Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളത്തിനായി കേണപേക്ഷിച്ചപ്പോൾ കെവിന് വായിൽ ഒഴിച്ചു കൊടുത്തത് മദ്യം; ജനനേന്ദ്രീയത്തിൽ ചവിട്ടിയും കണ്ണുകളിൽ കുത്തിയും വൈരാഗ്യം തീർത്തു; ഓടുന്ന വാഹനത്തിൽ നാലുമണിക്കൂറോളം നടത്തിയത് ക്രൂര പീഡനം; പ്രതികാരം തീർക്കാൻ ഇറങ്ങിയപ്പോൾ വഴിയാധാരമായത് കർണ്ണാടകയിൽ നഴ്‌സായ ഭാര്യയും: അച്ഛൻ രക്ഷപ്പെട്ടെങ്കിലും മകൻ കുടുങ്ങി; സഹോദരിയുടെ സ്വപ്‌നങ്ങൾ തല്ലി ചതച്ചതിന് കാരണം കെവിൻ ദളിതൻ എന്ന ദുരഭിമാനം; ഷാനു ചാക്കോ ശിക്ഷിക്കപ്പെടുമ്പോൾ

വെള്ളത്തിനായി കേണപേക്ഷിച്ചപ്പോൾ കെവിന് വായിൽ ഒഴിച്ചു കൊടുത്തത് മദ്യം; ജനനേന്ദ്രീയത്തിൽ ചവിട്ടിയും കണ്ണുകളിൽ കുത്തിയും വൈരാഗ്യം തീർത്തു; ഓടുന്ന വാഹനത്തിൽ നാലുമണിക്കൂറോളം നടത്തിയത് ക്രൂര പീഡനം; പ്രതികാരം തീർക്കാൻ ഇറങ്ങിയപ്പോൾ വഴിയാധാരമായത് കർണ്ണാടകയിൽ നഴ്‌സായ ഭാര്യയും: അച്ഛൻ രക്ഷപ്പെട്ടെങ്കിലും മകൻ കുടുങ്ങി; സഹോദരിയുടെ സ്വപ്‌നങ്ങൾ തല്ലി ചതച്ചതിന് കാരണം കെവിൻ ദളിതൻ എന്ന ദുരഭിമാനം; ഷാനു ചാക്കോ ശിക്ഷിക്കപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെവിൻ ജോസഫ് തന്റെ സഹോദരിയെ വിവാഹം കഴിച്ച വിവരമറിഞ്ഞ് ഷാനു ചാക്കോ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെയായിരുന്നു. രാത്രിയാണ് സഹോദരി കെവിന്റെയൊപ്പം പോയ വിവരമറിഞ്ഞ ഷാനു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നും നേരെ അയാൾ പോയത് പേരൂർക്കട വഴയില രാധാകൃഷ്ണൻ ലെയിനിലെ ഭാര്യ ജെസ്സിയുടെ വീട്ടിലേക്കായിരുന്നു. ഒരു മണിക്കോറോളം മാത്രം അവിടെ ചിലവഴിച്ച ഷാനു എല്ലാം പദ്ധതിയിട്ട ശേഷമാണ് നാട്ടിലെത്തിയത്. എന്നാൽ ഭാര്യ ജെസ്സിയോടും അവരുടെ മാതാപിതാക്കളോടും ഷാനു പറഞ്ഞത് നീനുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ച് കൊണ്ട് വരണമെന്നായിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചും. കൊലയ്ക്ക് ശേഷം ഷാനു ഒളിവിൽ പോയി.

ഇതോടെ പ്രതി പേരൂർക്കടയിലെ ഭാര്യ വീട്ടിൽ തന്നെയുണ്ടെന്ന് പ്രദേശത്തെ ചിലർ പറഞ്ഞ് പരത്തിയതോടെ നാട്ടുകാരും വഴയില ജംങ്ഷൻ കേന്ദ്രീകരിച്ചുള്ള ഓട്ടോ തൊഴിലാളികളും കൊലയാളിയെ നേരിൽ കാണാനായി രാധാകൃഷ്ണൻ ലെയ്‌നിലെ 183ാം നമ്പർ വീട്ടിലേക്ക് എത്തി. ഭാര്യയുടെ വീട്ടുകാരെ ചോദ്യം ചെയ്യാനും ഷാനുവിനെ കുറിച്ച് അവർക്ക് അറിയാവുന്ന കാര്യങ്ങൾ ചോദിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇതെല്ലാം ്അന്ന് വലിയ വാർത്തയായി. ഷാനുവിന്റെ ഭാര്യയുടെ മാതാപിതാക്കളും മിശ്രവിവാഹിതരാണ്. അന്ന് ഷാനുവിന്റെ ഭാര്യ കർണ്ണാടകയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഇവർ ഇടയ്ക്ക് പേരൂർക്കടയിലെ വീട്ടിലാണ് അവധിക്ക് വരുന്നത്. ഷാനുവും ജെസ്സിയും തമ്മിലുള്ള വിവാഹം ആർഭാടപൂർവ്വമായിട്ടാണ് നടത്തിയത്. സഹോദരിക്ക് വേണ്ടി എടുത്തുചാടിയുള്ള ഷാനു ചാക്കോയുടെ പ്രവർത്തി കാരണം ജെസ്സിയും വഴിയാധാരമായ അസ്ഥയിലാണ്.

കെവിനെ കൊലപ്പെടുത്തിയ ശേഷം ഷാനു ബംഗളൂരുവിലേക്ക് കടക്കുകയാണ് ചെയ്തത്. പിതാവിനെയും ഒപ്പം കൂട്ടിയാണ് ഷാനു സ്ഥലം വിട്ടത്. പൊലീസ് പിന്തുടരുന്നുണ്ട് എന്ന് ബോധ്യമായതോടെ ഇരുവരും പൊലീസിൽ കീഴടങ്ങുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്. കെവിൻ കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. പിതാവായ ചാക്കോ കേസിലെ അഞ്ചാം പ്രതിയുമായിരുന്നു. അച്ഛനെ കോടതി വെറുതെ വിട്ടു. മാതാപിതാക്കളുടെ അറിവില്ലാതെ സഹോദരൻ ഷാനുവും സംഘവും കെവിനെ കൊലപ്പെടുത്താൻ സാധ്യതയില്ലെന്ന് നീനുവും മൊഴി നൽകിയിരുന്നു. കൂടാതെ, നിയാസ് കെവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു വ്യക്തമാക്കുകയുണ്ടായി. കെവിൻ താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണ് കൊല നടത്തിയതെന്ന നീനുവിന്റെ ബന്ധുവും കേസിലെ പ്രതിയുമായ നിയാസിന്റെ ഉമ്മ ലൈലാ ബീവിയുടെ വെളിപ്പെടുത്തൽ പുറത്തുവരുകയുണ്ടായി. താഴ്ന്ന ജാതിക്കാരനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ചാക്കോയും രഹനയും. ഇരുവരും നേരിട്ടാണ് വാഹനം ഏർപ്പാടാക്കണമെന്ന് നിയാസിനോട് ആവശ്യപ്പെട്ടതെന്നും ലൈല പറഞ്ഞു.

നിർണ്ണായകമായത് ഫോറൻസിക് പരിശോധന

കെവിൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികൾക്ക് 40,000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതിയുടേതാണ് വിധി. പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യനു നൽകണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നൽകണമെന്നും കോടതി വ്യക്തമാക്കി. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാൽ ദുരഭിമാനക്കൊലയായി പരിഗണിക്കാൻ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പക്ഷേ കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയിൽ വാദിച്ചത്.

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റെക്കോർഡ് വേഗത്തിൽ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷിനോ ചാക്കോയും ഉൾപ്പടെ 14 പ്രതികളാണ് കെവിൻ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോൻ തുടങ്ങി യഥാക്രമം ഇഷാൻ, റിയാസ്, ചാക്കോ, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസിൽ ഷെരീഫ്, ഷീനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇതിൽ ഒൻപതുപേർ ജയിലിലാണ്; അഞ്ചുപേർ ജാമ്യത്തിലും. 55 തൊണ്ടി മുതലുകളുള്ള കെവിൻ വധക്കേസിന് സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിചാരണ നീണ്ടു നിന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും കോടതി ചർച്ച ചെയ്തു.

2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2018 മെയ്‌ 27നാണ് പുലർച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികൾ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയിൽ ഇരുവരെയും എത്തിച്ചു. തുടർന്ന് അനീഷിനെ പ്രതികൾ തിരികെ കോട്ടയത്ത് എത്തിച്ചു. 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, 27ന് കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പരാതി മാറ്റിവെക്കുകയായിരുന്നു. ഇത് കേസിലെ വിവാദങ്ങൾക്ക് വഴിവെച്ചു. അന്നേദിവസം തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കെവിന്റെ കൂടെ പോയാൽ മതിയെന്ന നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നീനുവിനെ കെവിന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം പൊലീസ് പിടിയിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛൻ ചാക്കോ ജോണിനെയും അറസ്റ്റ് ചെയ്തു. ആറ്റിൽ മുങ്ങിമരിച്ചതെന്നായിരുന്നു കെവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കെവിനെ മുക്കിക്കൊന്നതാണെന്ന് ഫൊറൻസിക് വിഭാഗം കണ്ടെത്തി. ഇതാണ് നിർണ്ണായകമായത്.

കൊല നടത്തിയ ശേഷം ടാക്‌സിൽ യാത്ര

കെവിനെ കൊന്ന ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്തു നിന്നും ടാക്സി കാറിലാണ്. തന്റെ കാറിൽ കയറിയത് ഷാനു ചാക്കോയാണെന്ന് ഡ്രൈവർസണ്ണി പിന്നീടാണ് അറിഞ്ഞത്. കെവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തിരുവനന്തപുരത്തേക്ക് ഷാനു പോയത് പത്തനാപുരത്തെ ടാക്സി സ്റ്റാന്റിലെ ഡ്രൈവറായ പാതിരിക്കൽ സ്വദേശി സണ്ണിയുടെ കെ. എൽ 23 ആ 504 നമ്പർ ഡിസയർ കാറിലാണ് ക്രൂര കൃത്യത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോയത്. കെവിനെ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവയിലാണ് കൃത്യത്തിന് ശേഷം ഷാനു പത്തനാപുരത്തെത്തിയത്.സംഭവ ദിവസം ഉച്ചയ്ക് മൂന്ന് മണിയോടെ ആയിരുന്നു അത്. ആ സമയത്ത് ഷാനുവിന്റെ ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനാൽ തന്നെ തന്റെ കാറിൽ യാത്ര ചെയ്യുന്നത് ഷാനുവാണെന്ന് മനസ്സിലാക്കാൻ ഡ്രൈവർ സണ്ണിക്ക് കഴിഞ്ഞതുമില്ല. പിറ്റേ ദിവസം പത്രങ്ങളിൽ പടം വന്നപ്പോഴാണ് തന്റെ കാറിൽ യാത്ര ചെയ്തത് ഒരു പാവപ്പെട്ടെവനെ തല്ലിക്കൊന്ന കേസിൽ പൊലീസ് അന്വേഷിക്കുന്ന ക്രിമിനലാണെന്ന സത്യം സണ്ണി മനസ്സിലാക്കുന്നത്.

ഷർട്ടും കൈയിലിയുമായിരുന്നുവേഷം. തിരുവനന്തപുരം വരെ ഓട്ടം പോകണമെന്ന് സണ്ണിയോട് പറഞ്ഞു. പുനലൂർ അഞ്ചൽ വഴിയാണ് തിരുവനന്തപുരത്തേക്ക എത്തിയത്. പോകുന്നതിനിടെ നെല്ലിപള്ളിയിൽ വണ്ടി നിർത്താൻ പറഞ്ഞു. ഈ സമയം ഒരാൾ ഹാൻഡ് ബാഗ് ഷാനുവിന് നൽകി. ഞാൻ തിരുവനന്തപുരത്തേക്ക് പോകുകയാണ് എന്ന് അയാളോട് ഷാനു പറഞ്ഞവത്രെ. പുനലൂർ കഴിഞ്ഞപ്പോൾ വീട് എവിടായാണന്ന്ഷാനുവിനോട് ചോദിച്ചപ്പോൾ ഉറകുന്നില്ലാണെന്ന് മറുപടി നൽകി. എന്തേ കൈലി ഉടുത്തത് എന്ന്‌ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് വീട്ടിൽ പോയി വേഷം മാറ്റുംഎന്നുപറഞ്ഞു. ജോലി എവിടെയാണ് എന്ന ചോദ്യത്തിന് ദുബായിലാണന്നും ഉത്തരം നൽകി. തുടർന്ന് ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെഒന്ന് ഉറങ്ങിക്കോട്ടെ എന്ന് സണ്ണിയോട് പറഞ്ഞു. യാത്രക്കിടയ്ക്ക് ഉറക്കത്തിൽ നിന്ന് ഉണർന്ന് ഫോൺ വിളിക്കുന്നുണ്ടായിന്നു. കാറിലിരുന്ന് ഓൺലൈൻ വഴി ഫ്ളെറ്റ് ടിക്കറ്റിന് അപേക്ഷിച്ചങ്കിലും പാസ്പോർട്ട് കൈയിലില്ലാത്തതിനാൽ അത് നടന്നില്ല. വെഞ്ഞാറുംമൂട് പമ്പിൽ നിന്നും പൊട്രോൾ അടിക്കാൻ എടിഎം കാർഡ് വഴിപണം നൽകിയതും ഷാനുവാണ്. തുടന്ന് പേരൂർക്കടയിൽ എത്തിയപ്പോൾ ചുറ്റുപാടും നോക്കിയ ശേഷം ടാക്സിനിർത്താൻ പറഞ്ഞു. ബാക്കി ടാക്സി ചാർജായ 1200 രൂപ നൽകിയ ശേഷം ഷാനു അവിടെ ഇറങ്ങി.

കെവിൻ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച് പറഞ്ഞതുകൊലപാതകം നടന്ന് മണിക്കൂറുകൾക്കകമെന്ന് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ മൊഴി നൽകിയിരുന്നു. 'കെവിൻ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്' എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നൽകിയിരിക്കുന്നത്. കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് ലിജോ മൊഴി നൽകിയത്. നേരത്തെ ഇക്കാര്യം ലിജോ മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴിയായും നൽകിയിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്. ഒന്നാം പ്രതി ഷാനു ഉൾപ്പെടെയുള്ള പ്രതികൾ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയർത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികൾ മൊഴി നൽകി. എന്നാൽ, ഇതിനെ തള്ളിക്കളയുന്നതായിരുന്നു് 26-ാം പ്രതി ലിജോയുടെ മൊഴി. ചാക്കോയുൾപ്പെടെയുള്ളവരെ കോട്ടയത്തുകൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അതുകൊണ്ട് തന്നെ ലിജോയുടെ മൊഴി കേസിൽ അതീവ നിർണായകമായി.

കവർന്നെടുത്തത് നീനുവിന്റെ പ്രതീക്ഷകൾ

2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയിൽ കെവിൻ വിദേശത്തുപോയി. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളർന്നത്. നാട്ടിലെത്തിയിട്ടും അവർ നീനുവിനോട് ബന്ധം പുലർത്തിയിരുന്നില്ല. കൂടുതലും സഹോദരൻ ഷാനുവിനോടാണ് സ്നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജിൽ പോകുമ്പോൾ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു.

ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എൽസി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് 79 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർന്നാണ് മാന്നാനം കെഇ കോളേജിൽ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയശേഷം പോയതാണ് കെവിൻ. പിന്നെ ഞാൻ ജീവനോടെ നീനു കണ്ടിട്ടില്ല

തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്ട്രേഷന്റെ കാര്യങ്ങൾ പൂർത്തീകരിക്കാനായി പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും, ഇത്രയും പറഞ്ഞ്് ഫോൺവച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിൻ ചേട്ടനെ ഉണർത്താനായി ഞാൻ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവൻ വരുമെന്ന് കൂട്ടുകാർ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാർത്ത തകർത്തത്.

നീനുവിന്റെ ബാഗിൽനിന്ന് കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ആദ്യം വീട്ടിലറിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. സംഭവത്തിന്റെ തലേദിവസം നീനുവിന്റെ അമ്മ, ബന്ധു നിയാസ് അടക്കം കെവിനെ തിരക്കി മാന്നാനത്തെ വീട്ടിൽ എത്തി. പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വീട് കണ്ടുപിടിച്ചു. ഇവിടെ എത്തിയ അവർ കെവിനെ ചീത്ത പറഞ്ഞു. തുടർന്ന് നീനുവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നിയാസ് കെവിന്റെ ഫോണിൽ തന്നോട് സംസാരിച്ചു. എന്നാൽ കെവിനെ വിട്ടുവരില്ല എന്ന് നിലപാടെടുത്തു. നീനുവിനെ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ കെവിനും ഉറച്ച് നിന്നതോടെ അവർ പോയി എന്നാണ് പിന്നീട് കെവിൻ ഫോണിൽ വിളിച്ചു പറഞ്ഞത്. പിന്നീട് എല്ലാം കീഴ് മേൽ മറിഞ്ഞു.

ജനനേന്ദ്രീയത്തിൽ ചവിട്ടിയും കണ്ണുകളിൽ കുത്തിയും വൈരാഗ്യം തീർത്തു

മർദനമേറ്റ് അവശനായ കെവിൻ വെള്ളം ചോദിച്ചപ്പോൾ ഒന്നാം പ്രതി ഷാനു ചാക്കോ വായിൽ ഒഴിച്ചു കൊടുത്തത് മദ്യം ആയിരുന്നു. നീനുവിനെ എങ്ങനേയും വീട്ടിലേക്ക് മടക്കി കൊണ്ടു പോകാനായിരുന്നു ഭർത്താവ് കെവിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. സഹോദരിയെ രജിസ്റ്റർ മാരീജ് ചെയ്ത കെവിനോട് ഒരു ദയയും ഷാനു കാട്ടിയില്ല. പൊലീസിനേയും സുഹൃത്തുക്കളേയും ഒപ്പം നിർത്തി ഷാനു തന്നെയാണ് കെവിനെ വകവരുത്തിയത്. ഷാനുവിന്റെ ക്രൂരതകൾ പൊലീസ് അറിയുന്നത് പിടിയിലായ പ്രതികളുടെ മൊഴികളിലൂടെയാണ്. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതാണ് ഈ വിവരം.

നീനുവിനെക്കുറിച്ച് വിവരം കിട്ടാതായതോടെ കെവിൻ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവർ പറഞ്ഞു. അനീഷിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞാണ് രാത്രിയിൽ അവിടെ ചെന്നതെന്നും പ്രതികൾ പൊലീസിനോട് പറയുന്നു. നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയൽവാസികൾ ഉണർന്നെത്തി കൂടുതൽ ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയിൽ കയറ്റിയത്. ഇതൊന്നും മുൻകൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറഞ്ഞത്. നിയാസിന്റെ സുഹൃത്തുക്കളാണ് ഇവരെല്ലാം. നിയാസ് ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാകാര്യങ്ങളും ഷാനു പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തിൽവെച്ച് ഇരുവരെയും മർദിച്ചതും ഷാനുവാണെന്ന് ഇവർ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീർത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടു. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്താൽ നീനു എവിടെയുണ്ടെന്ന് കെവിൻ പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്.

ജനനേന്ദ്രീയം അടിച്ചു തകർത്തതും ഷാനുവായിരുന്നു. സഹോദരിയുമായുള്ള കുടുംബ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം. പിൻസീറ്റിനിടയിൽ ഇരുത്തി മൂന്നു മണിക്കൂറിലേറെയാണു ക്രൂരമായി പീഡിപ്പിച്ചത്. കോട്ടയം മുതൽ പുനലൂർ വരെയുള്ള 95 കിലോമീറ്റർ ദൂരവും കെവിനെ മർദിച്ചു. മർദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടി. വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ് ഉരഞ്ഞതിനു സമാനമായ പാടുകളുണ്ടായിരുന്നു.

മദ്യം ഉള്ളിൽച്ചെന്നിട്ടും കെവിൻ ഒന്നും പറഞ്ഞില്ല. 'ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവൻ ജീവിക്കണ'മെന്നും ഷാനു പറഞ്ഞതായി ഇവർ അറിയിച്ചു. തെന്മല ഭാഗത്ത് ചെന്നപ്പോൾ കെവിൻ ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി. കെവിന്റെ മൃതദേഹത്തിൽ 15 ചതവുകളുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും നിർണ്ണായകമായി. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ടായിരുന്നു. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. എന്നാൽ, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിൽ നിറയെ വെള്ളം കയറി. വെള്ളം ശ്വാസകോശത്തിൽച്ചെന്ന് മരിച്ചാൽ മൃതദേഹം കമിഴ്ന്നുകിടക്കും. കണ്ണുകൾ തുറന്നനിലയിലായിരിക്കും. കണ്ണിലെ തിളക്കംകണ്ട് ജലജീവികൾ കൊത്തും-ഇതെല്ലാം നിർണ്ണായകമായി. ഇതിന് ശേഷമാണ് മുക്കി കൊന്നതാണെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP