Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാക്‌സിൻ വിവാദത്തിൽ ബ്രിട്ടനെ വിറപ്പിച്ച് തരൂരിന്റെ സർജിക്കൽ സ്‌ട്രൈക്ക്; റേസിസം എന്ന പ്രയോഗത്തിൽ ബ്രിട്ടനെ വെട്ടിലാക്കി; നിലപാട് പുനഃപരിശോധിക്കുന്നതിലും നിർണായകമായത് തരൂരിയൻ പ്രതിഷേധം; കൊളോണിയലിസത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിലെത്തി വാദിച്ചു തോൽപ്പിച്ച ഇന്ത്യൻ വാക്ചാതുര്യം ബ്രിട്ടനെ വിറപ്പിക്കുമ്പോൾ

വാക്‌സിൻ വിവാദത്തിൽ ബ്രിട്ടനെ വിറപ്പിച്ച് തരൂരിന്റെ സർജിക്കൽ സ്‌ട്രൈക്ക്; റേസിസം എന്ന പ്രയോഗത്തിൽ ബ്രിട്ടനെ വെട്ടിലാക്കി; നിലപാട് പുനഃപരിശോധിക്കുന്നതിലും നിർണായകമായത് തരൂരിയൻ പ്രതിഷേധം; കൊളോണിയലിസത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിലെത്തി വാദിച്ചു തോൽപ്പിച്ച ഇന്ത്യൻ വാക്ചാതുര്യം ബ്രിട്ടനെ വിറപ്പിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊളോണിയലിസത്തിനെതിരെയുള്ള പാർലമെന്റ് പ്രസംഗത്തിന് ശേഷം വീണ്ടും തരൂരിന് മുന്നിൽ മുട്ടുകുത്തി ബ്രിട്ടൻ. അസ്ട്രാ സെനേക വാക്സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് അംഗീകരിക്കാത്ത നിലപാട് തരൂരിന്റെ വിമർശനത്തോടെ ബ്രിട്ടൻ തിരുത്തുന്നു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശത്തിനെതിരെ ശശി തരൂർ രംഗത്തെത്തിയതോടെ അന്താരാഷ്ട്രതലത്തിൽ ബ്രിട്ടൻ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അതോടെയാണ് നിലപാട് മയപ്പെടുത്താൻ ബ്രിട്ടൻ തയ്യാറായത്.

ഇന്ത്യയോട് ബ്രിട്ടൻ റേസിസം കാണിക്കുന്നുവെന്ന തരൂരിന്റെ പരാമർശമാണ് അന്താരാഷ്ട്രതലത്തിൽ ചർച്ചയായത്. കൊവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കേണ്ടിവന്നതോടെയാണ് വാക്സിൻ റേസിസം എന്ന വിവാദത്തിന് തിരി കൊളുത്തപ്പെട്ടത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെതിരെ തരൂർ രംഗത്തെത്തിയത്.

കോവിഷീൽഡിന് വിശ്വാസ്യത പോരെന്നും ഇന്ത്യയിൽ നിന്ന് എത്തുന്നവർ പത്ത് ദിവസം ക്വാറന്റൈനിലിരിക്കണമെന്നുമായിരുന്നു ആദ്യം ബ്രിട്ടൻ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ശശി തരൂരിന്റെ പ്രതിഷേധത്തോടെ വാക്സിന് പ്രശ്നമൊന്നുമില്ലെന്നും വാക്സിൻ സർട്ടിഫിക്കറ്റിന്റെ വിതരണത്തിൽ മാത്രമാണ് വിശ്വാസക്കുറവുള്ളതെന്നും പ്ലേറ്റ് മാറ്റിയിരിക്കുകയാണ് ഇപ്പോൾ ബ്രിട്ടൻ.

യുകെയിൽ നിർമ്മിച്ച വാക്സിനും ഇന്ത്യൻ വാക്സിനും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന നിലപാടിലായിരുന്നു യുകെ. നേരത്തെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്. ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.

ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിൽ എത്തിയപ്പോൾ ഇന്ത്യയിൽ പോയി മടങ്ങി വരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം മൂലം ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ മാസം കേരളത്തിൽ പോയി മടങ്ങി എത്തിയത്. എന്നാൽ ഈ ഘട്ടത്തിലും മടങ്ങി എത്തി വീട്ടിൽ തന്നെ ക്വാറന്റൈൻ പൂർത്തിയാക്കുകയോ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയോ ആവശ്യമായിരുന്നു.

ഒക്ടോബർ നാലാം തിയതി മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം തന്നെ അടിമുടി മാറാനിരിക്കെ ഏതു വാക്സിൻ ആയാലും രണ്ടു ഡോസ് എടുത്തവർക്കു കർശന നിയന്ത്രണം ഒഴിവാക്കണമെന്നാണ് അന്തരാഷ്ട്ര തലത്തിൽ ഉയരുന്ന വാദം. പക്ഷെ അസ്ട്രാ സെനേക എടുത്തവർക്കു യുകെയിൽ ഒരു നിയന്ത്രണവും ഇല്ലാതിരിക്കെ അതേ വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവരെ വിവേചനത്തോടെ കാണുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് തരൂരിന്റെ നിലപാട്. വാക്സിന്റെ പേരിൽ ഒരു കാരണവശാലും ആരും രണ്ടാം കിട പൗരന്മാരാകരുത് എന്നും അദ്ദേഹം വാദിക്കുന്നു. തരൂർ കേംബ്രിഡ്ജിൽ പ്രസംഗിക്കാനിരുന്ന ചടങ്ങ് ഉപേക്ഷിച്ചതും അന്താരാഷ്ട്ര തലത്തിൽ വാർത്തയുടെ പ്രധാന്യം കൂട്ടി. ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകിയത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റൈൻ സംബന്ധിച്ച നിർദ്ദേശങ്ങളും ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ എടുത്തവർ അൺവാക്സിനേറ്റഡ് ആയി കണക്കാക്കുമെന്ന ബ്രിട്ടീഷ് നയമാണ് തരൂരിനെ ചൊടിപ്പിച്ചത്. രാജ്യാന്തര യാത്ര പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണിത് എന്നും തരൂർ ആരോപിച്ചിരുന്നു. തരൂരിനൊപ്പം കോൺഗ്രസ് നേതാവ് ജയേറാം രമേശും യുകെയുടെ നടപടി ബാലിശമെന്നു പറഞ്ഞിരുന്നു. തരൂരിന്റെ തീരുമാനം ശരിയെന്നും ഇന്ത്യക്കാരുടെ അന്തസ് ഉയർത്തുന്ന നടപടി ആണെന്നുമാണ് സോഷ്യൽ മീഡിയ ആഘോഷങ്ങളിൽ നിറയുന്ന ട്രെൻഡും. കേംബ്രിഡ്ജിലെ സ്ഥിരം പ്രഭാഷകൻ കൂടിയായ തരൂരിന്റെ അസാന്നിധ്യം ഇവിടെത്തെ ചർച്ചകളുടെ നിറം കെടാനും കാരണമാക്കും. കേംബ്രിഡ്ജ് ഇന്ത്യൻ സൊസൈറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ചർച്ചകളിൽ സ്ഥിരം മുഖം കൂടിയാണ് തരൂർ.

അദ്ദേഹത്തിന്റെ ദി ബാറ്റിൽ ഓഫ് ബൈലോങിങ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച നിശ്ചയിച്ചിരുന്നത്. പുസ്തകത്തിന്റെ യുകെ എഡിഷൻ പ്രകാശനം കൂടി ആയിരുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ സാന്നിധ്യവും അനിവാര്യം ആയിരുന്നു. എന്നാൽ വിവേചനത്തോട് ഇനിയുള്ള കാലം പുറം തിരിഞ്ഞു നിൽക്കാനാകില്ലെന്നും ഇന്ത്യക്കാർക്കും അന്തസ് ഉണ്ട് എന്നാണ് തരൂർ പറയാതെ പറയാൻ ആഗ്രഹിക്കുന്നത് എന്നതും അദ്ദേഹത്തിന്റെ കടുത്ത നടപടികളിൽ വ്യക്തമാണ്.

മാത്രമല്ല തിരക്ക് പിടിച്ച ജീവിതത്തിൽ താൻ എന്തിനു വെറുതെ പത്തു ദിവസം ബ്രിട്ടന്റെ കാരുണ്യത്തിനായി കാത്തിരിക്കണം എന്നും അദ്ദേഹത്തിന് തോന്നിയിരിക്കണം. ഇത്തരത്തിൽ തരൂരിന്റെ ഭാഗം പിടിച്ചു ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ വിവാദം കത്തിപ്പടരുകയാണ്. യുകെയുടെ തീരുമാനങ്ങളിൽ പലതും ഇപ്പോഴും വംശീയമാണ് എന്നാണ് കോൺഗ്രസ് നേതാവായ ജയറാം രമേശും ആഞ്ഞടിക്കുന്നതും. മാത്രമല്ല സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച വാക്സിൻ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളതിനാൽ സ്വന്തം പൗരന്മാർ സ്വീകരിച്ച വാക്സിനെ കുറിച്ച് എന്താണ് ബ്രിട്ടന് പറയാൻ ഉള്ളതെന്നും ജയറാം രമേശ് ചോദിക്കുന്നു.

ബ്രിട്ടൻ പുതിയ യാത്ര മാർഗനിർദ്ദേശങ്ങൾ പുറത്തു വിട്ടതോടെയാണ് ഈ വിഷയം ഇന്ത്യയിൽ സജീവ ചർച്ച ആയതു. ഇതോടെ ഡൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ പരസ്യ പ്രസ്താവന നടത്തേണ്ട സാഹചര്യവും സംജാതമായി. വിഷയത്തിൽ ഇന്ത്യയോടൊപ്പം ചർച്ചക്ക് അവസരം തേടുകയാണ് എന്നാണ് ഹൈക്കമ്മിഷൻ ആദ്യമായി പ്രതികരിച്ചത്. നിലവിൽ അസ്ട്രാ സെനേക, ഫൈസർ, മോഡേണ, ജാൻസെൻ എന്നിവയാണ് യുകെയുടെ അംഗീകൃത ലിസ്റ്റിൽ ഇടം പിടിച്ച വാക്സിനുകൾ.

അതേസമയം Atsuralia, Antigua and Barbuda, Barbados, Bahrain, Brunei, Canada, Dominica, sIrael, Japan, Kuwait, Malaysia, New Zealand, Qatar, Saudi Arabia, Singapore, South Korea or Taiwan എന്നീ രാജ്യങ്ങളിൽ നിന്നും വാക്സിൻ സ്വീകരിച്ചവരെയും പൂർണമായും വാക്സിൻ എടുത്തവരായി കണക്കാക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഇന്ത്യ ഇടം പിടിക്കാത്തതാണ് ശശി തരൂരിനെയും ജയറാം രമേശിനെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭാഗത്തു നിന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സെക്രട്ടറി ഹർഷ സിങ്ല എന്നിവർ അതിവേഗ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ് എന്ന് ഡൽഹി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ യുകെ സന്ദർശനം നടത്തിയ സിങ്ല ബ്രിട്ടൻ ഫ്രാൻസിന്റെ മാർഗനിർദ്ദേശം ഇക്കാര്യത്തിൽ പിന്തുടരണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നെത്തുവർക്കു ഫ്രാൻസ് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.

അരാലും ശ്രദ്ധിക്കപ്പെടാതെ പ്രവാസികളുടെ മാത്രം ദുഃഖമായി മാറിയേയ്ക്കാവുന്ന ഒരു സംഭവമാണ് തരൂരിന്റെ ഇടപെടലിലൂടെ ബ്രിട്ടൻ തന്നെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെട്ടുപോകുന്ന തലത്തിലേയ്ക്ക് മാറിയതും നിലപാട് പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കിയതും. ഈ സംഭവത്തോടെ ബ്രിട്ടന്റെ നിത്യതലവേദനയായി തരൂർ മാറുകയാണ്. കോളനിവൽക്കരണത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യയെ കൊള്ളയടിച്ചതിനെ പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ തരൂർ നടത്തിയ പ്രസംഗം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ഒടുവിൽ സ്വതന്ത്ര്യസമര കൂട്ടക്കൊലകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

അതിന് ശേഷം രാജ്യാന്തരതലത്തിൽ ബ്രിട്ടന്റെ ഗരിമ മങ്ങുകയും അവരുടെ നയം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന തലത്തിലേയ്ക്ക് തരൂരിന്റെ മറ്റൊരു വിമർശനം കൂടി നീങ്ങുമ്പോൾ അന്താരാഷ്ട്രതലത്തിൽ തരൂർ ഭാരത്തിന്റെ നാവായി മാറുകയാണ്, ബ്രിട്ടനെ പോലുള്ള രാജ്യങ്ങൾക്ക് തലവേദനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP