Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 27 മാസമായി ഉത്തർപ്രദേശ് ജയിലിൽ കഴിഞ്ഞതിന് ശേഷം; പൊതുസമൂഹത്തോടും മാധ്യമ പ്രവർത്തകരോടും നന്ദി; പൂർണമായും നീതി ലഭിച്ചെന്ന് പറയാനാകില്ല, ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിലെന്ന് കാപ്പന്റെ പ്രതികരണം

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 27 മാസമായി ഉത്തർപ്രദേശ് ജയിലിൽ കഴിഞ്ഞതിന് ശേഷം; പൊതുസമൂഹത്തോടും മാധ്യമ പ്രവർത്തകരോടും നന്ദി; പൂർണമായും നീതി ലഭിച്ചെന്ന് പറയാനാകില്ല, ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിലെന്ന് കാപ്പന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹാഥ്‌റസ് കേസിൽ വിചാരണ തടവിലായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. 27 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് സിദ്ദിക് കാപ്പൻ ജയിൽമോചിതനാകുന്നത്. കോടതി ജാമ്യം ലഭിച്ച 40 ദിവസങ്ങൾക്ക് ശേഷമാണ് കാപ്പൻ പുറത്തിറങ്ങുന്നത്. ഇന്ന് രാവിലെ ലക്‌നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പനെ കാത്ത് മാധ്യമങ്ങൾ ഉണ്ടായിരുന്നു. പൊതുസമൂഹത്തോടും മാധ്യമ പ്രവർത്തകരോടും നന്ദിയെന്ന് കാപ്പൻ പ്രതികരിച്ചു. പൂർണമായും നീതി ലഭിച്ചെന്ന് പൂർണമായും പറയാനാകില്ല, ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നും കാപ്പൻ പറഞ്ഞു. തന്റെ ഒപ്പം വന്നത് വിദ്യാർത്ഥികൾ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പിടിയിലാകുമ്പോൾ തന്റെ പക്കൽ ഉണ്ടായരുന്നത് ഒരു നോട്ട്പാഡും പേനയും മാത്രമായിരുന്നു. എല്ലായിടത്തും പൊലീസ് ഭരണകൂടത്തിന്റെ ടൂൾ ആയി മാറുകയാണെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു.

കാപ്പന് സെപ്റ്റംബർ ഒൻപതിന് യുഎപിഎ കേസിൽ സുപ്രീംകോടതിയും ഡിസംബർ 23ന് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉപാധികൾ പൂർത്തിയാക്കുന്നതിൽ ഉണ്ടായ താമസമാണ് പുറത്തിറങ്ങുന്നത് വൈകിപ്പിച്ചത്. ജാമ്യ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കാപ്പനെ മോചിപ്പിക്കാനുള്ള ഉത്തരവ് കോടതി ജയിലിലേക്ക് അയച്ചത്.

കാപ്പനൊപ്പം ഹാഥ്‌റസിലേക്ക് പോയ അഞ്ചുപേർ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളാണെന്നും, ഫെബ്രുവരി 2020ൽ ഡൽഹിയിൽ നടന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു കേസ്. സംഘടനയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും പിഎഫ്ഐ നേതാക്കളുമായി കാപ്പൻ നിരന്തരം ബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം. '' പിഎഫ്ഐ യോഗങ്ങളിൽ കാപ്പൻ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. മതസൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാഥ്‌റസിലേയ്ക്ക് എത്തിയത് '' - തുടങ്ങിയ ആരോപണങ്ങളും കാപ്പൻ നേരിട്ടു.

2021ൽ കാപ്പനെതിരെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് 5000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഇന്ത്യയിൽ നിലനിൽക്കുന്ന മതപരവും വിഭാഗീയവുമായ വിഷയങ്ങളെക്കുറിച്ച് കാപ്പൻ എഴുതിയ 36 ലേഖനങ്ങളിൽ നിന്നുള്ള ഭാഗവും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. സിദ്ദിഖ് കാപ്പനൊപ്പം പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രമായിരുന്നു ഉത്തർ പ്രദേശ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. സിദ്ദിഖ് കാപ്പനെഴുതിയ ലേഖനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.

2020 ഒക്ടോബറിൽ അറസ്റ്റിലായ സിദ്ദീഖ് കാപ്പന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറ് ആഴ്ച ഡൽഹിയിൽ തുടരണമെന്നും അതിന് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാമെന്നും കോടതി ഉപാധി വെച്ചിരുന്നു. പിന്നാലെ, വിചാരണ കോടതിയിൽ ഹാജരാക്കിയപ്പോൾ കാപ്പനോട് ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് യുപി സ്വദേശികളുടെ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നൽകാൻ അഡീഷണൽ സെഷൻസ് ജഡ്ജി അനുരോദ് മിശ്ര നിർദ്ദേശിച്ചു. യുപി സ്വദേശികൾ തന്നെ വേണമെന്ന വ്യവസ്ഥ മോചനം വൈകാനുള്ള കാരണങ്ങളിൽ ഒന്നാണ്. അതോടെ യുഎപിഎ കേസിലെ നടപടി ക്രമങ്ങൾ വൈകി. പിന്നീടാണ് ലക്നൗ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രൂപ് രേഖ വർമ ജാമ്യം നിൽക്കാനുള്ള സന്നദ്ധത അറിയിച്ചത്.

അതേസമയം കാപ്പനെതിരെ ഉണ്ടായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസായിരുന്നു. കാപ്പന്റെ അക്കൗണ്ടിലുണ്ടായിരുന്ന 45,000 രൂപ ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിയുടെ കേസ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ കാപ്പനായില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ കേസിൽ ജാമ്യത്തിനായി പല തവണ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് മാറ്റിവയ്ക്കുക ആയിരുന്നു. പിന്നീട് ഈ കേസിലും കോടതി കാപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു.

കേസിൽ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചെങ്കിലും ജാമ്യം നിൽക്കുന്നവരുടെ വെരിഫിക്കേഷൻ നടപടികൾ വൈകിയതോടെ മോചനവും വൈകുകയായിരുന്നു. ഉത്തർപ്രദേശിലെ അക്രെഡിറ്റഡ് മാധ്യമപ്രവർത്തകനായ കുമാർ സൗവീർ സാറാണ് ജാമ്യം നിന്നവരിൽ ഒരാൾ. പ്രാദേശിക അധികാരികളാണ് ജാമ്യം നിൽക്കുന്നവരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. സമയമെടുക്കുന്ന പ്രക്രിയ ആണെങ്കിലും കാര്യങ്ങൾ കാപ്പന്റെ കേസിൽ പതിവിലും വൈകി. ജാമ്യം ലഭിച്ച് 40 ദിവസങ്ങൾക്ക് ശേഷവും അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP