Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അധ്യക്ഷ പദത്തിൽനിന്നും നീക്കാൻ ഗൂഢാലോചന നടക്കുന്നു; പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയേയും താഴെയിറക്കാൻ പാർട്ടി അംഗങ്ങളിൽ ചിലർ ശ്രമിക്കുന്നുണ്ട്;തനിക്കെതിരായ നീക്കം വിജയിക്കില്ല; നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് കെ.പി ശർമ ഒലി; ഇന്ത്യ വിരുദ്ധ സമീപനം സ്വീകരിച്ചതിന് പിന്നാലെ ഓലിക്ക് ഇത് കഷ്ടടകാലം

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കിയ നേപ്പാൾ മാപ്പിന് പിന്നാലെ പ്രധാനമന്ത്രി രാജി ഭീഷണിയിൽ. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി പറയുന്നത്. പാർട്ടിയിൽ പിളർപ്പ് ഉണ്ടായേക്കുമെന്നും ഇന്ത്യാ വിരുദ്ധ നീക്കങ്ങളുടെ പേരിൽ സ്വന്തം പാർട്ടിയിൽനിന്നുതന്നെ കടുത്ത എതിർപ്പ് നേരിടുന്ന ശർമ ഒലി പറഞ്ഞു.

തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അധ്യക്ഷ പദത്തിൽനിന്നും നീക്കാൻ ഗൂഢാലോചന നടക്കുന്നു. പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയേയും താഴെയിറക്കാൻ പാർട്ടി അംഗങ്ങളിൽ ചിലർ ശ്രമിക്കുന്നുണ്ട്. തനിക്കെതിരായ നീക്കം വിജയിക്കില്ല. പാർട്ടി കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്നും മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുചേർത്ത ശേഷം ശർമ ഒലി പറഞ്ഞതായി നേപ്പാൾ മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

അതിനിടെ, പ്രസിഡന്റിനെ നീക്കാൻ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അവ വാസ്തവ വിരുദ്ധമാണെന്ന് പ്രചണ്ഡ അടക്കമുള്ള മൂന്ന് മുൻ പ്രധാനമന്ത്രിമാർ ബിദ്യ ദേവി ഭണ്ഡാരിയെ നേരിൽക്കണ്ട് അറിയിച്ചു. അതിനിടെ, ശർമ ഒലിയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് നിർണായകമായ പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരുന്നതാണെങ്കിലും അത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. പ്രവർത്തന ശൈലിയിലും ഇന്ത്യാ വിരുദ്ധ നിലപാടിലും മാറ്റംവരുത്തുന്നതിന് ശർമ ഒലിക്ക് കൂടുതൽ സമയം നൽകുന്നതിനാണ് സുപ്രധാന യോഗം മാറ്റിവച്ചതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനം താൻ അംഗീകരിക്കില്ലെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിൽ കെ.പി ശർമ ഒലി പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കണമെന്നും ഒലി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലെയും സെൻട്രൽ സെക്രട്ടേറിയറ്റിലെയും ഭൂരിഭാഗം അംഗങ്ങളും ശർമ ഒലി പ്രധാനമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷപദവും ഉടൻ ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ശർമ ഒലി മന്ത്രിമാരോട് ഇക്കാര്യം പറഞ്ഞത്.

തന്നെ പ്രധാനമന്ത്രി പദത്തിൽനിന്ന് നീക്കാൻ വിവിധ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നുവെന്ന് ശർമ ഒലി കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. നേപ്പാളിന്റെ ഭൂപടം പരിഷ്‌കരിക്കുന്നതിനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയതെന്നും ഒലി പറഞ്ഞിരുന്നു. ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാഥുര എന്നിവ ഉൾപ്പെടുത്തി നേപ്പാളിന്റെ ഭൂപടം പരിഷ്‌കരിക്കാനുള്ള നീക്കം നടത്തിയതിന് പിന്നാലെയാണ് ശർമ ഒലിക്കെതിരെ സ്വന്തം പാർട്ടിയിൽതന്നെ നിലനിന്നിരുന്ന എതിർപ്പ് ശക്തമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP