Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ കുഴികൾ കുഴികളായി തന്നെ കിടക്കുന്നു; വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥ; റോഡ് റീ ടാർ ചെയ്യേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കുന്നു; പീച്ചിക്കാരൻ പ്രകാശിന്റെ ജീവനെടുത്തതും കുതിരാനിലെ കുഴി; വാഹനാപകട മരണത്തിൽ നരഹത്യാ വകുപ്പ് ചുമത്തി കേസ് എടുത്തത് കത്തെഴുതി മടുത്തപ്പോൾ; ദേശീയ പാതാ അഥോറിട്ടിയെ വരച്ച വരയിലേക്ക് കൊണ്ടു വരാൻ കടുത്ത നടപടിയുമായി പീച്ചി പൊലീസ്; സാധാരണക്കാരുടെ കണ്ണീർ തിരിച്ചറിഞ്ഞ എസ് ഐ ബിപിന് കയ്യടി ഉയരുമ്പോൾ

മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ കുഴികൾ കുഴികളായി തന്നെ കിടക്കുന്നു; വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥ; റോഡ് റീ ടാർ ചെയ്യേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കുന്നു; പീച്ചിക്കാരൻ പ്രകാശിന്റെ ജീവനെടുത്തതും കുതിരാനിലെ കുഴി; വാഹനാപകട മരണത്തിൽ നരഹത്യാ വകുപ്പ് ചുമത്തി കേസ് എടുത്തത് കത്തെഴുതി മടുത്തപ്പോൾ; ദേശീയ പാതാ അഥോറിട്ടിയെ വരച്ച വരയിലേക്ക് കൊണ്ടു വരാൻ കടുത്ത നടപടിയുമായി പീച്ചി പൊലീസ്; സാധാരണക്കാരുടെ കണ്ണീർ തിരിച്ചറിഞ്ഞ എസ് ഐ ബിപിന് കയ്യടി ഉയരുമ്പോൾ

എം മനോജ് കുമാർ

പീച്ചി: അസ്വാതന്ത്ര്യമാണ് കേരളാ പൊലീസിന്റെ ഉറക്കം കെടുത്തുന്നത് എന്നാണ് പൊലീസിന്റെ ചെയ്തികൾ വിരൽ ചൂണ്ടി പൊലീസ് ഉന്നതർ തന്നെ വിശേഷിപ്പിക്കാറുള്ളത്. അസ്വാതന്ത്ര്യത്തിന്റെ ഈ മുഖമുദ്രയാണ് പൊലീസ് ചെയ്തികളിൽ പ്രതിഫലിക്കുന്നത് എന്നും ഇവർ പറയാറുണ്ട്. പക്ഷെ സ്വതന്ത്രമായ തീരുമാനമെടുത്ത് പുതുതലമുറ പൊലീസ് ഉദ്യോഗസ്ഥർ ഈ അസ്വാതന്ത്ര്യം മറികടക്കുകയാണ്. രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്ന് പരസ്യമായി നിലപാടെടുത്ത കളമശ്ശേരി എസ്‌ഐ അമൃത് രംഗന്റെ നടപടി വിവാദം സൃഷ്ടിച്ചെങ്കിലും കേരളാ പൊലീസിന് അത് പുതു ഊർജ്ജം തന്നെയാണ് നൽകിയത്. അമൃത് രംഗന്റെ നടപടി പോലെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് പീച്ചി എസ്‌ഐ ബിപിൻ നായരുടെ നടപടിയും.

കുതിരാൻ മേഖലയിലെ കുഴികൾ കാരണമുള്ള അപകടമരണങ്ങൾ തുടർക്കഥയായപ്പോൾ ദേശീയ പാതാ അഥോറിറ്റി അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്താണ് പീച്ചി എസ്‌ഐ ശ്രദ്ധാ കേന്ദ്രമാകുന്നത്. കേന്ദ്ര എജൻസിക്ക് എതിരെയാണ് സംസ്ഥാന പൊലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയും പീച്ചി പൊലീസ് ചാർജ് ചെയ്ത ഈ കേസിനുണ്ട്. കേരളത്തിലെ ദേശീയ പാതയുമായ ബന്ധപ്പെട്ട പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി കേന്ദ്ര ഉദ്യോഗസ്ഥരെ ഇന്നലെ നിർത്തിപ്പൊരിച്ച സംഭവം വാർത്താ തലക്കെട്ടുകൾ കയ്യടക്കുമ്പോൾ തന്നെയാണ് ഇതേ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർക്കെതിരെ കേരളാ പൊലീസിന്റെ കേസും വന്നിരിക്കുന്നത്.

കേരളത്തിലേറ്റവും കൂടുതൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന മേഖലയാണ് മണ്ണുത്തി മുതല് വടക്കഞ്ചേരി വരെയുള്ള ദേശീയപാത. ഇവിടെയാണ് റോഡ് താറുമാറായിരിക്കുന്നത്. റോഡ് ഏതാണ് കുഴിയേതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് കുതിരാൻ മേഖലയിലെ റോഡിനുള്ളത്. തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടക്കുന്ന പ്രധാന പാതയ്ക്കാണ് ഈ സ്ഥിതി. ശരാശരി 25,000 വാഹനങ്ങളാണ് കുതിരാൻ വഴി പോകുന്നത്. ഓരോ യാത്രക്കാരനും ഭയത്തോടെയല്ലാതെ കുതിരാൻ കടക്കാനാകില്ല. ഇതിന്നിടയിൽ തന്നെയാണ് അപകടമരണങ്ങളും സംഭവിക്കുന്നത്. മാസങ്ങളായി റോഡിന്റെ അവസ്ഥ പരിതാപകരമാണ്. ദേശീയ പാതാ അഥോറിറ്റിക്ക് പീച്ചി പൊലീസ് ഉൾപ്പെടെയുള്ള അധികൃതർ നോട്ടീസ് നൽകിയിരുന്നെങ്കിലും തിരിഞ്ഞു നോക്കാത്ത രീതിയിലാണ് കേന്ദ്ര എജൻസിയുടെ പോക്ക്.

സുരക്ഷിതയാത്ര ഒരുക്കേണ്ട ചുമതലയുള്ള ദേശീയപാതാ അഥോറിറ്റി ഈ റോഡ് പ്രശ്‌നത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നാണ് അറിയിച്ചത്. ഇതോടെയാണ് കടുത്ത നടപടിക്ക് പീച്ചി പൊലീസും തയ്യാറായത്. മണ്ണുത്തി മുതൽ വാനിയമ്പാറ വരെ റോഡ് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ദേശീയ പാതാ അഥോറിറ്റി എന്ന കേന്ദ്ര എജൻസിക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് മുന്നോട്ടു പോയതോടെയാണ് പീച്ചി എസ്‌ഐ ബിപിൻ ശ്രദ്ധാ കേന്ദ്രമാകുന്നത്. കടുത്ത നടപടികൾക്ക് സാധാരണ ഉദ്യോഗസ്ഥർ മടിച്ചു നിൽക്കുന്ന അവസ്ഥയിലാണ് ശക്തമായ തീരുമാനമെടുത്ത് പീച്ചി എസ്‌ഐ നീങ്ങിയത്. പതിനാലു വർഷം മുൻപാണ് ബിപിൻ പൊലീസ് സർവീസിൽ എത്തുന്നത്. പൊലീസുകാരനായി സർവീസിൽ കയറി ടെസ്റ്റ് എഴുതി പിന്നീട് നേരിട്ട് എസ്‌ഐയാവുകയാണ് ഉണ്ടായത്. രണ്ടര വർഷം മുൻപാണ് തൃശൂർ സ്വദേശിയായ ബിപിൻ എസ്‌ഐയായി സർവീസിൽ എത്തുന്നത്. കുഴൽമന്ദം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് സ്ഥലം മാറ്റാതെ തുടർന്ന് പീച്ചി എസ്‌ഐയായി എത്തുകയായിരുന്നു.

കുതിരാനിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ പ്രകാശൻ കഴിഞ്ഞ 26 നു മരിച്ചതോടെയാണ് കേന്ദ്ര ഏജൻസിക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്തത്. ഇതോടെ പീച്ചി എസ്‌ഐ ശ്രദ്ധേയനാകുകയും ചെയ്തു. സ്വതന്ത്രവും ധീരവുമായ തീരുമാനമാണ് പീച്ചി പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. കുതിരാനിൽ യാത്ര ചെയ്ത് മടുത്ത യാത്രികരും ജനങ്ങളും പീച്ചി എസ്‌ഐയുടെ നടപടിക്ക് വൻ പിന്തുണയാണ് നൽകുന്നത്. കേന്ദ്ര ഏജൻസിക്കെതിരെ കേസ് ചാർജ് ചെയ്ത ബിപിൻ നായർക്ക് പ്രശംസകളും വന്നുകൊണ്ടിരിക്കുന്നു. ജീവപര്യന്തമോ 10 വർഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ദേശീയ പാതാ അഥോറിറ്റിക്കും കരാർ കമ്പനിക്കാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 26ന് അർദ്ധരാത്രിയിലാണ് കുതിരാനിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ പീച്ചി സ്വദേശിയായ പ്രകാശിന് (47) അപകടമരണം സംഭവിക്കുന്നത്. ബൈക്ക് കുഴിയിൽ വീണു തലയിടിച്ച് വീണാണ് പ്രകാശൻ മരിക്കുന്നത്. ജോലി കഴിഞ്ഞു മുടിക്കോട് നിന്നും പാലക്കാടെയ്ക്ക് പോകുന്ന വഴിക്കാണ് കുതിരാനിലെ കുഴിയിൽ വീണുള്ള ഈ മരണം വരുന്നത്. ഇതിനെ തുടർന്നാണ് മനഃപൂർവമുള്ള നരഹത്യയ്ക്ക് പീച്ചി പൊലീസ് ദേശീയ പാതാ അഥോറിറ്റിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അഥോറിറ്റി അധികൃതരോ കരാർ കമ്പനിക്കാരോ പ്രശ്‌നത്തിൽ പ്രതികരണവുമായി വന്നിട്ടില്ല.

നിലവിൽ കുതിരാൻ മേഖലയിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. തകർന്ന റോഡിൽ വാഹനാപകടങ്ങൾ പതിവ് കാഴ്ചയാണ്. റോഡ് റീ ടാർ ചെയ്യേണ്ടത് ദേശീയ പാതാ അഥോറിറ്റിയാണ്. പക്ഷെ പകപോക്കുന്ന നടപടിയാണ് കുതിരാൻ മേഖലയിൽ ഇവർ തുടർന്ന് പോകുന്നത്. കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് റീ ടാർ എന്ന പേരിൽ ഇവർ ചെയ്യുന്നത്. കുഴിയടച്ച് ഇവർ മടങ്ങും മുൻപ് തന്നെ അടച്ച താർ അടർന്നു മാറിയിരിക്കും. അപകടങ്ങൾ തുടർക്കഥയാവുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടി പീച്ചി പൊലീസ് നിരന്തരം അഥോറിറ്റിക്ക് കത്ത് നൽകിയെങ്കിലും ഒരു നടപടിയും വന്നില്ല. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് വാഹനാപകടങ്ങൾ വർദ്ധിച്ചു വരുകയും ചെയ്തിരുന്നു.

വാഹനാപകടങ്ങൾ തുടർക്കഥയായപ്പോൾ ദേശീയ പാതാ അഥോറിറ്റിക്ക് കത്തെഴുതി മടുത്താണ് ഒടുവിൽ നടന്ന അപകടമരണത്തിന്റെ പേരിൽ പീച്ചി എസ്‌ഐ കഴിഞ്ഞ ശനിയാഴ്ച നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഐപിസി 304 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പീച്ചി പൊലീസ് ദേശീയ പാതാ അഥോറിറ്റി അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആംബുലൻസുകൾക്ക് വരെ വളരെ മെല്ലെയാണ് ഈ റൂട്ടിൽ സഞ്ചരിക്കുന്നത്. വാഹനാപകടമരണങ്ങളെക്കാൾ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വഴിയുള്ള മരണങ്ങളുടെ തോതും റോഡിന്റെ ദുരവസ്ഥ കാരണം വളരെ കൂടിയിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ബസുകളുടെ സമയനിഷ്ഠയും തെറ്റുന്നു. അത് കാരണം മനഃപൂർവം സ്പീഡ് വർദ്ധിപ്പിക്കാൻ ഇവർ നിർബന്ധിതരാകുന്നുമുണ്ട്. ഇത് കാരണമുള്ള അപകടങ്ങളും വളരെയധികം വർദ്ധിച്ചിട്ടുണ്ട്.

' മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കുഴികൾ കുഴികളായി തന്നെ കിടക്കുന്നു. വാഹനാപകടങ്ങളും മരണങ്ങളും ഇവിടെ തുടർക്കഥയാണ്. റോഡ് റീ ടാർ ചെയ്യാനുള്ള ഒരു നടപടിയും ദേശീയ പാതാ അഥോറിറ്റി അധികൃതർ കൈക്കൊണ്ടിട്ടില്ല. കത്തെഴുതി മടുത്തിട്ടാണ് ഒടുവിൽ നടന്ന വാഹനാപകടമരണത്തിന്റെ പേരിൽ ഐപിസി 304 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത്-പീച്ചി എസ്‌ഐ ബിപിൻ നായർ മറുനാടനോട് പ്രതികരിച്ചു. കുതിരാൻ മേഖലയിലെ റോഡ് ഇതേ രീതിയിൽ തുടർന്നാൽ അപകടമരണങ്ങളുടെ തോത് കുതിച്ചുയരും. അത്ര പരിതാപകാരമായ അവസ്ഥയിലാണ് ഈ മേഖല. പെറ്റി കേസ് പോലും ചാർജ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പീച്ചി പൊലീസ് ഇവിടെ നേരിടുന്നത്.

വാഹനചെക്കിംഗിനിടയിൽ ഫൈൻ ചുമത്തിയാൽ ഫൈൻ മാത്രമേയുള്ളോ, റോഡിന്റെ അവസ്ഥയോ എന്ന ചോദ്യമാണ് വാഹനയുടമകൾ ഉയർത്തുന്ന ചോദ്യം. നിരന്തരം ഈ റൂട്ടിൽ യാത്ര നടത്തുന്ന വാഹനങ്ങൾ നിലവിൽ തകർന്ന അവസ്ഥയിലാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് തന്നെ വലിയ തുക വേണ്ടിവരുന്നു എന്നാണ് വാഹനയുടമകൾ പൊലീസിനോട് പരാതിപ്പെടുന്നത്. അതുകൊണ്ട് തന്നെ വാഹന പരിശോധന വലിയ രീതിയിൽ ഈ റൂട്ടിൽ നടത്താനും പൊലീസിന് കഴിയാറില്ല. അത്രയധികം ജനരോഷമാണ് റോഡിനെതിരെ ജനങ്ങളിൽ നിന്നും ഉയരുന്നത്. റോഡ് നന്നാക്കേണ്ട ദേശീയ പാതാ അഥോറിറ്റിയും കരാർ കമ്പനിയും ഈ കാര്യത്തിൽ ഒരു നടപടിയും കൈക്കൊള്ളുന്നുമില്ല. ഇതോടെയാണ് വാഹനാപകട മരണത്തിൽ കടുത്ത നടപടിയുമായി പീച്ചി പൊലീസ് മുന്നോട്ടു നീങ്ങിയത്.

മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്മേഖല വാഹനങ്ങളുടെ ശവപ്പറമ്പാണ്. റോഡ് പ്രശ്‌നം കാരണം ഒട്ടേറെ വാഹനങ്ങളാണ് യാത്രയ്ക്കിടെ കേടാകുന്നത്. ടയർ പൊട്ടുന്നത് മുതൽ ഗിയർബോക്‌സ് തകരാർ വരെ തൊട്ടാൽ കൈപൊള്ളുന്ന പണികളാണ് വാഹനങ്ങളെ കാത്തിരിക്കുന്നത്. ശരാശരി ആറു മുതൽ എട്ടുവരെ വാഹനങ്ങൾ കതിരാൻ റോഡിൽ കേടാകുന്നു എന്നാണ് കണക്കുകൾ. പ്രതിദിനം 30 ലിറ്റർ ഡീസൽ അധികം വേണ്ടിവരുന്നുവെന്നാണ് ബസ്സുടമകൾ പറയുന്നത്. പല ബസുകളും സർവീസ് നിർത്തിയിട്ടുമുണ്ട്. ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബ്ബുകൾ, ബസ് ഓണേഴ്‌സ് സംഘടനകൾ, ബസ് തൊഴിലാളി സംഘടനകൾ, ഡ്രൈവേഴ്‌സ് അസോസിയേഷൻ, വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവരുടെ സമരസമിതി കുതിരാൻ റോഡിന്റെ പ്രശനത്തിൽ ജനകീയസമരവുമായി രംഗത്തുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP