Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയെ എല്ലാ അർത്ഥത്തിലും തകർത്തത് ബ്രിട്ടീഷുകാർ; രണ്ടു നൂറ്റാണ്ടുകളോളം നടത്തിയതുകൊള്ളയും ചൂഷണവും; കിരാത ഭരണകാലത്തുകൊല്ലപ്പെട്ടത് 3.5 കോടിയിലധികം ആളുകൾ; വിക്ടോറിയ മ്യൂസിയത്തെ കോളനിവാഴ്ചയ്‌ക്കെതിരായ സ്മാരകമാക്കണം; ബ്രിട്ടനെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

ഇന്ത്യയെ എല്ലാ അർത്ഥത്തിലും തകർത്തത് ബ്രിട്ടീഷുകാർ; രണ്ടു നൂറ്റാണ്ടുകളോളം നടത്തിയതുകൊള്ളയും ചൂഷണവും; കിരാത ഭരണകാലത്തുകൊല്ലപ്പെട്ടത് 3.5 കോടിയിലധികം ആളുകൾ; വിക്ടോറിയ മ്യൂസിയത്തെ കോളനിവാഴ്ചയ്‌ക്കെതിരായ സ്മാരകമാക്കണം; ബ്രിട്ടനെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ എംപി വീണ്ടും രംഗത്ത്. ഇന്ത്യയെ എല്ലാ അർത്ഥത്തിലും തകർത്തത് ബ്രിട്ടീഷുകാരാണെന്നാണ് തരൂർ സമർത്ഥിക്കുന്നു. ഇക്കഴിഞ്ഞ ജയ്പുർ സാഹിത്യോൽസവത്തിനിടെ, ഇന്ത്യയുടെ വ്യാപാരം തകർത്തത് ബ്രിട്ടിഷുകാരാണെന്ന് തരൂർ ആരോപിച്ചിരുന്നു. 'ആൻ ഇറ ഓഫ് ഡാർക്നസ്: ദ് ബ്രിട്ടിഷ് എംപയർ ഇൻ ഇന്ത്യ' എന്ന തന്റെ പുതിയ പുസ്തകത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിലും ശക്തമായ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്.

ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകൾ ഇന്ത്യയിൽ കൊല്ലപ്പെട്ടതായി ശശി തരൂർ ആരോപിച്ചു. ബ്രിട്ടീഷുകാരുടെ കാലത്തെ ചൂഷണങ്ങൾക്കെതിരെ ശശി തരൂർ നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പന്നാലെയാണ് ബ്രിട്ടീഷ് ഭരണകാലത്തെ കൊലപാതതങ്ങളുടെ കണക്കുമായി തരൂർ എത്തുന്നത്. 'അൽ ജസീറ'യിൽ എഴുതിയ കോളത്തിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കടുത്ത ആക്രമണം തരൂർ നടത്തുന്നത്. ഇതും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ മഹത്വം വിളമ്പുന്ന കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ മഹത്വവൽക്കരിച്ചതിന്റെ തെളിവാണ് കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകം. ഇന്ത്യയോട് അവർ ചെയ്തതെന്ത് എന്നതിന്റെ തെളിവായി ഈ സ്മാരകത്തെ ഒരു മ്യൂസിയമാക്കി മാറ്റണം. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ഇന്ത്യയെ (1700കളിൽ ലോകത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 27 ശതമാനം) കീഴടക്കി, രണ്ടു നൂറ്റാണ്ടുകളോളം കൊള്ളയും ചൂഷണവും നടത്തി, 1947ൽ രാജ്യം വിടുമ്പോഴേക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണ് ബ്രിട്ടീഷുകാർ ച്യെതതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

ജയ്പുർ സാഹിത്യോൽസവത്തിനിടെ തരൂർ നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. 'ഇന്ത്യയായിരുന്നു ലോകത്തിന്റെ മുൻനിര കയറ്റുമതിക്കാർ. മൽസരമില്ലാതാക്കാൻ ഇംഗ്ലിഷുകാർ ധാക്കയിലെയും മുർഷിദാബാദിലെയും തുണിമില്ലുകളെ തകർത്തു. ആസൂത്രിതമായി തുണിവ്യവസായത്തെ നശിപ്പിക്കുകയാണ് അവർ ചെയ്തത്. നെയ്ത്തുകാരെപ്പോലും കമ്പനി വെറുതെവിട്ടില്ല. അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ വസ്ത്രക്കയറ്റുമതിക്കാർ ഒടുവിൽ ഇംഗ്ലണ്ടിൽനിന്ന് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നവരായി ശശി തരൂർ പറഞ്ഞു. ഇന്ത്യയുടേത് നവീനമായ ബാങ്കിങ് സംവിധാനമായിരുന്നുവെന്നും അദ്ദേഹം ജയ്പൂരിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു പരിഹാരം ചെയ്യണം

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഏറ്റവും കിരാതമായ സംഭവമായിട്ടാണ് ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ എക്കാലത്തും കണക്കാക്കി വരുന്നത്. 1919 ഏപ്രിൽ 13ന് ബ്രിട്ടീഷ് സൈനികർ നടത്തിയ ആ അരുകൊലയിൽ 1500 പേരെയായിരുന്നു വെടിയേറ്റ് മരിച്ചിരുന്നത്. ഈ കൂട്ടക്കുരുതിയുടെ പേരിൽ ബ്രിട്ടൻ ഇന്ത്യൻ ജനതയോട് മാപ്പ് പറയണം. ഈ മഹാപാപത്തിന് ബ്രിട്ടന് മാപ്പ് പറയാൻ ഏറ്റവും പറ്റിയ വർഷം 2019 ആണെന്നും വിശദീകരിച്ചു. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്റെ പുസ്തകമായ ഏൻ ഈറ ഓഫ് ഡാർക്ക്‌നെസ്; ദി ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിക്കവെയാണ് തരൂർ ഈ ആവശ്യം ബ്രിട്ടനോട് ഉന്നയിച്ചത്. ദുരന്തത്തിന്റെ നൂറാം വാർഷികത്തിലെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയോ അല്ലെങ്കിൽ രാജകുടുംബാംഗമോ ജാലിയൻ വാലാബാഗിൽ വന്ന് തങ്ങൾക്ക് പറ്റിപ്പോയ തെറ്റിന് ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്നാണ് തരൂർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കൂട്ടക്കൊലയുടെ പേരിൽ മാത്രം മാപ്പ് പറഞ്ഞാൽ പോരെന്നും മറിച്ച് തങ്ങൾ ഇന്ത്യ ഭരിച്ച കാലത്ത് ഇവിടുത്തെ ജനതയോട് ചെയ്ത് പോയ എല്ലാ തെറ്റുകൾക്കും മാപ്പപേക്ഷിക്കണമെന്നുമാണ് തരൂർ നിർദ്ദേശിക്കുന്നത്.

അത്തരത്തിൽ സമാഗതമാകുന്ന ഒരു അവസരം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്ന നിർണായകമായ ചോദ്യവും തരൂർ ഉയർത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജാധികാരത്തിന്റെ പേരിലാണ് എല്ലാ തെറ്റുകളും ചെയ്തിരിക്കുന്നതെന്നും അതിനാൽ നിർബന്ധമായും മാപ്പ് പറയണമെന്നും തരൂർ ആവശ്യപ്പെടുന്നു. തെറ്റ് സമ്മതിക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. എന്നാൽ അതിന് തയ്യാറാവാതെ നേർ വിപരീതമാണ് ബ്രിട്ടൻ അനുവർത്തിക്കുന്നതെന്നും തരൂർ ആരോപിക്കുന്നു. തങ്ങൾക്ക് പറ്റിപ്പോയ തെറ്റിനെ കാർപെറ്റിനടിയിൽ ഒളിപ്പിച്ച് മുഖം രക്ഷിക്കാനാണ് ബ്രിട്ടൻ ഇതുവരെ ശ്രമിച്ച് വന്നിരിക്കുന്നത്. ചരിത്രപരമായ മറവിയാണ് ഇക്കാര്യത്തിൽ ബ്രിട്ടൻ നടിക്കുന്നതെന്നും തരൂർ ആരോപിക്കുന്നു. തങ്ങളുടെ ഭരണകാലത്ത് ഇത്തരത്തിൽ ചെയ്ത് കൂട്ടിയ പാതകങ്ങളെ മറന്ന് കൊണ്ട് തങ്ങുടെ കോളനിഭരണകാലത്തിന് കാൽപനികത്വം ചാർത്തിക്കൊടുക്കാനാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്.

തങ്ങളുടെ അക്കാലത്തെ ചെയ്തികൾക്ക് ന്യായീകരണം നൽകി കോളനിക്കാലത്തെ മഹത്തായ ഒരു കാര്യമായി ചിത്രീകരിക്കാൻ ബ്രിട്ടീഷുകാർ ശ്രമിക്കുന്നുണ്ടെന്നും എഴുത്തുകാരൻ കൂടിയായ തരൂർ കുറ്റപ്പെടുത്തുന്നു. നീണ്ട 200 വർഷത്തോളം ഇന്ത്യക്കാരോട് ചെയ്ത് കൂട്ടിയ വിവിധ തെറ്റുകൾക്ക് ബ്രിട്ടീഷുകാർ ഒരിക്കൽ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്തതിൽ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നും തരൂർ പറയുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ ഇത്തരം ചെയ്തികൾക്ക് പിന്നീട് മാപ്പ് പറഞ്ഞ കാര്യവും അദ്ദേഹം തന്റെ പുസ്തകത്തിലെ സംഭവങ്ങളെ മുൻനിർത്തി ഉദാഹരിക്കുന്നു. 1914ൽ നടന്ന കോമഗാട്ട മാറു സംഭവത്തെ തുടർന്ന് നൂറ് കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും മുസ്ലീങ്ങളെയും കാനഡയിലേക്ക് വരുന്നതിൽ നിന്നും വിലക്കിയിരുന്നുവെന്നും എന്നാൽ ഇതിൽ പശ്ചാത്താപം പ്രകടിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ രംഗത്തെത്തിയിരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു .

അന്നിവരെ വാൻകൂവർ തുറമുഖത്ത് നിന്നും ഇന്ത്യയിലെ അനിശ്ചിതത്വത്തിലേക്ക് മടക്കി അയച്ച സംഭവത്തിന്റെ പേരിലാണ് വർഷങ്ങൾക്കിപ്പുറം ട്രൂഡ്യൂ മാപ്പ് പറയാൻ വിശാലമനസ് കാണിച്ചതെന്നും തരൂർ എടുത്ത് കാട്ടുന്നു. ഇന്ത്യയടക്കമുള്ള വിവിധ കോളനികളിൽ നിന്നും തങ്ങൾ കൊള്ളയടിച്ച മുതലാണ് ഇന്ന് തങ്ങളുടെ പക്കലുള്ളതെന്ന് സമ്മതിക്കാൻ ബ്രിട്ടൻ ഇപ്പോഴും തയ്യാറല്ലെന്നും തരൂർ ആരോപിക്കുന്നു.

റെയിൽവേ അഴിമതി

കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതിയുടെ ബാക്കിപത്രമാണ് ഇന്ത്യൻ റെയിൽവേ. റെയിൽ ശൃംഖല നിർമ്മിച്ചതിന്റെ പേരിൽ ഇന്ത്യക്കാർ ബ്രിട്ടനോടു നന്ദിയുള്ളവരായിരിക്കണമെന്ന നിലപാടു ശരിയല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകാൻ അവർ കണ്ടെത്തിയ മാർഗമായിരുന്നു റെയിൽ പാത. ഉൾനാടൻ മേഖലകളിലേക്കു സൈനികരെയും ജോലിക്കാരെയും എത്തിക്കുകയെന്നതും ബ്രിട്ടിഷുകാരുടെ ലക്ഷ്യമായിരുന്നെന്നും ടാറ്റ സാഹിത്യോൽസവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തരൂർ ആരോപിച്ചിരുന്നു.

ബ്രിട്ടിഷുകാർ ഇന്ത്യയിൽ ഏറ്റവും ലാഭകരമായ നിക്ഷേപം നടത്തിയതും റെയിൽവേയിലാണ്. ടിക്കറ്റ് കലക്ടർ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികളിൽ യൂറോപ്പുകാരെ മാത്രം നിയമിച്ച് അവർ വിവേചനം കാട്ടി. തടി ബെഞ്ചുള്ള മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റുകളിലെ യാത്രയ്ക്ക് ഇന്ത്യക്കാരിൽനിന്ന് അവർ കൊള്ളനിരക്ക് ഈടാക്കി. അതേസമയംതന്നെ ഇന്ത്യയിൽ ചരക്കുനീക്കം നടത്തിയ വിദേശ കമ്പനികൾക്കു വൻ ഇളവുകളും നൽകിയിരുന്നു.

'ഇന്ത്യയ്ക്കു വേണം ബ്രിട്ടിഷ് നഷ്ടപരിഹാരം'

ബ്രിട്ടിഷ് കോളനിവാഴ്ചയ്‌ക്കെതിരെ ശശി തരൂർ 2015 ജൂലൈയിൽ ബ്രിട്ടനിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗമാണ് ഫേസ്‌ബുക്കിലും യൂട്യൂബിലും വൈറലായത്. ഓക്‌സ്ഫഡ് സർവകലാശാലയിൽ നടന്ന ചർച്ചയിലെ 15 മിനിറ്റ് പ്രസംഗത്തിന്റെ വിഡിയോ യുട്യൂബിലുണ്ട്.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ സ്ഥിരം ക്ഷണിതാവായ തരൂർ അവസരം കിട്ടുമ്പോഴൊക്കെ കോളനി വാഴ്‌ച്ചയ്ക്ക് എതിരെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച്ച ഓക്സ്ഫോർഡിൽ വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും സമ്മേളനത്തിൽ പ്രസംഗിച്ച ശശി തരൂർ ബ്രിട്ടന്റെ കോളനി വാഴ്‌ച്ച മൂലം ഇന്ത്യക്ക് ഒരു നേട്ടവും ഉണ്ടായില്ലെന്ന് വാദിച്ചു ജയിക്കുകയായിരുന്നു. ഇതിനെ ശക്തമായി ഖണ്ഡിക്കാൻ സഹ പ്രസംഗികർക്ക് കഴിഞ്ഞില്ല എന്നതാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒരർത്ഥത്തിൽ കഴിഞ്ഞ തവണ ലണ്ടനിൽ നേടിയ വിജയം ഇത്തവണ ഓക്സ്ഫോർഡിലും തരൂർ ആവർത്തിക്കുകയായിരുന്നു. ലണ്ടൻ പ്രസംഗം ഇന്ത്യൻ മാധ്യമങ്ങൾ വേണ്ടത്ര ഗൗനിച്ചില്ലെങ്കിലും ഇത്തവണ ഓക്സ്ഫോർഡിൽ നേടിയ തരൂരിന്റെ മേൽക്കൈ സകല ഇന്ത്യൻ ആഗോള മാധ്യമങ്ങളും ആഘോഷിക്കുക ആയിരുന്നു. അതിനും മുന്നേ തന്നെ പ്രസംഗത്തിന്റെ പകർപ്പ് സ്വന്തമാക്കി ഫേസ്‌ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിന് ഭാരതീയർ പങ്കുവച്ചാണ് തരൂരിന് കയ്യടി നല്കിയത്. ഓക്സ്ഫോർഡ് യൂനിയാൻ യുട്യൂബിൽ ഇട്ട പ്രസംഗം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

കോളനി വാഴ്‌ച്ചയുടെ ആധിപത്യം തുടങ്ങുന്ന പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ തന്നെ വൻശക്തിയുള്ള രാഷ്ട്രം ആയിരുന്നു എന്നാണ് ശശി തരൂർ വാദിച്ചത്. അന്ന് ഇന്ത്യയുടെ കയ്യിൽ ലോക സമ്പത്തിന്റെ 23 ശതമാനവും സ്വന്തമായിരുന്നു. എന്നാൽ നാലു പതിറ്റാണ്ട് ബ്രിട്ടൻ ഭരിച്ച ശേഷം നാടുവിടുമ്പോൾ ഈ സമ്പത്തിന്റെ സിംഹഭാഗവും കൊള്ളയടിക്കപ്പെട്ടു. പിന്നീട് അവശേഷിച്ചത് വെറും നാലു ശതമാനം സമ്പത്ത് മാത്രമാണ്. ഇന്ത്യയെ വെറും കറവപ്പശു ആക്കി മാറ്റുകയായിരുന്നു ബ്രിട്ടൻ. ചെയ്തു കൂട്ടാത്ത ക്രൂരതകൾ ബാക്കിയില്ല. ഗ്രാമങ്ങളിലെ നെയ്ത്തുകാരെ നിശ്ശേഷം തകർത്ത ബ്രിട്ടൻ പിന്നീട് നെയ്തു മില്ലുകൾ സ്ഥാപിച്ചു. ഇന്ത്യൻ തനതു വസ്ത്ര വ്യാപാരത്തെ തകർക്കുക ആയിരുന്നു. അതിനു മുൻപ് ലോകത്തെവിടെയും പ്രിയപ്പെട്ടവ ആയിരുന്നു ഇന്ത്യൻ വസ്ത്രങ്ങൾ. ലോക വസ്ത്ര കയറ്റുമതിയുടെ 27% സ്വന്തമാക്കിയിരുന്ന ഇന്ത്യയുടെ കമ്പോളത്തെ ഒടുവിൽ വസ്ത്ര ഇറക്കുമതിയുടെ വിപണി ആക്കി മാറ്റുവാൻ ബ്രിട്ടന് സാധിച്ചു. ഇന്ത്യയിലെ നെയ്ത്തുകാർ ഭിക്ഷാടകരായി.

ഇന്ത്യക്ക് റെയിൽവേ നല്കി എന്ന് അഹങ്കരിക്കുന്ന ബ്രിട്ടൻ, അത് നിർമ്മിച്ചത് അവരുടെ ആവശ്യത്തിനു വേണ്ടി മാത്രമായിരുന്നു എന്ന വസ്തുത സൗകര്യപൂർവ്വം മറക്കുകയാണ്. ഓസ്ട്രേലിയയിലും കാനഡയിലും അക്കാലത്തു റെയിൽവെ നിർമ്മിച്ചതിന്റെ ഇരട്ടി പണം ഉപയോഗിച്ചാണ് ഇന്ത്യയിൽ റെയിൽപാതകൾ വന്നത്. അതിനാവശ്യമായ മുഴുവൻ വസ്തുക്കളും ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുക ആയിരുന്നു. ആ പണമത്രയും ഇന്ത്യയിൽ നിന്നും അതിന്റെ പേരിൽ ബ്രിട്ടന് സ്വന്തമായി. ബ്രിട്ടനിലെ സ്വകാര്യവല്ക്കരണത്തിന് അടിത്തറ പാകാൻ മാത്രമാണ് കോളനികളിൽ ഇത്തരം 'വികസനം' സാധ്യമാക്കിയത്. ഓരോ തവണയും തങ്ങളുടെ പൂർവികരുടെ ചെയ്ത്തികൾക്കെതിരെയാണ് തരൂർ കത്തിക്കയറുന്നത് എന്ന് പോലും മറന്നാണ് സദസ് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത്.

.

ബ്രിട്ടന്റെ ഭരണത്തിൽ 15 ദശലക്ഷം മുതൽ 29 ദശലക്ഷം വരെ ആളുകൾ പട്ടിണി മൂലം മരണപ്പെട്ടു. കുപ്രസിദ്ധമായ ബംഗാളിന്റെ കൊടും ക്ഷാമം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസന്റ് ചർച്ചിലിന്റെ കുരുട്ടു ബുദ്ധിയുടെ ഫലമായിരുന്നു. അനന്തരം നാലു ലക്ഷം പേരാണ് പട്ടിണിക്ക് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ബംഗാളിൽ പട്ടിണി പടർന്നു പിടിക്കുന്നു, ജനലക്ഷങ്ങൾ മരിക്കുന്നു എന്ന് പറഞ്ഞപ്പോൾ എങ്കിൽ എന്തുകൊണ്ട് ഇതുവരെ ഗാന്ധി മരിച്ചില്ല എന്ന ചർച്ചിലിന്റെ ചോദ്യം ഒരു ഇന്ത്യക്കാരനും മറക്കില്ല എന്ന് വികാരഭരിതനയാണ് തരൂർ പറഞ്ഞത്. ചരിത്രത്തിന്റെ വഴികളിലൂടെ ഓരോ സ്രോതവിനെയും കൈപിടിച്ചു നടത്തിയ തരൂരിന് പകരം നിറഞ്ഞ കരഘോഷം മുഴക്കി പ്രോത്സാഹനം നൽകുക ആയിരുന്നു സദസ്.

ബ്രിട്ടൻ ലോകയുദ്ധങ്ങൾ നയിച്ചത് ഇന്ത്യക്കാരെ മുന്നിൽ നിർത്തിയാണ്. ഒന്നാം ലോക യുദ്ധത്തിൽ 54000 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. 65000 പേർ മാരകമായി പരുക്കേറ്റു ജീവൻ നഷ്ടപ്പെട്ടവർക്ക് തുല്യരായി. 4000 പേരെ കാണാതാവുകയോ തടവുകാരായി മറ്റു രാജ്യങ്ങൾ കൊണ്ട് പോവുകയോ ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടൻ ചിലവഴിച്ച പണവും ഇന്ത്യയുടേതാണ്. ആ യുദ്ധത്തിൽ ബ്രിട്ടൻ ചിലവഴിച്ച ആകെ പണം 3 ബില്യൻ പൗണ്ട് ആയിരുന്നു. ഇതിൽ 1.25 ബില്യൻ പൗണ്ടും ഇന്ത്യയിൽ നിന്നും കടം എടുത്തതാണ്. ഈ പണം ഇന്നേവരെ മടക്കി നൽകിയിട്ടില്ല. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് പറയാൻ കാരണം ഇരുട്ടിൽ ഈശ്വരന് പോലും ബ്രിട്ടനെ വിശ്വാസം ഇല്ലാത്തതു കൊണ്ടാകണം എന്നും തരൂർ് സൂചിപ്പിച്ചു. അത്ര ഭയാനകമായ കൊള്ളയാണ് ബ്രിട്ടൻ കോളനി വാഴ്‌ച്ചയുടെ പേരിൽ ഇന്ത്യയിൽ നടത്തിയത്.

ബ്രിട്ടന്റെ ഭരണംമൂലം എന്തെങ്കിലും നേട്ടം ഉണ്ടെങ്കിൽ അതിനെ ഒക്കെ മറികടക്കുന്ന അനേക മടങ്ങ് കോട്ടവും ഇന്ത്യക്ക് സംഭവിച്ചിട്ടുണ്ട്. ഇന്ന് ബ്രിട്ടന്റെ കയ്യിൽ ഉള്ള സമ്പത്ത് മുഴുവൻ ഇന്ത്യൻ കൊള്ളയുടെ ഭാഗം ആണെന്ന് പറയേണ്ടി വരും. ഇത്തരം ചർച്ചകളിൽ ബ്രിട്ടന്റെ ഭാഗം പറയാൻ എത്തുന്നവർ എക്കാലവും ചൂണ്ടിക്കാട്ടുന്ന ഇന്ത്യക്കുള്ള സഹായത്തെയും തരൂർ വെറുതെ വിട്ടില്ല. ഇന്ത്യൻ അഭ്യന്തര ഉൽപ്പാദനത്തിന്റെ വെറും 0.4 % മാത്രമാണ് ബ്രിട്ടീഷ് സഹായം എങ്കിൽ അതിനെക്കാൾ കൂടുതൽ തുക ഇന്ത്യൻ സർക്കാർ കർഷകർക്ക് വളം സബ്സിഡി നൽകുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കയ്യടി നേടിയത്.

ഓക്‌സ്‌ഫോർഡ് പ്രസംഗത്തിന്റെ പൂർണ്ണ രൂപം

എട്ടു മിനിറ്റാണ് എനിക്കു സംസാരിക്കാൻ തന്നിരിക്കുന്നത്. 'ഹെന്റി എട്ടാമൻ പബ്ലിക് സ്പീക്കിങ് സ്‌കൂളി'ൽ പെട്ടയാളാണു ഞാൻ. ഹെന്റി എട്ടാമൻ ഭാര്യമാരോടു പറഞ്ഞതുപോലെ ' ഞാൻ നിങ്ങളെ കൂടുതൽ സമയം ബുദ്ധിമുട്ടിക്കില്ല' (സദസ്സിൽ നിന്നു നിറഞ്ഞ കയ്യടി. ഹെന്റി എട്ടാമൻ രാജാവ് ആറു തവണ വിവാഹം കഴിച്ചിരുന്നു.) ഏഴാമത്തെ പ്രസംഗകനാണ് ഞാൻ. ഞാനിപ്പോൾ എന്നെ കാണുന്നത് ഹെന്റി എട്ടാമന്റെ അവസാനത്തെ ഭാര്യയെപ്പോലെയാണ്. നിങ്ങൾ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതെന്താണെന്ന് എനിക്ക് അറിയാം. അത് വ്യത്യസ്തയോടെ ചെയ്യാനാവുമോ എന്നെനിക്കുറപ്പില്ല.-ഓക്‌സ്‌ഫോർഡിൽ തരൂർ പറഞ്ഞു.

ബ്രിട്ടൻ ഇന്ത്യയിലെത്തിയപ്പോൾ ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. ബ്രിട്ടിഷുകാർ പോയപ്പോഴേക്കും അത് നാലു ശതമാനത്തിൽ കുറവായി. ഇന്ത്യയെ കൊള്ളയടിച്ചത് ഉപയോഗിച്ചാണ് രണ്ടു നൂറ്റാണ്ടിലേറെ കാലം കൊണ്ട് ബ്രിട്ടൻ വളർന്നത്. ബ്രിട്ടനിലെ വ്യവസായവൽക്കരണം ഉണ്ടായത് ഇന്ത്യയിലെ വ്യവസായ നശീകരണത്തിൽ നിന്നാണ്. ഇന്ത്യയിലെ നെയ്ത്തുകാരുടെ കാര്യം തന്നെ എടുക്കാം. ബ്രിട്ടിഷുകാർ വരും മുൻപ് മസ്ലിൻ പോലെ മികച്ച തുണി ഉൽപാദിപ്പിച്ചിരുന്നവരാണ് ഇന്ത്യയിലെ നെയ്ത്തുകാർ. ലോകമെങ്ങും പ്രശസ്തി നേടിയവർ. ബ്രിട്ടിഷുകാർ എത്തി അവരുടെ കൈകൾ തല്ലിയൊടിച്ചു, തറികൾ തകർത്തു, നികുതികൾ ഏർപ്പെടുത്തി, അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടനിലേക്കു കടത്തി. അവിടെ നിന്ന് ലോകമെമ്പാടും തുണി കയറ്റിയയച്ചു. ഇന്ത്യയിലെ നെയ്ത്തുകാർ പിച്ചക്കാരായി. ലോക വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് 27 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിൽ കുറവായി കുറഞ്ഞു.

അതേസമയം റോബർട്ട് ക്ലൈവിനെപ്പോലെയുള്ള കൊളോണിയലിസ്റ്റുകൾ ഹിന്ദിയിലെ ലൂട്ട് എന്ന വാക്ക് അവരുടെ സ്വഭാവത്തെപ്പോലെ തന്നെ ഇംഗ്ലിഷ് നിഘണ്ടുവിലേക്കു കൊണ്ടുപോയി (കയ്യടി). ക്ലൈവ് ഓഫ് ഇന്ത്യ എന്നു ബ്രിട്ടൻ വിളിച്ചു. ഇന്ത്യ മുഴുവൻ അയാളുടെയാണെന്ന പോലെ. (കയ്യടി). 19ാം നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഇന്ത്യ ബ്രിട്ടന്റെ ഏറ്റവും വലിയ കറവപ്പശുവായി മാറിയിരുന്നു. ബ്രിട്ടൻ ഉണ്ടാക്കിവിടുന്ന സാധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം, ബ്രിട്ടിഷുകാർക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കുന്ന രാജ്യം. ഞങ്ങളെ അടിച്ചമർത്തിയതിന് ഞങ്ങൾ അങ്ങോട്ടു പണം കൊടുക്കേണ്ടിവന്നു. 19ാം നൂറ്റാണ്ടിലെ പണക്കാരായ ബ്രിട്ടിഷുകാരിൽ അഞ്ചിലൊരുഭാഗം 30 ലക്ഷം ആഫ്രിക്കൻ അടിമകളെ കടത്തിയാണു പണമുണ്ടാക്കിയത്. 1833ൽ അടിമത്തം അവസാനിപ്പിച്ചപ്പോൾ 20 ദശലക്ഷം പൗണ്ടാണ് നൽകിയത് ജീവൻ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമായല്ല അതു നൽകിയത്, മറിച്ച് ഭൂമി നഷ്ടപ്പെട്ടവർക്കാണ് അതു നൽകിയത്.

ഇന്ത്യയെക്കുറിച്ചു പറയാം. പതിനഞ്ചു ദശലക്ഷത്തിനും 20 ദശലക്ഷത്തിനും ഇടയിൽ ഇന്ത്യക്കാർ ബ്രിട്ടിഷ് ഭരണകാലത്തു പട്ടിണി മൂലം മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാലു ദശലക്ഷം പേർ പട്ടിണി മൂലം മരിച്ച ബംഗാൾ ഏറ്റവും നല്ല ഉദാഹരണം. ബംഗാളിലെ ജനങ്ങൾക്കു കിട്ടേണ്ട ഭക്ഷണം മനപ്പൂർവം നൽകാതെ, ബ്രിട്ടനു ഭാവിയിൽ ഉപയോഗിക്കാൻ മാറ്റിവച്ചത് വിൻസ്റ്റൻ ചർച്ചിലാണ്. ഇതു ശരിയല്ലെന്നു ബ്രിട്ടിഷുകാർ തന്നെ ചർച്ചിലിനോടു ചൂണ്ടിക്കാട്ടിയപ്പോൾ ചർച്ചിൽ ഫയലിന്റെ മാർജിനിൽ എഴുതി''എന്തുകൊണ്ടാണ് ഇതുവരെ ഗാന്ധിജി മരിക്കാത്തത്?'' 1943ൽ ചർച്ചിൽ ചെയ്തത് ഒരു ഉദാഹരണം മാത്രം. എത്രയോ ബ്രിട്ടിഷുകാർ ഇന്ത്യയോട് അതേ രീതിയിൽ പെരുമാറി. ബ്രിട്ടിഷ് സാമ്രാജ്യത്തിൽ സൂര്യനസ്തമിക്കാതിരുന്നതിൽ അദ്ഭുതമില്ല. കാരണം, ദൈവത്തിനു പോലും ഇരുട്ടത്ത് ബ്രിട്ടിഷുകാരെ വിശ്വാസമില്ലായിരുന്നു (കയ്യടി).

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാര്യമെടുക്കാം. ബ്രിട്ടിഷ് സൈന്യത്തിൽ യുദ്ധം ചെയ്തവരിൽ ആറിലൊരു ഭാഗം ഇന്ത്യക്കാരായിരുന്നു. 54,000 ഇന്ത്യക്കാർക്ക് ആ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു. 65,000 ഇന്ത്യക്കാർക്കു പരുക്കേറ്റു. 4000 ഇന്ത്യക്കാരെ കാണാതാവുകയോ അവർ ജയിലിലടയ്ക്കപ്പെടുകയോ ചെയ്തു. ഇന്ത്യയിലെ നികുതിദായകർ അക്കാലത്ത് 100 ദശലക്ഷം പൗണ്ട് നികുതിയടയ്‌ക്കേണ്ടിവന്നു. ഇന്ത്യ ആറു ലക്ഷം തോക്കുകൾ നൽകി, 40 ദശലക്ഷം വസ്ത്രങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചു തയ്ച്ച് പുറത്തേക്കു കൊണ്ടുപോയി. ഇന്ത്യയിൽ നിന്ന് അക്കാലത്തു കൊണ്ടുപോയ വസ്തുക്കളുടെ മൂല്യം ഇന്നത്തെ മൂല്യമനുസരിച്ചു കണക്കാക്കിയാൽ 800 കോടി പൗണ്ട് ആണ്. ഇന്ത്യ പട്ടിണി അനുഭവിക്കുന്ന സമയത്തായിരുന്നു ഇതെന്ന് ഓർക്കണം. രണ്ടാം ലോക മഹായുദ്ധകാലത്തെക്കുറിച്ചു പറയാം. അത് കൂടുതൽ മോശമാണ്. 25 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടനുവേണ്ടി പൊരുതിയത്. 1945ലെ ബ്രിട്ടന്റെ യുദ്ധക്കടം 300 കോടി പൗണ്ട് ആയിരുന്നു. അതിൽ 125 കോടി പൗണ്ട് ഇന്ത്യയുടേതാണ്. ഈ പണം ഇതുവരെ തിരിച്ചുതന്നിട്ടില്ല.

സ്‌കോട്ലൻഡിനെപ്പറ്റി ഇവിടെയാരോ പറഞ്ഞു. കോളനിവൽക്കരണമാണ് സ്‌കോട്ലൻഡുമായുള്ള നിങ്ങളുടെ ബന്ധം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യയിൽ ഇഷ്ടം പോലെ സ്‌കോട്ലൻഡുകാർക്കു ജോലി കിട്ടുമെന്ന നില വന്നു. കച്ചവടക്കാരായും സൈനികരായും ഏജന്റുമാരായുമൊക്കെ ഇഷ്ടം പോലെ ജോലി. ഇത് സ്‌കോട്ലൻഡിനെ പട്ടിണിയിൽ നിന്നു കരകയറ്റി. ഇപ്പോൾ അതിന് ഇന്ത്യയില്ലല്ലോ. എല്ലുകൾ അയഞ്ഞുതുടങ്ങുന്നതിൽ അദ്ഭുതമില്ല. (സദസിൽ നിന്നു ചിരി).

റയിൽവേയെപ്പറ്റി ആരോ ഇവിടെ പറഞ്ഞു. ബ്രിട്ടനുവേണ്ടിയാണ് റയിൽവേയും റോഡും ഉണ്ടാക്കിയതെന്ന് ജമൈക്കൻ ഹൈമ്മിഷനർ പറഞ്ഞല്ലോ. ബ്രിട്ടനിലെ നിക്ഷേപകർക്ക് വലിയ ലാഭം ഉറപ്പുകൊടുത്താണ് ഇന്ത്യയിൽ റയിൽവേ ഉണ്ടാക്കിയത്. ഇന്ത്യയിൽ നിന്നുള്ള നികുതിയിൽ നിന്ന് വൻ ലാഭം ബ്രിട്ടൻ അവർക്ക് ഉറപ്പുകൊടുത്തു. അതുകൊണ്ട് എന്തുണ്ടായി? കാനഡയിലോ ഓസ്‌ട്രേലിയയിലോ ഒരു മൈൽ റയിൽവേ ലൈൻ ഉണ്ടാക്കുന്നതിന്റെ ഇരട്ടി തുക ചെലവാക്കിയാണ് ഇന്ത്യയിൽ ഒരു മൈൽ റയിൽവേ ലൈൻ നിർമ്മിച്ചത്. കൂടുതൽ പണം നിക്ഷേപകർ തന്നതിനാലാണിത്. ലാഭമെല്ലാം ബ്രിട്ടൻ ഉണ്ടാക്കി. ഇന്ത്യയ്ക്ക് ബ്രിട്ടൻ നൽകിയ ധനസഹായത്തെപ്പറ്റി ഒരാൾ പറഞ്ഞു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 % മാത്രമാണ് ബ്രിട്ടൻ ഇന്ത്യയ്ക്കു നൽകിയ ധനസഹായം. ഇതിൽ കൂടുതൽ ഇന്ത്യൻ സർക്കാർ വളം സബ്‌സിഡിയായി നൽകുന്നുണ്ട് (സദസിൽ നിന്നു ചിരി).

ബ്രിട്ടിഷ് കോളനികളായിരുന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ പല പ്രശ്‌നങ്ങൾക്കും കാരണം കോളനിവാഴ്ചയാണ്. രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ടോ എന്നൊരാൾ ചോദിച്ചു. ഇസ്രയേൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കു നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ഇറ്റലി ലിബിയയ്ക്കു നഷ്ടപരിഹാരം നൽകി. ജപ്പാൻ കൊറിയയ്ക്കു നഷ്ടപരിഹാരം നൽകി. ബ്രിട്ടനും നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ട്‌ന്യൂസീലൻഡിന്. എതിർപക്ഷത്തെ വാദങ്ങളുടെ സംക്ഷിപ്തമായി ടെക്‌സസിലെ പ്രയോഗം എടുത്തുപറയാം 'ഓൾ ഹാറ്റ് ആൻഡ് നോ കാറ്റിൽ' (വെറും പുറംപൂച്ചു മാത്രം, കഴമ്പില്ല.) ജനാധിപത്യത്തെപ്പറ്റി ഇപ്പോൾ നിങ്ങൾ പറയുന്നു. നിങ്ങൾ ജനങ്ങളെ കൊല്ലുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്ത് 200 വർഷം ഭരിച്ചിട്ട് അവസാനം ജനാധിപത്യം വന്നെന്നു പറഞ്ഞ് ആഘോഷിക്കുന്നു (കയ്യടി). ഞങ്ങൾക്കു ജനാധിപത്യം തന്നില്ല. ഞങ്ങൾക്കതു നിങ്ങളിൽ നിന്നു തട്ടിപ്പറിക്കേണ്ടിവന്നു.

ബ്രിട്ടൻ ഇന്ത്യയ്ക്കു നഷ്ടപരിഹാരം തരണമെന്നു പറയുമ്പോൾ എത്ര തുക വേണമെന്നു തീരുമാനിക്കുക ബുദ്ധിമുട്ടാണ്. ഉണ്ടായ നഷ്ടത്തിനൊക്കെ വിലയിടാനാവില്ല. എന്നാൽ നഷ്ടപരിഹാരം നൽകുകയെന്ന തത്വമാണിവിടെ പ്രധാനം. തരാനുണ്ടെന്നു തത്വത്തിൽ സമ്മതിക്കുക. ഒരു 'സോറി' പറഞ്ഞാൽ അതു വലിയ കാര്യമാണ്. അടുത്ത 200 വർഷത്തേക്ക് ബ്രിട്ടൻ ഇന്ത്യയ്ക്ക് പ്രതിവർഷം നഷ്ടപരിഹാരമായി ഒരു പൗണ്ട് തരാൻ തീരുമാനിച്ചാലും ഞാൻ സന്തോഷവാനാണ്. എല്ലാവർക്കും നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP