Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പാലക്കാട് എൻ.എസ്. എസ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ആദ്യം പ്രോഗ്രസ്സീവ്‌സ് എന്ന പേരിൽ; 79ൽ എസ്.എഫ്.ഐ കൊടിമരം വീണതോടെ നെഞ്ചിൽ നെരിപ്പോടുമായി നടന്ന വിപ്ലവകാരി ക്യാമ്പസിന്റെ സഹൃദയനായി; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയിൽ തുടങ്ങിയ ബന്ധം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കസേരയിലെത്തിച്ചു; കൂടെ പഠിച്ച സുഹൃത്തുക്കളിൽ മന്ത്രിയും എംഎ‍ൽഎയും വരെ; പഴയ വിപ്ലവകാരി ശിവശങ്കരന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിലെ റാങ്കുകാരൻ, എഞ്ചിനിയറിങ് ബിരുദധാരി, നെഞ്ചിൽ നെരിപ്പോട് പോലെ വിപ്ലവം കൊണ്ടുനടന്ന എസ്.എഫ്.ഐ നേതാവ്. കേരളം അറിയാത്ത ഒരു ശിവശങ്കരന്റെ കഥ ഇങ്ങനെയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നത്. ശിവശങ്കരൻ പാർട്ടിയെ തള്ളിപ്പറയുമോ എന്നതാണ്. പക്ഷേ പഴയ തീപ്പൊരി വിപ്ലവകാരിക്ക് മുഖ്യനെ ഒറ്റി കമ്യൂണിസത്തിന്റെ മുകളില് റീത്ത് വയ്ക്കാൻ സാധിക്കുമോ. എന്നിരുന്നാലും ശിവശങ്കരന്റെ ചരിത്രം പറയേണ്ടത് തന്നെയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആകാനും ഐ.എ.എസുകാരെയും ഉദ്യോഗസ്ഥ സംവിധാനത്തെയാകെ നിയന്ത്രിക്കാനും എം. ശിവശങ്കറിന് അവസരം കിട്ടിയത് പാലക്കാട്ടെ എസ്.എഫ്.ഐ ബന്ധമാണ്.

പത്താം ക്ലാസിൽ റാങ്ക് നേടി. പ്രീഡിഗ്രിക്ക് ശേഷം 1980ൽ തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിൽ പ്രവേശനം കിട്ടി. എന്നാൽ, ആ വർഷമാണ് പാലക്കാട് അകത്തേത്തറ എൻ.എസ്. എസ് എൻജിനിയറിങ് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നകോഴ്‌സ് ആരംഭിച്ചത്. അതോടെ ശിവശങ്കർ ബി.ടെകിന് എൻ.എസ്. എസ് കോളേജിൽ ചേർന്നു. അവിടെ ആദ്യം പ്രോഗ്രസ്സീവ്‌സ് എന്നപേരിൽ പ്രവർത്തിച്ചിരുന്ന എസ്. എഫ് ഐ യൂണിറ്ര് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത് 1979 ലാണ്. കോളേജിലെത്തിയതോടെ സജീവ എസ്.എഫ്.ഐ പ്രവർത്തകനായ ശിവശങ്കർ എസ്. എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായി.

സ്റ്രബിലൈസേഴ്‌സ് എന്ന പേരിലാണ് കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ശിവശങ്കർ പരാജയപ്പെട്ടു. എൻ.എൻ.കൃഷ്ണദാസ്, വി. ചെന്താമരാക്ഷൻ തുടങ്ങിയവരായിയരുന്നു അന്ന് പാലക്കാട്ടെ എസ്.എഫ് ഐ നേതാക്കൾ. എസ്.എഫ്.ഐ നേതൃ നിരയിൽ എത്തിയതോടെ സംസ്ഥാനത്തെ പ്രമുഖരുമായുള്ള സൗഹൃദം രൂപപ്പെട്ടു. അന്നത്തെ സഹപാഠികളും സുഹൃത്തുക്കളുമായ എസ്.എഫ്.ഐ നേതാക്കളാണ് പിന്നീട് എംഎ‍ൽഎയും എംപിയും മന്ത്രിമാരുമൊക്കെയായത്. രാഷ്ട്രീയ എതിരാളികളെയും എതിർപ്പുള്ളവരെയും വിറപ്പിക്കാനും ശിവശങ്കർ മുമ്പിലുണ്ടായിരുന്നു. കോളേജിലെ ജൂനിയർ ലക്ചററെ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി മുഴുവൻ റാഗ് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ടെന്ന് അന്നത്തെ സഹപാഠികൾ പറയുന്നു.കോളേജ് ഹോസ്റ്രലിലായിരുന്നു ശിവശങ്കരന്റെ താമസം.

ഹോസ്റ്റൽ വാർഡന്മാരെ നിലയ്ക്ക് നിറുത്താൻ എസ്.എഫ്.ഐക്കാർ പല പരിപാടികളും നടത്തുമായിരുന്നു. അതിന്റെ ഭാഗമായി രാത്രിയിൽ വാർഡന്റെ റൂമിന്റെ വാതിലിൽ മുട്ടി ശല്യപ്പെടുത്തലായിരുന്നു ഒരു പരിപാടി. വാതിൽ തുറക്കുമ്പോഴേക്കും ഇവർ ഓടി രക്ഷപ്പെടും. ഒരു ദിവസം രാത്രി ജോസഫ് എബ്രഹാം എന്ന എസ്.എഫ്.ഐ പ്രവർത്തകനെ വാർഡൻ കൈയോടെ പിടികൂടി. കുതറിയോടാൻ ശ്രമിക്കുന്നതിനിടയിൽ വാതിലിനിടയിൽ കുടുങ്ങി വിദ്യാർത്ഥിയുടെ ചെവിക്ക് നേരിയ മുറിവേറ്റു. ഇതോടെ ശിവശങ്കരന്റെ നേതൃത്വത്തിൽ എസ്. എഫ്.ഐ പ്രവർത്തകർസംഘടിച്ച് വാർഡന്മാരായ രണ്ട് അദ്ധ്യാപകരെയും രാത്രി മുഴുവൻ ബെഞ്ചിൽ നിറുത്തിയ ശേഷം തെറിവിളിച്ചു.

അടുത്ത ദിവസം രാവിലെ പ്രിൻസിപ്പൽ ഡോ. വി.ബാലകൃഷ്ണ പണിക്കരാണ് കല്ലേക്കുളങ്ങര പൊലീസിനെ വിളിക്കുന്നത്. എസ്.എഫ് ഐ യുടെ സമ്മർദ്ദത്തെ തുടർന്ന് ഈ അദ്ധ്യാപകർക്ക് അവിടെ തുടരാനും കഴിഞ്ഞില്ല. പ്രിൻസിപ്പലിനും പല തവണ ശിവശങ്കരന്റെയും സംഘത്തിന്റെയും ഘെരാവോ നേരിടേണ്ടി വന്നു.കോളേജ് വിട്ടതിന് ശേഷവും ശിവശങ്കർ എസ്. എഫ് ഐ ബന്ധം തുടർന്നു.കോളേജിലെ മുൻ കാല എസ്. എഫ് ഐ പ്രവർത്തകരുടെ സംഘടനയായ ദർശനയുടെ പേരിൽ അബുദാബിയിൽ മൂന്നു വർഷം മുമ്പ് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കെ ശിവശങ്കർ മുഖ്യാതിഥിയായി എത്തിയിരുന്നു. എസ്.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന അജിത് സഖറിയയും ഇതിൽ പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP