Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷെഹ് ല ഷെറിന്റെ ദാരുണാന്ത്യം: സ്വമേധയാ കേസെടുത്ത് പൊലീസ്; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയതോടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിലും നാല് പേർക്കെതിരെ മന: പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; സർവജന സ്‌കൂൾ പ്രധാനാദ്ധ്യാപകൻ, പ്രിൻസിപ്പൽ അദ്ധ്യാപകൻ ഷിജിൽ താലൂക്ക് ആശുപത്രി ഡോക്ടർ ലിസ എന്നിവർ കേസിലെ പ്രതികൾ; ഷ്ഹ് ലയ്ക്ക് നീതി തേടി യുവജന-വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം; സ്‌കൂൾ പിടിഎ പിരിച്ചുവിട്ടു

ഷെഹ് ല ഷെറിന്റെ ദാരുണാന്ത്യം: സ്വമേധയാ കേസെടുത്ത് പൊലീസ്; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയതോടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിലും നാല് പേർക്കെതിരെ മന: പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; സർവജന സ്‌കൂൾ പ്രധാനാദ്ധ്യാപകൻ, പ്രിൻസിപ്പൽ അദ്ധ്യാപകൻ ഷിജിൽ താലൂക്ക് ആശുപത്രി ഡോക്ടർ ലിസ എന്നിവർ കേസിലെ പ്രതികൾ; ഷ്ഹ് ലയ്ക്ക് നീതി തേടി യുവജന-വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം; സ്‌കൂൾ പിടിഎ പിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: ബത്തേരിയിൽ ഷ്ഹല ഷെറിൻ എന്ന പെൺകുട്ടി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽവച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. അനാസ്ഥമൂലം മരണം സംഭവിച്ചതിനാണു സ്വമേധയാ കേസ്. സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ കെ.കെ.മോഹനൻ, പ്രിൻസിപ്പൽ എ.കെ.കരുണാകരൻ, അദ്ധ്യാപകൻ ഷിജിൽ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവർ കേസിൽ പ്രതികളാണ്. കേസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ്. ഐപിസി സെക്ഷൻ 305 എ പ്രകാരമാണ് കേസ്.

ഷെഹ്ലയുടെ മരണത്തിൽ അദ്ധ്യാപകർക്കെതിരെയും ഡോക്ടർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ഉന്നയിച്ച് വിവിധ യുവജന, വിദ്യാർത്ഥി സംഘടനകൾ വെള്ളിയാഴ്ച പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയില്ലാത്തതിനാലാണ് കേസെടുക്കാൻ വൈകുന്നതെന്നായിരുന്നു പൊലീസ് ഇതുവരെ നൽകിയിരുന്ന വിശദീകരണം. എന്നാൽ വെള്ളിയാഴ്ച വൈകീട്ടോടെ സ്പെഷ്യൽബ്രാഞ്ച് ഡിവൈഎസ്‌പി ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതോടെയാണ് നാലുപേർക്കെതിരെ സുൽത്താൻ ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടി മരിക്കാനിടയായ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹെഡ്‌മാസ്റ്റർ കെ.കെ. മോഹനൻ എന്നിവരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പൻഡ് ചെയ്തിരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഡ് ചെയ്തത്. കൂടാതെ സ്‌കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.നേരത്തെ, വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി,എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ സമരവുമായി വയനാട് കളക്ടറേറ്റിലെത്തി. എസ്.എഫ്.ഐ, കെ.എസ്.യു മാർച്ചുകളിൽ സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ പ്രവർത്തകരെത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവർത്തകരെ പൊലീസ് പുറത്താക്കി.സ്‌കൂൾ പി.ടി.ഐ. പിരിച്ചുവിടണമെന്ന എസ്.എഫ്.ഐയുടെ ആവശ്യം ഡി.ഡി.ഇ. അംഗീകരിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുന്നതായി എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 3.10നാണ് ഷെഹ്ലയ്ക്കു പാമ്പുകടിയേറ്റത്. പാമ്പുകടിച്ചെന്നു കുട്ടി പറഞ്ഞതിനു വിദ്യാലയത്തിലെ അദ്ധ്യാപകരിൽ ചിലർ ചെവികൊടുത്തില്ല. കുട്ടി വേദനകൊണ്ട് പുളയുന്നതുകണ്ട് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു ഒരധ്യാപിക പറഞ്ഞപ്പോൾ രക്ഷിതാവ് വന്നിട്ടുമതിയെന്ന നിലപാടാണ് മറ്റുചിലർ സ്വീകരിച്ചത്. കുട്ടിയുടെ കാലിൽ കല്ലോ മറ്റോ തട്ടി മുറിവുണ്ടായതാണെന്ന അനുമാനത്തിലായിരുന്നു വിദ്യാലയാധികൃതർ.

ഷെഹ്ലയ്ക്കു അസുഖമാണെന്നു അറിയിച്ച് ബുധനാഴ്ച വൈകുന്നേരം 3.36നാണ് ഷെഹ്ലയുടെ പിതാവ് അബ്ദുൽ അസീസിനു സ്‌കൂളിൽനിന്നു വിളിയെത്തിയത്. ഈ സമയം കോടതിയിലായിരുന്ന അദ്ദേഹം ഓട്ടോ വിളിച്ച് സ്‌കൂളിലെത്തി. അപ്പോഴേക്കും അവശനിലയിലായ മകളെയുമെടുത്ത് അബ്ദുൾ അസീസ് ബത്തേരി അസംപ്ഷൻ ആശുപത്രിയിലേക്കു കുതിച്ചു. അവിടെ ഷെഹ്ലയുടെ കാലിലെ മുറിവ് പരിശോധിച്ച ഡോക്ടർ പാന്പുകടിയേറ്റതാണെന്നും ആന്റിവെനം നൽകുന്നതിനു താലൂക്ക് ഗവ.ആശുപത്രിയിൽ ഉടൻ എത്തിക്കണമെന്നും നിർദ്ദേശിച്ചു.

ഇതനുസരിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുൽ അസീസിനു പൊള്ളുന്ന അനുഭവമാണ് ഉണ്ടായത്. ആന്റിവെനം ഉണ്ടായിട്ടും ഷെഹ്ലയ്ക്കു നൽകാൻ ഡ്യൂട്ടി ഡോക്ടർ തയാറായില്ല. അബ്ദുൾ അസീസ് അഭ്യർത്ഥിച്ചിട്ടും കുട്ടിയെ നിരീക്ഷിച്ചശേഷമേ ആന്റിവെനം നൽകാനാകൂ എന്ന നിലപാടാണ് ഡോക്ടർ സ്വീകരിച്ചത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഷെഹ്ല ഛർദിച്ചു. തീർത്തും അവശനിലയിലായപ്പോഴാണ് കുട്ടിയെ ഡോക്ടർ ബത്തേരിയിൽനിന്നു മൂന്നു മണിക്കൂർ യാത്രാദൂരമുള്ള കോഴിക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്ത്.

ആംബുലൻസിൽ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ കൽപ്പറ്റയിൽ എത്തിയപ്പോഴക്കും ഷെഹ്ലയുടെ ബോധം ഭാഗികമായി മറഞ്ഞു. ചകിതനായ അബ്ദുൽ അസീസ് കുഞ്ഞുമായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ആന്റിവെനം ഉണ്ടായിരുന്നില്ല. തുടർന്നു ചേലോട് ഗുഡ്‌ഷെപ്പേർഡ് ആശുപത്രിയിലെത്തിച്ച ഷെഹ്ല ചികിത്സയ്ക്കിടെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP