Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാദാപുരം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടയിൽ ക്രൂര കൊലപാതകം; അറബി വാചകം എഴുതിയ ഇന്നോവ കാറിൽ എത്തിയവർ ടിപിയെ വെട്ടിയതു പോലെ അസ്ലമിനെ തലങ്ങും വിലങ്ങും വെട്ടി; ബൈക്കിന് പിന്നിലിരുന്ന ഷാഫി രേഖപ്പെടുത്തിയ രജിസ്‌ട്രേഷൻ നമ്പർ തുമ്പായേക്കും; കൊല്ലപ്പെട്ടത് മാതാവും സഹോദരിമാരും അടങ്ങിയ കുടുംബത്തിലെ ഏക അത്താണി

നാദാപുരം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടയിൽ ക്രൂര കൊലപാതകം; അറബി വാചകം എഴുതിയ ഇന്നോവ കാറിൽ എത്തിയവർ ടിപിയെ വെട്ടിയതു പോലെ അസ്ലമിനെ തലങ്ങും വിലങ്ങും വെട്ടി; ബൈക്കിന് പിന്നിലിരുന്ന ഷാഫി രേഖപ്പെടുത്തിയ രജിസ്‌ട്രേഷൻ നമ്പർ തുമ്പായേക്കും; കൊല്ലപ്പെട്ടത് മാതാവും സഹോദരിമാരും അടങ്ങിയ കുടുംബത്തിലെ ഏക അത്താണി

എം പി റാഫി

കോഴിക്കോട് : നാദാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ തൂണേരി കണ്ണങ്കൈ സ്വദേശി കാളിയപറമ്പത്ത് അസ് ലമിനെയാണ് ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം അതിധാരുണമായി വെട്ടി കൊലപ്പെടുത്തിയത്. തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട ആളാണ് കൊല്ലപ്പെട്ട അസ്ലം. സംഭവത്തിനു പിന്നിൽ സി പി എം ആണെന്നും സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകമാണിതെന്നും മുസ്ലിം ലീഗ് ആരോപിച്ചു.

നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിന്റെ വധവുമായി ബന്ധപ്പെട്ട് ഏറെ ക്രമസമാധാന പ്രശ്‌നം നേരത്തെഈ പ്രദേശത്ത് നിലനിന്നിരുന്നു. ഷിബിൻ വധത്തിനു തൊട്ടുപിന്നാലെ തൂണേരിയിലെ പ്രത്യേക വിഭാഗത്തിന്റെ വീടുകളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് സിപിഐ(എം) പ്രവർത്തകർ അഗ്‌നിക്കിരയാക്കുകയും ബോംബെറിഞ്ഞ് നശിപ്പിക്കുകയുമുണ്ടായി. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ ഏറെ സമയമെടുക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് മാസം മുമ്പ് ഷിബിൻ വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ശേഷം സമാധാനത്തിലേക്ക് ഒരു പ്രദേശം ഒന്നടങ്കം തിരിച്ചു വരുന്നതിനിടെയാണ് വീണ്ടും രക്തച്ചൊരിച്ചിലും ഒരു യുവാവിന് ജീവൻ നഷ്ടമാകുകയും ചെയ്തിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്താൻ എത്തിയതുപോലെ അറബി വാചകം രേഖപ്പെടുത്തിയ ഇന്നോവ കാറും വെട്ടിയ ശരീരത്തിന്മേൽ വീണ്ടും വീണ്ടും വെട്ടിയിരുന്നതായി അസ്ലമിനൊപ്പമുണ്ടായിരുന്നവർ പറയുന്നു. നിഷ്ഠൂരമായി വെട്ടേറ്റ് ശരീരഭാഗങ്ങൾ അറ്റ് തൂങ്ങിയിരുന്നതായി ആശുപത്രിയിലേക്കെത്തിച്ചവർ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചാലപ്രം പെട്ടിപ്പീടികക്ക് സമീപം വെള്ളൂർ റോഡിൽ വച്ചാണ് അക്രമി സംഘം അസ്ലമിനെ വെട്ടിയത്. നാദാപുരം ഭാഗത്ത് നിന്ന് സ്‌കൂട്ടിയിൽ നരോങ്കുന്നിലെ കളിസ്ഥലത്തേക്ക് പോവുകയായിരുന്ന അസ്ലമിനെ ഇന്നോവ കാറിൽ പിന്തുടർന്ന സംഘം വെള്ളൂർ റോഡിന്റെ തുടക്കത്തിൽ വച്ച് ഇടിച്ചു വീഴ്‌ത്തിയ ശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. പത്തിലധികം വെട്ടുകൾ ഏറ്റ അസ്ലമിന്റെ കൈ അറ്റു തൂങ്ങിയ നിലയിലായിരുന്നു.

കൂടാതെ തലക്കും കഴുത്തിനും വെട്ടേറ്റ വികൃതമായ അവസ്ഥയിലായിരുന്നു. ബൈക്കിനു പിന്നിൽ ഉണ്ടായിരുന്ന അസ്ലമിന്റെ സുഹൃത്ത് ഒരങ്ങാട്ട് പൊയിൽ ഷാഫിക്കും പരിക്കുണ്ട്. എന്നാൽ അസ്ലമിനെ മാത്രം വളഞ്ഞിട്ടു അക്രമിച്ച സംഘം ലക്ഷ്യമിട്ടത് അസ് ലമിനെ തന്നെയായിരുന്നെന്ന് വ്യക്തമാണ്. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഷാഫിയെ തടഞ്ഞു നിർത്തിയ ശേഷം അസ് ലമിനെ സംഘത്തിൽപ്പെട്ടവർ മാറി മാറി വെട്ടുകയായിരുന്നു. ഷാഫിയുടെ നിലവിളി കേട്ട് പരിസര വാസികൾ ഓടി എത്തുമ്പോഴേക്കും അക്രമികൾ ഇന്നോവയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഷാഫി നോട്ട് ചെയ്ത ഇന്നോവയുടെ നമ്പർ പൊലീസിന് കൈമാറിയിട്ടുണ്ട്.

വെള്ളൂർ കോടഞ്ചേരി ഭാഗത്തേക്കാണ് കൃത്യം നിർവഹിച്ച ശേഷം ഇവർ പോയത്. കാറിൽ എട്ടോളം പേര് ഉണ്ടായിരുന്നുവെന്ന് പൊലീസിൽ മൊഴി നൽകി. ആദ്യം വധിക്കാൻ ലക്ഷ്യമിട്ടയാളെ പിന്തുടരുന്നു.., മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു വച്ച് വാഹനം ഇടിച്ച് ആളെ വീഴ്‌ത്തുന്നു..., ശരീരം നിശ്ചലമാകും വരെ വെട്ടുന്നു....,കൃത്യം നടത്തി അറബി അക്ഷരങ്ങൾ പതിച്ചെത്തിയ അതേ വാഹനത്തിൽ തിരിക്കുന്നു...ടി പി ചന്ദ്ര ശേഖരനെ കൊലപ്പെടുത്തിയ അതേ മാതൃകയിലാണ് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നതെന്ന് സാഹചര്യങ്ങളും ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു. എന്നാൽ ടി.പിയുടെ വധം ഇരുളിന്റെ മറവിലാണെങ്കിൽ തൂണേരിയിലേത് പട്ടാപ്പകയിലായിരുന്നു എന്നത് ഏറെ ഗൗരവതരമാണ് .

സംഭവ സ്ഥലത്തു തന്നെ രക്തം വാർന്നൊഴുകിയ അസ് ലമിനെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിയും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് രക്തം തളം കെട്ടി നിന്നു. രാത്രി പത്തരയോടെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്കുശേഷം കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഗൾഫിൽ നിന്നും അവധിക്കെത്തിയ അസ് ലം മാതാവും സഹോദരിമാരുമടങ്ങുന്ന  കുടുംബത്തിന്റെ ഏക അത്താണിയാണ്. പിതാവ് നേരത്തേ മരിച്ചിരുന്നു.

ക്രമസമാധാനം മുൻനിർത്തി പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തൂണേരിയിലും പരിസര പ്രദേശത്തും ഇന്നലെ രാത്രി മുതൽ ആയിരക്കണക്കിന് മുസ്ലിം ലീഗ് പ്രവർത്തകർ എത്തിച്ചേർന്നിരുന്നു. അണികളോട് സംയമനം പാലിക്കാനായി ലീഗ് നേതൃത്വം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി റൂറൽ എസ് പി മറുനാടൻ മലയാളിയോടു പറഞ്ഞു. റൂറൽ പൊലീസ് സൂപ്രണ്ട് വിജയകുമാർ, നാദാപുരം എ എസ് പി ആർ കറുപ്പസാമി, കുറ്റ്യാടി സി ഐ സജീവൻ, എസ് ഐ മാരായ അഭിലാഷ്, എം സി പ്രമോദ് എന്നിവരുടെ നേത്രുത്വത്തിൽ കനത്ത പൊലീസ് സംഘം സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP