Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ

രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശേഷിയെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചോദ്യം ചെയ്തിരുന്നതായി പ്രണബിന്റെ മകൾ ശർമിഷ്ട മുഖർജിയുടെ പുതിയ പുസ്തകത്തിൽ. രാഹുലിന്റെ കൂടെക്കൂടെയുള്ള അപ്രത്യക്ഷമാകലുകളും പ്രണബിനെ നിരാശപ്പെടുത്തിയിരുന്നു.

പ്രണബ് മൈ ഫാദർ എന്ന പുസ്തകത്തിലാണ് അച്ഛന്റെ വിമർശനങ്ങൾ ശർമിഷ്ട കുറിച്ചിട്ടത്. ഒരു സംഭവം ഇങ്ങനെ: ' ഒരു ദിവസം പ്രണബ് രാവിലെ മുഗൾ ഗാർഡൻസ്( അമൃത് ഉദ്യാൻ) പ്രഭാത സവാരി നടത്തുകയായിരുന്നു. അപ്പോഴാണ് രാഹുൽ കാണാൻ വന്നത്. തന്റെ പ്രഭാത നടത്തത്തിനും, പൂജയ്ക്കും ഇടയിൽ ആരും ശല്യപ്പെടുത്തുന്നത് പ്രണബിന് ഇഷ്ടമായിരുന്നില്ല. എങ്കിലും, അദ്ദേഹം രാഹുലിനെ കാണാൻ തീരുമാനിച്ചു. ശരിക്കും രാഹിൽ പ്രണബിനെ കാണേണ്ടിയിരുന്നത് അന്നുവൈകുന്നേരമായിരുന്നു. പക്ഷേ രാഹുലിന്റെ ഓഫീസ് അദ്ദേഹത്തെ തെറ്റായ സമയമാണ് ധരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒരു എഡിസികളിൽ നിന്നാണ് ഈ വിവരം ഞാൻ അറിഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് അച്ഛനോട് ഞാൻ ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെയായിരുന്നു: രാഹുലിന്റെ ഓഫീസിന് രാവിലെയും വൈകിട്ടും വേർതിരിച്ച് അറിയാൻ കഴിയില്ലെങ്കിൽ, ഒരുനാൾ എങ്ങനെയാണ് അവർ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുക?

2014 ഡിസംബർ 28 ന് കോൺഗ്രസിന്റെ 130 ആം സ്ഥാപക ദിനത്തിൽ എഐസിസിയിലെ പതാക ഉയർത്തൽ ചടങ്ങിൽ രാഹുൽ പങ്കെടുക്കാതിരുന്നതിനെയും പ്രണബ് വിമർശിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അമ്പരപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി ശർമിഷ്ട എഴുതി. പാർട്ടി പൊതുതിരഞ്ഞെടുപ്പിൽ തോറ്റ് ആറുമാസം തികയും മുമ്പേയായിരുന്നു സംഭവം.

' രാഹുൽ എഐസിസിയുടെ ചടങ്ങിൽ എത്തിയില്ല. എന്താണ് കാരണമെന്ന് എനിക്കറിയില്ല. പക്ഷേ അത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാം എളുപ്പത്തിൽ കിട്ടുന്നതുകൊണ്ട് അതിന്റെ മൂല്യമറിയില്ല. തന്റെ പിൻഗാമിയായി രാഹുലിനെ വാഴിക്കാനാണ് സോണിയ ശ്രമിക്കുന്നത്. എന്നാൽ, ഈ ചെറുപ്പക്കാരന് വ്യക്തിപ്രഭാവം ഇല്ലാത്തതും, രാഷ്ടീയ ധാരണയില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുകയാണ്. രാഹുലിന് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ? അദ്ദേഹത്തിന് ആളുകളെ പ്രചോദിപ്പിക്കാൻ ആവുമോ എനിക്കറിയില്ല'- പ്രണബ് തന്റെ ഡയറിയിൽ കുറിച്ചു.

അതുപോലെ തന്നെ ഇടയ്ക്കിടെ വിദേശത്തേക്കും മറ്റും മുങ്ങുന്ന രാഹുലിന്റെ സ്വഭാവവും പ്രണബിനെ നിരാശനാക്കിയിരുന്നു. വിശേഷിച്ചും, പ്രണബ് ഒരുദിവസം പോലും അവധി എടുക്കാതെ എല്ലാ ഔദ്യോഗിക, പാർട്ടി പരിപാടികളിലും പങ്കെടുത്തിരുന്ന പശ്ചാത്തലത്തിൽ. പാർട്ടിയുടെ നിർണായ സന്ധിയിൽ ഇത്തരത്തിലുള്ള രാഹുലിന്റെ മുങ്ങലുകൾ ദോഷം ചെയ്യുന്നുവെന്നും പ്രണബ് കരുതിയതായി ശർമ്മിഷ്ട എഴുതി.

അച്ഛന്റെ വിമർശനത്തെ കുറിച്ച് ശർമിഷ്ട മുഖർജിയുടെ അഭിപ്രായം ഇങ്ങനെ: കോൺഗ്രസിന് പുതുജീവൻ നൽകാൻ രാഹുലിന്റെ ശേഷിയെ കുറിച്ച് പ്രണബിന് വിശ്വാസം ഇല്ലായിരുന്നെങ്കിലും, ഇപ്പോൾ, അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ രാഹുലിന്റെ പ്രതിബന്ധതയെയും കഠിനാദ്ധ്വാനത്തെയും. ഭാരത് ജോഡോ യാത്രയെയും അഭിനന്ദിക്കുമായിരുന്നെന്നും കരുതുന്നു.

പ്രധാനമന്ത്രി ആക്കില്ലെന്ന് പ്രണബിന് അറിയാമായിരുന്നു

കോൺഗ്രസ് രാഷ്ട്രീയത്തിൽ അതികായനായിരുന്നു പ്രണബ് മുഖർജി. രാജീവ് ഗാന്ധിക്കൊപ്പം രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ പ്രധാനമന്ത്രി പദവി കൈ എത്തും ദൂരത്തുവച്ചാണ് നഷ്ടമായത്. പ്രണബ് പ്രധാനമന്ത്രി ആകാത്തത് കോൺഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടിയ സംഭവമായിരുന്നു. ഈ വിഷയം ഗാന്ധി കുടുംബത്തെ ആക്രമിക്കാൻ പലകുറി ബിജെപി ആയുധമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രണബിനെ കുറിച്ചു തുറന്നെഴുതിയിരിക്കയാണ് മകൾ ശർമിഷ്ഠ മുഖർജി. 2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകാത്ത സാഹചര്യം അടക്കം ശർമിഷ്ഠ എഴുതി.

2004ൽ വൻഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് പൊതുതിരഞ്ഞെടുപ്പ് വിജയിച്ചത്. സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നെങ്കിലും അവർ പിന്മാറിയത് പാർട്ടി നേതാക്കളേപ്പോലും അമ്പരപ്പിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. 'ഇതോടെ ആരാകും പ്രധാനമന്ത്രി എന്ന കാര്യത്തിൽ രാജ്യത്ത് വലിയ ചർച്ചകളുയർന്നു. മന്മോഹൻ സിങ്ങിന്റേയും പ്രണബ് മുഖർജിയുടേയും പേരുകളായിരുന്നു ഏറ്റവുമധികം ഉയർന്നു വന്നത്. ആ ദിവസങ്ങളിൽ പിതാവ് ഏറെ തിരക്കിലായിരുന്നു. അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന വാർത്ത വന്നതോടെ ആകാംക്ഷയായി.

ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇക്കാര്യം തിരക്കി. 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല. മന്മോഹൻ സിങ്ങായിരിക്കും. എന്നാൽ അവർ അത് വേഗത്തിൽ പ്രഖ്യാപിക്കണം. ഈ അനിശ്ചിതാവസ്ഥ രാജ്യത്തിനു നല്ലതല്ല'' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുസ്തകത്തിൽ പ്രധാനമന്ത്രിയാകുന്നതിൽ നിന്ന് സോണിയ ഗാന്ധി പിന്മാറിയതിനേക്കുറിച്ച് പരാമർശിക്കുന്ന ഭാഗമാണിത്. 2004ൽ മാത്രമല്ല, 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്തും പ്രണബിന് പ്രധാനമന്ത്രിയാകാനുള്ള അവസരമുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

മറ്റേതൊരു രാഷ്ട്രീയ പ്രവർത്തകനേയും പോലെ തനിക്കും പ്രധാനമന്ത്രി പദത്തിലെത്താൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രണബ് പറഞ്ഞിരുന്നതായി പുസ്തകത്തിൽ മകൾ കുറിക്കുന്നു. എന്നാൽ ആഗ്രഹിച്ചതുകൊണ്ടു മാത്രം ആ പദവിയിലേക്ക് എത്തണമെന്ന് ഇല്ലെന്നും അദ്ദേഹം പറയുന്നു. 2004 മെയ് 17നാണ് സോണിയ പ്രധാനമന്ത്രിയാകാനില്ലെന്ന നിലപാട് സ്വീകരിച്ചത്. ബിജെപിയുടെ വിഷമയമായ പ്രചാരണങ്ങളാണ് അത്തരത്തിലൊരു തീരുമാനം സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് പ്രണബ് മുഖർജി ഡയറിയിൽ കുറിച്ചിരുന്നു.

അടുത്ത രണ്ടു ദിവസത്തെ കൊണ്ടുപിടിച്ച ചർച്ചകൾക്കൊടുവിൽ മെയ് 19നാണ് മന്മോഹനെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചതെന്നും പ്രണബ് തന്റെ ഡയറിയിൽ കുറിച്ചു. സോണിയയുടെ തീരുമാനത്തോട് പ്രണബിന് ഏതെങ്കിലും തരത്തിൽ എതിർപ്പോ മന്മോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതിൽ അതൃപ്തിയോ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് മുൻ വക്താവു കൂടിയായ ശർമിഷ്ഠ പുസ്തകത്തിൽ പറയുന്നു.

പ്രധാനമന്ത്രിയാകണമെന്ന പ്രണബിന്റെ നടക്കാതെ പോയ ആഗ്രഹത്തേയും നെഹ്‌റുഗാന്ധി കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സോണിയ ഗാന്ധിയേക്കുറിച്ച് തന്റെ പിതാവിന് വലിയ മതിപ്പായിരുന്നുവെന്ന് ശർമിഷ്ഠ പറയുന്നു.

മറ്റ് രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തമായി തന്റെ പരിമിതികളെ മനസ്സിലാക്കാനും അവ മറികടക്കാനായി കഠിനാധ്വാനം ചെയ്യാനും അവർ തയാറായിരുന്നു. തനിക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പരിചയമില്ലെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. അതിനാൽത്തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റേയും സമൂഹത്തിന്റേയും സങ്കീർണതകൾ മനസ്സിലാക്കാൻ അവർ പ്രത്യേക പ്രയത്നമെടുത്തെന്നും പ്രണബ് പറയുന്നു.

പ്രണബിന്റെ ഡയറിയിൽ രാഹുൽ ഗാന്ധിയേക്കുറിച്ചുള്ള ആദ്യകാല പരാമർശം 2009ലായിരുന്നു. അത്തവണത്തെ പ്രവർത്തക സമിതി യോഗത്തിൽവച്ച് രാഹുലുമായി പ്രണബ് സംസാരിക്കുന്നുണ്ട്. അതിനുശേഷം പലപ്പോഴായി തന്റെ വസതിയിൽ രാഹുൽ സന്ദർശിച്ചതായും പ്രണബ് കുറിച്ചിട്ടുണ്ട്. വളരെ കുലീനമായ പെരുമാറ്റമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതെന്നും നിരവധി കാര്യങ്ങളേക്കുറിച്ച് രാഹുൽ ചോദ്യങ്ങളുന്നയിച്ചുവെന്നും പ്രണബ് പറയുന്നു. കാര്യങ്ങൾ പഠിക്കാൻ രാഹുലിന് താൽപര്യമുണ്ടെങ്കിലും രാഷ്ട്രീയമായ പക്വത കൈവരിക്കാൻ അദ്ദേഹത്തിന് അന്ന് കഴിഞ്ഞിരുന്നില്ല.

രാഷ്ട്രപതി ഭവനിലും ഇടയ്ക്ക് രാഹുൽ സന്ദർശനത്തിന് എത്തുമായിരുന്നു. കാബിനെറ്റിനൊപ്പം ചേർന്ന് കാര്യങ്ങൾ പഠിക്കാൻ നിർദ്ദേശിച്ചെങ്കിലും രാഹുൽ അത് ചെയ്തില്ല. ഒരേസമയം വിവിധ വിഷയങ്ങളിൽ താത്പര്യം കാണിക്കുന്ന രാഹുൽ വളരെ വേഗത്തിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് കടക്കുമെന്നും എന്നാൽ എത്രത്തോളം ആഴത്തിൽ അദ്ദേഹത്തിന് കാര്യങ്ങൾ ഗ്രഹിക്കാനായി എന്നത് തനിക്ക് അറിയില്ലെന്നും പ്രണബ് ഡയറിയിൽ കുറിക്കുന്നു.

കേന്ദ്രമന്ത്രിസഭയിൽ പലതവണ അംഗമായിരുന്ന പ്രണബ് മുഖർജി ധനകാര്യം, വിദേശകാര്യം, പ്രതിരോധം, വാണിജ്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2012 മുതൽ 2017 വരെ ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിൽ 84ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP