമ്മ ഹൈക്കോടതിയിൽ നീതി തേടി എത്തുന്നതും. ഇതിനിടെയാണ് കേസ് അട്ടിമറിക്കാൻ എന്ന് തോന്നുവിധം സിജിയെ മനോരോഗിയാക്കാനുള്ള സ്വന്തം അച്ഛൻ ശ്രമമെന്നതും ശ്രദ്ധേയമാണ്. സിജിയെ ആരും അടിച്ചില്ലെന്നും സിജി തന്നെയാണ് മർദ്ദിച്ചതെന്നും അച്ഛൻ വീഡിയോയിലൂടെ പറയാനും ശ്രമിക്കുന്നു. എന്നാൽ സിജിയുടെ അച്ഛന്റെ ഫെയ്‌സ് ബുക്ക് പേജ് ഈ അടുത്ത കാലത്തുണ്ടാക്കിയതാണ്. സിജിയെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്ന പോസ്റ്റുകൾ മാത്രമേ ഇതിലൂള്ളൂവെന്നതും ശ്രദ്ധേയമാണ്. ഈ പേജിൽ പ്രൊഫൈൽ പിക്ച്ചറും മറ്റും അപ്‌ഡേറ്റ് ചെയ്തത് കഴിഞ്ഞ ദിവസം മാത്രമാണ്.

24 കൊല്ലം കൊണ്ട് രോഗിയായി അഭിനയിക്കുന്നു. ആദ്യം കുമാർ, പിന്നെ ആലപ്പുഴ ജെയിംസ് ആന്റണി, ശിവശങ്കര പിള്ള, എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റിലാണ് മകളെ ഇപ്പോൾ ചികിൽസിപ്പിക്കുന്നതെന്നെല്ലാം ഈ അച്ഛൻ പറയുന്നു. 24 ന്യൂസ് അല്ല മകളെ മാനസിക രോഗി ആക്കിയത്. അന്ന് 24 ന്യൂസ് ഉണ്ടായിട്ടില്ല. ഓൺലൈൻ ജഗദീഷ് ബാബു എന്ന മനുഷ്യനെ വിളിച്ചു. മാനസികരോഗം ഉണ്ടെന്ന് പറഞ്ഞു. പക്ഷേ അതു കേൾക്കാതെ വാർത്ത കൊടുത്തു. ഉണ്ണി... വിവാഹ ആലോചന നടത്തി. ഡിപ്രഷൻ ഉണ്ടെന്ന് ഞാൻ പറഞ്ഞു. എല്ലാം അറിയാമെന്ന് സമ്മതിച്ചായിരുന്നു വിവാഹം. കൊച്ചു മകനെ പ്രസവിപ്പിച്ചു... കുറേക്കാലത്തേക്ക് പ്രശ്‌നമില്ല... ഉണ്ണി നിസ്സഹായാവസ്ഥയിൽ-ഇങ്ങനെ എല്ലാം അച്ഛൻ പറയുന്നു.

ഫേസ്‌ബുക്കിൽ പ്രസന്നചന്ദ്രൻ പിള്ള പറയുന്നത്

ഇവിടെ ഈ വയസ്സ് കാലത്ത് ഇങ്ങനെ വരേണ്ടിവരും എന്ന് കരുതിയതല്ല. ഫേസ്‌ബുക്ക് തുടങ്ങിയത് എന്റെ നിവർത്തികേടിൽ നിന്നാണ്. കൊച്ചുമക്കളുടെ സഹായത്തോടെ ഇത് തയ്യാറാക്കിയതും എന്റെ നിസ്സഹായതയിൽ നിന്നാണ്. എന്റെ മകൾ സിജി പി ചന്ദ്രൻ എന്ന സിജി ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ ഓൺലൈൻ പത്രങ്ങളിലും വീഡിയോ ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന സാഹചര്യമാണല്ലോ ... കുടുംബ പ്രശ്‌നങ്ങളെ പൊതു സ്ഥലത്ത് തുറന്നടിച്ച് അനാവശ്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് ആ കുട്ടി. അവൾക്ക് 15 വയസ്സ് ആയകാലം മുതൽ ഞാൻ അനുഭവിക്കുന്ന മനോവേദനയാണിത്... കാണിക്കാത്ത ഡോക്ടർമാരില്ല... കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ മനോരോഗ വിദഗ്ധരെ തന്നെ ഞാൻ കാണിച്ചിട്ടുണ്ട്. വിവാഹ ശേഷം അവളുടെ ഭർത്താവും കുറെ ചികിത്സിപ്പിച്ചു. പക്ഷെ ഇപ്പോൾ ആ രോഗം അനേകം പേരുടെ സ്വസ്ഥത തകർക്കുന്ന അപകടകരമായ അവസ്ഥയിലാണ്. ഇനി എല്ലാവരും സത്യം അറിയണം. എന്റെ മകൾക്ക് വേണ്ടി ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

എസ് വി പ്രദീപിന്റെ കേസിലെ ഹർജി ഹൈക്കോടതിയിൽ വന്നതിന് പിന്നാലെയാണ് അച്ഛൻ പ്രതികരണവുമായി എത്തിയത്. പ്രദീപിന്റെ അമ്മ നൽകിയ ഹർജിയിൽ ശ്രീകണ്ഠൻ നായരുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രദീപിന്റെ ദുരൂഹ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ ആർ.വസന്തകുമാരി സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായത് നാടകീയ സംഭവങ്ങളായിരുന്നു. കേസ് പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത് ഏവരേയും അമ്പരപ്പിച്ചാണ്. വസന്തകുമാരിക്കു വേണ്ടി അഡ്വ. ആർ. കൃഷ്ണരാജാണ് ഹാജരായത്.

എസ്.വി.പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ആർ.വസന്തകുമാരി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത്. ശ്രീകണ്ഠൻ നായരുമായുള്ള ജസ്റ്റിസിനുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നതിൽ നിന്നു സ്വയം ഒഴിവായത്. തീർത്തും നീതിപൂർവ്വകമായ നടപടിയായിരുന്നു ജസ്റ്റീസിന്റേത്. പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ തന്നെ ഹൈക്കോടതിയിൽ അമ്മ നൽകിയിരുന്നു. ഈ കേസ് പരിഗണിക്കാൻ ദിവസങ്ങളുള്ളപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ എത്തിയത്. ഇതോടെ കേസിന് പുതിയ മാനം വന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി എടുക്കുന്ന തീരുമാനം ഏവരും ഉറ്റുനോക്കി. ഇതിനിടെയാണ് ജസ്റ്റീസ് ഹരിപാൽ സത്യം പറഞ്ഞ് കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിഞ്ഞത്.

ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ ജീവനക്കാരൻ ഫസൽ അബീനിൽ നിന്നു പ്രദീപിനു വധഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നു സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. ശ്രീകണ്ഠൻ നായരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള വിരോധത്തിലായിരുന്നു വധഭീഷണി. ഇതേക്കുറിച്ചു പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതേ കാര്യങ്ങളാണ് സിജിയും വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കു സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് സ്റ്റേഷനിൽ ഫസൽ അബീനെ വിളിച്ചു വരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് ശ്രീകണ്ഠൻ നായരുടെ മകനും കൂടെയുണ്ടായിരുന്നുവെന്ന സംശയവും സജീവമാണ്. ഭീഷണിയുമായി ബന്ധപ്പെട്ട് പ്രദീപ് നൽകിയ പരാതി ഉൾപ്പെടെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് അതിനിടെ, പ്രദീപിന്റെ മരണത്തിൽ ശ്രീകണ്ഠൻ നായർക്കു പങ്കുണ്ടെന്നു 24 ന്യൂസ് ചാനലിലെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിജിയും വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ കൊലചെയ്തത് ശ്രീകണ്ഠൻ നായരോ മകനോ ട്വന്റി ഫോർ ചാനൽ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണനോ ആണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവർത്തകയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ സിജി ഉണ്ണിക്കൃഷ്ണൻ പറയുന്നത്. എന്നാൽ ഇവർ എസ്. വി പ്രദീപിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് തനിക്ക് നേരിട്ട് അറിവുള്ളതാണ്. അതാണ് താൻ വെളിപ്പെടുത്തിയതെന്നും സിജി പറയുന്നു.

ഉണ്ണിക്കൃഷ്ണൻ എസ്.വി പ്രദീപിനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്. അദ്ദേഹം ചെയ്തത് തെറ്റായിരുന്നെന്ന ബോധ്യം ഉള്ളതുകൊണ്ട് താൻ എസ്.വി പ്രദീപിനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ശ്രീകണ്ഠൻ നായർ പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും മകൻ നേരിട്ട് കേസ് കൊടുക്കുകയും മകനും ചാനൽ മേധാവിമാരും ഭീഷണിപ്പെടുത്തിയതായും എസ്.വി പ്രദീപ് തന്നെ തന്നോട് വെളിപ്പെടുത്തിയതായി സിജി മറുനാടനോട് പറഞ്ഞിരുന്നു. കേസിലെ ചില സംശയങ്ങൾ നേരത്തെ കൃഷ്ണരാജും ഉന്നയിച്ചിരുന്നു. 2020 ഡിസംബർ 14നാണ് പ്രദീപ് മരിക്കുന്നത്. അന്ന് രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നിരവധി ഭീഷണികളുണ്ടെന്നും കാട്ടി പൊലീസിന് അമ്മ മൊഴി നൽകിയിരുന്നു. ഇതോടെ കൊലപാതക കുറ്റത്തിന് എഫ് ഐ ആർ വന്നു. അടുത്ത ദിവസം ഉച്ചയോടെ ലോറിയുടെ ഡ്രൈവറും ഉടമയും അറസ്റ്റിലായി. മൂന്ന് മണിയോടെ കൊലപാതകമല്ലെന്നും മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് സംഭവിച്ചതെന്നും കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസമാണ് പ്രതികളുടെ ഫോൺ ഡീറ്റയിൽസിലോട്ടു പോലും അന്വേഷണം പോകുന്നത്-കൃഷ്ണരാജ് പറയുന്നു.

പ്രദീപിന്റെ അപകടം സിസിടിവിയിൽ ഉണ്ടായിരുന്നു. അപകടം നടന്നതിന് എതിർവശത്തെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസ് ശേഖരിച്ചത്. അപകടം നടന്ന ഭാഗത്തെ സിസിടിവി കണ്ടില്ലെന്ന് നടിച്ചു. അവിടെ ഉണ്ടായിരുന്ന പച്ചക്കറിക്കട ഒരു മാസത്തിനുള്ളിൽ അടച്ചു പോയി. ഇതെല്ലാം സംശയിക്കത്തക്ക സാഹചര്യമാണെന്ന് കൃഷ്ണരാജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP