Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിവിസി പദവിയിൽ നിന്ന് പടിയിറങ്ങും മുമ്പ് നല്ലൊരു പദവി ഉറപ്പിക്കാൻ സി.പി.എം നേതാക്കളോട് ലോഹ്യം കൂടിയതിൽ കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ഷീനാ ഷുക്കൂർ; പച്ചക്കൊടിയുടെ തണലിൽ വളരണമെന്ന് പരസ്യമായി പ്രഖ്യാപിച്ച ലീഗ് നോമിനിയെ കുസാറ്റിൽ പ്രൊഫസറായി നിയമിക്കുന്നതിന് എതിരെ പരാതിയുമായി സി.പി.എം സംഘടന

പിവിസി പദവിയിൽ നിന്ന് പടിയിറങ്ങും മുമ്പ് നല്ലൊരു പദവി ഉറപ്പിക്കാൻ സി.പി.എം നേതാക്കളോട് ലോഹ്യം കൂടിയതിൽ കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ഷീനാ ഷുക്കൂർ; പച്ചക്കൊടിയുടെ തണലിൽ വളരണമെന്ന് പരസ്യമായി പ്രഖ്യാപിച്ച ലീഗ് നോമിനിയെ കുസാറ്റിൽ പ്രൊഫസറായി നിയമിക്കുന്നതിന് എതിരെ പരാതിയുമായി സി.പി.എം സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുസ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്സിറ്റി പ്രോ വിസിയായി മാറിയ ഷീന ഷുക്കൂർ എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങളും പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ നടത്തിയ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരമാർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദവും എല്ലാം ആരും മറക്കില്ല. ഇപ്പോൾ പിവിസി പദവിയിൽ നിന്ന് പടിയിറങ്ങുംമുമ്പ് നല്ലൊരു പദവി ഉറപ്പിക്കാൻ ഷീനാഷുക്കൂർ നടത്തുന്ന നീക്കങ്ങളാണ് ചർച്ചയാകുന്നത്.

മുസ്ലിം ലീഗ് നോമിനിയെന്ന് ആക്ഷേപിക്കപ്പെട്ട എംജി വാഴ്‌സിറ്റി പ്രൊ വൈസ് ചാൻസലറെ ഇടതുഭരണത്തിൽ കുസാറ്റിൽ പ്രൊഫസറായി നിയമിക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി സി.പി.എം സംഘടനതന്നെയാണ് പരാതിയുമായി എത്തുന്നത്. എംജി യൂണിവേഴ്‌സിറ്റി പ്രൊ വിസി ഷീനാ ഷുക്കൂറിനെ കൊച്ചി സർവകലാശാല സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ പ്രൊഫസർ തസ്തികയിൽ നിയമിക്കാൻ നീക്കം നടക്കുന്നതായാണ് സംഘടന ആരോപിക്കുന്നത്. ഷീനാ ഷുക്കൂറിന് പ്രൊഫസർ തസ്തികയിൽ നിയമിക്കപ്പെടാൻ യോഗ്യതയില്ലെന്നു കാണിച്ച് കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ കുസാറ്റ് വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും പരാതി നൽകിയിരിക്കുകയാണ്.

പ്രൊഫസർ തസ്തികയിലേക്ക് മുസ്്‌ലിം വിഭാഗത്തിൽനിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2015ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമന നീക്കം നടക്കുന്നത്. ഇതേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അപേക്ഷയിൽ ഇവർക്കു യോഗ്യതയില്ലെന്നു നേരത്തെ കണ്ടെത്തിയതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡീനിന്റെ നേതൃത്വത്തിലുള്ള സ്‌കൂട്ടിനിങ് കമ്മിറ്റിയാണ് അപേക്ഷകളിൽ പരിശോധന നടത്തുന്നത്. ഇങ്ങനെ നടത്തിയ പരിശോധനയിൽ ഇവർക്കു യോഗ്യതയില്ലെന്നു കണ്ടെത്തിയതാണ്. എന്നാൽ പുതിയ സ്‌ക്രൂട്ടിനിങ് കമ്മിറ്റി രൂപീകരിച്ച് ഇവർക്കു വീണ്ടും അവസരം നൽകുകയായിരുന്നുവെന്നും ഇത് യൂണിവേഴ്‌സിറ്റിയിൽ പതിവില്ലാത്തതാണെന്നും അസോസിയേഷൻ പറയുന്നു.

വീണ്ടും അവസരം നൽകിയത് അനുസരിച്ച് കഴിഞ്ഞ ദിവസം ഷീന ഷുക്കൂർ യൂണിവേഴ്‌സിറ്റിയിൽ എത്തി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി. വെരിഫിക്കേഷൻ പൂർത്തിയായാൽ ഇന്റർവ്യൂ നടത്തുകയും തുടർന്ന് നിയമനം നൽകുകയെന്നതാണ് യൂണിവേഴ്‌സിറ്റിയിലെ കീഴ്‌വഴക്കമെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും പരാതി നൽകിയിരിക്കുന്നത്.

ഷീന ഷുക്കൂറിന് നേരത്തെ ഇടതുസർക്കാർ നടപ്പിലാക്കുന്ന ഇസ്ളാമിക ബാങ്കിന്റെ ചുമതലകൾ കൊടുക്കാൻ ചർച്ചകൾ നടന്നതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുതന്നെ ഇതിനായി ചർച്ചകൾ നടന്നുവെന്നായിരുന്നു ആക്ഷേപം. പിണറായി സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക ബാങ്കിന്റെ കേരള തലവനായി ലീഗ് നേതാവുകൂടിയായ ഷുക്കൂറിന്റെ ഭാര്യ ഷീനയെ തെരഞ്ഞെടുക്കുമെന്ന് മറുനാടൻ റിപ്പോർട്ടുചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ഷീന ഷുക്കൂർ ഏതാണ്ട് ഒരു മണിക്കൂറോളം ചർച്ച നടത്തിയതായും മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന സമയത്ത് വ്യവസായിയായ എം എ യൂസഫലിയാണ് ഷീനയുടെ പേര് നിർദ്ദേശിച്ചതെന്നുമുള്ള വിവരങ്ങളാണ് അന്ന് പുറത്തുവന്നത്. ദുബായിൽ നിന്നും എത്തിയ പിണറായി വിജയനെ യൂസഫലിയുടെ നിർദ്ദേശ പ്രകാരം പോയി കണ്ട ഷീന ഷുക്കൂറിന് മുഖ്യമന്ത്രി തന്നെ പദവി ഉറപ്പ് നൽകിയതെന്നും റിപ്പോർട്ടുണ്ടായി. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം ഉയരുന്നത്.

യുജിസി നിബന്ധന അനുസരിച്ച് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പത്തു വർഷത്തെ തുടർച്ചയായ അദ്ധ്യാപന പരിചയം വേണം. പത്തു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ഈ രണ്ടു യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച് ഷീന ഷുക്കൂറിന്റെ അപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരിക്കെയാണ് ഇവർ ഡെപ്യൂട്ടേഷനിൽ ഭോപ്പാലിലെ ജൂഡീഷ്യൽ അക്കാദമിയിൽ നിയമിക്കപ്പെട്ടത്. അഅവിടെ അസി. പ്രൈാഫസർ ആയിരിക്കെ എംജി സർവകലാശാലയിൽ പ്രൊ വൈസ് ചാൻസലറായി. രണ്ടു വർഷം കൊണ്ട ഇവർ അമിറ്റി യൂണിവേഴ്‌സിറ്റിയിൽനിന്ന് പിഎച്ച്ഡി പൂർത്തിയാക്കി എന്നു പറയുന്നത് സംശയാസ്പദമാണെന്നും അസോസിയേഷൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർവകലാശാലാ നിയമനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന സ്‌ക്രൂട്ടിനിങ് കമ്മിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. അയോഗ്യരായവരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റിയിൽ പുനഃസംഘടന നടത്തിയത്. ലീഗ് നോമിനി എന്ന നിലയിൽ പ്രൊ വൈസ് ചാൻസലർ ആയ കാലത്തുതന്നെ ഷീനാ ഷുക്കൂറിന്റെ നിയമനം വിവാദത്തിൽ പെട്ടിരുന്നു. കുസാറ്റിൽ ഒരിക്കൽ തള്ളിയ അപേക്ഷയിൽ വീണ്ടും അവസരം കൊടുത്ത് അവരെ നിയമിക്കാനുള്ള നീക്കത്തിനു പിന്നിൽ രാഷ്ട്രീയക്കളികളുണ്ടെന്ന് സംശയിക്കുന്നതായും അസോസിയേഷൻ നേതാക്കൾ പറയുന്നു.

യുഡിഎഫ് ഭരണകാലത്ത് ഷീനാ ഷുക്കൂറിന്റെ ഭർത്താവ് കാസർഗോഡ് ജില്ലാ സർക്കാർ പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്നു. അതുകൊണ്ട് തന്നെ ഷീനാ ഷൂക്കൂറിനെ ഇസ്ലാമിക ബാങ്കിന്റെ തലപ്പത്ത് നിയമിച്ചാൽ അത് സിപിഎമ്മിൽ പൊട്ടിത്തെറിക്കും കാരണമാകുമെന്ന വിലയിരുത്തലും വന്നിരുന്നു. ബന്ധുത്വ നിയമന വിവാദത്തിന് തുല്യമായി ഇതും വ്യാഖ്യാനിക്കപ്പെടുമെന്നും യൂസഫലിക്ക് താൽപ്പര്യമുള്ളവരെ അല്ല പാർട്ടിയോട് കൂറുള്ളവരെ വേണം നിയമിക്കാനെന്നാണ് സിപിഎമ്മുകാർ ആവശ്യമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുസാറ്റിൽ മറ്റൊരു നിയമനനീക്കം നടക്കുന്നത്.

മുസ്ലിംലീഗിന്റെ പച്ചക്കൊടിയോട് ഷീനാ ഷുക്കൂറിനുള്ള പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിമർശനവും അവർ കേട്ടിരുന്നു. പച്ചക്കളർ തനിക്ക് ഒരു വീക്ക്നസ് ആണെന്ന് അവർ പലവട്ടം തെളിയിച്ചിരുന്നു വിജയം ആഘോഷിക്കാൻ പച്ച ലഡ്ഡു ഉപയോഗിക്കുക എന്നത് മുസ്ലിംലീഗ് പ്രവർത്തകരുടെ പൊതു ശൈലിയാണ്. ഇക്കാര്യം തന്നെയാണ് ഷീനാ ഷുക്കൂർ ചെയ്തതും. പഞ്ചാബിലെ പട്യാലയിൽ നടന്ന അന്തർസംസ്ഥാന അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പിൽ മഹാത്മാഗാന്ധി സർവകലാശാല വനിതാ വിഭാഗത്തിൽ വിജയികൾ ആയിരുന്നു. എം ജി ജേതാക്കളായത് പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഷീനയെയും ഏറെ സന്തോഷിപ്പിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കോട്ടയത്ത് ട്രെയിനിൽ എത്താൻ കാത്തുനിന്ന ഷീനയ്ക്ക് പക്ഷേ ഒരു അമളി പറ്റി.

പച്ച ലഡുവും പൂക്കളും ഏന്തിയാണ് ഷീനാ ഷുക്കൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഷീന ഷുക്കൂർ പച്ച ലഡ്ഡുവും വാങ്ങി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ചിത്രം വാട്സ് ആപ്പ് വഴി പ്രചരിച്ചു. ഈ ചിത്രവും അവർ മുമ്പ്‌  ദുബായിൽ നടത്തിയ പ്രസംഗവും തമ്മിൽ പലരും ലഡ്ഡു വിഷയത്തെ കൂട്ടിവായിക്കുകയാണ്. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്നായിരുന്നു ദുബായിൽ വച്ച് ഷീനാ ഷുക്കൂർ പറഞ്ഞത്. മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭർത്താവിനും സ്ഥാനമാനങ്ങൾ ലഭിച്ചതെന്നും സർവകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയില്ലാതെയാണ് താൻ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂർ ഈ വിഡിയോയിൽ പറഞ്ഞിരുന്നു.

2015 മെയ് 22ന് കെഎംസിസി ചെറുവത്തൂർ, ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമർശം. ഇതേതുടർന്ന് ഷീനാ ഷുക്കൂറിനെതിരെ പരാതിയും ഗവർണ്ണർക്ക് പോയിരുന്നു. വി എസ് അച്യുതാനന്ദൻ അടക്കമള്ളവർ ഈ വിഷയത്തിൽ ഷീനാ ഷൂക്കൂറിനെതിരെ രംഗത്തുവന്നിരുന്നു. സിപിഎമ്മും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിയമനനീക്കത്തിലും സി.പി.എം സംഘടന തന്നെ പ്രതിഷേധവുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP