Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

'ഇനി ഇൻഷാ അള്ളാ ഇവിടുന്ന് മദീനയിലേക്കുള്ള യാത്രിലാണ്; അങ്ങനെ അവസാനത്തെ വരമ്പായ സൗദിയിലേക്ക് എത്തി; ആറ് രാജ്യങ്ങൾ കടന്ന് ഇവിടെ എത്തി; വിവാദങ്ങൾ താണ്ടി മലപ്പുറത്ത് നിന്നും മക്കയിലേക്കുള്ള ശിഹാബ് ചോറ്റൂരിന്റെ കാൽനട യാത്ര അവസാന ഘട്ടത്തിലേക്ക്

'ഇനി ഇൻഷാ അള്ളാ ഇവിടുന്ന് മദീനയിലേക്കുള്ള യാത്രിലാണ്; അങ്ങനെ അവസാനത്തെ വരമ്പായ സൗദിയിലേക്ക് എത്തി; ആറ് രാജ്യങ്ങൾ കടന്ന് ഇവിടെ എത്തി; വിവാദങ്ങൾ താണ്ടി മലപ്പുറത്ത് നിന്നും മക്കയിലേക്കുള്ള ശിഹാബ് ചോറ്റൂരിന്റെ കാൽനട യാത്ര അവസാന ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: പഴികളേറെ കേട്ടെങ്കിലും, നിശ്ചയദാർഢ്യത്തോടെ വിസ്മയകരമായ ഹജ്ജ് യാത്ര തുടർന്ന ശിഹാബ് ചോറ്റൂർ ഒടുവിൽ സൗദിയിലെത്തി. വിശുദ്ധ ഭൂമിയിലേക്ക് നീങ്ങുന്ന ശിഹാബിന്റെ മുമ്പിലുള്ള അടുത്ത ലക്ഷ്യം മദീനയാണ്. സൗദിയിലെ ഹഫർ ബാത്വിൻ വഴിയാണ് മദീനയിലേക്കുള്ള നടത്തം.

ശിഹാബിന്റെ വാക്കുകൾ:

'ഞാനിപ്പോ സംസാരിക്കുന്നത് സൗദി അറേബ്യയിൽ വച്ചിട്ടാണ്. ഇന്നുരാവിലെ 5.12 ന് സൗദി അതിർത്തിക്കുള്ളിൽ കാലെടുത്തുവച്ചു. ഇന്നലെ കുവൈറ്റിലായിരുനന്നു. മിനിഞ്ഞാന്ന് അത്താഴം കഴിച്ച് മൂന്നുമണിക്ക് ഇറങ്ങിയിട്ട് രാത്രി 10 മണിക്കാണ് അതിർത്തിയിലെത്തുന്നത്. 61 കിലോമീറ്റർ. യാത്ര തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഞാൻ 61 കിലോമീറ്റർ നിർത്താതെ നടന്നത്. ഇടയ്ക്ക് രണ്ടുമണിക്കൂർ വിശ്രമിച്ചെങ്കിലും, ഒരുദിവസം ഇത്രയും ദൂരം.

ബോർഡറിന് തൊട്ടുമുമ്പ് മരുഭൂമിയിൽ ഞങ്ങൾ എല്ലാവരും കൂടെ നോമ്പൊക്കെ തുറന്നു. ബോർഡറിലെത്തി, അവിടെ ഒരു രണ്ടുമണിക്കൂർ വിശ്രമിക്കാനും, കുളിക്കാനും ഒക്കെ സൗകര്യം ഒരുക്കി തന്നു. ഇന്നുപുലർച്ചെ അഞ്ചുമണിക്ക് ക്രോസ് ചെയ്തു. ബുദ്ധിമുട്ടൊന്നും ഇല്ലാതെ അതിർത്തി കടന്നു.

ഇനി ഇൻഷാ അള്ളാ ഇവിടുന്ന് മദീനയിലേക്കുള്ള യാത്രിലാണ്. അങ്ങനെ അവസാനത്തെ വരമ്പായ സൗദിയിലേക്ക് എത്തി. ആറ് രാജ്യങ്ങൾ കടന്ന്, പാക്കിസ്ഥാൻ അതിർത്തി കടന്ന്, 120 കിലോമീറ്റർ നടന്ന്, പിന്നെ, ഇറാനിലേക്ക് പറന്നുവന്നു, ഇറാനിലും, ഇറാഖിലും കുവൈറ്റിലും മുഴുവൻ നടന്നു, സൗദിയിലെത്തി'.

വിശുദ്ധ ഭൂമിയിലേക്ക് നീങ്ങുന്ന ശിഹാബിന്റെ മുമ്പിലുള്ള അടുത്ത ലക്ഷ്യം മദീനയാണ്. സൗദിയിലെ ഹഫർ ബാത്വിൻ വഴിയാണ് മദീനയിലേക്കുള്ള നടത്തം.

ആദ്യ ഘട്ടത്തിൽ നേരത്തെ, ഇറാഖിൽ നിന്ന് ബസ്വറ കുവൈറ്റ്് വഴി സൗദിയിൽ പ്രവേശിക്കാനായിരുന്നു പദ്ധതിയെങ്കിലും കുവൈറ്റ്് ഒഴിവാക്കി നേരെ സൗദി ബോർഡറിലേക്ക് പോകാനാകുമെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം പുതിയ എളുപ്പവഴി തിരഞ്ഞെടുത്ത് ആ വഴി യാത്ര തുടങ്ങിയിരുന്നു.

എന്നാൽ, ഈ അതിർത്തി വഴി ഇറാഖിൽ നിന്ന് വിദേശികൾക്ക് നേരിട്ട് സൗദിയിലേക്ക് കടക്കാൻ സാധിക്കില്ലെന്ന മിലിട്ടറി നിർദ്ദേശത്തെ തുടർന്ന് ഈ ഉദ്യമം ഉപേക്ഷിച്ച് കുവൈറ്റ് വഴി തന്നെ യാത്ര തുടരുകയായിരുന്നു.

കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്.

നടന്നുകൊണ്ടുള്ള ഹജ്ജ് എന്ന ആഗ്രഹം ആദ്യം വെളിപ്പെടുത്തിയത് ഉമ്മയോട് 

മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്, എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പടച്ച തമ്പുരാനേ മക്കവരെ നടക്കാനോ എന്നായിരുന്നു ഉമ്മ സൈനബയുടെ പ്രതികരണം. കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം സമ്മതവും നൽകി മോൻ പോയിക്കോളൂ എന്ന ഉമ്മയുടെ സമ്മതത്തോടൊപ്പം ഭാര്യ ഷബ്നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചതെന്നാണ് യാത്രയ്ക്ക് മുമ്പ് ശിഹാബ് അവകാശപ്പെട്ടത്.

യാത്രയ്ക്ക് മുമ്പുള്ള ഒൻപതു മാസം യാത്രയുടെ ആസൂത്രണത്തിൽതന്നെയായി ചിലവഴിച്ചു എന്നാണ് ശിഹാബ് പറഞ്ഞത്. വാഗാ അതിർത്തി വഴി പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ റൂട്ട് മാപ്പ് തയ്യാറാക്കി. ബെംഗളൂരുവിലുള്ള ട്രാവൽ ഏജന്റ് ഹസീബ് വഴി അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കി എന്ന് ശിഹാബ് അവകാശപ്പെട്ടിരുന്നു.

അതേസമയം പാക്കിസ്ഥാനിലേക്ക് വിസ കിട്ടാൻ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എംപി.യുടെയും കുറുക്കോളി മൊയ്തീൻ എംഎൽഎ.യുടെയും കേന്ദ്ര മന്ത്രി മുരളീധരന്റെ സെക്രട്ടറിയുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശ്ചര്യപ്പെട്ടിരുന്നതായി ശിഹാബ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ശിഹാബ് നടത്തം ആരംഭിച്ചത് ഇങ്ങനെ..

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽനിന്ന് ശിഹാബ് 2022 ജൂൺ മാസം മൂന്നാം തീയതി പുലർച്ചെയാണ് യാത്ര ആരംഭിച്ചത്.29കാരനായ ശിഹാബ് സുബ്ഹി നമസ്‌കാരത്തിനുശേഷം ( പ്രഭാത നമസ്‌കാരം) ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. അത്യാവശ്യസാധനങ്ങൾ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും ആയിരിക്കുമെന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്നും നാട്ടിൽനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ യാത്രയ്ക്ക് 280 ദിവസമടുക്കുമെന്നും 2023 ലെ ഹജ്ജ് ലക്ഷ്യം ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞാണ് യാത്ര തുടങ്ങിയത്.

പ്ലസ്ടു, അക്കൗണ്ടൻസി കോഴ്സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇതിനിടയിൽ നിരവധി യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. മാപ്പിളപ്പാട്ടിൽ നിന്നും തുടങ്ങി മൊബൈൽ യൂട്യൂബ് ട്രിക്കുകളും ചാനലിലൂടെ ശിഹാബ് നൽകി വരികയായിരുന്നു. എന്നാൽ സബ്‌സ്‌ക്രൈബറുടെ എണ്ണവും കാഴ്ചക്കാരും ചാനലിന് ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് ഹജ്ജ് ചെയ്യാനായി കാൽനട യാത്രയായി പുറപ്പെട്ടത്. ഇതോടെ യൂട്യൂബ് സബ്‌സ്‌ക്രൈബർ ഒരു മില്യൺ കടന്നു ശരാശരി രണ്ട് ലക്ഷം മുതൽ 7 ലക്ഷം പേർ കാഴ്ചക്കാരായി ദിനേനെ ചാനൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ശിഹാബ് നേരിട്ട് ചലിപ്പിക്കുന്ന മൂന്ന് യൂട്യൂബ് ചാനലുകളും 9 യൂട്യൂബ് ബ്ലോഗർമാരുടെ ചാനലുകളും ശിഹാബിനോടൊപ്പം ഉണ്ടായിരുന്നു.

വിവാദം ആരംഭിച്ചത് ഇങ്ങനെ..

ഏറ്റവും പുണ്യമാക്കപ്പെട്ട രീതിയിൽ ചെയ്തു വരേണ്ട കർമ്മം ആയിട്ടാണ് ഹജ്ജിനെ ഇസ്ലാം മത വിശ്വാസികൾ കാണുന്നത്. എന്നാൽ മത നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ആഘോഷമാക്കി ഹജ്ജിനെ മാറ്റിയെന്നാണ് വിമർശകർ പറയുന്നത്. ഇസ്ലാമിൽ നിഷിദ്ധമായ റോഡ് ബ്ലോക്ക് ഉൾപ്പെടെ നടത്തി യാത്ര കടന്നുപോയതോടെയാണ് വിമർശനം ആദ്യം ഉയർന്നത്. മാത്രമല്ല ഈ കാലഘട്ടത്തിൽ നടന്ന ഹജ്ജിനു പോകേണ്ട ഒരു കാര്യമില്ലെന്നും ഇത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞു മുജാഹിദ് ബാലുശ്ശേരി 'മകനെ തിരിച്ചുവരു' എന്ന് ആവശ്യപ്പെട്ടതോടെ വിവാദം കത്തിപ്പടർന്നു.

ഇതോടെ ഈ യാത്ര സുന്നി മുജാഹിദ് വിഷയമായി മാറി. മാത്രമല്ല അജ്മീറിൽ വച്ച് ദർഗപരിപാലകനെ അവഹളിച്ചു എന്ന് പറഞ്ഞ് മറ്റൊരു വിവാദം കൂടി ഉണ്ടായതോടെ സുന്നി വിഭാഗവും അകൽച്ച ആരംഭിച്ചു. എന്നാൽ ഇതൊന്നും ശിഹാബിന്റെ യൂട്യൂബ് ചാനലിലെ ബാധിച്ചിരുന്നില്ല.ഓരോ ദിവസം കഴിയുന്തോറും ശിഹാബിന്റെ സ്വീകാര്യതയും പ്രശസ്തിയും കൂടി വരികയായിരുന്നു. വാഗ അതിർത്തി വരെ ആഘോഷപൂർവ്വമാണ് ഓരോ പ്രദേശവും കടന്നുപോയത്.എന്നാൽ വാഗ അതിർത്തിയിൽ എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. പക്ഷേ പിന്നീട് അങ്ങോട്ട് പണി പാളി. പാക്ക് വിസക്കായി നാലരമാസമാണ് ശിഹാബിന് ഇവിടെ കഴിയേണ്ടി വന്നത്.

പാക്കിസ്ഥാനിൽ സംഭവിച്ചത്

എന്നാൽ തനിക്ക് പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല എന്നാണ് ശിഹാബ് വീഡിയോവിൽ പറഞ്ഞത്.

''രേഖകളൊക്കെ ശരിയാക്കി എംബസി വാക്ക് തന്നതിന് ശേഷമാണ് യാത്ര തുടങ്ങിയത്. വിസ ലഭിച്ച ശേഷം ദീർഘമായ യാത്ര തുടങ്ങാനാകുമായിരുന്നില്ല. ഇതിന് മുമ്പ് ആരും ഈ രീതിയിൽ യാത്ര ചെയ്യാത്തതിനാൽ മുൻകാല അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനാകില്ല. 3200 കിലോമീറ്റർ നടന്ന് അതിർത്തിയിൽ എത്തിയിട്ടുണ്ടെങ്കിൽ ദൈവഹിതത്താൽ പാക്കിസ്ഥാനും ഇറാനും കടന്ന് മക്കയിലെത്തി ഹജ്ജ് ചെയ്യും. മരണത്തിനല്ലാതെ ഒന്നിനും തന്നെ തടയാനാകില്ല'' -ശിഹാബ് പറഞ്ഞു. ദീർഘനാളത്തെ ശ്രമത്തിനുശേഷം പാക്കിസ്ഥാൻ ട്രാൻസിറ്റ് വിസയാണ്  നൽകിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP