Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിലൂടെ രാജ്യത്തിന്റെ ശ്ര​ദ്ധാകേന്ദ്രമായി; ശൗര്യചക്ര ജേതാവ് ഭീകരരുടെ വെടിയുണ്ടയ്ക്കിരയായത് 42 മത്തെ ആക്രമണത്തിൽ; ആർഎംപിഐ നേതാവായ ബൽവിന്ദർ സിങ് സന്ധുവിന്റെ മൃത​ദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം

ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിലൂടെ രാജ്യത്തിന്റെ ശ്ര​ദ്ധാകേന്ദ്രമായി; ശൗര്യചക്ര ജേതാവ് ഭീകരരുടെ വെടിയുണ്ടയ്ക്കിരയായത് 42 മത്തെ ആക്രമണത്തിൽ; ആർഎംപിഐ നേതാവായ ബൽവിന്ദർ സിങ് സന്ധുവിന്റെ മൃത​ദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: ഖാലിസ്ഥാൻ തീവ്രവാദികൾ കൊലപ്പെടുത്തിയ ശൗര്യചക്ര ജേതാവും ആർഎംപിഐ നേതാവുമായ ബൽവിന്ദർ സിങ് സന്ധുവിന്റെ മൃത​ദേഹം സംസ്കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം. ബൽവിന്ദർ സിങ് സന്ധുവിന്റെ സുരക്ഷ ഉദ്യോഗസ്ഥരെ പിൻവലിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും വരെ മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധിക്കുമെന്ന് കുടുംബം അറിയിച്ചു. കുടുംബത്തിന് ഇനിയെങ്കിലും സംരക്ഷണം നൽകണം. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച രാവിലെയാണ് സ്വന്തം വീട്ടിൽ അജ്ഞാതരായ ഒരു സംഘം ആളുകളെത്തി 62 കാരനായ ബൽവിന്ദറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ ബൈക്കിൽ എത്തിയ രണ്ടുപേരാണ് ബൽവിന്ദർ സിങ് സന്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിപ്പോർട്ട്. അന്വേഷണത്തിന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നാല് സംഘമായാണ് അന്വേഷണം. പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ ഭിഖിവിന്ദ് ഗ്രാമത്തിൽനിന്നുള്ള സിപിഎം വിട്ട് ആർഎംപിഐയിൽ എത്തിയ ഈ നേതാവിന്റെ ജീവിതം ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിലൂടെയായിരുന്നു രാജ്യത്തിന്റെ ശ്രദ്ധയിലെത്തിയത്. വർഷങ്ങളോളം ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരായ പോട്ടാത്തിന്റെ മുൻനിരയിലായിരുന്നു ബൽവിന്ദർ സിങ് സന്ധുവും കുടുംബവും. ആറ് മാസം മുമ്പ് വരെ ബൽവിന്ദർ സിങ് സന്ധുവിന് പൊലീസ് കാവലുണ്ടായിരുന്നു. പിന്നീട് പിൻവലിച്ചു. അദ്ദേഹത്തെ വകവരുത്താൻ പലകുറി ശ്രമിച്ചവർ പക്ഷെ പിൻവാങ്ങിയിരുന്നില്ല എന്നാണ് കൊലപാതകം തെളിയിക്കുന്നത്.

ബൽവിന്ദറിനെ നാട്ടുകാരും പൊലീസും വിളിച്ചിരുന്നത് 'കോമ്രേഡ്' എന്ന സംബോധനയോടെ മാത്രം. 42 തവണ ബൽവിന്ദറിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായി. 1990ൽ സെപ്റ്റംബർ 30ന് അതിൽ ഏറ്റവും ഭീകരമായ ആക്രമണത്തെ അതിജീവിച്ചു. 200 ലേറെ തീവ്രവാദികൾ അന്ന് അദ്ദേഹത്തിന്റെ വീടാക്രമിച്ചു. അഞ്ച് മണിക്കൂറിലേറെ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. സർക്കാർ നൽകിയ പിസ്റ്റളും സറ്റൺ ഗണും ഉപയോഗിച്ച് സന്ധു സഹോദരങ്ങളും ഭാര്യമാരും തീവ്രവാദികളെ നേരിട്ടു. അസാധാരണമായ ചെറുത്തിനിൽപ്പിലൂടെ അതിജീവിച്ചു. ഇതിന് രാജ്യം 1993ൽ ശൗര്യചക്ര പുരസ്‌കാരം നൽകി ആ ധീരതയെ ആദരിച്ചു. അതിന് മുമ്പുള്ള 11 മാസത്തിനിടയിൽ 16 തവണ ബൽവിന്ദറിന് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായതായി ശൗര്യചക്ര പുരസ്‌കാരത്തിനൊപ്പം നൽകിയ താമ്രപത്രത്തിൽ സർക്കാർ ഔദ്യോഗികമായി രേഖപ്പെടുത്തി. ബൽവിന്ദറും ഭാര്യ ജഗദീഷ് കൗർ, സഹോദരൻ രൺജിത് സിങ് സന്ധു, ഭാര്യ ബൽരാജ് കൗർ എന്നിവർ ചേർന്ന് അതെല്ലാം അതിജീവിച്ചു എന്ന് അതിൽ വ്യക്തമാക്കുന്നു. അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമയിൽനിന്നായിരുന്നു ആദരം ഏറ്റുവാങ്ങിയത്.

ആറ് മാസം മുമ്പായിരുന്നു ബൽവിന്ദറിന്റെ സുരക്ഷ സർക്കാർ പിൻവലിച്ചത്. നിരന്തരം ഭീഷണി സന്ദേശങ്ങൾ വരാറുണ്ടെന്ന് പൊലീസിനെയും സർക്കാരിനെയും അറിയിച്ചിട്ടും സംരക്ഷണം ഒരുക്കാൻ തയ്യാറായില്ലെന്ന് ബൽവിന്ദറിന്റെ കുടുംബം ആരോപിക്കുന്നു. എന്തുകൊണ്ട് പൊലീസ് സുരക്ഷ പിൻവലിച്ചു എന്നതിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. ഇക്കാര്യം പരിശോധിക്കുന്നു എന്ന് മാത്രമാണ് തരൻ തരൻ എസ്എസ്‌പി ധ്രുമൻ എച്ച് നിംബാലെ അറിയിച്ചത്.

സിപിഎം നേതാവായിരുന്ന ബൽവിന്ദർ സിങ് 2009ൽ പാർട്ടി വിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സിപിഎം അംഗമായിരുന്നു. പിന്നീട് റവല്യൂഷണറി മാർക്‌സിറ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർഎംപിഐ)യിൽ ചേർന്നു പ്രവർത്തിച്ചു. ബൽവിന്ദറിന്റെ കുടുംബത്തിന് നേരെ നടന്ന ആക്രമണങ്ങളിൽ 42 എഫ്‌ഐആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിനും ഖലിസ്ഥാൻ വിരുദ്ധ പോരാട്ടത്തിനുമൊപ്പം ബൽവിന്ദർ നാട്ടിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ഭാഗമായി. സ്വന്തമായി സ്‌കൂൾ സ്ഥാപിച്ചു. താഴെത്തെ നിലയിൽ സ്‌കൂളും മുകളിൽ വീടും. ആക്രമണം നടക്കുമ്പോൾ താഴെത്ത നിലയിലുള്ള സ്‌കൂളിലായിരുന്നു ബൽവിന്ദർ.

ഇത് തീവ്രവാദികളുടെ ആക്രമണമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജഗദീഷ് കൗർ പറയുന്നു. അല്ലാതെ മറ്റ് ശത്രുക്കളാരും അവർക്കുണ്ടായിരുന്നില്ല. ഒരുഘട്ടത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥർ വരെ അവരുടെ ജീവൻ കാക്കാൻ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് ്അത് ഒന്നൊന്നായി കുറച്ചു. പുതിയ എസ്എസ്‌പി ചുമതലയേറ്റെടുത്തപ്പോൾ എല്ലാ സുരക്ഷയും പിൻവലിച്ചുവെന്ന് ജഗദീഷ് കൗർ പറഞ്ഞു. സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP