Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഷഹീൻബാഗ് മോഡൽ സമരം ജാഫറാബാദിലും ചാന്ദ്ബാഗിലും വ്യാപിപ്പിച്ചപ്പോൾ ചോദ്യം ചെയ്ത് എത്തിയത് കപിൽ മിശ്ര; ട്രംപ് തിരിച്ചു പോകും വരെ ക്ഷമിക്കുമെന്ന് മുന്നറിയിപ്പ്; പൗരത്വ നിയമ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതോടെ കല്ലേറിൽ പരിക്കേറ്റ് മരിച്ചത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ; ട്രംപ് പോകുന്നത് കാത്തു നിൽക്കാതെ തിരിച്ചടിക്കാൻ ഒരു കൂട്ടർ ഇറങ്ങിയതോടെ കലാപം; പൊലീസും നിഷ്‌ക്രിയമായതോടെ ചേരിതിരിഞ്ഞ് അക്രമവും കൊള്ളിവെയ്‌പ്പും; ഡൽഹിയിൽ വീണ തീപ്പൊരി ആളിക്കത്തിയത് ഇങ്ങനെ

ഷഹീൻബാഗ് മോഡൽ സമരം ജാഫറാബാദിലും ചാന്ദ്ബാഗിലും വ്യാപിപ്പിച്ചപ്പോൾ ചോദ്യം ചെയ്ത് എത്തിയത് കപിൽ മിശ്ര; ട്രംപ് തിരിച്ചു പോകും വരെ ക്ഷമിക്കുമെന്ന് മുന്നറിയിപ്പ്; പൗരത്വ നിയമ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതോടെ കല്ലേറിൽ പരിക്കേറ്റ് മരിച്ചത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ; ട്രംപ് പോകുന്നത് കാത്തു നിൽക്കാതെ തിരിച്ചടിക്കാൻ ഒരു കൂട്ടർ ഇറങ്ങിയതോടെ കലാപം; പൊലീസും നിഷ്‌ക്രിയമായതോടെ ചേരിതിരിഞ്ഞ് അക്രമവും കൊള്ളിവെയ്‌പ്പും; ഡൽഹിയിൽ വീണ തീപ്പൊരി ആളിക്കത്തിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമത്തിന് എതിരായി രാജ്യമെമ്പാടും അരങ്ങേറിയ പ്രതിഷേധങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ഡൽഹി തെരഞ്ഞെടുപ്പ് നടന്നത്. അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ കയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് എത്തുന്നതായി വാർത്തകൾ വന്നത്. ഷഹീൻബാഗിൽ റോഡുകൾ അടച്ചു കൊണ്ടു പൗരത്വവിരുദ്ധ സമരക്കാൻ നടത്തിയ പ്രക്ഷോഭത്തിന്റെ മാതൃകയിൽ ജാഫറാബാദിലും ചാന്ദ്ബാഗിലേക്കും സമരം വ്യാപിച്ചു. ഇവിടുത്തെ സമരത്തിന് എതിർത്തു കൊണ്ട് അനുകൂലിക്കുന്ന വിഭാഗം രംഗത്തിറങ്ങിയതോടെയാണ് സംഘർഷത്തിന് വഴിമാറിയത്. ഷാഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ വൈകാരിക അന്തരീക്ഷത്തിൽ നിന്ന വിഷയം വർഗീയ വിഷയമായി ആളിക്കത്തിയത്. ഈ വിഷയം ഇപ്പോൾ ഡൽഹി നഗരത്തെയും അതിന്റെ സബർബനിനെ കുരുതിക്കളമാക്കി മാറ്റുന്ന അവസ്ഥയിലേക്ക് മാറുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സമാധാനപരമായി നടക്കുന്ന സമരത്തെ സംഘർഷഭരിതമാക്കിയത് ബിജെപി മുൻ എംഎ‍ൽഎ കപിൽ മിശ്രയെന്ന നേതാവിന്റെ ഇടപെടൽ കൂടിയാണ്. ഞായറാഴ്ച ജാഫറാബാദിൽ സ്ത്രീകൾ നടത്തിവരുന്ന സമരത്തിലേക്ക് അക്രമോത്സുകരായ ഒരു സംഘത്തെയും നയിച്ച് കപിൽ മിശ്ര എത്തിയതാണ് സംഘർഷത്തിന് തുടക്കം. ഈ സംഘം നടത്തിയ ആക്രമണത്തെ ചെറുക്കാൻ മറുവിഭാഗം രംഗത്തെത്തി. ഇവർ പൗരത്വ നിയമ അനുകൂലികൾക്കും നേരെ കല്ലെറിഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതോടെ പൊലീസ് ശരിക്കും നിഷ്ടക്രിയമായി. ഇതാണ് കലാപം ആളിപ്പടരാൻ ഇടയായത്. കടകളും വീടുകളും അഗ്നിക്കിരയാക്കി കൊണ്ടാണ് കലാപം പടർന്നത്. അതിന് ഡൊണാൾഡ് ട്രംപ് തിരികെ പോകാൻ ആരും കാത്തു നിന്നില്ലെന്ന് മാത്രം.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിരിച്ചുപോകുന്നതുവരെ സമാധാനം പാലിക്കുമെന്നും അതുകഴിഞ്ഞാൽ പൊലീസ് പറയുന്നത് കേൾക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടാവില്ലെന്നുമായിരുന്നു മിശ്രയുടെ നേരത്തെ നടത്തിയ പ്രസ്താവന. 'പൊലീസിന് ഞാൻ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങൾ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാൽ ട്രംപ് മടങ്ങിപ്പോകും. അതുവരെ ഞങ്ങൾ സംയമനം പാലിക്കും. അതിനുശേഷം അനുനയനീക്കവുമായി പൊലീസ് വന്നാൽ, നിങ്ങൾ പറയുന്നത് കേൾക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ടാവില്ല.' എന്നാൽ, ട്രംപ് തിരിച്ചുപോകാൻ കാത്തുനിൽക്കാതെ തന്നെ മിശ്രയും കൂട്ടരും കലാപത്തിറനിങ്ങുകയായിരുന്നു. മിശ്രയുടെ വർഗീയത നിറഞ്ഞ വാക്കുകളാണ് എരിതീയിൽ എണ്ണ ഒഴിച്ചത്.

ട്രംപ് മടങ്ങാൻ കാത്തുനിൽക്കാതെ മിശ്രയുടെ അനുനായിയകളാണ് കലാപം അഴിച്ചുവിട്ടും. ഇതിനെ ചെറുക്കാൻ മറ്റ് വിഭാഗവും ശ്രമിച്ചതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോകുകയായിരുന്നു. ഇതിനിടെ, പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൗനം തുടർന്നിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഡൽഹിയിൽ സമാധാനവും ഐക്യവും നിലനിർത്തുന്നതിന് സഹായം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു എന്നാൽ, ഈ സമാധാന ശ്രമങ്ങളും വിലപ്പോയല്ല. പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഉയരുകയാണ്. ഏഴ് പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ സംഘർഷത്തിനിടെ രണ്ടുപേർക്കുകൂടി വെടിയേറ്റു. സംഭവത്തിൽ പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നുദിവസമായി തുടരുന്ന കലാപത്തിൽ ഒമ്പതു പേരാണ് ഇതുവരെ മരിച്ചത്. 160 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവിൽ രണ്ട് കമ്പനി ദ്രുതകർമ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം മുസ്തഫാബാദിൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വീടുകൾക്കും കടകൾക്കും അക്രമികൾ തീയിടുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ഗോകുൽപുരിക്കടുത്ത് നീത്നഗറിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങൾ. കർവാൾ നഗർ, വിജയ് പാർക്ക്, യമുനാ നഗർ തുടങ്ങിയ സ്ഥലങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ ഡഹിയിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 24 വരെയാണ് നിരോധനാജ്ഞ.

പേരും ജാതിയും ചോദിച്ച് ആക്രമണം

പൗരത്വ വിഷയത്തിൽ തുടങ്ങിയ ആക്രമണം വർഗീയ കലാപമായി മാറിയത് അതിവേഗമാണ്. മതത്തിന്റെ പേരിൽ വേർതിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം. പേരും മതവും ചോദിച്ചാണ് ആക്രമണം. ഇന്നലെ നിരവധി പെട്രോൾ ബങ്കുകൾക്ക് കലാപകാരികൾ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഗോകുൽപുരിയിൽ ടയർ മാർക്കറ്റും കത്തിച്ചു. മൗജ്പൂരിൽ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയിൽ സഞ്ചരിക്കുന്നവർക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവൻ അക്രമികൾ കൈക്കലാക്കി. മാധ്യമങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.അക്രമങ്ങളിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. ഡൽഹിയുടെ വടക്കുകിഴക്കൻ മേഖലയിലെ ഡിസിപി അമിത് വർമ ഉൾപ്പടെ 30 പൊലീസുകാർക്കും പരിക്കുപറ്റി. ഇന്നലെ രാത്രി നടന്ന അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് രാവിലെ മുതൾ ജഫ്രാബാദ്, ഭജൻപുര, കബീർ നഗർ, കാരവൽ നഗർ, വിജയ് പാർക്ക്, യമുന വിഹാർ, മൗജ്പൂർ എന്നിവിടങ്ങിലും സംഘർഷങ്ങൾ തുടരുകയാണ്. ഗോകുൽപുരിയിൽ കടകൾക്ക് തീവച്ചു. ജഫ്രാബാദിലേക്കുള്ള വഴിയിൽ വാഹനങ്ങൾ കത്തിച്ചു.

പലയിടത്തും ഇരു വിഭാഗങ്ങലും പരസ്പരം വടികളുമേന്തി, മുദ്രാവാക്യങ്ങൾ വിളിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മേഖലയിൽ ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടാണ് അക്രമികൾ മുദ്രാവാക്യം വിളിച്ച് നടക്കുന്നതെങ്കിൽ മറ്റൊരു തെരുവിൽ അല്ലാഹു അക്‌ബർ മുദ്രാവാക്യങ്ങളാണ്. രണ്ട് കൂട്ടരിലും സ്ത്രീകൾ അടക്കമുള്ളവരുണ്ട്. ചില വീടുകൾക്ക് മുന്നിൽ കാവിപ്പതാക കെട്ടിയതായും, ഹിന്ദു വീടുകളെ വേറെ അറിയാനായി സംഘപരിവാറുകൾ ചെയ്തതാണിതെന്നും ആരോപണമുയർന്നു. അല്ലാത്ത വീടുകളിലേക്ക് അക്രമമുണ്ടായേക്കാമെന്ന ഭീതിയും നിലനിൽക്കുന്നു.

എന്നാൽ നിരോധനാജ്ഞ ലംഘിച്ചും പലയിടങ്ങളിലും അക്രമം തുടരുകയാണ്. ആൾക്കൂട്ടം വടികളുമേന്തി പല തെരുവുകളിലും മാർച്ച് നടത്തുന്നു. പൊലീസിന്റെ നാമമാത്രമായ സാന്നിധ്യമാണ് പല മേഖലകളിലുമുള്ളത്. പൊലീസിന്റെ സഹായത്തോടെ അക്രമികൾ ഡൽഹിയിൽ കലാപം അഴിച്ചുവിടുകയാണെന്ന് ജനങ്ങൾ തന്നെ ആരോപിക്കുന്നു. ഡൽഹി ഗോകുൽപുരിയിൽ ഉച്ചയോടെ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ദേശീയപതാകയുമേന്തി എത്തിയ ഒരു സംഘമാളുകൾ വ്യാപാരസ്ഥാപനങ്ങൾക്ക് തീവച്ചു.

കേന്ദ്രസേനയെ അയച്ചെന്ന് അമിത്ഷാ, അതിർത്തികൾ അടയ്ക്കണമെന്ന് കെജ്രിവാൾ

അക്രമം തുടങ്ങിയപ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ, ഇന്നലെ രാത്രി തന്നെ ഉന്നതതല യോഗം വിളിച്ചിരുന്നു. അക്രമങ്ങൾ തുടരുന്നതിനാൽ ഇന്നും ഉന്നതതല യോഗം അമിത് ഷാ വിളിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്. ഗവർണർ അനിൽ ബൈജൽ, ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരവകുപ്പിലെയും പൊലീസിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

ആളുകൾ വീടുകളും കടകളും കത്തിക്കുകയും കല്ലെറിയുകയും ചെയ്യുന്നുണ്ട്. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് അണിനിരത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല അറിയിച്ചു. ഇന്നലെ അക്രമം രാത്രിയോടെ വ്യാപകമായപ്പോൾ, സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഡൽഹിയിൽ പൊലീസിന്റെയും ക്രമസമാധാനത്തിന്റെയും ചുമതലയുള്ള ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വീട്ടിലേക്ക് മന്ത്രി ഗോപാൽ റായിയെയും കലാപം വ്യാപകമായ മണ്ഡലങ്ങളിലെ എംഎൽഎമാരെയും രാത്രി വൈകി കെജ്‌രിവാൾ അയച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ ഇടപെടാമെന്നാണ് അനിൽ ബൈജൽ പറഞ്ഞത്. ഒരു നടപടിയും കൃത്യമായി പൊലീസിന് എടുക്കാനാകുന്നില്ല. മുകളിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നില്ല. പുറത്ത് നിന്ന് നിരവധി പേർ വന്ന് അക്രമം അഴിച്ചു വിടുന്നതായി വിവരങ്ങൾ ലഭിക്കുന്നു. അതിർത്തികൾ അടയ്ക്കണം, പുറത്ത് നിന്ന് വരുന്നവരെ തടയണമെന്നും പൊലീസുമായി ചേർന്ന് സമാധാനമാർച്ച് നടത്തണമെന്നും, രണ്ട് മതവിഭാഗങ്ങളിലുള്ളവരെയും ചേർത്ത് സമാധാനയോഗങ്ങൾ വിളിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

സുപ്രീകോടതിയുടെ ഇടപെടൽ നാളെ

ഡൽഹിയിൽ കലാപം നടക്കുമ്പോഴും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ഹർജ്ജി നാളെയാണ് പരിഗണിക്കുക. സുപ്രീംകോടതി ഷഹീൻബാഗ് സമരക്കാരുമായി ചർച്ച നടത്താൻ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുൻ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയാണ് ഹർജി നൽകിയത്. ഇത് നാളത്തെ കേസുകളിൽ പെടുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അതേസമയം, ഡൽഹി ഹൈക്കോടതിയിലും ഹ്യൂമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്ക് ഈ കലാപത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ചില രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷപ്രസ്താവനയാണ് അക്രമത്തിന് വഴിവച്ചതെന്നും ഹർജിയിൽ പറയുന്നു.

അതേസമയം പേരും മതവും ചോദിച്ചുള്ള അക്രമമാണ് ഇപ്പോൾ നടക്കുന്നത്. അക്രമി സംഘത്തിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് പോലും രക്ഷയുണ്ടാകുന്നില്ല. ടൈംസ് ഫോട്ടോഗ്രാഫറോട് ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അറിയാൻ വസ്ത്രമൂരാൻ സംഘപരിവാർ സംഘം ആവശ്യപ്പെട്ടത് നേരത്തെ വാർത്തയായിരുന്നു. പള്ളി കത്തിച്ചത് ചിത്രീകരിച്ച മാധ്യമപ്രവർത്തകരും ആക്രമണത്തിനിരയായി. വടക്ക് കിഴക്കൻ ഡൽഹി കലാപകാരികളുടെ പൂർണ നിയന്ത്രണത്തിലാണ്. നിരവധിപേരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പൊലീസിന്റെയോ കേന്ദ്രസേനയുടെയോ സാന്നിധ്യമില്ല. കലാപകാരികളുടെ കയ്യിൽ തോക്ക് അടക്കമുള്ള ആയുധങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP