Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ

വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങൾക്കെതിരെ എന്നും നിലപാട് എടുത്ത നേതാവാണ് പിണറായി വിജയൻ. എന്നാൽ പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ലോക്കപ്പ് മർദ്ദനങ്ങൾ വാർത്തയായി. ഇതിൽ ഏറ്റവും ക്രൂരമായതുണ്ടായത് നേമം പൊലീസ് സ്റ്റേഷനിലായിരുന്നു. ഇടനിലക്കാരനായെത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തായിരുന്നു വൈരാഗ്യം തീർക്കൽ. പ്രതിസ്ഥാനത്തുണ്ടായിരുന്നത് നേമം പൊലീസ് സ്റ്റേഷൻ എസ് ഐ സമ്പത്തും. സിപിഎമ്മിന് പ്രിയങ്കരനായിരുന്നു സമ്പത്ത്. ഈ രാഷ്ട്രീയക്കരുത്തിലാണ് സമ്പത്ത് നേമം അടക്കി വാണത്. എന്നാൽ സമ്പത്തിനെ ഈ വിഷയത്തിൽ സി.പി.എം അക്ഷരാർത്ഥത്തിൽ കൈവിട്ടു. ചെയ്ത തെറ്റിന് മാന്യമായ ശിക്ഷ കൊടുത്തേ മതിയാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തു. ഇതോടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മർദ്ദനത്തിൽ അതിവേഗ നടപടിയെടുത്തു. എസ് ഐ സമ്പത്തിനേയും പൊലീസുകാരൻ അജയനേയും സസ്പെൻഡ് ചെയ്തു.

ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമാണ് സമ്പത്തിനെ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരായ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ലോക്കപ്പ് മർദ്ദനത്തിന് പ്രാഥമിക തെളിവുള്ളതു കൊണ്ടാണ് ഇത്. നേരത്തെ പൊലീസ് മേധാവി സെൻകുമാറും ലോക്കപ്പ് മർദ്ദനത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതും സമ്പത്തിനെ സസ്പെൻഡ് ചെയ്യാൻ കാരണമായി. സി.പി.എം പിന്തുണയുള്ളതുകൊണ്ട് തന്നെ നടപടിയുണ്ടാകില്ലെന്നാണ് എസ് ഐ സമ്പത്ത് കരുതിയിരുന്നത്. എന്നാൽ സി.പി.എം ജില്ലാ നേതൃത്വത്തിലെ ചിലർ സമ്പത്തിനെ കൈവിടുകയായിരുന്നു. ഈയിടെ ഒരു കേസുമായി ബന്ധപ്പെട്ട് സമ്പത്ത് പറഞ്ഞത് കേട്ടില്ലെന്ന പരാതിയാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതോടെ എസ് എഫ് ഐക്കാരനെന്ന പരിഗണനയും നഷ്ടമായി.

യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലുമാണ് സമ്പത്ത് പഠനം പൂർത്തിയാക്കിയത്. യുണിവേഴ്സിറ്റിയിൽ പഠിക്കുന്ന തുടക്കകാലത്ത് വി എസ് അച്യുതാനന്ദൻ പക്ഷമായിരുന്നു സമ്പത്ത്. പാർട്ടി നിഷേധിച്ചപ്പോൾ വിഎസിന് സീറ്റ് വാങ്ങി കൊടുക്കാൻ മറുവിഭാഗം നടത്തിയ പ്രകടനത്തിലും അണിചേർന്നതായി ആരോപണം ഉയർന്നു. ഇതോടെ യൂണിവേഴ്സിറ്റിയിലെ പഠനം പോലും പ്രതിസന്ധിയിലായി. പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് കൂടുമാറി. എസ് എഫ് ഐ സമരങ്ങളിലെ സജീവസാന്നിധ്യവുമായി. ലോ കോളേജിൽ പഠിക്കുമ്പോഴും ഈ രാഷ്ട്രീയ ബന്ധം തുടർന്നു. പല കേസുകളിലും പ്രതിയായി. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സമ്പത്തിന് ലോ കോളേജ് ഹോസ്റ്റലിലും ബന്ധങ്ങൾ ഏറെയുണ്ടായിരുന്നു. ഇതെല്ലാം ക്രിമിനൽ കേസുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കോളേജിൽ പഠിക്കുമ്പോൾ തന്നെ എസ് ഐ ആവുകയായിരുന്നു മോഹം. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ എത്തിയപ്പോൾ ദേഹത്ത് വി എസ് എന്ന് എഴുതി ബൈക്ക് ഓടിക്കുകയും ചെയ്തു. ഹക്കിംഷാ എന്ന വിദ്യാർത്ഥിയെ വടിവാളു കൊണ്ട് വെട്ടിയ കേസിലും പ്രതിയായിരുന്നു. ഓംപ്രകാശും പുത്തൻ പാലും രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് വധക്കേസിൽ ഉയർന്ന് കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. അപ്പോഴും പൊലീസുകാരനാവുകയെന്ന മോഹവുമായി സമ്പത്ത് നടന്നു. പരീക്ഷ എഴുതി അത് സാധിക്കുകയും ചെയ്തു. അപ്പോഴും മുന്നിൽ കടമ്പകൾ ഏറെയായിരുന്നു. ഇതിന് കോൺഗ്രസുകാരുടെ സഹായവും ആവോളം കിട്ടിയപ്പോൾ സമ്പത്ത് എസ് ഐ ആയി.

ലോ കോളേജിലെ പഠനം കഴിഞ്ഞതോടെ കോൺഗ്രസ് അനുകൂല അഭിഭാഷകനൊപ്പമായി പ്രാക്ടീസ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് എസ് ഐ റാങ്ക് ലിസ്റ്റിൽ സമ്പത്ത് ഇടം നേടുന്നത്. പിഎസ് സി പട്ടികയിൽ ഇടം നേടിയെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സമ്പത്തിന് വിനയായി. ഇന്റലിജൻസ് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകി. ഒരിക്കും എസ് ഐ തസ്തികയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയെന്നതായിരുന്നു ഇന്റലിജൻസ് പരാമർശം. ഇതോടെ സമ്പത്തിന്റെ എസ് ഐ മോഹങ്ങൾക്ക് മങ്ങലേറ്റു. സീനിയറായ അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പിൻബലത്തിൽ ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് ക്ലിയറൻസ് നഷ്ടമാകുന്ന അവസ്ഥയും എത്തി. എന്നാൽ ചെന്നിത്തലയുടെ ഓഫീസിലെ പ്രമുഖൻ തന്നെ സമ്പത്തിനെ രക്ഷിക്കാനെത്തി.

നെയ്യാറ്റിൻകര സ്വദേശി കൂടിയായ സമ്പത്തിന്റെ പ്രശ്‌നത്തിന് പ്രാദേശിക മാനങ്ങൾ വന്നു. ഇതോടെയാണ് സിപിഎമ്മുകാരനായ സമ്പത്തിനായി നീക്കം സജീവമായത്. ഇതോടെ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടു. യുത്ത് കോൺഗ്രസുകാരുടേയും കെ എസ് യുക്കാരുടേയും എതിർപ്പ് അവഗണിച്ച് സമ്പത്തിനെതിരായ കേസുകളെല്ലാം എഴുതി തള്ളി. ഇതോടെയാണ് പൊലീസ് കുപ്പായത്തിൽ സമ്പത്ത് പരിശീലനം തുടങ്ങിയത്. ഇടത് ഭരണകാലത്ത് നെയ്യാറ്റിൻകരയോട് ചേർന്ന നേമത്ത് എസ് ഐയായി രാഷ്ട്രീയ കരുത്ത് കാട്ടുകയും ചെയ്തു. ഇതോടെ യുത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ എസ് ഐയ്‌ക്കെതിരെ നിരവധി പരാതികൾ ഉയർത്തി. രാഷ്ട്രീയ വിവേചനം ശക്തമായി ആരോപിക്കപ്പെട്ടു. എന്നാൽ സി.പി.എം പിന്തുണ സമ്പത്തിനൊപ്പമായിരുന്നു.

ഇതിനിടെയാണ് കഞ്ചാവുമായി രണ്ട് യുവാക്കളെ നേമം പൊലീസ് പിടികൂടിയത്. ഈ കേസിലെ ചോദ്യം ചെയ്യലുകൾ വിരൽ ചൂണ്ടിയത് മുൻ എസ് എഫ് ഐ നേതാവിന് നേരെയായിരുന്നു. എസ് എഫ് ഐകാലത്ത് സമ്പത്തിന്റെ എതിർചേരിയുടെ നേതാവ്. അതുകൊണ്ട് തന്നെ കഞ്ചാവ് കേസ് കടുപ്പിച്ചു. പല കോണിൽ നിന്ന് സമ്മർദ്ദം എത്തിയിട്ടും കേസുമായി മുന്നോട്ട് പോയി. നേതാവിനെതിരെ കേസ് വന്നില്ലെങ്കിലും യുവാക്കൾക്കെതിരെ ശക്തമായി നടപടി സമ്പത്ത് എടുത്തു. ഇതോടെ പാർട്ടിയിലും പറഞ്ഞാൽ കേൾക്കാത്തവനെന്ന പേര് നേമം എസ് ഐയ്ക്ക് വന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ  ജനനേന്ദ്രീയം ഇടിച്ചു തകർത്ത കേസെത്തിയത്. പൊലീസിന്റെ തലപ്പത്ത് സെൻകുമാറാണ്. അതുകൊണ്ട് തന്നെ കണ്ണടയ്ക്കാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയും വന്നു. ഇതോടെയാണ് ലോക്കപ്പ് മർദ്ദനത്തിൽ പൊലീസ് അന്വേഷണവും നടപടിയും വന്നത്.

തിരുവനന്തപുരം നേമം സ്വദേശിയും യൂത്ത് കോൺഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റിനാണ് നേമം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ മർദ്ദിച്ച് അവശനാക്കിയത്. മർദ്ദനമേറ്റ് അവശനായ സജീറിനെ ആശുപത്രിയിലെത്തിക്കാൻ മനഃപൂർവ്വം പൊലീസ് വൈകിപ്പിക്കുകയും ചെയ്തതായും യൂത്ത് കോൺഗ്രസ് പറയുന്നു. ഒടുവിൽ കോവളം എംഎൽഎ എം വിൻസെന്റ് ഇടപെട്ടാണ് സജീറിന് ചികിത്സയൊരുക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തത്. നേമം ഭാഗത്തെ ജനകീയനും പൊതു പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന കോൺഗ്രസുകാരനാണ് സജീർ. പ്രദേശത്തെ രണ്ട് യുവാക്കൾ തമ്മിൽ ചില തർക്കങ്ങളും വാക്കേറ്റവും ഉണ്ടാവുകയും ചെറിയ രീതിയിലുള്ള സംഘർഷം പൊലീസ് കേസാവുകയും ചെയ്തിരുന്നു. ഈ കേസ് സ്റ്റേഷനിലെത്തിയപ്പോൾ ഒരു യുവാവ് സജീറിനെ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് തന്റെയൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് സജീർ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐ സ്ഥലത്തില്ലെന്നും കാത്തിരിക്കാനുമായിരുന്നു പൊലീസുകാരുടെ നിർദ്ദേശം.

പിന്നീട് എസ്ഐ സമ്പത്ത് സ്റ്റേഷനിലെത്തിയ ശേഷം ഇവരെ അകത്തേക്ക് വിളിപ്പിക്കുകയും ചെയ്തു. സജീറിനൊപ്പമാണ് യുവാവിനേയും അകത്തേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിക്കുകയായിരുന്നു. ഇതിനിടയിൽ എസ്ഐ യുവാവിന്റെ കരണത്ത് അടിക്കുകയായിരുന്നു. പൊതു പ്രവർത്തകനായിട്ടാണ് ഇവിടേക്ക് വന്നതെന്നും കേസിന്റെ സ്ഥിതിഗതികൾ അറിയാൻ വന്നപ്പോൾ മുന്നിൽ വെച്ച് ഒരാളെ ഉപദ്രവിക്കുന്നത് നമ്മളെയൊക്കെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞയുടനെ എസ്ഐ സജീറിനെ നേരെ തിരിയുകയായിരുന്നു. നീ ആരെടാ മര്യാദ പഠിപ്പിക്കാൻ എന്ന് ആക്രോശിച്ച് കൊണ്ട് പാറാവിനു നിന്ന പൊലീസുകാരന്റെ കയ്യിലെ തോക്ക് ഉപയോഗിച്ച് അരമണിക്കൂറോളം എസ്ഐയും മറ്റ് പൊലീസുകാരും മർദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. തോക്കിന്റെ പാത്തി ഉപയോഗിച്ച് സജീറിന്റെ പുറത്തും അടിവയറ്റിലും മർദ്ദിക്കുകയും ചെയ്തു. ജനനേന്ദ്രീയം തകർക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒപ്പമുണ്ടായിരുന്ന യുവാവ് ബന്ധുക്കളേയും മറ്റ് കോൺഗ്രസ് പ്രവർത്തകരേയും വിവരമറിയിച്ചത്. ഉടൻ തന്നെ ബന്ധുക്കളും മറ്റും സ്റ്റേഷനിലെത്തിയെങ്കിലും അപ്പോഴേക്കും സജീറിനെ സ്റ്റേഷനിൽ നിന്നും മാറ്റിയിരുന്നു.

സജീറിനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. എന്നാൽ റിമാൻഡ് ചെയ്യാനായി കൊണ്ട് പോയെന്നാണ് പൊലീസ് നൽകിയ വിവരം. പിന്നീട് കോവളം എംഎൽഎ വിൻസെന്റ് ഇടപെട്ടാണ് സജീറിനെ തിരുവല്ലം സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ എത്തിയ ബന്ധുക്കളും മറ്റും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സജീറിനെ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ട പോയെങ്കിലും പരിക്ക് ഗുരുതരമാണെന്നും ഇവിടെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നും എത്രയും വേഗം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴും ചികത്സ നൽകി വിട്ടയക്കാനായിരുന്നു പൊലീസുകാർ ആവശ്യപ്പെട്ടത്. എന്നാൽ അത് പറ്റില്ലെന്നും അടിവയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും എത്രയും വേഗം ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്നും പറയുകയായിരുന്നു. ഈ സംഭവമാണ് സമ്പത്തിന്റെ തൊപ്പി തെറുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP