Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസുകാർക്ക് ലഭിച്ച ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ അപൂർവങ്ങളിൽ അപൂർവ്വം; പ്രതികൾ ഫലത്തിൽ ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും; നിർണ്ണായകമായത് സാക്ഷി മൊഴികൾ; രണ്ടു സാക്ഷികളെ കോടതി വിസ്തരിച്ചത് ഗൾഫിൽ നിന്നു വിളിച്ചു വരുത്തി

സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസുകാർക്ക് ലഭിച്ച ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ അപൂർവങ്ങളിൽ അപൂർവ്വം; പ്രതികൾ ഫലത്തിൽ ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും; നിർണ്ണായകമായത് സാക്ഷി മൊഴികൾ; രണ്ടു സാക്ഷികളെ കോടതി വിസ്തരിച്ചത് ഗൾഫിൽ നിന്നു വിളിച്ചു വരുത്തി

കെ എം അക്‌ബർ

തൃശൂർ: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ മുല്ലശ്ശേരി തിരുനെല്ലൂർ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക ലഭിച്ച ട്രിപ്പിൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ അപൂർവങ്ങളിൽ അപൂർവ്വം. തൃശൂരിന്റെ ചരിത്രത്തിൽ ആദ്യവും. കൊലപാതകം, ഗൂഢാലോചന, ക്രൂരമായ ആക്രമണം എന്നീ കുറ്റകൃത്യങ്ങളിൽ ഓരോന്നിലും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിക്കുകയാണ് സെഷൻസ് ജഡ്ജി കെ ആർ മധുകുമാർ ചെയ്തത്.

ട്രിപ്പിൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെങ്കിലും പ്രതികൾ ഫലത്തിൽ ജീവിതം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുമെന്ന് സാരം. ഗുരുവായൂർ സിഐ ആയിരുന്ന കെ സുദർശനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പൂവത്തൂർ അയ്യപ്പക്ഷേത്രത്തിനു സമീപം പട്ടാളി നവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെന്മേനാട് ചുക്കുബസാർ കോന്തച്ചൻ വീട്ടിൽ രാഹുൽ (28), ചുക്കുബസാർ മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കേപ്പാട്ടുവീട്ടിൽ സുബിൻ (കണ്ണൻ-31), വെന്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു (38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയശങ്കർ (23) എന്നിവരായിരുന്നു ശിക്ഷ ലഭിച്ച പ്രതികൾ.

2015 മാർച്ച് ഒന്നിന് രാത്രി 7.30നാണ് ഷിഹാബുദ്ദീനെ ആർഎസ്എസ് സംഘം വെട്ടി നുറുക്കിയത്. പെയിന്ററായിരുന്നു ഷിഹാബുദ്ദീൻ. ജോലി കഴിഞ്ഞ് കുട്ടികൾക്ക് ഭക്ഷണം വാങ്ങി സുഹൃത്ത് തിരുനെല്ലൂർ പിള്ളാട്ടിൽ ബൈജുവുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ ആക്രമിച്ചത്. ബൈക്ക് പെരിങ്ങാട് ചുക്കുബസാർ റോഡിലെത്തിയപ്പോൾ ആക്രമി സംഘം കറുത്ത അംബാസഡർ കാറിലെത്തി ആദ്യം ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇതോടെ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തൊട്ടു പിന്നാലെ രണ്ടു പേർ ബൈക്കിലുമെത്തി. ഷിഹാബുദ്ദീനൊപ്പം വീണ ബൈജുവിനെ വാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ടു.

ഷിഹാബുദ്ദീനെ ആക്രമി സംഘം തുരുതുരാ വെട്ടി. 49 വെട്ടേറ്റ ഷിഹാബുദ്ദീന്റെ വലതു കൈ അറ്റുപോകാറായ അവസ്ഥയിലായിരുന്നു. തലയോട്ടിയും പിളർന്നിരുന്നു. ചാവക്കാട്ടെയും പിന്നീട് തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും രാത്രി 10.10ഓടെ ഷിഹാബുദ്ദീൻ മരിച്ചു. ഇത് പ്രതികളുടെ അതിക്രൂരതയാണ് വ്യക്തമാക്കുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, വധശിക്ഷയേക്കാൾ ഭീകര ശിക്ഷയാണ് ലഭിച്ചിട്ടുള്ളതെന്ന് വിധിക്കു ശേഷം പ്രോസിക്യൂട്ടർ കെ ഡി ബാബു പറഞ്ഞു.

സംഭവ സമയത്ത് ഷിഹാബുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ബൈജുവിന്റെ മൊഴികളായിരുന്നു നിർണായകം. കൂടാതെ പ്രോസിക്യൂഷന്റെ ജാഗ്രതാപൂർവമായ പരിശ്രമങ്ങളും നിഷ്ഠൂരമായ കൊലപാതകക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ കാരണമായി. കോടതിയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാനും ആസൂത്രിത നീക്കങ്ങളായിരുന്നു നടന്നത്. എല്ലാ പ്രതികളും വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച് ക്ലീൻ ഷേവ് ചെയ്തായിരുന്നു കോടതിയിലെത്തിയത്.

എന്നാൽ ബൈജു അടക്കമുള്ള സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. ഇത് കേസിന്റെ വിധിയിൽ നിർണായകമായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 65 സാക്ഷികളെയാണ് വിസ്തരിച്ചു. സംഭവം നടക്കുമ്പോൾ ആ വഴി ബൈക്കിൽ വന്ന തിരുനെല്ലൂർ സ്വദേശി നസീർ, സോന എന്നിവരെ ഗൾഫിൽ നിന്നു വരുത്തിയായിരുന്നു വിസ്താരം. 155 രേഖകൾക്കു പുറമെ 45 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിലെ നാല് പ്രതികളെ കോടതി വിട്ടയച്ചു. പ്രതികൾക്ക് കാർ വാങ്ങാനും ഒളിവിൽ താമസിക്കാനും സഹായം നൽകി എന്നതായിരുന്നു വിട്ടയച്ചവർക്കെതിരേയുണ്ടായിരുന്ന ആരോപണം.ഇത് കോടതി തള്ളി.

കേസ് വിധി അറിയാനും മറ്റുമായി സിപിഎം പ്രവർത്തകർക്ക് പുറമെ നിരവധി ആർഎസ്എസ്-ബിജെപി പ്രവർത്തകർ കോടതിയിൽ എത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷും കോടതിയിലെത്തി. എന്നാൽ, പ്രതികൾക്കു വേണ്ടി ഹാജരായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ള വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് അസിസ്റ്റന്റ് കമീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും കോടതി വളപ്പിലുണ്ടായിരുന്നു. ഷിഹാബുദ്ദീന്റെ മൂത്ത സഹോദരൻ മുജീബ്റഹ്മാനെ (29) 2006 ജനുവരി 20ന് ആർഎസ്എസുകാർ കൊലപ്പെടുത്തിയിരുന്നു. ആർടിസ്റ്റായിരുന്ന മുജീബ് റഹ്മാൻ രാവിലെ 9.30ന് മുല്ലശേരിയിലേക്ക് ബൈക്കിൽ പോകുമ്പോൾ ബൈക്കുകളിലും കാറിലും പിന്തുടർന്നെത്തിയ ആർഎസ്എസ് സംഘം തടഞ്ഞുനിർത്തി അടിച്ചുവീഴ്‌ത്തി വെട്ടുകയായിരുന്നു.

വെട്ടേറ്റു വീണ മുജീബ് റഹ്മാന്റെ തലയിലേക്ക് വലിയ കല്ല് കൊണ്ടു വന്നിട്ടും സംഘം മരണം ഉറപ്പാക്കി. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയാണ് കൊലപാതകം നടത്തിയത്. തിരുനെല്ലൂർ എന്ന നാടിനേയും മതിലകത്ത് എന്ന കുടുംബത്തേയും കിടിലം കൊള്ളിച്ച അരും കൊലകളായിരുന്നു ഇവ രണ്ടും. ആർഎസ്എസ്, ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു അരുംകൊലകളെന്ന് സിപിഎം അന്ന് ആരോപിച്ചിരുന്നു. മുജീബ് റഹ്മാൻ കൊലക്ക് തിരിച്ചടിയായി മുജീബ് റഹ്മാൻ വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് കാര്യവാഹകുമായിരുന്ന തിരുനെല്ലൂർ അറയ്ക്കൽ വിനോദിനെ 2008 നവംബർ 18ന് പാടൂരിൽ വെച്ച് ഒരു സംഘം വെട്ടികൊലപ്പെടുത്തിയിരുന്നു.

ഈ കേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീൻ. വിനോദിനെ കൊലപ്പെടുത്തിയതിലുള്ള പക വീട്ടലായിരുന്നു ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ സമയത്ത് വിനോദിന്റെ ശിഷ്യരായ പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നു. വിനോദിന്റെ കൊലക്കേസിലെ പ്രതിയായ ഷിഹാബുദ്ദീനെ കൊലപ്പെടുത്താൻ തീരുമാനിച്ച സംഘം ഇതിനായി ഷിഹാബുദ്ദീന്റെ യാത്രകൾ ഏറെ നാളായി നിരീക്ഷിച്ചു. സംഭവ ദിവസം തിരുനെല്ലൂരിലെത്തിയ പ്രതികളിലൊരാളായ നവീൻ, ഷിഹാബുദ്ദീൻ സുഹൃത്ത് ബൈജുവിനൊപ്പം ചുക്കു ബസാറിലേക്ക് ബൈക്കിൽ വരുന്നത് കണ്ടു.

ഇവരെ ബൈക്കിൽ പിന്തുടർന്ന് നവീൻ വിവരങ്ങൾ മറ്റുള്ളവർക്ക് ഫോണിൽ നൽകി. ഭക്ഷണം വാങ്ങി പുറപ്പെട്ട ഷിഹാബുദ്ദീനെ പുത്തനമ്പലം റോഡിൽ കാറുമായി കാത്തുനിന്ന സംഘം നവീൻ വിവരം അറിയിച്ചതു പ്രകാരം പുവത്തൂർ റോഡിലത്തെിയപ്പോൾ എതിരെ വന്ന് ബൈക്കിൽ കാറിടിപ്പിച്ചു. നിലത്തുവീണ ബൈജുവിനെ വാൾ ഓങ്ങി ഭീഷണിപ്പെടുത്തി ഓടിച്ചു. ഷിഹാബിനെ കാറിലുണ്ടായിരുന്ന പ്രമോദ് വാളുപയോഗിച്ച് വെട്ടി. സമീപത്തെ ഓടയിലേക്ക് തലഭാഗം റോഡിലേക്കായി വീണ ഷിഹാബിനെ തലങ്ങും വിലങ്ങും വെട്ടി.

ഇതേസമയം പിറകിൽ വന്ന നവീനും ബൈക്ക് നിർത്തി ഒപ്പം ചേർന്നു. കൃത്യം നിർവഹിച്ച ശേഷം സംഘം കാറിൽ കയറി പുത്തനമ്പലം റോഡ് വഴി പോയി റോഡിന്റെ അവസാനത്തിൽ കാനയിലെ വെള്ളത്തിൽ പ്ലാസ്റ്റിക് ചാക്കിലാക്കി ആയുധങ്ങൾ ഉപേക്ഷിച്ചു. ബൈക്ക് സമീപത്തെ പെരിങ്ങാട് കരയോഗം ഓഫിസിന് പിറകിലെ അറയ്ക്കൽ രാഘവന്റെ പറമ്പിലെ പുല്ലിൽ ഒളിപ്പിച്ചു. തുടർന്ന് എല്ലവരും ചേർന്ന് കാറിൽ കയറി ഗുരുവായൂരിലേക്ക് പോയി. ഇവിടെ വെച്ച് പ്രമോദും സുബിനും വഴിപിരിഞ്ഞു. ഇതായിരുന്നു പ്രതികൾ പിടിയിലായ സമയത്ത് പൊലീസിന് നൽകിയ മൊഴി. അതേസമയം മുജീബ് റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP